•  2 May 2024
  •  ദീപം 57
  •  നാളം 8
കാഴ്ചയ്ക്കപ്പുറം

സിനിമയുടെ ജാതകം മാറുമ്പോള്‍

കൗമാരകാലത്താണ് തലസ്ഥാനം എന്ന സിനിമ കണ്ടത്. അതില്‍ നായകന്‍ വില്ലന്മാരിലൊരുവനു ശിക്ഷ വിധിക്കുന്നത് ഈര്‍ച്ചവാള്‍ അയാളുടെ ശരീരത്തിലൂടെ കടത്തിവിട്ടുകൊണ്ടാണ്. അറക്കവാള്‍ ഒരു മനുഷ്യന്റെ മേലേ കടന്നുപോകുന്ന ദൃശ്യം കാണിക്കുന്നില്ലെങ്കിലും ആ നിലവിളിയും പശ്ചാത്തലവും ഒരു സാദാ പ്രേക്ഷകനെ അസ്വസ്ഥമാക്കുന്ന വിധത്തിലായിരുന്നു. രണ്ടായി വിഭജിക്കപ്പെട്ടുപോകുന്ന മനുഷ്യശരീരം ചിന്തതന്നെ തലയ്ക്കു നല്കുന്ന ഭാരം എത്രയോ അധികമാണ്! എന്തൊരു ക്രൂരനാണ് സംവിധായകന്‍ ഷാജി കൈലാസ് എന്ന് അന്നു തോന്നിയിട്ടുണ്ട്.
പിന്നീടായിരുന്നു രഥോത്സവം എന്ന സിനിമ കണ്ടത്. അതില്‍ നായകന്‍ വില്ലന്റെ കഴുത്ത് വാള്‍ കൊണ്ടു വെട്ടി ദൂരെയെറിയുന്ന രംഗമുണ്ടായിരുന്നു. അപ്പോഴും മനസ്സു പറഞ്ഞു, എന്തൊരു ക്രൂരനാണ് സംവിധായകരായ അനില്‍ബാബുമാര്‍ എന്ന്.
ചിത്രത്തിലെ ഗ്രാഫിക്സ്‌മേഖല ഇന്നത്തേതുപോലെ ശക്തമല്ലാതിരുന്നതുകൊണ്ടുമാത്രമായിരിക്കില്ല; അത്രയും ബീഭത്സമായ രംഗംകണ്ടു കൈയടിക്കാനോ ആസ്വദിക്കാനോ കഴിയുന്നവിധത്തില്‍ മനുഷ്യമനസ്സു മലീമസമല്ലാത്തതുകൊണ്ടുകൂടിയാവാം തീയറ്ററില്‍ അപ്പോള്‍ നിറയെ കൂവലായിരുന്നു. പക്ഷേ, കാലം മാറി. പ്രേക്ഷകരുടെ അഭിരുചികളില്‍ മാറ്റം വന്നു. ബാഹുബലിയും ആര്‍ആര്‍ആര്‍ ഉം കെജിഎഫും ജയിലറുംപോലെയുള്ള സിനിമകളിലെ വയലന്‍സിനു കൈയടിക്കുന്ന പ്രേക്ഷകരെ കാണുമ്പോള്‍ അസ്വാഭാവികത തോന്നുന്നു. വയലന്‍സ് എന്നു തോന്നിയിരുന്ന, മലയാളസിനിമയില്‍ അവതരിപ്പിച്ചിരുന്ന പലതും വയലന്‍സേ അല്ലാതായി മാറുന്നതുപോലെ. ഷാജി കൈലാസ് ഒക്കെ എത്രയോ മാന്യന്‍ എന്നു തിരുത്തിയെഴുതേണ്ടതായിവരുന്നു.
