കൊവിഡ് ദുരിതവാര്‍ത്തകള്‍ക്കിടയില്‍, വേനലറുതിയിലെ പുതുമഴപോലെ, ആശ്വാസകരമായിരുന്നു ആ വാര്‍ത്ത. പാലാരിവട്ടം മേല്‍പ്പാലം പുനര്‍നിര്‍മ്മാണത്തിനു സര്‍ക്കാര്‍ ഇനിയും പണം മുടക്കേണ്ടതില്ലെന്ന്. വാര്‍ത്തയുടെ ഉറവിടം മെട്രോമാന്‍ ഇ. ശ്രീധരന്‍.
എറണാകുളം മെട്രോയിലെ നാലു പാലങ്ങള്‍, ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ പണിതീര്‍ത്തത്, എസ്റ്റിമേറ്റില്‍ പറഞ്ഞിരുന്നതിലും കുറഞ്ഞ തുകയ്ക്കാണ്. അതുവഴി മിച്ചം വന്നത് 17.4 കോടി രൂപ! അതുമതിയത്രേ പാലം പൊളിച്ചു പണിയുന്നതിന്.
ഇങ്ങനെയുമുണ്ടോ എന്‍ജിനീയര്‍മാര്‍? പൊതുനിര്‍മ്മിതികള്‍ സര്‍ക്കാര്‍ അംഗീകരിച്ച എസ്റ്റിമേറ്റിലും കുറച്ചു പണി തീര്‍ക്കുന്നവര്‍? അതും ഗുണനിലവാരത്തില്‍ യാതൊരു കുറവും വരുത്താതെ? ഉണ്ട്. അതാണ് ശ്രീധരന്‍ നമ്മോടു പറയുന്നത്. കൂരിരുട്ടില്‍ തെളിഞ്ഞുനില്ക്കുന്ന നക്ഷത്രങ്ങളുണ്ടെന്നും കരകാണാക്കടലില്‍ ചെറിയ ദ്വീപിടങ്ങളുണ്ടെന്നും.
പലരും ഓര്‍ക്കുന്നുണ്ടാകും, 2019 ഏപ്രിലില്‍ കോട്ടയത്തെ പഴയ നാഗമ്പടം റെയില്‍വേ മേല്‍പ്പാലം പൊളിച്ചുകളയാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടത്. നിയന്ത്രിതസ്‌ഫോടനത്തിലൂടെ പാലം തകര്‍ക്കാന്‍ രണ്ടു തവണ നടത്തിയ ശ്രമത്തിലും പാലം കുലുങ്ങാതെ നിന്നു! ആളുകള്‍ മാത്രമല്ല, എന്‍ജിനീയര്‍മാരും അദ്ഭുതപ്പെട്ടുപോയി-എന്തൊരു നിര്‍മ്മിതിയെന്ന്. അപ്പോള്‍ ശ്രീധരന്‍ അവരോടു വെളിപ്പെടുത്തി, അന്ന് അതായത് 1955 ല്‍, നാഗമ്പടം മേല്‍പ്പാലം പണിയുമ്പോള്‍ താനായിരുന്നു എന്‍ജിനീയറെന്ന്! പിന്നീട് ഡയമണ്ട് കട്ടര്‍ ഉപയോഗിച്ചു പാലം മുറിച്ചുമാറ്റുകയായിരുന്നു.
65 കൊല്ലംമുമ്പു നാഗമ്പടം മേല്‍പ്പാലം പണിതീരുമ്പോള്‍ പൊതുമുതല്‍ കൊള്ളക്കാരുടെ എണ്ണം ഇന്നത്തേതുപോലെ പെരുകിയിരുന്നില്ല. അവര്‍ തീരെ ഇല്ലാതിരുന്നില്ല. പക്ഷേ, ശ്രീധരനെപ്പോലെയുള്ള എന്‍ജിനീയര്‍മാരുടെ സാന്നിധ്യത്തില്‍ അവര്‍ക്കു പ്രബലപ്പെടാന്‍ കഴിയുമായിരുന്നില്ല!
അത് നാഗമ്പടം പഴയപാലം പറഞ്ഞുതരുന്ന പാഠമാണ്. ഒപ്പം, മറ്റൊന്നുകൂടിയുണ്ട്, അനുവദിച്ചിരിക്കുന്ന അളവിലും തൂക്കത്തിലും കൃത്യമായി പണിതീര്‍ത്താല്‍ പാലങ്ങളും റോഡുകളും ആറു മാസത്തിനുള്ളില്‍ തകര്‍ന്നുപോകില്ലെന്നും.
രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ നടത്തിയ സത്യസന്ധമായ ഒരു വെളിപ്പെടുത്തലാണ് ഓര്‍മ്മവരുന്നത്. ഇന്ത്യയില്‍ പദ്ധതികള്‍ക്കനുവദിക്കുന്ന തുകയില്‍ നാല്പതു ശതമാനത്തോളം മാത്രമേ അവയ്ക്കുവേണ്ടി വിനിയോഗിക്കപ്പെടുന്നുള്ളൂ എന്ന്. അറുപതു ശതമാനവും പലവഴിക്കു ചോര്‍ന്നുപോവുകയാണത്രേ!
