•  21 Nov 2024
  •  ദീപം 57
  •  നാളം 37
നേര്‍മൊഴി

ഗാന്ധിജിയെ അറിയാത്തവര്‍ ഇന്ത്യക്കാരല്ല

''രക്തവും ശരീരവുമുള്ള ഇങ്ങനെയൊരു മനുഷ്യന്‍ നമ്മുടെയിടയില്‍ ജീവിച്ചിരുന്നുവെന്നു പറഞ്ഞാല്‍ വരുംതലമുറക്കാര്‍ അതു വിശ്വസിച്ചെന്നു വരില്ല'' - ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍.
''യേശുക്രിസ്തു ലോകത്തിനു നേര്‍വഴി കാണിച്ചുതന്നു. ആ വഴിക്കു നടക്കാന്‍ കഴിയുമെന്ന് ഇന്ത്യയില്‍ ഗാന്ധിജി തെളിയിച്ചു.'' - മാര്‍ട്ടിന്‍ ലൂഥര്‍ കിങ്.
''മഹാനായ ഗാന്ധിജി വിശുദ്ധ യോദ്ധാവാണ്'' - നെല്‍സണ്‍ മണ്ടേല.
''സെയ്ന്റ് ഗാന്ധി: മാന്‍ ഓഫ് ദി ഇയര്‍'' 1931 ലെ ടൈം മാസികയുടെ ഫീച്ചറിന്റെ തലക്കെട്ട്.
''തലമുറകളായി ഇന്ത്യ രൂപപ്പെടുത്തിയ ഏറ്റവും സ്വാധീനമുള്ള വ്യക്തി ഗാന്ധി'' ലണ്ടന്‍ ടൈംസ് ഗാന്ധിജിയെക്കുറിച്ച് എഴുതി.
''ഗാന്ധി ബാപ്പുജി'' - 1944 ല്‍ കസ്തൂര്‍ബായുടെ വിയോഗസമയത്ത് സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂര്‍ റേഡിയോ സന്ദേശത്തില്‍ ഗാന്ധിയെ വിളിച്ച പേര് - ബാപ്പുജി. പിതാവ് എന്നാണ് ഈ വാക്കിനര്‍ഥം. ഗാന്ധിജി രാഷ്ട്രപിതാവായത് ഇങ്ങനെയാണ്.
1982 ല്‍ ബ്രിട്ടീഷ് സംവിധായകന്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ 'ഗാന്ധി' സിനിമ ഇറക്കുന്നതുവരെ ലോകം ഗാന്ധിയെ അറിഞ്ഞിരുന്നില്ലെന്നു പ്രധാനമന്ത്രി മോദി കഴിഞ്ഞദിവസം പറഞ്ഞത് വലിയ വിവാദമായി. എന്തു നേട്ടത്തിനുവേണ്ടിയാണ് ആ പ്രസ്താവന ഇറക്കിയതെങ്കിലും അതു ശുദ്ധ അസംബന്ധമാണ്; ഭാരതീയര്‍ക്ക് അപമാനകരമാണ്. വിഖ്യാതരായ ലോകനേതാക്കന്മാര്‍ ഗാന്ധിജിയെ എത്ര ആദരവോടെയാണ് അനുസ്മരിച്ചതെന്ന് ഈ കുറിപ്പിന്റെ ആരംഭത്തില്‍ നാം കണ്ടു. ഗാന്ധിജി ജീവിക്കുന്നത് സിനിമയിലോ ചിത്രങ്ങളിലോ പ്രതിമകളിലോ സര്‍ക്കാര്‍ അച്ചടിക്കുന്ന കറന്‍സിനോട്ടുകളിലോ അല്ല ജനകോടികളുടെ ഹൃദയങ്ങളിലാണ്. 70 ലധികം ലോകരാഷ്ട്രങ്ങളില്‍ ഗാന്ധിജിയുടെ സ്മൃതിമണ്ഡപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഗാന്ധിജിക്കു ലഭിച്ചിട്ടില്ലെങ്കിലും, അഞ്ചുതവണ അതിനു നാമനിര്‍ദേശം ചെയ്യപ്പെട്ട പേരാണ് ഗാന്ധിജിയുടേത്. അദ്ദേഹത്തെ ഇന്ത്യാക്കാരനായ പ്രധാനമന്ത്രി വിലകുറച്ചുകണ്ടത് അദ്ദേഹത്തിന്റെ അജ്ഞതകൊണ്ടാണെന്നു കരുതാനാവില്ല. മോദിയും ഗാന്ധിജിയും ഒരേ നാട്ടുകാരാണ് - ഗുജറാത്തികള്‍. പ്രധാനമന്ത്രിക്ക് കുത്തകമുതലാളിമാരായ ഗുജറാത്തികളെ മാത്രമേ അറിയാവൂ എന്നുണ്ടോ? ഗുജറാത്തികളായ അംബാനിയും അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ കൂട്ടുകെട്ട് നാട്ടില്‍ പാട്ടാണ്.
