•  30 May 2024
  •  ദീപം 57
  •  നാളം 12
നോവല്‍

ചക്രവര്‍ത്തിനി

കൊട്ടാരം ഉത്സാഹത്തിമിര്‍പ്പിന്റെ പിടിയിലായി. ഷബാനിയുടെ കുട്ടി കൊട്ടാരത്തെ പിടിച്ചുലയ്ക്കുകയാണ്.
അമ്മയുടെയും വളര്‍ത്തമ്മയുടെയും മുലകുടിച്ച് അവരുടെ താരാട്ടുപാട്ടില്‍ ചാഞ്ചാടി നെഹമിയ വളര്‍ന്നു. എസ്‌തേര്‍രാജ്ഞിയാണ് ഷബാനിയുടെ കുഞ്ഞിന് ആ പേരിട്ടത്.
കൈകാലുകളില്‍ നീന്തിത്തുടിച്ച് അവന്‍ അന്തഃപുരം കീഴടക്കി. തോഴിമാരും അടിമകളുമെല്ലാം കുഞ്ഞിന്റെ പിന്നാലെ കൂടുകയാണ്.
കുറച്ചങ്ങു നീന്തിക്കഴിഞ്ഞു ചമ്രംപടിഞ്ഞിരുന്നിട്ട് അവന്‍ പല്ലില്ലാത്ത മോണകാട്ടിച്ചിരിക്കും. ഏതോ ഭാഷയില്‍ എല്ലാവരോടും കിന്നാരം പറയും.
തേനൊലിക്കുന്ന കുഞ്ഞുവായില്‍ കൈകളിട്ടുചപ്പി ശബ്ദമുണ്ടാക്കും.
അവന്റെ കുസൃതികളും കളികളും കരച്ചിലുമെല്ലാം കാണാന്‍ ഷബാനിയെക്കാള്‍ കൂടുതലിഷ്ടം മഹാരാജ്ഞിക്കാണ്.
രാജ്ഞി അവനെ കൊഞ്ചിക്കുകയും ഇക്കിളികൂട്ടി ചിരിപ്പിക്കുകയും ചെയ്യും.
കുറച്ചുനേരമിരുന്നാല്‍ തീര്‍ച്ച അവന്‍ രാജ്ഞിയുടെ മടിയില്‍ മൂത്രമൊഴിച്ചിരിക്കും.
അതുകണ്ട് എല്ലാവരും പൊട്ടിച്ചിരിക്കും. റാണിയും കൂട്ടത്തില്‍ക്കൂടും.
അയ്യോ എന്നും പറഞ്ഞ് അമ്പരപ്പോടെ ഷബാനിയോ തോഴിമാരോ വളര്‍ത്തമ്മമാരോ ഓടിയെത്തിയാല്‍ എസ്‌തേര്‍ അവനെ രണ്ടുകക്ഷത്തിലും പിടിച്ചുയര്‍ത്തിക്കൊണ്ട് ഓമനിച്ചോമനിച്ചു ചോദിക്കും:
''അയ്യോടാ മോനേ, നിനക്കെന്റെ മടിയിലേ സാധിക്കാന്‍ പറ്റൂ അല്ലേടാ?''
അപ്പോഴേക്കും ആരെങ്കിലും വന്ന് കുഞ്ഞിനെ വാങ്ങും.
''നിന്നെ ഞാന്‍ കാണിച്ചു തരുന്നുണ്ടെടാ.''
കൃത്രിമഗൗരവം കാണിച്ചുകൊണ്ട് എസ്‌തേര്‍ കുഞ്ഞിക്കവിളത്തൊന്നു നുള്ളും.
എന്നിട്ടേ വസ്ത്രം മാറാന്‍ പോവുകയുള്ളു.
അന്നും അതു സംഭവിച്ചു. രാജ്ഞി പതിവുപോലെ തോഴിമാരൊന്നിച്ച് വസ്ത്രാലയത്തില്‍കടന്നു. ആ നേരത്താണ് രാജ്ഞിയെ മുഖംകാണിക്കാന്‍ മൊര്‍ദെക്കായി എത്തിയ കാര്യം പറയാന്‍ ബിസ്താ എന്ന ഷണ്ഡന്‍ വന്നത്.
