•  28 Mar 2024
  •  ദീപം 57
  •  നാളം 4
വര്‍ത്തമാനം

ദേവതകള്‍ വസിക്കുന്ന കാലം വരുമോ?

പുരുഷനു പ്രകൃതി നല്കിയിരിക്കുന്ന അധികകായികബലം സ്ത്രീയെ സംരക്ഷിക്കാന്‍ കൂടിയാണ്. സംസ്‌കാരസമ്പന്നനായ പുരുഷനു മാത്രമേ സ്ത്രീയുടെ സംരക്ഷകനായിരിക്കാന്‍ കഴിയൂ.

അത്രയ്ക്കു വേണ്ടിയിരുന്നില്ല എന്നാണു കണ്ടപ്പോള്‍ തോന്നിയത്. തിരുവനന്തപുരത്ത് ഒരു പുരുഷനെ രണ്ടുമൂന്നു സ്ത്രീകള്‍ ചേര്‍ന്നു മര്‍ദ്ദിക്കുകയും കരിഓയില്‍ ഒഴിച്ച് അപമാനിക്കുകയും ചെയ്യുന്ന ദൃശ്യം. തെറ്റു ചെയ്യുന്ന വ്യക്തിയെ കുറ്റമെത്ര ഗൗരവമുള്ളതാണെങ്കിലും, നേരിട്ടു ശിക്ഷിക്കാന്‍ ആര്‍ക്കും അനുവാദമില്ലല്ലോ. അതും കുറ്റക്കാരന്‍ ചെയ്തതുപോലെയോ അതിലും ഗുരുതരമോ ആയ മറ്റൊരു കുറ്റമാണ് - നിയമം കൈയിലെടുക്കല്‍.
സംഭവം നടന്നത് സെപ്റ്റംബര്‍ 26 ശനിയാഴ്ചയാണ്. അപ്രതീക്ഷിതമായിരുന്നിരിക്കണം ആക്രമണം. അയാള്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്നു. വാതില്‍ തടഞ്ഞു സ്ത്രീകള്‍ നിന്നപ്പോള്‍ അയാള്‍ക്ക് ഓടി രക്ഷപ്പെടാനും കഴിഞ്ഞിരിക്കില്ല. ഏതായാലും കണക്കിനു കിട്ടി. അടിയും കരിഓയില്‍ അഭിഷേകവും! ഇടതു കൈകൊണ്ട് ഉടുമുണ്ടു മുറുകെ പ്പിടിച്ചിരുന്നതുകൊണ്ട് വലതുകൈകൊണ്ടു മാത്രമേ അയാള്‍ക്കു പ്രതിരോധിക്കാന്‍ കഴിഞ്ഞുള്ളൂ. അവര്‍ ഉടുമുണ്ടുകൂടി പറിച്ചെറിഞ്ഞ് ആക്ഷേപിക്കുമോ എന്നും അയാള്‍ ഭയന്നിരിക്കണം.
ഡോ. വിജയ് പി. നായരെന്ന ആളാണ് ഇപ്രകാരം ആക്രമിക്കപ്പെട്ടതും അപമാനിക്കപ്പെട്ടതും. അദ്ദേഹമൊരു സിനിമാപ്രവര്‍ത്തകനാണത്രേ. ഒപ്പം ഒരു യൂട്യൂബറുമാണ്. സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരേ അശ്ലീലം നിറഞ്ഞ പോസ്റ്റുകളിട്ട് അവരെ ആക്ഷേപിക്കുന്നത് ഇദ്ദേഹത്തിന്റെ വിനോദമായിരുന്നെന്നാണ് വനിതാ ആക്ടിവിസ്റ്റുകള്‍ പറയുന്നത്. അതിനെതിരേ പോലീസിലും സൈബര്‍ സെല്ലിലും വനിതാകമ്മീഷനിലും പല പരാതികള്‍ നല്‍കിയിട്ടും യാതൊരു പ്രയോജനമുണ്ടായില്ലെന്നും അവര്‍ പറയുന്നു. അതുകൊണ്ട് സഹികെട്ടാണത്രെ ഒടുവില്‍ ആളെ നേരിട്ടു കൈകാര്യം ചെയ്യാന്‍ അവര്‍ തീരുമാനിച്ചത്.