ഇന്നു മലയാളത്തില്‍  തീയറ്റര്‍വിജയം ഉറപ്പുവരുത്തുന്നതു വലിയ സിനിമകള്‍മാത്രമാണ്. വലിയ സിനിമകളുടെ വിജയരഹസ്യം തേടിപ്പോകുമ്പോള്‍ അതിലെ വിജയഘടകങ്ങളിലൊന്ന് ആക്ഷനും വയലന്‍സുമാണെന്നു വ്യക്തമാകും. ബാഹുബലിയും കെജിഎഫും വിക്രവും കൈതിയുംപോലെയുള്ള അന്യഭാഷാചിത്രങ്ങളാണ് മലയാളത്തിലും ഇത്തരമൊരു മാറ്റത്തിനു ശക്തമായ പ്രേരണയായതെന്നാണു കരുതുന്നത്. അങ്ങനെ തുടങ്ങിയ മാറ്റം ഇപ്പോള്‍ മലയാളസിനിമയല്ലെങ്കില്‍ക്കൂടി ലിയോവരെഎത്തിനില്ക്കുകയും ചെയ്യുന്നു. ബ്ലഡി സ്വീറ്റ് ലിയോ എന്ന വിജയ്ചിത്രം പതിന്നാലുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഒറ്റയ്ക്കു കാണാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ പ്രഖ്യാപനം. കാരണം, നിരവധി വയലന്‍സ് രംഗങ്ങള്‍ ചിത്രത്തിലുണ്ട്. പക്ഷേ, പരിചയത്തിലുള്ള എത്രയോ പതിന്നാലുവയസ്സുകാര്‍ കൂട്ടുകാര്‍ക്കൊപ്പം ലിയോ കണ്ടു കൈയടിച്ചിട്ടുണ്ട്. ഇളയദളപതി വിജയ്‌നോടുള്ള ആരാധനമാത്രമല്ല, വയലന്‍സിനോടുള്ള ഇഷ്ടംകൂടി ആ കൈയടികള്‍ക്കു പിന്നിലുണ്ട്.
അമേരിക്കപോലെയുള്ള പല രാജ്യങ്ങളിലുമെന്നപോലെ നമ്മുടെ കൊച്ചുനാട്ടിലും അക്രമം വര്‍ദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ഒരു പഠനം പറയുന്നത് അമേരിക്കയില്‍ 18  വയസ്സെത്തുന്ന ഒരു വ്യക്തി അതിനിടയില്‍ 2,00,000 അക്രമപ്രവൃത്തികള്‍ തങ്ങളുടെ ടെലിവിഷന്‍ സ്‌ക്രീനിലൂടെ കണ്ടുകഴിഞ്ഞിട്ടുണ്ടാവും എന്നാണ്. കാരണം, അവിടെ 78 ശതമാനം പേര്‍ക്കും സ്വന്തം മുറികളില്‍ ടെലിവിഷനുണ്ട്. 
കാഴ്ചയുടെ ഈ സ്വാധീനം പ്രവൃത്തിയില്‍ പ്രതിഫലിക്കുന്നതാണ് ഇന്നു പല കുറ്റകൃത്യങ്ങളുടെയും പിന്നിലെ ഒരു കാരണം. സിനിമയുടെ സ്വാധീനംവഴി വ്യക്തികള്‍ കുറ്റകൃത്യങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനു ദൃശ്യം മോഡല്‍ കൊലപാതകങ്ങള്‍ എന്ന പേരില്‍ പല തെളിവുകളുമുണ്ട്.
വയലന്‍സിന്റെ അതിപ്രസരമായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്തയിലും ഉണ്ടായിരുന്നത്. മനുഷ്യനെ ഉറുമ്പിനെ കണക്കെ വളരെ നിസ്സാരമായി കൊല്ലുന്ന എത്രയോ രംഗങ്ങളാണ് അടുത്തയിടെ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടിരുന്നത്. ഒരു കുറ്റാന്വേഷണത്തിന്റെ ചുവടുപിടിച്ചു മുന്നോട്ടുപോകുന്നതാണ് കണ്ണൂര്‍ സ്‌ക്വാഡെങ്കിലും പ്രസ്തുത ചിത്രവും വയലന്‍സ് പശ്ചാത്തലമുള്ളവതന്നെയായിരുന്നു.