ഇതുതന്നെയാവുമോ പാലാരിവട്ടം മേല്‍പ്പാലനിര്‍മ്മാണത്തിലും സംഭവിച്ചത്? ആയിരിക്കണം. അല്ലെങ്കില്‍, ഇത്രവേഗം ആ പാലം ഒരു പഞ്ചവടിപ്പാലമായി മാറുമായിരുന്നോ?
2014 സെപ്റ്റംബറിലാണ് പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പണിയാരംഭിച്ചത്. 2016 ഒക്‌ടോബര്‍ 12 നു മുഖ്യമന്ത്രി പിണറായി വിജയന്‍ പാലം നാടിനു സമര്‍പ്പിച്ചു. നിര്‍മ്മാണത്തിന്റെ ഭൂരിഭാഗവും മുന്‍ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്താണു നടന്നത്. അതുകൊണ്ടാവണം പാലം നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ചു പ്രതിപക്ഷസമരക്കാര്‍ മൗനം പാലിക്കുന്നത്!
ഒറ്റത്തൂണില്‍ തീര്‍ത്ത നാലുവരി ഫ്‌ളൈ ഓവറാണ് പാലാരിവട്ടം മേല്‍പ്പാലം. പാലത്തിനുമാത്രം 442 മീറ്റര്‍ നീളമുണ്ട്. ഇരുവശത്തുമുള്ള അപ്രോച്ച് റോഡുകള്‍കൂടി ചേരുമ്പോള്‍ ആകെ നീളം 750 മീറ്റര്‍. ചെലവ് 39 കോടി രൂപ.
കേരളാ റോഡ് ഫണ്ട് ബോര്‍ഡിന് ഇന്ധനസെസ് വിഹിതമായി ലഭിച്ച തുക ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. എന്നുപറഞ്ഞാല്‍, കേരളത്തിലെ വാഹനഉടമകള്‍ കൊടുത്ത പണം ഉപയോഗിച്ചാണു പാലം നിര്‍മ്മിച്ചതെന്ന്. അതില്‍നിന്നാണ് ആര്‍ത്തി പെരുത്ത ജനദ്രോഹികള്‍ കൈയിട്ടുവാരിയതെന്ന്. ഇ. ശ്രീധരനായിരുന്നു പാലം നിര്‍മ്മാണത്തിന്റെ ചുമതലയെങ്കില്‍, ആകെ തുകയുടെ മൂന്നിലൊന്നെങ്കിലും മിച്ചംവരുമായിരുന്നിരിക്കണം. പാലം തകര്‍ക്കാന്‍ ശ്രമിച്ചാലും തകരാതെ നില്ക്കുകയും ചെയ്യുമായിരുന്നു.
ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷംപോലും തികയുംമുമ്പേ പാലത്തില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഇതു ശ്രദ്ധയില്‍പ്പെട്ട കെ.വി. ഗിരിജന്‍ എന്ന സാമൂഹികപ്രവര്‍ത്തകന്‍ വകുപ്പുമന്ത്രിക്കു പരാതി നല്കിയത് 2017 ജൂണ്‍ 30 ന്. മന്ത്രി ആ പരാതി ഉപരിനടപടികള്‍ക്കായി കേരളാ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനു കൈമാറി.
തുടര്‍ന്നുനടന്ന പരിശോധനയില്‍ പാലാരിവട്ടം മേല്‍പ്പാലം അപകടനിലയിലാണെന്നു ഞെട്ടിക്കുന്ന സത്യം പുറത്തുവന്നു. എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെയും പാലത്തിന്റെ ഭാരം താങ്ങുന്ന ബെയറിംഗുകളുടെയും നിര്‍മ്മാണത്തിലുണ്ടായ പിഴവാണത്രേ ബലക്ഷയത്തിനു കാരണം.
ഇ. ശ്രീധരനും പാലത്തില്‍ വിശദമായ പരിശോധന നടത്തി. നിര്‍മ്മാണപ്പിഴവുകള്‍ കണ്ട് അദ്ദേഹം നടുങ്ങിയിരിക്കണം. പാലം പൊളിച്ചു പണിയേണ്ടിവരുമെന്നായിരുന്നു അദ്ദേഹം നല്കിയ റിപ്പോര്‍ട്ട്.
മദ്രാസ് ഐ.ഐ.ടി. യിലെ വിദഗ്ധസംഘവും പാലം പരിശോധിച്ചു. ബലക്ഷയത്തെക്കുറിച്ച് അവര്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടായില്ല. പാലത്തിനുപയോഗിച്ച കോണ്‍ക്രീറ്റ് മിശ്രിതം ഗുണനിലവാരമില്ലാത്തതായിരുന്നു എന്നും അവര്‍ കണ്ടെത്തി. നോക്കണേ, നൂറ്റാണ്ടുകള്‍ നിലനില്‌ക്കേണ്ട ഒരു പാലം നിര്‍മ്മാണത്തില്‍ ബന്ധപ്പെട്ടവര്‍ വരുത്തിയ പാകപ്പിഴകള്‍! അവരുടെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിനാണു നടപടിയെടുക്കേണ്ടത്.