അടി കിട്ടിയപ്പോള്‍ ബോധം തെളിഞ്ഞുവെന്നും താന്‍ ചെയ്തതു തെറ്റായിപ്പോയെന്നു ബോധ്യപ്പെട്ടുവെന്നും, അതുകൊണ്ടു മാപ്പു പറഞ്ഞെന്നും മേലില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്കിയെന്നുമാണ് വിജയ് പി. നായര്‍തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. അതോടെ സംഗതി അവസാനിക്കേണ്ടതാണ്. അല്ലെങ്കില്‍ ഒത്തുതീരേണ്ടതാണ്. പക്ഷേ, സംഭവിച്ചതങ്ങനെയല്ല.
ആക്രമണദൃശ്യങ്ങള്‍ ആക്രമണകാരികള്‍തന്നെ വീഡിയോയില്‍ പകര്‍ത്തി വാര്‍ത്താചാനലുകള്‍ക്കു നല്കി. സമൂഹമാധ്യമങ്ങളിലും പോസ്റ്റു ചെയ്തു. വിജയ് നായരുടെ ലാപ്‌ടോപ്പും മൊബൈലും പിടിച്ചെടുത്തു പോലീസ് സ്റ്റേഷനില്‍ ഏല്പിച്ചു. പോലീസില്‍ വീണ്ടും പരാതി നല്കി.
അടിയുംകൊണ്ടു പുളിയും കുടിച്ചു മൗനമായിരിക്കാന്‍ വിജയ് നായര്‍ക്കും കഴിയില്ലല്ലോ. അയാളും പോലീസില്‍ പരാതി നല്കി. അതോടെ സംഭവത്തിന്റെ മാനം മാറി. വനിതാ ആക്ടിവിസ്റ്റുകള്‍ വെട്ടിലാവുകയും ചെയ്തു. ഭവനഭേദനം, അതിക്രമിച്ചുകടക്കല്‍, ശാരീരികാക്രമണം, മോഷണം, പിടിച്ചുപറി തുടങ്ങിയ കുറ്റങ്ങളൊക്കെ അവര്‍ക്കെതിരേ ചുമത്തപ്പെട്ടിരിക്കുകയാണ്. ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നതും. വാദിയും പ്രതിയും ശിക്ഷാര്‍ഹരായിത്തീര്‍ന്നിരിക്കുന്നു!
ഇവിടെ ഒരു മറുവശംകൂടി അന്വേഷിക്കാനുണ്ട്. ഇത്തരത്തില്‍ തുടരെത്തുടരെ അശ്ലീലപോസ്റ്റുകളിട്ടു സ്ത്രീകളെ അപമാനിക്കാന്‍ വിജയ് പി. നായരെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരിക്കാം? വഴിതെറ്റിപ്പോകുന്നവരെ ശരിയായ മാര്‍ഗ്ഗത്തിലേക്കു തിരികെക്കൊണ്ടുവരികയെന്ന സദുദ്ദേശ്യത്തോടുകൂടിയ വിമര്‍ശനമാണോ? കുഞ്ചന്‍നമ്പ്യാരെപ്പോലുള്ള കവികളും ഹാസ്യസാഹിത്യകാരന്മാരുമൊക്കെ അങ്ങനെ ചെയ്തിട്ടുണ്ടല്ലോ. അങ്ങനെയൊരു പ്രതിഭാശാലിയും ഉദ്‌ബോധകനുമാണ് വിജയ് പി നായരെന്ന് ഇതുവരെ ആരും പറഞ്ഞുപോലും കേട്ടിട്ടില്ല. മനോവിജ്ഞാനീയത്തില്‍ ഗവേഷണബിരുദമുണെ്ടന്ന് ആള്‍ അവകാശപ്പെടുന്നുണെ്ടങ്കിലും.
