•  19 Sep 2024
  •  ദീപം 57
  •  നാളം 28
നേര്‍മൊഴി

കേരളത്തില്‍ വര്‍ധിച്ച വികസനസാധ്യതകള്‍

കേരളത്തില്‍ താമര വിരിഞ്ഞതോടെ കേരളത്തിന്റെ നേര്‍ക്കുള്ള ബി.ജെ.പി.യുടെ സമീപനം മാറി. സുരേഷ്‌ഗോപിയുടെ സിനിമാക്കരാറുകളും ഭരണപരിചയക്കുറവും കണക്കിലെടുത്ത് ക്യാബിനറ്റ് പദവി നല്‍കിയില്ലെങ്കിലും ഇരട്ടിമധുരംപോലെ കേരളത്തിനു രണ്ടു സഹമന്ത്രിമാരെ നല്‍കുകയും കേരളത്തിനു  പ്രയോജനകരമായ വകുപ്പുകള്‍ നല്‍കുകയും ചെയ്തു. സൂപ്പര്‍ സ്റ്റാര്‍ സുരേഷ്‌ഗോപിയും ബിജെപിയുടെ അടിത്തട്ടുപ്രവര്‍ത്തകന്‍ ജോര്‍ജ് കുര്യനും കേരളത്തില്‍ വികസനത്തിന്റെ വിശാലപാതകള്‍ വെട്ടിത്തുറക്കുമെന്നു പ്രത്യാശിക്കാം.
ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് കേരളത്തില്‍നിന്നു നിശ്ചയിച്ച സഹമന്ത്രിമാരോടാണോ കേരളത്തോടാണോ  താത്പര്യമെന്നെ ചോദ്യം ഇവിടെ പ്രസക്തമാണ്. രാഷ്ട്രീയപരമായി ചിന്തിച്ചാല്‍ കേന്ദ്രനേതൃത്വത്തിന്റെ താത്പര്യം കേരളത്തോടുതന്നെ. ജനകീയരായ ഈ സഹമന്ത്രിമാരിലൂടെ ബിജെപിയെക്കുറിച്ചുള്ള സാധാണക്കാരുടെയും മതന്യൂനപക്ഷങ്ങളുടെയും ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുക, വികസനത്തിന്റെ വഴി തുറക്കാന്‍ തങ്ങള്‍ക്കേ കഴിയൂ എന്ന ബോധ്യം ജനിപ്പിക്കുക, അങ്ങനെ 2026 ല്‍ വരാന്‍പോകുന്ന തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ സാന്നിധ്യവും വളര്‍ച്ചയും ഉറപ്പാക്കുക എന്നതുതന്നെയാണ് ബി.ജെ.പി. യുടെ ലക്ഷ്യം. 
സുരേഷ്‌ഗോപി ജയിച്ചാല്‍ മന്ത്രിയാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. കാരണം, അദ്ദേഹം പ്രധാനമന്ത്രി മോദിയുടെയും അമിത്ഷായുടെയും സ്ഥാനാര്‍ഥിയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ ആഘോഷിച്ച സ്ഥാനാര്‍ഥികളില്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിതന്നെയായിരുന്നു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും വടകരയില്‍ ഷാഫി പറമ്പിലും മാധ്യമശ്രദ്ധ നേടിയപ്പോഴും സുരേഷ്‌ഗോപിയും തൃശൂരും എപ്പോഴും വാര്‍ത്തകളില്‍ സജീവമായിരുന്നു.