പ്രധാനപരിചാരകന്‍ ഹാഥാക്ക് ഉടനെ രാജ്ഞിയെ വിവരം അറിയിക്കാനായി തിടുക്കപ്പെട്ടോടി.
സന്ദര്‍ശകമുറിയില്‍ കാത്തിരിക്കാന്‍ റാണിയുടെ കല്പനയുണ്ടായി.
അല്പനേരത്തിനുശേഷം രാജ്ഞിയെത്തി. അബ്ബയെ അഭിവാദ്യം ചെയ്തു.
ദാസീദാസന്മാര്‍ ആരെയും അവിടെ നിറുത്തിയില്ല. പ്രധാനപ്പെട്ട എന്തോ കാര്യം അബ്ബയ്ക്കു പറയാനുണ്ടാവും എന്നു രാജ്ഞി മനസ്സിലാക്കി.
പക്ഷേ, മൊര്‍ദെക്കായ് ചോദിച്ചതിങ്ങനെയാണ്:
''എസ്‌തേര്‍ നിനക്കു സുഖമല്ലേ?''
''അതേ അബ്ബാ.''
എസ്‌തേര്‍ ചിരിച്ചു.
''എനിക്കും കൂട്ടുകാരിക്കും കുഞ്ഞിനുമെല്ലാം സുഖം. കൊച്ചു നെഹമിയായുടെ കുഞ്ഞുകുഞ്ഞു കുസൃതികള്‍ കണ്ട് നേരം പോകുന്നതറിയില്ല.''
അവള്‍ വാചാലയായി.
മൊര്‍ദെക്കായി അതെല്ലാം ശ്രദ്ധാപൂര്‍വം കേട്ടു. എന്നിട്ടു പതിയെ ചോദിച്ചു:
''നമ്മള്‍മാത്രം സന്തോഷിച്ചാല്‍ മതിയോ?''
''എന്താണബ്ബാ?'' 
എസ്‌തേര്‍ ആകാംക്ഷപൂണ്ടു.
അയാള്‍ തുടര്‍ന്നു:
''നിനക്കറിയാമല്ലോ. സമയം കടന്നുപോവുകയാണ്. ചങ്കില്‍തീയുമായി നടക്കുകയാണ് നമ്മുടെ ജനങ്ങള്‍. പഴയ രാജശാസനമിപ്പോഴും സജീവമായി നിലനില്ക്കുന്നുണ്ട്.''
മൊര്‍ദെക്കായിയുടെ വാക്കുകള്‍ എസ്‌തേറിന്റെ മുഖത്തെ വെളിച്ചം കെടുത്തിക്കളഞ്ഞു.
''ഞാനതു മറന്നിട്ടില്ല അബ്ബാ.''
മനസ്താപത്തോടെയുള്ള അവളുടെ മറുപടി.
''അത്ര നല്ല വാര്‍ത്തകളല്ല മോളേ കേള്‍ക്കുന്നത്. ആ കരിനിയമത്തിന്റെ പകര്‍പ്പ് രാജ്യമാകെ വിളംബരം ചെയ്തിട്ട് മൂന്നുമാസം കഴിഞ്ഞു. നടപ്പിലാക്കേണ്ടത് വരുന്ന ആദാര്‍മാസം പതിമൂന്നാം തീയതിയാണെങ്കിലും പല പ്രവിശ്യകളിലും നമ്മുടെ ജനങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. അധികാരികള്‍ക്കും അക്കാര്യങ്ങള്‍ തടയാനാവുന്നില്ല. നിയമത്തിന്റെ സംരക്ഷ ശത്രുക്കള്‍ക്കു ബലമാവുകയാണ്.''
എല്ലാംകേട്ട് എസ്‌തേര്‍ ആലോചനയിലായി.
''സന്തോഷമെന്നതു വ്യക്തിപരമല്ല. നമ്മുടെ ചുറ്റുമുള്ളവര്‍ക്കും അതു ലഭിച്ചെങ്കില്‍മാത്രമേ യഥാര്‍ഥസന്തോഷം അനുഭവിക്കാനാവൂ.
