•  21 Nov 2024
  •  ദീപം 57
  •  നാളം 37
ആരോഗ്യവീഥി

കാഴ്ച മറയ്ക്കും ഡയബറ്റിക് റെറ്റിനോപ്പതി


നിയന്ത്രിതമായ പ്രമേഹം പ്രധാനമായും ബാധിക്കുന്നത് മൂന്ന് അവയവങ്ങളെയാണ്: നാഡികള്‍ (neuropathy), വൃക്കകള്‍ (nephropathy), കണ്ണുകള്‍ (Retinopathy). ഇതു കൂടാതെ ശരീരത്തിന്റെ ഏതു ഭാഗത്തെയും പ്രമേഹം ബാധിക്കാം. ഇതില്‍ കണ്ണുകളുടെ റെറ്റിനയെ ബാധിക്കുന്ന അവസ്ഥയിലാണ് പ്രധാനമായും കാഴ്ച നഷ്ടപ്പെടുന്നത്. അതിന്റെ പേരാണ് ഡയബറ്റിക് റെറ്റിനോപ്പതി. പ്രമേഹരോഗികളില്‍ ഏകദേശം 30 മുതല്‍ 40 വരെ ശതമാനം ആളുകള്‍ക്ക് ഈ അവസ്ഥ ഉണ്ടാകാം.  
പ്രമേഹം കണ്ണുകളെ ഏതൊക്കെ തരത്തില്‍ ബാധിക്കാം? 
കണ്ണുകളില്‍ തുടരത്തുടരെയുള്ള അണുബാധ, അധികം പ്രായമാകുന്നതിനുമുമ്പേയുള്ള തിമിരം, കണ്ണുകളിലെ പ്രഷര്‍ കൂടുന്ന ഗ്ലോക്കോമ, കണ്ണുകളുടെ ഉള്ളിലെ റെറ്റിനയെ ബാധിക്കുന്ന റെറ്റിനോപ്പതി തുടങ്ങിയവയാണ് പ്രമേഹംകൊണ്ട് കണ്ണുകള്‍ക്കുണ്ടാവുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍. 
എന്താണ് ഡയബറ്റിക് റെറ്റിനോപ്പതി?
കണ്ണില്‍ മൂന്നു ലെയറുകള്‍ ഉണ്ട്. അതില്‍ ഏറ്റവും ഉള്ളിലുള്ള ലെയറാണ് റെറ്റിന. നിരവധി ചെറിയ രക്തക്കുഴലുകളും കാഴ്ചയ്ക്കു സഹായിക്കുന്ന റോഡ്-കോണ്‍കോശങ്ങളും ന്യൂറോണ്‍സും അടങ്ങുന്നതാണ് റെറ്റിന. അനിയന്ത്രിതമായ പ്രമേഹമുള്ളവരില്‍, റെറ്റിനയില്‍ പുതിയ അനേകം രക്തക്കുഴലുകള്‍ ഉണ്ടാവുകയും (ഇത്തരം രക്തക്കുഴലുകള്‍ പൊട്ടാനുള്ള സാധ്യത കൂടുതലാണ്), അതോടൊപ്പം ചില രക്തക്കുഴലുകള്‍ വീര്‍ത്തുവരികയും ചെയ്യും (micro aneurysm).. പ്രമേഹമുള്ളവരില്‍  ഇത്തരം രക്തക്കുഴലുകള്‍ പെട്ടെന്നു പൊട്ടുകയും റെറ്റിനയിലും ചുറ്റുമുള്ള മറ്റു ഭാഗങ്ങളിലും  രക്തം ഇറങ്ങുകയും ചെയ്യാം. ഈ അവസ്ഥയ്ക്കാണ് ഡയബറ്റിക് റെറ്റിനോപ്പതി എന്നു പറയുന്നത്. 
എന്തുകൊണ്ടാണ് പ്രമേഹരോഗികളില്‍ റെറ്റിനോപ്പതി ഉണ്ടാകുന്നത്?
