മുമ്പു ധാരാളമായി കണ്ടിരുന്ന സസ്യമാണ് പൂക്കൈത. ഇതിനെ ആറ്റുകൈതയെന്നും തഴക്കൈതയെന്നും വിളിക്കാറുണ്ട്.
ഒരുകാലത്ത് ധാരാളമായി ഉപയോഗിച്ചിരുന്ന കൈതച്ചെടിയും ഉത്പന്നങ്ങളും ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നു.
കൈതച്ചെടിയെ സംസ്‌കൃതത്തില്‍ കേതകി എന്നും ഇംഗ്ലീഷില്‍ സ്‌കൂപൈന്‍ എന്നും വിളിക്കുന്നു. ഇതിന്റെ വളരെയധികം ഇനങ്ങള്‍ വിവിധ രാജ്യങ്ങളിലായി കാണപ്പെടുന്നു.
ജലാശയങ്ങളുടെയും വയലുകളുടെയും മറ്റും കരയില്‍ സുലഭമായി കണ്ടുവന്നിരുന്നു. ജലസ്രോതസ്സുകളുടെ നശീകരണം ഇവയുടെ നിലനില്പിനു ഭീഷണിയായി. ജലസ്രോതസ്സുകളുടെയും മറ്റും കരയില്‍ വളരുന്നതിനാല്‍ മണ്ണൊലിപ്പു തടയുന്നതിന് ഇവ സഹായകമാണ്. തണ്ടാണ് നടീല്‍വസ്തു. ഊന്നുവേരുകള്‍ മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന തടിയുടെ അഗ്രഭാഗത്തായി ക്രമീകരിച്ചിരിക്കുന്ന ഇലയുടെ അരികിലായി മുള്ളുകള്‍ കാണാം. കൈതച്ചെടി പുഷ്പിക്കാന്‍ പന്ത്രണ്ടു വര്‍ഷത്തോളം കാത്തിരിക്കണം. ഇവ 40-50 വര്‍ഷംവരെ പുഷ്പിക്കും. ഒരു ചെടിയില്‍നിന്ന് 50 പൂക്കള്‍വരെ ലഭിക്കും. ഒരാണ്‍പൂവ് വിരിയാന്‍ 15 ദിവസം വരെ വേണ്ടിവരും.
താഴമ്പൂവെന്നും കൈതപ്പൂവെന്നും കൈനാറിപ്പൂവെന്നും ഇതിനെ വിളിക്കുന്നു. ഇതിന്റെ സുഗന്ധം ആരെയും ആകര്‍ഷിക്കുന്നതാണ്. ഈ പൂവിനെക്കുറിച്ച് പുരാണങ്ങളിലും മറ്റും പരാമര്‍ശമുണ്ട്. പഴയകാലങ്ങളില്‍ സ്ത്രീകള്‍ കൈതപ്പൂ ചൂടിയിരുക്കുന്നു.
ഇല, വേര്, പൂവ്, ഇലയുടെ നാര് എന്നിവയെല്ലാം ആയുര്‍വ്വേദ ഔഷധങ്ങളാണ്. പായ്, വട്ടി, കുട്ട, തൊപ്പി, അലങ്കാരവസ്തുക്കള്‍ മുതലായവ നിര്‍മ്മിക്കാന്‍ തഴ ഉപയോഗിക്കുന്നു. വാതരോഗമുള്ളവര്‍ക്ക് തഴപ്പായ വളരെ ഗുണകരമാണ്. പഴയകാലങ്ങളില്‍ കുടില്‍വ്യവസായം കൂടിയായിരുന്നു തഴനെയ്ത്ത്. പ്ലാസ്റ്റിക്പായുടെയും മറ്റും കടന്നുകയറ്റം ഈ തൊഴിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തഴക്കൈത ഉത്പന്നങ്ങള്‍ ഇന്നു ദുര്‍ലഭമാണ്.