അശ്ലീലം എഴുതിയും പറഞ്ഞും രസിക്കുന്നത് മനോവൈകല്യമാണെന്നു മനോവിജ്ഞാനീയം ഓര്‍മ്മിപ്പിക്കുന്നുണ്ട്. പൊതുസ്ഥാപനങ്ങളുടെ ഭിത്തികളിലും പൊതു ടോയ്‌ലറ്റുകളിലും അശ്ലീലസാഹിത്യരചനകള്‍ നടത്തി സംതൃപ്തിയടയുന്നത് ഒരുതരം ലൈംഗികവൈകൃതംതന്നെയാണത്രേ. ഇത്തരത്തിലുള്ള ഒരു മനോരോഗിയാണ് വിജയ് നായരെന്ന് ആക്ഷേപമുള്ളതായും കേട്ടിട്ടില്ല.
ആരോടെങ്കിലും തനിക്കുള്ള രോഷം നേരിട്ടു പ്രകടിപ്പിക്കാന്‍ കഴിയാതെവരുമ്പോള്‍ മറ്റു മാര്‍ഗ്ഗങ്ങളിലൂടെ അതു ശമിപ്പിക്കാനും ചിലര്‍ ശ്രമിക്കാറുണ്ട്. ഇതിനെ ആദേശീകരണം എന്നു മനോചിന്തകര്‍ പരാമര്‍ശിക്കുന്നു. 'അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്' എന്ന പഴമൊഴി ഉള്ളടക്കുന്ന വസ്തുത ഇതു തന്നെയാണ്. അങ്ങനെ എന്തെങ്കിലുമൊരു ദൗര്‍ബല്യത്തില്‍ അജയ് പി. നായര്‍ പെട്ടുപോയതുമാവാം.
മറിച്ച്, ആരെയും ആക്ഷേപിക്കണമെന്ന ദുരുദ്ദേശ്യമില്ലാതെ, ഒരു തമാശയെന്ന നിലയില്‍ അല്പം 'എ' എഴുതിപ്പോയതാണെന്നും വരാം. അതെന്തായാലും ശരി, നമുക്കറിയാന്‍ കഴിഞ്ഞിടത്തോളം ഒരടി വിജയ് പി. നായര്‍ അര്‍ഹിക്കുന്നുണ്ടായിരുന്നു. അതദ്ദേഹത്തിനു കിട്ടുകയും ചെയ്തിരിക്കുന്നു.
പക്ഷേ, അതു കൊടുക്കുന്നതിനു വനിതാ ആക്ടിവിസ്റ്റുകള്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗം ശരിയായില്ല. കുറ്റക്കാരെ ശിക്ഷിക്കാന്‍ ഇവിടെ നിയമവും നിയമപാലകരുമുണ്ട്. പരാതി കൊടുത്തിട്ടു പ്രതികരണമുണ്ടായില്ല എന്നതും കൈയേറ്റവും ദേഹോപദ്രവും ഏല്പിക്കുന്നതിനു ന്യായീകരണമല്ല. സ്വയരക്ഷയ്ക്കുവേണ്ടിയായിരുന്നു വീടുകയറിയുള്ള അതിക്രമമെങ്കില്‍ അതു നീതീകരിക്കപ്പെടുമായിരുന്നു. മറിച്ച്, തങ്ങളെ ആക്രമിക്കാന്‍ വരുന്ന ഒരു പുരുഷനെ സ്ത്രീകള്‍ സംഘംചേര്‍ന്നു നേരിടുകയായിരുന്നെങ്കില്‍ അത് അഭിനന്ദനാര്‍ഹം കൂടിയാകുമായിരുന്നു.
ഇവിടെ സംഭവിച്ചത് അങ്ങനെയല്ലല്ലോ. ഒറ്റയ്ക്കു തന്റെ മുറിയില്‍ ഇരുന്നു ജോലി ചെയ്തിരുന്ന ഒരാളെ വനിതകള്‍ സംഘംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അതു കൃത്യമായി ആസൂത്രണം ചെയ്തതാണെന്നു ബോധ്യപ്പെടുത്തുന്നതാണ് അനന്തരനടപടികള്‍. ആക്രമണദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതുതന്നെ ഉദാഹരണം.