ഗാന്ധിജി ജനഹൃദയങ്ങളില്‍ പ്രതിഷ്ഠനേടിയത് സാത്വികനായ ഒരു ജനസേവകന്‍ എന്ന നിലയിലായിരുന്നു. അഹിംസാസിദ്ധാന്തത്തിലടിയുറച്ച ജീവിതദര്‍ശനവും സമരമുറകളുമാണ് ഗാന്ധിജിയെ ലോകനേതാക്കളില്‍നിന്നു വ്യത്യസ്തനാക്കിയത്. രക്തരഹിതസമരമാര്‍ഗങ്ങളിലൂടെ ഗാന്ധിയുടെ നേതൃത്വത്തില്‍ സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ്‌സാമ്രാജ്യത്തില്‍നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്തു. ഇന്നത്തെ നേതാക്കന്മാരെപ്പോലെ ഗാന്ധിജിക്ക് അധികാരക്കൊതി ഉണ്ടായിരുന്നില്ല. അധികാരക്കൈമാറ്റത്തെക്കുറിച്ചു ഡല്‍ഹിയില്‍ ചര്‍ച്ച നടക്കുമ്പോള്‍ ഗാന്ധിജി അവിടെയുണ്ടായിരുന്നില്ല. പശ്ചിമബംഗാളിലെ നവഖാലിയില്‍ ഹിന്ദു-മുസ്ലീം ലഹള നടന്നിരുന്ന സമയമായതുകൊണ്ട് അവരെ രമ്യപ്പെടുത്താനും അവിടെ ക്രമസമാധാനനില ഉറപ്പാക്കാനുംവേണ്ടി ഗാന്ധിജി അവരുടെ ഇടയില്‍ സ്‌നേഹസന്ദേശം പരത്തുകയായിരുന്നു. ഗാന്ധിജിയുടെ പിന്‍മുറക്കാര്‍ ഗാന്ധിയന്‍ദര്‍ശനങ്ങളെ പിന്തുടര്‍ന്നുവോ എന്നു സംശയമാണ്. ഭിന്നിപ്പിന്റെ വിത്തുവിതച്ച് അധികാരസ്ഥാനങ്ങള്‍ കൊയ്‌തെടുക്കുന്നവര്‍ ഗാന്ധിജിയെ ഒറ്റുകൊടുക്കുന്നവരത്രേ.
ഋഷിതുല്യനായി ജീവിച്ച ഗാന്ധിജി യഥാര്‍ഥ ഇന്ത്യക്കാരനും പാവപ്പെട്ടവരുടെ പ്രതിനിധിയുമായിരുന്നു. പാവപ്പെട്ടവന്റെ വേഷം ധരിച്ചു ഫക്കീറിനെപ്പോലെ ജീവിച്ച ഗാന്ധിയോടു പത്രക്കാര്‍ അന്വേഷിച്ചു: എന്തുകൊണ്ടാണ് ഇത്രയും ലളിതമായ വസ്ത്രധാരണം? അതിന് ഗാന്ധിജി നല്‍കിയ ഉത്തരം, ലക്ഷങ്ങളുടെ ആടയാഭരണങ്ങളില്‍ വിഭൂഷിതരായി വേദികളിലെത്തുന്ന ആധുനിക നേതാക്കന്മാരുടെ കാതുകളില്‍ ഇടിമുഴക്കം സൃഷ്ടിക്കേണ്ടതാണ്. ഗാന്ധിജി പറഞ്ഞു: ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ടവര്‍ എന്നു വിലകൂടിയ നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നുവോ അന്നുമാത്രമായിരിക്കും ഞാന്‍ അത്തരം വസ്ത്രങ്ങള്‍ ധരിക്കുക. പാവപ്പെട്ടവരോടു താദാത്മ്യം പ്രാപിക്കുന്ന നേതാവിനെയാണ് ഗാന്ധിജിയില്‍ ലോകം കണ്ടത്. ഗാന്ധിജിയുടെ മോടി ബാഹ്യപൊലിമയിലായിരുന്നില്ല, ആന്തരികസൗന്ദര്യത്തിലായിരുന്നു. അതുകൊണ്ടാണ് നാഥുറാം ഗോഡ്‌സെ എന്ന മതതീവ്രവാദിയുടെ വെടിയേറ്റു മരിച്ചിട്ടും കാലം അദ്ദേഹത്തെ മരണമില്ലാത്തവനായി കാത്തുസൂക്ഷിക്കുന്നത്.
പ്രധാനമന്ത്രി മോദി ഗാന്ധിജിയെക്കുറിച്ചു വിവാദപരാമര്‍ശം നടത്തിയത് ഗാന്ധിജിയെ അറിയാത്തതുകൊണ്ടോ അദ്ദേഹത്തോടുള്ള അവജ്ഞകൊണ്ടോ ആണെന്നു കരുതാനാവില്ല. തിരഞ്ഞെടുപ്പുസമയത്തെ ഈ പ്രസ്താവനയ്ക്കു രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നുറപ്പ്. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുക; പ്രധാനപ്പെട്ട ജനകീയവിഷയങ്ങളില്‍നിന്നു ജനശ്രദ്ധയും മാധ്യമശ്രദ്ധയും തിരിക്കുക. പക്ഷേ, അതു തിരിച്ചടിയായി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)