പേര്‍ഷ്യാമഹാരാജ്യത്തില്‍ മഹാരാജാവിനുതാഴെ ലഭിക്കാവുന്നതില്‍വച്ചേറ്റവും ഉയര്‍ന്ന പദവികളിലാണ് താനും അബ്ബയും. പക്ഷേ, പദവികള്‍ വെറും നോക്കുകുത്തികളായി നിലനിന്നിട്ടെന്തു കാര്യം?
കുറ്റവാളി മറഞ്ഞാലും കുറ്റകൃത്യത്തിനു മരണമില്ല. അതാണിപ്പോള്‍ യഹൂദജനത അനുഭവിക്കുന്നത്. സ്വജീവിതം മറ്റുള്ളവര്‍ക്കായി നല്കുന്നതിനെക്കാള്‍ വലിയ ത്യാഗമില്ല.
അഗാധമായ ഇരുട്ടില്‍നിന്ന് ഉയര്‍ന്നുവന്ന വെളിച്ചംപോലെയാണ് ജീവിതം. അതിനെ മറയ്ക്കാന്‍ ചെറുകരിമേഘത്തുണ്ടിനും കഴിയും. പക്ഷേ, അതു ശാശ്വതമല്ല. അനുകൂലമായ ചെല്ലക്കാറ്റുമതി വെളിച്ചം വീണ്ടും കത്തിജ്വലിക്കാന്‍.
ഇനിയും മറഞ്ഞിരിക്കാനാവില്ല.
സന്തോഷങ്ങളില്‍മാത്രം അഭിരമിച്ചുകൊണ്ടിരിക്കാന്‍ എസ്‌തേറിനു കഴിയില്ല.
എസ്‌തേറിന്റെ മറുപടിയില്‍ ആത്മവിശ്വാസത്തിന്റെ തികഞ്ഞ ഊര്‍ജം ത്രസിച്ചിരുന്നു.
''അബ്ബ സമാധാനമായിപ്പോകൂ. എല്ലാം ശരിയാവും.''
അന്ന് മണിയറയില്‍ രാജാവുമായി സല്ലപിക്കുമ്പോള്‍ ഷബാനിയുടെ കുഞ്ഞിനെക്കുറിച്ച് എസ്‌തേര്‍ സൂചിപ്പിച്ചു.
തന്റെ പ്രിയതമയുടെ ബാല്യകാലസുഹൃത്തായ ഷബാനിയെയും അവളുടെ കുഞ്ഞിനെയും അഹസ്വേരുസിനും വലിയ ഇഷ്ടമാണ്. രാജ്ഞിയുടെ ഹിതം അദ്ദേഹത്തിന്റേതുമായി.
അഹസ്വേരുസിന്റെ മാറില്‍ച്ചാരിയിരുന്ന് കൊഞ്ചുകയാണ് എസ്‌തേര്‍. അരുവികിലുങ്ങുന്നതുപോലെ അവള്‍ മൊഴിഞ്ഞു:
''ഒരു കുട്ടിക്കുറുമ്പനെ നമുക്കുംവേണ്ടേ?''
രാജാവ് വാത്സല്യത്തോടെ അവളുടെ കവിളില്‍തലോടി.
''വേണം.''
ഒന്നുകൂടി ഹൃദയത്തോടു ചേര്‍ത്തുപിടിച്ചുകൊണ്ട് രാജാവ് എസ്‌തേറിലേക്കലിഞ്ഞു.
''നിന്നെപ്പോലെ അഴകുള്ള കുഞ്ഞ്.''
കവിളത്തേക്ക് ഇഴഞ്ഞുകയറിയ അവളുടെ അധരങ്ങള്‍ മന്ത്രിച്ചത് രാജാവിന്റെ ഹൃദയത്തില്‍തൊട്ടു.
അങ്ങയെപ്പോലെ കരുത്തും ആരോഗ്യവും കഴിവുമുള്ള ഒരു കുഞ്ഞുരാജാവിനെയാണ് എനിക്കു വേണ്ടത്.
മുടിയിഴകളില്‍ വിരലോടിച്ചു കൊണ്ട് രാജാവ് അവളുടെ അധരങ്ങളിലേക്കെത്തുകയാണ്.
അപ്പോള്‍ ഝടിതിയില്‍ അവള്‍ മുഖം തിരിച്ചു തെന്നിമാറിക്കളഞ്ഞു.
അസഹനീയമായിരുന്നു അദ്ദേഹത്തിനത്.
