പുറപ്പാട് പുസ്തകം 32-34 അധ്യായങ്ങളില്‍ വിവരിച്ചിട്ടുള്ള സംഭവങ്ങള്‍, വാഗ്ദത്തനാട്ടിലേക്കു പ്രവേശിക്കാന്‍ തയ്യാറായിരിക്കുന്ന ഇസ്രായേല്‍ജനത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മോശ സംസാരിക്കുന്ന വചനഭാഗമാണ് നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്ന് ഈ ആഴ്ച വായിക്കുന്നത് (9,13-24). ഇസ്രായേല്‍ജനത്തെക്കുറിച്ച് കര്‍ത്താവ് പറഞ്ഞത്, ഈ ജനം ദുശ്ശാഠ്യക്കാരായ ജനമാണ് എന്നാണ്. ദൈവം തിരഞ്ഞെടുത്ത് പരിപാലിച്ചുകൊണ്ടുവരുന്ന ആ ജനം ബലഹീനമായ ജനമാണ്. അവരുടെ ഏതെങ്കിലുംവിധത്തിലുള്ള മഹത്ത്വമല്ല തിരഞ്ഞെടുപ്പിനു കാരണം. മറിച്ച്, ദൈവത്തിന്റെ കരുണയാണെന്ന് കഴിഞ്ഞയാഴ്ചയിലെ പഴയനിയമവായനയില്‍ നാം ശ്രവിച്ചിരുന്നു. ആ കരുണ അനുഭവിച്ച ജനം പ്രതിസന്ധികളുണ്ടാകുമ്പോള്‍ ദൈവത്തെ മറന്നു പ്രവര്‍ത്തിക്കുന്നു. അതിനുദാഹരണമാണ് കാളക്കുട്ടിയുടെ പ്രതിമയുണ്ടാക്കി അവയുടെ പിന്നാലെ പോകുന്നത് (പുറ 32). ചിലപ്പോഴെല്ലാം അവര്‍ ദൈവത്തിന്റെ അനുഗ്രഹമെല്ലാം മറന്ന് തങ്ങളുടെ ശക്തിയില്‍ ആശ്രയിച്ചു ധിക്കാരം കാണിക്കുന്നുണ്ട് (സംഖ്യ 13:14 അധ്യായങ്ങള്‍ 16,36-50; 25,1-18). ഇവിടെയെല്ലാം ജനം തെറ്റുചെയ്യുന്നതും തെറ്റിനു ശിക്ഷ നല്കപ്പെടുന്നതും ജനത്തിനുവേണ്ടി മോശ മാദ്ധ്യസ്ഥ്യം വഹിക്കുന്നതും ദൈവം അവരോടു ക്ഷമിച്ച് അവരെ മുന്നോട്ടു നയിച്ച് അവരെ വാഗ്ദത്തനാട്ടില്‍ പ്രവേശിപ്പിക്കുന്നതുമാണു കാണുക. ജനത്തിന്റെ ബലഹീനതയും മോശയുടെ മാദ്ധ്യസ്ഥ്യശക്തിയും കര്‍ത്താവിന്റെ കരുണയും കരുത്തുമാണ് നിയമാവര്‍ത്തനപുസ്തകത്തില്‍നിന്നു ശ്രവിച്ചത്.
ഏശയ്യാ പ്രവാചകന്റെ പുസ്തകം 26-ാം അധ്യായത്തില്‍ നിന്നുള്ള രണ്ടാമത്തെ വായനയില്‍ ദൈവമനുഷ്യബന്ധത്തിന്റെ ഊഷ്മളത എടുത്തുകാണിക്കുന്നുണ്ട്. ദൈവമായ കര്‍ത്താവ് ശാശ്വതമായ അഭയശിലയാണ്. അങ്ങയുടെ നാമവും ഓര്‍മയുമാണ് ഞങ്ങളുടെ ഹൃദയാഭിലാഷം. അങ്ങയുടെ കല്പന ഭൂമിയില്‍ ഭരണം നടത്തുമ്പോള്‍ ഭൂവാസികള്‍ നീതി അഭ്യസിക്കുന്നു. ദൈവം അഭയശിലയും ശുദ്ധി വരുത്തുന്ന അഗ്നിയുമാണ്. ദൈവം രക്ഷിക്കുന്നവനും ശിക്ഷണം നല്കുന്നവനുമാകുന്നു.
കര്‍ത്താവായ ഈശോയെ അഭയശിലയാക്കി ജീവിക്കേണ്ടത് എപ്രകാരമാണെന്നു ഫിലിപ്പിയിലെ സഭയ്ക്ക് പൗലോസ് ശ്ലീഹാ എഴുതുന്നു. നിങ്ങള്‍ ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍. അപ്പോള്‍ ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ഈശോമിശിഹായില്‍ കാത്തുകൊള്ളും. പഴയനിയമത്തില്‍ ദൈവം നല്കിയ കല്പനകള്‍ മറക്കാതെ ജീവിക്കണമെന്ന് മോശ ഇസ്രായേല്‍ജനത്തെ ഓര്‍മിപ്പിക്കുമ്പോള്‍ പൗലോസ് ശ്ലീഹാ ആദിമസഭയെ ഓര്‍മിപ്പിക്കുന്നു, ഈശോമിശിഹാ ആയിരിക്കട്ടെ നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കുന്നത്.