ഇങ്ങനെയൊക്കെ കാര്യങ്ങള്‍ മുന്നോട്ടുപോകുമ്പോഴാണ് ഡോ. സി ജെ ജോണിന്റെ കുറിപ്പു ശ്രദ്ധേയമായിത്തോന്നിയത്. കേരളത്തിലും തമിഴ്‌നാട്ടിലും ഒന്നുപോലെ ഹിറ്റായ ജെയ്‌ലര്‍ സിനിമ കണ്ടതിനെക്കുറിച്ച് അദ്ദേഹം എഴുതിയ കുറിപ്പ് ഇങ്ങനെയായിരുന്നു:
''ശതകോടികളുടെ ക്ലബിലേക്കു കയറുന്ന മാസ്സ് സിനിമകളുടെ ഗതി അറിയാന്‍വേണ്ടിയാണ് സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ജെയ്‌ലര്‍ കഷ്ടപ്പെട്ടു കണ്ടത്.
തല വെട്ടലിന്റെയും ചോര തെറിപ്പിച്ചു മനുഷ്യരെ കൊന്നുതള്ളുന്നതിന്റെയും ശത്രുവിനെ പീഡിപ്പിച്ചു നോവിക്കുന്നതിന്റെയുമൊക്കെ ഡോക്യുമെന്ററിയാണ് ഈ സിനിമ. ഒരു മയവുമില്ലാത്ത ആവിഷ്‌കാരങ്ങള്‍. ഇതിനായി ഉണ്ടാക്കിയ ഒരു കഥാഭാസവുമുണ്ട്.
സോറി.. ഈ സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ എന്നത് ക്രൂരതയും കൊലയും അക്രമവും നെറികേടുകളുമൊക്കെയാണ്. വിനോദനിര്‍മിതിക്കായി ഇതിനെയൊക്കെയാണ് ആശ്രയിക്കുന്നത്. ചോര തെറിക്കുമ്പോഴും മനുഷ്യന്‍ കൊല്ലപ്പെട്ടുവീഴുമ്പോഴും നിസ്സംഗമായി പ്രതികരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്ന സീനുകള്‍പോലുമുണ്ട്.
ഇതു തിന്മ പ്രചരിപ്പിക്കുന്ന സിനിമയാണ്. ഹിംസാത്മകപ്രവണതകളെ ന്യായീകരിക്കുന്ന ചലച്ചിത്രമാണ്. ബോറടിക്കാതെ ഇതു കാണുന്ന മുതിര്‍ന്നവരെ സമ്മതിക്കണം. അങ്ങനെ ഒത്തിരിപ്പേര്‍ കണ്ടതുകൊണ്ടാണല്ലോ ഇതു ഹിറ്റുസിനിമയായത്.''
ഡോക്ടറുടെ ഈ വാക്കുകളില്‍ സത്യമുണ്ട്. തലവെട്ടലുകളും ചോര തെറിപ്പിക്കലുകളും കാണാന്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നു. ഒരുപക്ഷേ, മുതിര്‍ന്ന തലമുറയിലെ കുറച്ചുപേരെയെങ്കിലും പ്രസ്തുത സിനിമകള്‍ പേടിപ്പെടുത്തുകയും അസ്വസ്ഥരാക്കുകയും ചെയ്തുവെങ്കിലും പുതുതലമുറ അതിനെയെല്ലാം ആവേശപൂര്‍വമാണു സ്വീകരിച്ചത് എന്നത് നമ്മെ തീര്‍ച്ചയായും ആശങ്കപ്പെടുത്തുകയും ഉത്കണ്ഠാകുലരാക്കുകയും ചെയ്യേണ്ടതുണ്ട്.