2019 മേയ് മാസത്തില്‍ അന്വേഷണം വിജിലന്‍സിനെ ഏല്പിച്ചു. നിര്‍മ്മാണത്തില്‍ വ്യാപകമായ ക്രമക്കേടുണ്ടെന്നായിരുന്നു അവരുടെ പ്രാഥമിക റിപ്പോര്‍ട്ട്.
പാലം നിര്‍മ്മാണകാലത്തു പൊതുമരാമത്തുവകുപ്പു സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജ് 2019 ഓഗസ്റ്റ് 30 ന് അറസ്റ്റു ചെയ്യപ്പെട്ടു. പാലം പണി കോണ്‍ട്രാക്റ്റ് എടുത്തിരുന്ന ഡല്‍ഹി ആര്‍.ഡി.എസ്. കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സുമീത് ഗോയല്‍, കിറ്റ്‌കോ മുന്‍ എം.ഡി. ബെന്നി പോള്‍, ആര്‍.ബി.ഡി.സി.കെ. അസി. മാനേജര്‍ പി.ഡി. തങ്കച്ചന്‍ എന്നിവരും അറസ്റ്റിലായി.
അറസ്റ്റു ചെയ്യപ്പെട്ടവരുടെ മൊഴികള്‍ വിരല്‍ചൂണ്ടുന്നത്, അന്നത്തെ പൊതുമരാമത്തുമന്ത്രി ഇബ്രാഹിം കുഞ്ഞിനു നേരേയാണ്. അദ്ദേഹത്തെ വിജിലന്‍സ് പലവട്ടം ചോദ്യം ചെയ്തുകഴിഞ്ഞു. അന്ന് കേരളാ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എം.ഡിയായിരുന്ന മുഹമ്മദ് ഹനീഷിനും രക്തത്തില്‍ പങ്കുണ്ടെന്ന് അറസ്റ്റിലായവരുടെ മൊഴികളില്‍ സൂചനയുണ്ടത്രേ.
39 കോടിയുടെ വിഹിതം പറ്റിയവര്‍ ചെറുത്തുനില്ക്കാനാണു നോക്കുന്നത്. അതങ്ങനെയാണല്ലോ. അവരും നീതിക്കുവേണ്ടി (അതോ, അനീതിക്കുവേണ്ടിയോ?) കോടതിയെ സമീപിച്ചു. 2019 സെപ്റ്റംബറില്‍ കേരളഹൈക്കോടതിയുടെ ഉത്തരവുണ്ടായി-പാലം പൊളിക്കരുത്, ആദ്യം ഭാരപരിശോധന നടത്തണം. ഉത്തരവിനെതിരേ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്കിയെങ്കിലും ഫലമുണ്ടായില്ല.
സംസ്ഥാനസര്‍ക്കാര്‍ അപ്പീലുമായി സുപ്രീംകോടതിയിലെത്തി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 29 ന് സുപ്രീംകോടതി അപ്പീല്‍ അനുവദിച്ചു. പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാരിന് അനുമതിയും ലഭിച്ചു.
പാലത്തിന്റെ പുനര്‍നിര്‍മ്മാണച്ചുമതല ഇ. ശ്രീധരന്‍ ഏറ്റെടുത്തുകഴിഞ്ഞു. പണി ആരംഭിക്കുകയും ചെയ്തിരിക്കുന്നു. എട്ടുമാസംകൊണ്ടു പുതിയ പാലം ഗതാഗതയോഗ്യമാക്കുമെന്നാണദ്ദേഹം അറിയിക്കുന്നത്. കൊല്‍ക്കൊത്ത മെട്രോയും ഡല്‍ഹി മെട്രോയും കൊങ്കണ്‍ റെയില്‍വേയും ഒടുവില്‍ കൊച്ചി മെട്രോയുടെ ഏറ്റെടുത്ത ഭാഗവും സമയത്തിനുമുമ്പേ പണിതീര്‍ത്തു ചരിത്രം സൃഷ്ടിച്ച അദ്ദേഹത്തിന്റെ ഉറപ്പു പാഴാകില്ല.
നമുക്കു കാത്തിരിക്കാം. പുതിയ പാലാരിവട്ടം മേല്‍പ്പാലത്തിലൂടെ സുരക്ഷിതമായി വാഹനങ്ങള്‍ ഇരമ്പിപ്പായുന്ന നല്ല നാളുകള്‍ക്കുവേണ്ടി; ഒപ്പം, രാജ്യദ്രോഹികള്‍ക്കെതിരേ നീതിപീഠങ്ങള്‍ നിര്‍ഭയം ശിക്ഷാവിധിയെഴുതുന്ന നല്ല ദിനങ്ങള്‍ക്കുവേണ്ടിയും.