തൃശൂര്‍ സുരേഷ്‌ഗോപി എടുത്തതാണോ വോട്ടര്‍മാര്‍ തൃശൂരിനെ സുരേഷ്‌ഗോപിക്കു കൊടുത്തതാണോ? എഴുപത്തി അയ്യായിരത്തോളം വരുന്ന ഭൂരിപക്ഷം ഓര്‍മപ്പെടുത്തുന്നത് രാഷ്ട്രീയഭേദമെന്യേ ജനം തൃശൂര്‍ മണ്ഡലത്തെ സുരേഷ്‌ഗോപിക്കു സമര്‍പ്പിച്ചുവെന്നാണ്. ജനം സൂപ്പര്‍ സ്റ്റാറില്‍ അര്‍പ്പിച്ച അമിത പ്രതീക്ഷകള്‍ നിറവേറ്റാന്‍ അദ്ദേഹത്തിനു സാധിക്കുമോ എന്നറിയാന്‍ എല്ലാവരും ജിജ്ഞാസയോടെ കാത്തിരിക്കുകയാണ്. സുരേഷ്‌ഗോപി നല്ല മനുഷ്യനും പാവപ്പെട്ടവരോടും ആവശ്യക്കാരോടും കരുണയും കരുതലും ഉള്ളവനുമാണെങ്കിലും പയറ്റിത്തെളിഞ്ഞ മെയ്‌വഴക്കവും മൊഴിവഴക്കവുമുള്ള ഒരു രാഷ്ട്രീയക്കാരനല്ലെന്ന കാര്യം പലര്‍ക്കുമറിയാം. സുരേഷ്‌ഗോപിയുടെ വ്യക്തിത്വത്തില്‍ പ്രകടമായ മൂന്നു ഭാവങ്ങളുണ്ട്. രാഷ്ട്രീയക്കാരന്‍ അതിലെ ചെറിയൊരു ഭാഗംമാത്രമാണ്. മുന്തിയ ഭാവം കലാകാരന്റേതാണ്. എന്നാല്‍, ഏറ്റവും ആകര്‍ഷണീയമായ ഭാവം മനുഷ്യസ്‌നേഹിയുടേതാണ്. സുരേഷ്‌ഗോപി എല്ലാവര്‍ക്കും ഉപകാരിയാണെന്ന് എതിരാളികള്‍പോലും അംഗീകരിച്ചുകൊടുത്ത കാര്യമാണ്. തന്റെ അധ്വാനത്തിന്റെ ഓഹരിയാണ് അദ്ദേഹം ആവശ്യക്കാര്‍ക്കു നല്‍കുന്നത്. സൂപ്പര്‍സ്റ്റാറിനെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കുന്നത് ഈ വ്യക്തിത്വഗുണമാണ്. 
നൂറുശതമാനം രാഷ്ട്രീയക്കാരനല്ലാത്തതുകൊണ്ട് സുരേഷ്‌ഗോപിക്കു മറച്ചുവച്ചു സംസാരിക്കാനറിയില്ല. അപ്രിയസത്യങ്ങള്‍ വിളിച്ചുപറയാതിരിക്കാനുള്ള രാഷ്ട്രീയപരിശീലനവും അദ്ദേഹത്തിനു പോരാ. അതിനുള്ള തെളിവാണ് സഖാവ് നായനാരെക്കുറിച്ചും ഇന്ദിരാഗാന്ധിയെക്കുറിച്ചുമൊക്കെ നടത്തിയ പരാമര്‍ശങ്ങള്‍. സാധാരണ നിലയില്‍ ഉന്നതപദവികളിലിരിക്കുന്ന രാഷ്ട്രീയനേതാക്കന്മാര്‍ എതിര്‍പക്ഷത്തുള്ളവര്‍ എത്ര കേമന്മാരാണെങ്കിലും അവരെക്കുറിച്ചു നല്ല വാക്കുകള്‍ പറയാറില്ല. അങ്ങനെ പറയണമെങ്കില്‍ അവര്‍ക്ക് അസാധാരണമായ ആത്മവിശ്വാസവും ധൈര്യവും സത്യസന്ധതയുമുണ്ടാകണം. ശശി തരൂരും എന്‍.കെ. പ്രേമചന്ദ്രനും ആ പട്ടികയില്‍ പെടുത്താവുന്നവരാണ്.
സുരേഷ്‌ഗോപിയുടെ ചില പ്രതികരണങ്ങള്‍ വൈകാരികമാണ്, രാഷ്ട്രീയപക്വതയില്ലാത്തതാണ്, ഭരത്ചന്ദ്രന്റേതാണ് തുടങ്ങിയ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നുണ്ട്. കാര്യം ശരിയാണ്. പക്ഷേ, കഥാനായകന്‍ സുരേഷ്‌ഗോപിയായതുകൊണ്ട് വിവരമുള്ളവര്‍ അതിനു വലിയ വില കല്പിക്കുന്നില്ല. ഒരു യഥാര്‍ഥമനുഷ്യസ്‌നേഹിയുടെ അമിതാവേശമായിട്ടേ ജനം അതിനെ വിലയിരുത്തുകയുള്ളൂ. ഒരു കാര്യം ഉറപ്പാണ്. കൊടികെട്ടിയ നേതാക്കന്മാരെന്ന് അനുയായികള്‍ പൊങ്ങച്ചം പറയുന്ന പല നേതാക്കന്മാരെക്കാള്‍ കൂടുതല്‍ പ്രയോജനം പുതിയ ഈ സഹമന്ത്രിമാരില്‍നിന്നു കേരളത്തിനുണ്ടാകും.