തികഞ്ഞ മനോവിഷമത്തോടെ അദ്ദേഹമാരാഞ്ഞു:
''എന്തുപറ്റി പ്രിയേ?''
കണ്ണീരില്‍ക്കുതിര്‍ന്ന വാക്കുകള്‍ നനഞ്ഞുവീണു.
''അങ്ങേക്ക് എന്നോട് യഥാര്‍ഥത്തില്‍ ഇഷ്ടമുണ്ടോ?''
''നമ്മെ നീ ഇങ്ങനെ സങ്കടപ്പെടുത്തരുത്.'' 
രാജാവിന്റെ മറുപടിയില്‍ഹൃദയവേദന വിതുമ്പി. 
''അങ്ങല്ലല്ലോ ഞാനല്ലേ സങ്കടപ്പെടുന്നത്.''
 രാജ്ഞി ഗദ്ഗദം പൂണ്ടു.
''എന്താണങ്ങനെ എസ്‌തേര്‍?'' കാര്യം വിശദമാക്കിക്കൂടേ നിനക്ക്?''
രാജാവ് അപേക്ഷിക്കുകയാണ്.
ഈ അവസരമാണ് അവള്‍ സൂക്ഷിച്ചുവച്ചി
രുന്നത്. ഹാമാനുണ്ടാക്കിയ ആ നിയമത്തിന്റെ പ്രാബല്യവും ഇപ്പോള്‍ സ്വജനങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതും അവള്‍ രാജാവിനെ ബോധിപ്പിച്ചു.
''സ്വന്തക്കാ
രുടെ നൊമ്പരങ്ങള്‍ക്കു നടുവില്‍ എനിക്കെങ്ങനെ സന്തോഷിക്കാനാവും പ്രഭോ?''
ചോദ്യം കുറിക്കുകൊണ്ടു. സമയവും സന്ദര്‍ഭവുമറിഞ്ഞ് എയ്ത അസ്ത്രമാണത്.
''എല്ലാം നമുക്കു പരിഹരിക്കാം.''
രാജാവു സാന്ത്വനപ്പെടുത്തി.
''നിന്റെ സന്തോഷമാണ് നമ്മുടെ സന്തോഷം.''
രാജാവ് അവളുടെ കവിളത്തൊരു പ്രേമമുദ്ര ചാര്‍ത്തി.
ഒന്നിളകിത്തിളച്ചുകൊണ്ട് രാജ്ഞി രാജാവിന്റെ കാതില്‍ മൊഴിഞ്ഞു:
''എന്റെമാത്രം രാജാവാണങ്ങ്.''
വീഞ്ഞുപോലെ ലഹരിനുരയുന്ന വാക്കുകള്‍ക്കുള്ളില്‍ അഹസ്വേരുസ് മയങ്ങിവീണു. കുതിര്‍ന്നലിഞ്ഞു...
രണ്ടു ഹൃദയങ്ങളും ഒന്നാവുകയാണ്.
കിന്നാരങ്ങളുടെ വേലിയേറ്റത്തില്‍ നീന്തിത്തുടിച്ച് രതിരസത്തിന്റെ സമുദ്രങ്ങളിലേക്കു തോണിതുഴഞ്ഞു.
ആകാശത്തിലെ നക്ഷത്രങ്ങളും കടലിലെ തിരകളും അവരെ താലോലിച്ചു.
പൂര്‍ണനിലാവിന്റെ തണുപ്പും ഉച്ചസൂര്യന്റെ ചൂടും അവര്‍ക്കു കൂട്ടായി.
ഇരുസമുദ്രങ്ങള്‍പോലെ പിന്‍വാങ്ങിനിന്നവര്‍ ആവേശക്കാറ്റിന്റെ വേഗത്തില്‍ ഒന്നിക്കുമ്പോള്‍ തീരങ്ങളും ഇടനാടും മലനാടും പ്രകമ്പനംകൊണ്ടു.
കാറും കോളുമകന്ന് എല്ലാം ശാന്തമായപ്പോള്‍ ഒരു മഹായുദ്ധത്തിന്റെ അവശേഷിപ്പുകള്‍പോലെ രണ്ടുപേരും മയങ്ങിക്കിടന്നു.

(തുടരും)

Login log record inserted successfully!