•  12 Dec 2024
  •  ദീപം 57
  •  നാളം 40
ബാലനോവല്‍

മിഠായി

നളനുണ്ണിക്ക് അസുഖം കുറഞ്ഞുവന്നതാണ്. കൃത്യമായി മരുന്നും ഭക്ഷണവും കഴിച്ചിരുന്നതുകൊണ്ട് അസുഖത്തിനാശ്വാസമുണ്ടായിരുന്നു. വളരെ സമാധാനത്തോടെയാണ് ദമയന്തിറ്റീച്ചര്‍ സ്‌കൂളില്‍ പോയിരുന്നത്. സന്തോഷത്തോടെയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. റ്റീച്ചറിന്റെ മകള്‍ ഷീജയും അങ്ങനെതന്നെയായിരുന്നു. ആ കുട്ടി സന്തോഷവതിയായിരുന്നു. അച്ഛന്റെ അസുഖം ഷീജയെ വ്യാകുലപ്പെടുത്തിയിരുന്നു. അച്ഛനസുഖം കുറഞ്ഞപ്പോള്‍ ഷീജ സന്തോഷിച്ചു. പക്ഷേ...
പെട്ടെന്നൊരു ദിവസം നളനുണ്ണി മുറിക്കകത്തു ബോധംകെട്ടുവീണു... ദമയന്തിറ്റീച്ചര്‍ അമ്പരന്നുപോയി. ഷീജ വലിയ വായില്‍ കരഞ്ഞു.
''അച്ഛാ... അച്ഛനെന്തു പറ്റിയമ്മേ...''
''അറിയില്ല മോളേ... നീയച്ഛനെ നോക്കിക്കോ ഞാനൊരു വണ്ടി വിളിക്കാം. നമുക്കച്ഛനെ അലക്‌സാണ്ടര്‍ഡോക്ടറെ കാണിക്കണം. അദ്ദേഹമിപ്പോള്‍ ഹോസ്പിറ്റലിലുണ്ടാവും.''
''ശരിയമ്മേ. വേഗം വണ്ടി വിളിക്ക്.''
ദമയന്തി ഇറങ്ങിനടന്നു. റോഡിലൂടെപ്പോയ ഒരു ടാക്‌സി അവര്‍ കൈകാട്ടിനിര്‍ത്തി. നളനുണ്ണിയെ കാറില്‍ക്കയറ്റിക്കിടത്താന്‍ ടാക്‌സിഡ്രൈവര്‍ സഹായിച്ചു. ദമയന്തിറ്റീച്ചര്‍ തങ്ങള്‍ക്കു പോകേണ്ട ഹോസ്പിറ്റലിന്റെ പേരു പറഞ്ഞു:
''സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍.''
''അലക്‌സാണ്ടര്‍ ഡോക്ടറുടെ ആശുപത്രിയല്ലേ.''
''അതേ. അങ്ങോട്ടു വിട്ടോളൂ വേഗം.'' ദമയന്തിറ്റീച്ചര്‍ പറഞ്ഞു.
കാറു പാഞ്ഞു. നളനുണ്ണിയെ വേഗം കാഷ്വാലിറ്റിയിലെത്തിച്ചു. ഡോക്ടര്‍ അലക്‌സാണ്ടര്‍ വേഗം വന്നു രോഗിയെ പരിശോധിച്ചു.
''നളനുണ്ണിക്കു ബോധമില്ല. അല്പം ക്രിട്ടിക്കലാണ്.'' 
ഡോക്ടറുടെ നെറ്റിയില്‍ ചുളിവുകള്‍ തെളിഞ്ഞു.
''റ്റീച്ചര്‍ സമാധാനിക്കൂ... എന്തുവന്നാലും അഭിമുഖീകരിക്കാന്‍ തയ്യാറായിക്കൊള്ളൂ...''
''ഡോക്ടര്‍...'' ദമയന്തി പൊട്ടിക്കരഞ്ഞു.
വളരെ വേഗം ചികിത്സകള്‍ നടന്നു.
ഇഞ്ചക്ഷന്‍... മരുന്നുകള്‍... പരിചരണം...
നിമിഷങ്ങള്‍...
മണിക്കൂറുകള്‍...
നളനുണ്ണി കണ്ണു തുറന്നില്ല.
അയാള്‍ പോയി. അങ്ങേ ലോകത്തേക്ക്...
''സോറി ദമയന്തിറ്റീച്ചറേ... നളനുണ്ണി നമ്മെയെല്ലാം വിട്ടുപിരിഞ്ഞു. പാവം. അസുഖത്തിനാശ്വാസം കണ്ടപ്പോള്‍ എനിക്കു സന്തോഷമായിരുന്നു. പക്ഷേ....'' ഡോക്ടര്‍ പിന്നെയൊന്നും പറയാനാകാതെ മൂകനായി. 
ദമയന്തി വിങ്ങിക്കരയുകയാണ്. ഷീജ കരഞ്ഞു തളര്‍ന്ന് ഒരു ബഞ്ചിലിരുന്നു.
ഇല്ല... അവര്‍ക്കിനി ആരുമില്ല... അമ്മയും മകളും ഇനി ഒറ്റയ്ക്ക്... ദൈവമേ, എന്തിനീ ദുര്‍വിധി ഞങ്ങള്‍ക്കു തന്നു?
ഞാനും എന്റെ പൊന്നുമോളും ഇനിയെന്തു ചെയ്യും?