സഹമന്ത്രിമാരില്‍ ഒരാള്‍ അഡ്വ. ജോര്‍ജ് കുര്യനാണ്. സുരേഷ്‌ഗോപിയുമായി താരതമ്യം ചെയ്യുമ്പോള്‍ ജോര്‍ജ്കുര്യന്‍ സെലിബ്രിറ്റിയല്ല, പ്രശസ്തനല്ല. സാമ്പത്തികശേഷിയോ മാധ്യമപിന്തുണയോ സ്വന്തമായി സൈബര്‍ പോരാളികളോ തലതൊട്ടപ്പന്മാരോ അദ്ദേഹത്തിനില്ല. പക്ഷേ, അദ്ദേഹത്തെ അമൂല്യസമ്പത്തായി കണ്ടു. നാലു പതിറ്റാണ്ടിലേറെക്കാലമായി അദ്ദേഹം ബി.ജെ.പി.യുടെ തീക്ഷ്ണതയുള്ള പ്രവര്‍ത്തകനാണ്. ബി.ജെ.പി.ക്കു യാതൊരു പ്രതീക്ഷയുമില്ലാതിരുന്ന കാലംമുതല്‍ പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനായി അദ്ദേഹം നിലനിന്നു. തോല്ക്കുമെന്നുറപ്പായിരുന്നിട്ടും ലോകസഭയിലേക്കും നിയമസഭയിലേക്കും അദ്ദേഹം മത്സരിച്ചു. പാര്‍ട്ടിക്കുവേണ്ടി അദ്ദേഹം ഏറ്റെടുത്ത ത്യാഗങ്ങളൊക്കെ ഇപ്പോള്‍ നൂറുമേനി ഫലം ചൂടിയിരിക്കുന്നു.
രണ്ടു സഹമന്ത്രിമാരും തമ്മില്‍ ചില സാദൃശ്യങ്ങളുണ്ട്. രണ്ടുപേരും ബിരുദാനന്തരബിരുദധാരികളാണ്. സുരേഷ്‌ഗോപിക്ക് ഇംഗ്ലീഷ്‌സാഹിത്യത്തിലും ജോര്‍ജ് കുര്യന് ഹിന്ദിസാഹിത്യത്തിലും ബിരുദാനന്തരബിരുദമുണ്ട്. മാര്‍ക്കുദാനം ഇല്ലാതിരുന്ന കാലത്താണ് അവര്‍ പഠിച്ചിരുന്നതെന്നു മറക്കരുത്. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള അവരുടെ ഭാഷാജ്ഞാനം പാര്‍ലമെന്റില്‍ അവര്‍ക്കു തുണയാകും; കേരളീയര്‍ക്ക് അഭിമാനവും.
രണ്ടുപേരും ഈശ്വരവിശ്വാസികളും അതു സാക്ഷ്യപ്പെടുത്താന്‍ മടിയില്ലാത്തവരുമാകുന്നുവെന്നതാണ് രണ്ടാമത്തെ സാമ്യം. അവര്‍ മതത്തെ രാഷ്ട്രീയത്തിലേക്കോ രാഷ്ട്രീയത്തെ മതത്തിലേക്കോ കൊണ്ടുവരാത്തവരാണ്. രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടി മതത്തെ ആയുധമാക്കുമ്പോഴാണ് പ്രശ്‌നം. മതവും രാഷ്ട്രീയവും തമ്മിലുള്ള അതിര്‍വരമ്പ് കൃത്യമായ തിരിച്ചറിഞ്ഞയാളാണ് ശ്രീ ജോര്‍ജ് കുര്യന്‍. മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു: 'ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും.' ഇതുതന്നെയാണ് സഭയുടെ കാഴ്ചപ്പാടും.
രണ്ടുപേരും ജനപക്ഷത്തുനിന്നു ചിന്തിക്കുന്നവരും ജനക്ഷേമം ഉറപ്പാക്കുകയാണ് ജനപ്രതിനിധികളുടെ ചുമതലയെന്നു ബോധ്യമുള്ളവരുമാണ്. അര്‍ഹമായതും കൂടുതലും ചോദിച്ചുവാങ്ങാന്‍ കഴിവുള്ളവരാണ് രണ്ടുപേരും. കേരളത്തെ വോട്ടുബാങ്കായി കരുതുന്ന കേന്ദ്രനേതൃത്വം ഇവരിലൂടെ ക്ഷേമപദ്ധതികളും വികസനപരിപാടികളും കേരളത്തില്‍ നടപ്പിലാക്കാന്‍ മടി കാണിക്കില്ല. അങ്ങനെ സംഭവിച്ചാല്‍  കേരളത്തിന്റെ ഭാഗ്യം. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)