മത്തായി 15:21-28 ല്‍ കാണുന്നത് വിശ്വാസത്തിന്റെ വലിയ പ്രഘോഷണം നടത്തുന്ന യഹൂദവംശത്തില്‍ നിന്നല്ലാത്ത ഒരു സ്ത്രീയെയാണ്. ഈശോ ടയിര്‍, സീദോന്‍ പ്രദേശത്തുകൂടി കടന്നുപോകുന്നു. യഹൂദര്‍ അധികമില്ലാത്ത സ്ഥലമാണിത്. ആധുനികഇസ്രായേലിന്റെ ഏറ്റവും വടക്കും ലബനോന്‍ രാജ്യത്തുമായി വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് ടയിര്‍, സീദോന്‍ പ്രദേശം. ഈശോയുടെ കാലത്ത് യഹൂദരല്ലാത്ത ജനതകള്‍ ധാരാളമായി വസിച്ചിരുന്ന പ്രദേശമായിരുന്നു അത്. ഈശോ അതുവഴി കടന്നുപോകുമ്പോഴാണ് കാനാന്യവംശത്തില്‍നിന്ന് ഒരുസ്ത്രീ വന്ന് ഈശോയുടെ പക്കല്‍ കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നത്. രണ്ടു കാര്യങ്ങള്‍ ഇവിടെ ശ്രദ്ധേയമാണ്: ഈശോ കടന്നുവരുന്നത് ജനതകളുടെ നാട്ടിലൂടെയാണ്; അതായത്, അവിടത്തേക്ക് അതിര്‍വരമ്പുകളില്ല. സാധാരണ യഹൂദര്‍ ജനതകളുടെ നാട്ടിലൂടെ പോകാറില്ല. ഈശോ അതുവഴി കടന്നുപോകുന്നു. രണ്ടാമതു ശ്രദ്ധിക്കേണ്ട കാര്യം, കാനാന്യസ്ത്രീ രക്ഷ അനുഭവിച്ചത് ഈശോയെ തേടിയിറങ്ങിയതുമൂലവും അവിടത്തെ ദാവീദിന്റെ പുത്രനായി തിരിച്ചറിഞ്ഞതിലൂടെയും. ജനതകള്‍ രക്ഷ അനുഭവിക്കുന്നത് മിശിഹായിലൂടെയാണ്.
''കര്‍ത്താവേ, ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ'' എന്ന് അവള്‍ വിളിച്ചപേക്ഷിക്കുന്നു. എന്നാല്‍, ഈശോ ഒന്നും മിണ്ടാതെ കടന്നുപോകുന്നു. അവിടെ ഈശോയുടെ പക്കല്‍ ശിഷ്യന്മാര്‍ ഇടപെട്ടു സംസാരിക്കുന്നു: ''ആ സ്ത്രീയെ പറഞ്ഞയച്ചാലും. അവള്‍ നമ്മുടെ പിന്നാലെ നടന്ന് നിലവിളിക്കുന്നുവല്ലോ.'' ഇവിടെ ശ്ലീഹന്മാര്‍ പറയുന്നതിന്റെ ആന്തരാര്‍ഥം, അവള്‍ ആവശ്യപ്പെടുന്നതു നല്കി പറഞ്ഞയച്ചാലും എന്നാണ്. അപ്പോള്‍ ഈശോയുടെ മറുപടി, ഇസ്രായേല്‍ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കുമാത്രമാണ് താന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത് എന്നാണ്. ഈ വചനം കേള്‍ക്കുമ്പോള്‍ നമുക്കുതോന്നും, എന്താണ് കര്‍ത്താവ് ഇപ്രകാരം സംസാരിക്കുന്നത് എന്ന്. മത്തായിശ്ലീഹായുടെ സുവിശേഷത്തിലൂടെ പഠിപ്പിക്കുന്ന ഒരു സന്ദേശം ഈശോമിശിഹാ പഴയനിയമത്തിന്റെ പൂര്‍ത്തീകരണമായി വന്നതാണ് എന്നും പഴയനിയമത്തില്‍ പ്രതീക്ഷിച്ചിരുന്ന മിശിഹായാണ് ഈശോ എന്നുമാണ്. ആദ്യം യഹൂദര്‍ അവനെ സ്വീകരിക്കണം. തുടര്‍ന്ന് എല്ലാ ജനതകളും. ആ ആശയമാണ് ഈ വിവരണത്തിലൂടെ നല്കുന്നത്. മര്‍ക്കോസ് ശ്ലീഹായുടെ സുവിശേഷത്തിലും ഈ സംഭവം വിവരിച്ചിട്ടുണ്ട്. എന്നാല്‍, മത്തായിശ്ലീഹാ രണ്ടു കാര്യങ്ങള്‍ മര്‍ക്കോസില്‍നിന്നു വ്യത്യസ്തമാക്കിയിരിക്കുന്നു. ഇസ്രായേലിലെ നഷ്ടപ്പെട്ടുപോയ ഭവനങ്ങള്‍, ദാവീദിന്റെ പുത്രന്‍ എന്നീ പ്രയോഗങ്ങള്‍ മത്തായി ശ്ലീഹായുടെ വിവരണത്തിന്റെ പ്രത്യേകതകളാണ്. ഇത് ഈ സുവിശേഷത്തിന്റെ ദൈവശാസ്ത്രലക്ഷ്യം എടുത്തുകാണിക്കുന്നു.