അനിയന്ത്രിതമായ പ്രമേഹമുള്ളവരില്‍ രക്തത്തിലെ ഗ്ലൂക്കോസ് വളരെയധികം കൂടുന്നതുമൂലം, റെറ്റിനയിലുള്ള രക്തക്കുഴലുകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കോശങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുകയില്ല. തന്മൂലം ഇവിടേക്കുള്ള രക്തയോട്ടം കുറയുകയും, ചില രാസവസ്തുക്കളുണ്ടാവുകയും ചെയ്യും. രക്തക്കുഴലുകളുടെ വളര്‍ച്ചയ്ക്കിടയാക്കുന്ന ഇത്തരം രാസവസ്തുക്കളാണ് റെറ്റിനോപ്പതിയുടെ പ്രധാന കാരണം. 
ഏതൊക്കെ ആളുകളിലാണ് റെറ്റിനോപ്പതി വരാന്‍ സാധ്യത കൂടുതല്‍? 
1. വളരെക്കാലം  നീണ്ടുനില്‍ക്കുന്ന പ്രമേഹം ഉള്ളവരില്‍. 
2. കുറെ നാളുകളായി അനിയന്ത്രിതമായ പ്രമേഹമുള്ളവര്‍.
3. പ്രമേഹംകൊണ്ടുള്ള വൃക്കരോഗം ഉള്ളവര്‍.
4. പ്രമേഹത്തോടൊപ്പം അനിയന്ത്രിതമായ രക്താതിസമ്മര്‍ദ്ദമുള്ളവര്‍.
5.വിളര്‍ച്ച ഉള്ളവര്‍, അമിതവണ്ണമുള്ളവര്‍, ഗര്‍ഭിണികള്‍, പുകവലിശീലം ഉള്ളവര്‍ ഇവരിലും റെറ്റിനോപ്പതി സാധ്യത കൂടുതലാണ്.
എന്തൊക്കെയാണ് റെറ്റിനോപ്പതിയുടെ ലക്ഷണങ്ങള്‍?
കാഴ്ച പതിയെപ്പതിയെ കുറഞ്ഞുവരുന്നതാണ് പ്രധാന ലക്ഷണം. ചില ആളുകളില്‍ പ്രായത്തിനതീതമായ കാഴ്ചക്കുറവുണ്ടാവാം. രക്തക്കുഴലുകള്‍ പൊട്ടുകയാണെങ്കില്‍ പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാവാം, ഇത്തരക്കാര്‍ക്ക് പലപ്പോഴും വേദനയും കാണില്ല. എന്നാല്‍, പുതിയ രക്തക്കുഴലുകള്‍ വളരുന്നതു നിമിത്തം കണ്ണുകളിലെ പ്രഷര്‍ കൂടുന്ന അവസ്ഥയുണ്ടായാല്‍ (neo vascular glaucoma)  വേദനയും കാഴ്ചക്കുറവും ഉണ്ടാവും.
ഡയബറ്റിക് റെറ്റിനോപ്പതി എങ്ങനെ കണ്ടെത്താം?
1 കണ്ണുകള്‍ വികസിപ്പിച്ച് റെറ്റിന പരിശോധിക്കുന്നതുവഴിയായി ഡോക്ടര്‍ക്ക് റെറ്റിനോപ്പതി കണ്ടെത്താന്‍ സാധിക്കും. ഓഫ്താല്‍ മോസ്‌കോപ്പ്  എന്ന ഉപകരണമാണ് ഇതിനായി ഉപയോഗിക്കുക. 
2. ആവശ്യമെങ്കില്‍ കണ്ണുകളുടെ വിവിധതരം സ്‌കാനിങ്ങും അതുപോലെ രക്തക്കുഴലുകളുടെ അവസ്ഥ പരിശോധിക്കുന്ന ആന്‍ജിയോഗ്രാം പരിശോധനയും ചെയ്യാം. 