ഒരു സോദ്ദേശ്യചിത്രമോ കുടുംബചിത്രമോ കാണുന്നതിനെക്കാളേറെ കുട്ടികളെ ആകര്‍ഷിക്കുന്നതു സ്റ്റണ്ടുചിത്രങ്ങളാണ്. സിനിമയില്‍ ഒരു സ്റ്റണ്ടെങ്കിലും ക്ലൈമാക്സില്‍ ചേര്‍ക്കുന്ന പതിവു പഴയകാല സിനിമകളില്‍ ഒട്ടുമിക്കതിലും ഉണ്ടായിരുന്നു. ഇപ്പോള്‍ സിനിമ തുടങ്ങുന്നതുമുതല്‍ അവസാനിക്കുന്നതുവരെ അടിമാത്രമാണ്. ചില ഉദാഹരണങ്ങള്‍ പറയാം:
കുടുംബം പശ്ചാത്തലമാക്കി വൈകാരികത എന്ന തന്തുവില്‍ ലക്ഷ്യമിട്ടുകൊണ്ട് അവതരിപ്പിച്ചു വിജയം നേടിയതായിരുന്നു ആര്‍ഡിഎക്‌സ് എന്ന സിനിമയെങ്കിലും അതില്‍ ആദ്യംമുതല്‍ അവസാനംവരെ ഉണ്ടായിരുന്നത് അടിയും ഇടിയുംമാത്രമായിരുന്നു. അജഗജാന്തരംപോലെയുള്ള സിനിമകളും ഇതേ ജനുസ്സില്‍പ്പെടുന്നവയായിരുന്നു.
മലയാളത്തില്‍നിന്നുള്ള ഏറ്റവും വയലന്‍സ് നിറഞ്ഞതും ക്രൂരവുമായ സിനിമ വരാന്‍ പോകുന്നുവെന്നതാണ് ഏറ്റവും പുതിയ വിശേഷം. മാര്‍ക്കോ എന്നു പേരിട്ടിരിക്കുന്ന ഈ സിനിമയിലെ നായകന്‍ ഉണ്ണി മുകുന്ദനാണ്. മിഖായേല്‍ എന്ന സിനിമയില്‍  വില്ലനായിരുന്ന കഥാപാത്രമായിരുന്നു ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍. ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് വില്ലനുമായിരുന്നു അത്. വില്ലന്റെ സ്പിന്‍ ഓഫ് സിനിമ ആദ്യമായി മലയാളത്തില്‍ വരുന്നതും മാര്‍ക്കോയിലൂടെയാണ്. ഇതെല്ലാം നല്കുന്ന സൂചനകള്‍ മലയാളിയുടെ ഭാവുകത്വം വ്യത്യസ്തമായിരിക്കുന്നുവെന്നും അക്രമരംഗങ്ങള്‍ കാണുന്നതിലേക്ക് അവര്‍ കൂടുതല്‍ ആകൃഷ്ടരാകുന്നുവെന്നുമാണ്.  തീയറ്ററില്‍ പോയി കാണാന്‍ കഴിയാത്ത കൊച്ചുകുട്ടികളുടെ കാഴ്ചയിലേക്ക് ആസ്വാദനത്തിന്റെ പുതിയ ഭാവുകത്വമായി ഒടിടിയുടെയും സാറ്റലെറ്റിന്റെയും സാധ്യതകളിലൂടെ മൊബൈലിലും ടിവിയിലും ഈ സിനിമകള്‍  അധികംതാമസിയാതെ തന്നെ കടന്നുവരുന്നതിനെയോര്‍ത്ത് തീര്‍ച്ചയായും ഉള്ളില്‍ ഭയപ്പാടുണ്ട്. സിനിമകളിലെ വയലന്‍സ് ന്യായീകരിക്കപ്പെടുന്ന വിധത്തിലും നായകന്റെ പ്രവൃത്തിയുമായി ചിത്രീകരിക്കപ്പെടുമ്പോള്‍ വയലന്‍സിനെ ഏതുരീതിയിലായിരിക്കും പുതിയ കാലത്തെ പ്രേക്ഷകര്‍ സമീപിക്കുന്നത്?

 

Login log record inserted successfully!