കേവലം ഒരു അദ്ഭുതപ്രവര്‍ത്തകനോ രോഗശാന്തി ശുശ്രൂഷകനോ അല്ല മിശിഹാ; മറിച്ച്, അവിടുത്തേക്ക് വ്യക്തമായ ഒരു ദൗത്യം നിറവേറ്റുവാനുണ്ട്. അതാണ് ഈശോയുടെ മറുപടിയിലൂടെ വ്യക്തമാക്കുന്നത്. മക്കള്‍ക്കുള്ള ഭക്ഷണമെടുത്ത് നായ്ക്കള്‍ക്ക് ഇട്ടുകൊടുക്കുക എന്നു പറയുന്നതിലൂടെ അവളുടെ വിശ്വാസത്തെ ഒന്നു പരീക്ഷിക്കുന്നതായി കാണുവാന്‍ സാധിക്കും. അവള്‍ ആ പരീക്ഷണത്തില്‍ വിജയിക്കുകയും അവളുടെ വിശ്വാസത്തെ ഈശോ പ്രശംസിക്കുകയുമാണ് ചെയ്യുന്നത്. ഈ സ്ത്രീയുടെ വിശ്വാസം വലുതാണ്. അതായത്, കാര്യങ്ങള്‍ നേടുന്നതിനുവേണ്ടി മാത്രമുള്ള വിശ്വാസമല്ല; മറിച്ച്, ഈശോയെ തിരിച്ചറിഞ്ഞതിനുശേഷമുള്ള ഒരു അഭ്യര്‍ഥനയായിരുന്നു അത്. അതുകൊണ്ടാണ് അവള്‍ നിലവിളിക്കുന്നത്: ''കര്‍ത്താവേ, ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ.''
അപ്പോള്‍ അവള്‍ ഈശോയെ ആരാധിച്ചുകൊണ്ടു പറഞ്ഞു: ''കര്‍ത്താവേ, എന്നെ സഹായിക്കണമേ.'' ഈശോയുടെ മറുപടി, മക്കള്‍ക്കുള്ള ഭക്ഷണമെടുത്ത് നായ്ക്കുട്ടികള്‍ക്കു കൊടുക്കുന്നത് ഉചിതമല്ല എന്നായിരുന്നു. നായ അഥവാ നായ്ക്കുട്ടി എന്ന് അര്‍ഥംവരുന്ന 'ക്യുനാരിയോ' എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അര്‍ഹതയില്ലാത്തവരെ സൂചിപ്പിക്കുന്നതിന് യഹൂദന്മാരുടെയിടയില്‍ സാധാരണ ഉപയോഗിച്ചിരുന്ന ഒരു പദമാണ് നായ എന്നത് (1 സാമു 17, 43; 2 സാമു 3, 8; 1 രാജ 8,13). ഇവിടെ മക്കള്‍ എന്നത് യഹൂദര്‍ക്കായും നായ എന്നത് ജനതകള്‍ക്കായും ഉപയോഗിച്ചിരിക്കുന്നു. ഇവിടെ വ്യക്തമാക്കുന്നത് ഈശോയുടെ വെളിപാട് ആദ്യം നല്കപ്പെടുന്നത് ഇസ്രായേല്‍ക്കാര്‍ക്കാണ് എന്നും, അവരില്‍നിന്നുമാണ് രക്ഷ എല്ലാ ജനപദങ്ങളിലേക്കും എത്തേണ്ടത് എന്നുമാണ്. മത്തായിശ്ലീഹായുടെ സുവിശേഷത്തിന്റെ ദൈവശാസ്ത്രമാണിവിടെ പ്രകടമാകുന്നത്. കാരണം, യഹൂദര്‍ക്കു നല്കപ്പെട്ടിരുന്ന ദൈവികവെളിപ്പെടുത്തലിന്റെ പൂര്‍ണതയായിട്ടാണ് ഈശോ വന്നത്. മത്തായിയുടെ സുവിശേഷത്തിന്റെ അവസാനം 'നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍' എന്നു പറയുമ്പോള്‍ ഈ ദൗത്യമാണ് ഈശോ ശിഷ്യന്മാരെ ഏല്പിക്കുന്നത്.