ഒന്നുകൂടി ഓര്‍ക്കണം. അയാള്‍ കുറെക്കൂടി കായികബലമുള്ള ആളായിരുന്നെങ്കില്‍ വനിതകളുടെ ശിക്ഷ നടപ്പാക്കല്‍ അത്ര എളുപ്പമാകുമായിരുന്നില്ല. വീടു കയറിയുള്ള ആക്രമണമാകുമ്പോള്‍ അയാള്‍ എന്തെങ്കിലും കടുംകൈ ചെയ്തിരുന്നെങ്കില്‍ സ്വരക്ഷയ്ക്കുവേണ്ടി എന്ന ആനുകൂല്യം അയാള്‍ക്കു ലഭിക്കുകയും ചെയ്യുമായിരുന്നു.
ഇങ്ങനെയൊക്കെ വിശകലനം ചെയ്യുമ്പോഴും, ഈ ആധുനികയുഗത്തിലും പുരുഷന്റെ സംസ്‌കാരശൂന്യത സ്ത്രീയുടെമേല്‍ അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ എത്രയോ ദാരുണമാണ്. സമയം വൈകിയും വിജനസ്ഥലങ്ങളിലും ഇന്നും നമ്മുടെ സ്ത്രീകള്‍ക്ക് ഒറ്റയ്ക്കു യാത്ര ചെയ്യാനുള്ള സുരക്ഷയുണേ്ടാ? ഇന്നു സ്ത്രീ സ്വയം പ്രതിരോധിക്കാന്‍ ശേഷിയുള്ളവരാണ് എന്നതു വെറും ഭംഗിവാക്കു മാത്രമാണ്. സംസ്‌കാരശൂന്യനായ പുരുഷന്റെ കായികബലത്തിനുമുമ്പില്‍ അവള്‍ നിസ്സഹായയായിപ്പോകുന്നു.
പുരുഷനു പ്രകൃതി നല്കിയിരിക്കുന്ന അധികകായികബലം സ്ത്രീയെ സംരക്ഷിക്കാന്‍ കൂടിയാണ്. സംസ്‌കാരസമ്പന്നനായ പുരുഷനു മാത്രമേ സ്ത്രീയുടെ സംരക്ഷകനായിരിക്കാന്‍ കഴിയൂ. അജയ് പി. നായര്‍ അക്കൂട്ടത്തില്‍പ്പെടുന്നില്ല. അയാള്‍ സ്ത്രീകളെ മാനിക്കുന്നവനല്ല, അപമാനിക്കുന്നവനാണ്. അത്തരക്കാരോടു സമൂഹം അറപ്പോടും വെറുപ്പോടുംകൂടിയേ പെരുമാറുകയുള്ളൂ. നിയമം അവരോടു യാതൊരു കരുണയും കാണിക്കാനും പാടില്ല. ആ വഴിക്കാണിപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്.
സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഏറെ പ്രബുദ്ധരെന്നു സ്വയം അഭിമാനിക്കുന്നവരാണ് കേരളീയര്‍. എങ്കിലും അവരില്‍ ചിലരുടെ മനസ്സുകളില്‍ സംസ്‌കാരശൂന്യതയുടെ ഇരുണ്ട തലംകൂടിയുണ്ട്. അതിന്റെ ആള്‍രൂപമാണ് വിജയ് പി. നായര്‍. ഇത്തരക്കാര്‍ അപമാനിക്കുന്നതു കേരളജനതയെ മുഴുവനാണ്. നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ അവര്‍ക്കു നല്കിയേ തീരൂ. 
മനുസ്മൃതി ഇങ്ങനെ ഓര്‍മ്മിപ്പിക്കുന്നു. ''എവിടെയാണോ സ്ത്രീകള്‍ ബഹുമാനിക്കപ്പെടുന്നത്, അവിടെ ദേവതകള്‍ വസിക്കുന്നു. എവിടെയാണോ സ്ത്രീകള്‍ അപമാനിതരാകുന്നത്, അവിടെ പുരുഷന്റെ എല്ലാ കര്‍മ്മങ്ങളും ഫലശൂന്യമായിത്തീരുന്നു.''
എന്നാണാവോ, കേരളത്തില്‍ ദേവതകള്‍ വസിക്കുന്ന നല്ല കാലം വരുന്നത്?

 

Login log record inserted successfully!