ഞങ്ങളിനിയെന്തിനു ജീവിക്കുന്നു... ദമയന്തിറ്റീച്ചര്‍ വിങ്ങിക്കരയുകയാണ്.
അതൊന്നുമറിയാതെ നളനുണ്ണി ഉറങ്ങുന്നു.
അവസാനത്തെ ഉറക്കം...
വിവരമറിഞ്ഞ് എല്ലാവരും ആശുപത്രിയിലേക്കോടിയെത്തി. ഭാനുമതിറ്റീച്ചറും ശിവശങ്കരന്‍ സാറും സ്‌കൂളിലെ മറ്റു റ്റീച്ചേഴ്‌സും മറ്റും.
''റ്റീച്ചര്‍...'' ഒരു മൃദുവായ സ്പര്‍ശനം. ദമയന്തി മുഖമുയര്‍ത്തി നോക്കി. ഭാനുമതിറ്റീച്ചറാണ്. 
''ടീച്ചറേ, എന്റെ നളനുണ്ണി പോയി... എന്റെ ചേട്ടന്‍... എല്ലാമായ ചേട്ടന്‍... നളന്‍ പോയി. ഇനി ദമയന്തിമാത്രം...'' ദമയന്തിറ്റീച്ചര്‍ കരഞ്ഞുതളര്‍ന്ന് ഭാനുമതിറ്റീച്ചറുടെ കൈകളില്‍ വീണു.
ദമയന്തിറ്റീച്ചര്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ മാത്യു സാര്‍ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.
ഇപ്പോള്‍ നളനുണ്ണിയുടെ വീട്ടില്‍ അയാളുടെ മൃതദേഹം കിടത്തിയിരിക്കുകയാണ്.
സ്‌കൂളിലെ ടീച്ചര്‍മാരും കുട്ടികളും നിരനിരയായി വന്ന് നളനുണ്ണിയുടെ ഭൗതികദേഹം കണ്ട് സങ്കടപ്പെട്ടു തിരിച്ചുപോയി.
എല്ലാവരും പറഞ്ഞു.
''പാവം ദമയന്തിറ്റീച്ചര്‍. പാവം ഷീജ. അവര്‍ക്കിനി ആരുണ്ട്.''
''ഞങ്ങളുണ്ട് റ്റീച്ചറേ. ദമയന്തിക്കും മോള്‍ക്കും ഞങ്ങളുടെ വീട്ടില്‍ ഇടമുണ്ട്. ഞാനവളുടെ അമ്മാവനാണ്. ശവദാഹച്ചടങ്ങുകള്‍ കഴിഞ്ഞേ ഞങ്ങള്‍ പോകൂ. പോകുമ്പോള്‍ ഞങ്ങള്‍ ദമയന്തിയെയും മകളെയും കൊണ്ടുപോകും.'' മാധവന്‍ തമ്പി പറഞ്ഞു.
മാധവന്‍ വലിയ പണക്കാരനും ബിസിനസ്സുകാരനുമാണ്.
''ചേട്ടന്റെ നല്ല മനസ്സിനു ഞങ്ങളെല്ലാം നന്ദി പറയുന്നു. ദമയന്തി ഞങ്ങള്‍ക്കൊരു സഹപ്രവര്‍ത്തകമാത്രമല്ല. സഹോദരിയാണ്. ഷീജ ഞങ്ങളുടെ കുഞ്ഞാണ്...'' ഭാനുമതി റ്റീച്ചറാണു പറഞ്ഞത്.
''അതെനിക്കു മനസ്സിലായി റ്റീച്ചറേ. ഇവിടത്തെ ഈ ആള്‍ക്കൂട്ടം നിങ്ങള്‍ക്കു ദമയന്തിയോടുള്ള സ്‌നേഹം വിളിച്ചോതുന്നു...''
''ഇവര്‍ക്കു വേറാരും ഇല്ലേ ചേട്ടാ ബന്ധുക്കളായിട്ട്.''
''ഇല്ല. ഞാനൊരമ്മാവന്‍ മാത്രം...'' മാധവന്‍ തമ്പി ദുഃഖിതനായി പറഞ്ഞു. 
അന്നുച്ചയോടെ നളനുണ്ണി
യുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ നടന്നു. ധാരാളം ആളുകള്‍ ശവസംസ്‌കാരത്തില്‍ പങ്കെടുത്തു.
ഡോക്ടര്‍ അലക്‌സാണ്ടര്‍ നളനുണ്ണിയെ ഓര്‍ത്ത് കണ്ണീരൊപ്പി.
''ഡോക്ടര്‍,'' ദമയന്തി വിങ്ങിപ്പൊട്ടിക്കരഞ്ഞു.
'നളനുണ്ണിയെന്റെ പേഷ്യന്റായിയിരുന്നു. പക്ഷേ, എനിക്കയാളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല... അത്... അതെന്റെ കുറ്റമല്ല.... നളനുണ്ണിയുടെ അസുഖം...'' ഡോക്ടര്‍ക്ക് പിന്നീടൊന്നും പറയാന്‍ കഴിഞ്ഞില്ല. അദ്ദേഹം കര്‍ച്ചീഫുകൊണ്ടു കണ്ണീരൊപ്പി. 

(അവസാനിച്ചു)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)