എന്തൊക്കെയാണ് റെറ്റിനോപ്പതിയുടെ ചികിത്സകള്‍?
1 പ്രമേഹനിയന്ത്രണംവഴിയായി റെറ്റിനോപ്പതി വരാതെ സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. 
2 റെറ്റിനോപ്പതി സ്ഥിരീകരിച്ചവര്‍ക്ക് വിവിധ തരത്തിലുള്ള ചികിത്സകള്‍ ലഭ്യമാണ്. രോഗത്തിന്റെ  കാഠിന്യം  പരിഗണിച്ചാണ്  ഏതു ചികിത്സ വേണമെന്നു നിശ്ചയിക്കുന്നത്. 
3. പുതിയതായി ഉണ്ടാകുന്ന രക്തക്കുഴലുകളുടെ വളര്‍ച്ചയെ കുറയ്ക്കാനും റെറ്റിനയിലെ നീരു കുറയ്ക്കാനും സഹായിക്കുന്ന കുത്തിവയ്പുകള്‍ കണ്ണിന്റെയുള്ളില്‍ എടുക്കാവുന്നതാണ്. 
4. റെറ്റിനയുടെ തകരാറ് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ലേ സര്‍ചികിത്സയും  ഉപയോഗിക്കാം. 
5. വളരെ ഗുരുതരമായ അവസ്ഥയുള്ളവര്‍ക്കും മറ്റു ചികിത്സകള്‍ കൊണ്ട് കാര്യമായ പ്രയോജനം ലഭിക്കാത്തവര്‍ക്കും റെറ്റിനയുടെ സര്‍ജറി (vitrectomy) ചെയ്യാറുണ്ട്.
റെറ്റിനോപ്പതി തടയാന്‍ എന്തൊക്കെ ചെയ്യണം?
1. പ്രമേഹം മിക്കവരിലും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു അസുഖമാണ്. അതുകൊണ്ടുതന്നെ ആരംഭംമുതല്‍ കൃത്യമായി പ്രമേഹം നിയന്ത്രിച്ചുനിര്‍ത്തണം. റെറ്റിനോപ്പതി തടയാനുള്ള ഏറ്റവും പ്രധാന മാര്‍ഗ്ഗം ഇതാണ്. 
2. പ്രമേഹത്തോടൊപ്പം രക്തസമ്മര്‍ദമുള്ളവര്‍ പ്രഷറും കൃത്യമായി നിയന്ത്രിച്ചുനിര്‍ത്തണം. 
3. അമിതവണ്ണം കുറയ്ക്കുന്നതും വിളര്‍ച്ച കൃത്യമായി ചികിത്സിക്കുന്നതും അതുപോലെ പുകവലി ഒഴിവാക്കുന്നതും റെറ്റിനോപ്പതി വരാതെ തടയാന്‍ സഹായിക്കും. 
4. പ്രമേഹം കണ്ടെത്തുമ്പോള്‍ത്തന്നെ കണ്ണിന്റെ ഞരമ്പുകള്‍ പരിശോധിക്കുകയും പിന്നീട് എല്ലാവര്‍ഷവും ഈ പരിശോധന ആവര്‍ത്തിക്കുകയും വേണം.
5. റെറ്റിനോപ്പതിലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍തന്നെ  കൃത്യമായ ചികിത്സ എടുക്കണം.
പ്രമേഹരോഗികളില്‍ മറ്റ് അവയവങ്ങള്‍പോലെ കണ്ണുകളുടെ ആരോഗ്യവും വളരെ പ്രധാനമാണ്. കൃത്യമായ പ്രമേഹനിയന്ത്രണവും, കൃത്യമായ ഇടവേളകളിലുള്ള കണ്ണുപരിശോധനയുംവഴി റെറ്റിനോപ്പതി വരാതെ സൂക്ഷിക്കാന്‍ സാധിക്കും.
ലേഖിക പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഒഫ്താല്‍മോളജിസ്റ്റാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)