•  2 May 2024
  •  ദീപം 57
  •  നാളം 8
വര്‍ത്തമാനം

ചരിത്രപരമായ അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുത്‌

മാറ്റത്തിനു മാത്രമേ മാറ്റമില്ലാതുള്ളൂ എന്ന സിദ്ധാന്തം അവതരിപ്പിച്ചത് ബി.സി. 500 ല്‍ ജീവിച്ചിരുന്ന ഗ്രീക്കുചിന്തകന്‍ ഹെറാക്ലീറ്റസാണ്. കമ്യൂണിസ്റ്റുസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവു കാള്‍ മാര്‍ക്‌സിന് ഏറ്റവും പ്രിയങ്കരമായ ദര്‍ശനമായിരുന്നു ഇത്.
ഈ സിദ്ധാന്തം നിരന്തരം അധരംകൊണ്ടുരുക്കഴിക്കുന്ന മാര്‍ക്‌സിസ്റ്റുകാരുടെ ആത്മാവിലേക്ക് അതിനൊരിക്കലും പ്രവേശനം അനുവദിച്ചിട്ടില്ല എന്നു തോന്നുന്നു. കാരണം, അവരാണു മാറ്റത്തിനെതിരേ എന്നും പോരാടിനില്ക്കുന്നവര്‍.
ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം കഴിഞ്ഞ ചൊവ്വാഴ്ച (ജൂണ്‍ രണ്ട്) സിപിഎം പോളിറ്റ്ബ്യൂറോയാണു നമുക്കു സമ്മാനിച്ചത്. കൊറോണയുടെ മറവില്‍ ഓണ്‍ലൈന്‍ പഠനം കുട്ടികള്‍ക്കുമേല്‍ അടിച്ചേല്പിക്കുന്നത് അംഗീകരിക്കാനാവില്ല എന്നായിരുന്നു പി.ബി.യുടെ തീരുമാനം.
കേള്‍ക്കുമ്പോള്‍ തമാശയായേ തോന്നൂ. യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. കേന്ദ്രത്തിലെ ബിജെപി ഗവണ്‍മെന്റിനെതിരെയുള്ള കടുത്ത ആക്രമണമായിരുന്നു അത്. പക്ഷേ, കൊണ്ടതു സിപിഎം നേതൃത്വത്തില്‍ത്തന്നെയുള്ള കേരളഗവണ്‍മെന്റിനായിരുന്നു. ചക്കിനുവച്ചതു കൊക്കിനു കൊണ്ടു!
ആ പോളിറ്റ് ബ്യൂറോ തീരുമാനത്തിലുമുണ്ട് ഒരു തമാശ. പി.ബി. കൂടിയത് ഓണ്‍ലൈനിലായിരുന്നു. വീഡിയോ കോണ്‍ഫെറന്‍സിലൂടെ. നിഷ്‌കരുണം കോഴികളെ കൊല്ലുന്നതിനെതിരേ മഹാകവി വള്ളത്തോള്‍ എഴുതിയ ഒരു കവിതയുണ്ട്. 'ആവതോളമിഹ നിത്യവും ഭുജിക്കാവതായ് പല പദാര്‍ത്ഥമില്ലയോ-പാവമീ നിരപരാധി പക്ഷിയെ കൊല്‍വതെന്തിനു മനുഷ്യര്‍ കഷ്ടമേ!' എന്നിങ്ങനെ. അതിനെപ്പറ്റിയുമുണെ്ടാരു തമാശ. കോഴിക്കറിപ്രിയനായിരുന്ന മഹാകവി ഈ കവിതയെഴുതിയത് പല്ലുകള്‍ക്കിടയില്‍നിന്ന് കോഴിക്കറിയിലെ എല്ലിന്‍കഷണങ്ങള്‍ കുത്തിക്കളഞ്ഞുകൊണ്ടായിരുന്നത്രേ!
വീഡിയോ കോണ്‍ഫെറന്‍സുവഴി നടന്ന ഒരു സമ്മേളനം എടുത്ത തീരുമാനം ഓണ്‍ലൈന്‍ പഠനത്തിനെതിരെയാവുക എന്നതിനെക്കാള്‍ കവിഞ്ഞ തമാശ മറ്റെന്താണുള്ളത്? അതൊന്നും പക്ഷേ, സിപിഎമ്മിനു വിഷയമല്ല. അവര്‍ ഇത്തരം പല തീരുമാനങ്ങളും മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങളുടെ പിന്‍ബലത്തില്‍ എടുക്കും. അവയൊക്കെ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യും. ചിലപ്പോള്‍ അതിന്റെയടിസ്ഥാനത്തില്‍ സമരങ്ങളും നടത്തും. അതുകഴിഞ്ഞാലോ, അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി അവര്‍ തന്നെ രംഗത്തുവരികയും ചെയ്യും!
അതാണു കംപ്യൂട്ടറിനെതിരേ നടന്ന സമരത്തില്‍ കണ്ടത്. അത് 1986ലായിരുന്നു. ബോബെയില്‍നിന്നു കംപ്യൂട്ടറുകളുമായി രണ്ടു ട്രക്കുകള്‍ തിരുവനന്തപുരത്തെത്തി. റിസര്‍വ്വ്ബാങ്കിന്റെ തിരുവനന്തപുരം ശാഖയിലേക്കുള്ളതായിരുന്നു കംപ്യൂട്ടറുകള്‍. സിപിഎം കംപ്യൂട്ടര്‍വത്കരണത്തിനെതിരായിരുന്നു. സിഐടി യുവിന്റെ പ്രതിഷേധസമരം ദിവസങ്ങള്‍ നീണ്ടു. വന്ന വാഹനങ്ങള്‍ അതേപോലെ തന്നെ മടങ്ങിപ്പോയി.
അന്നു യുഡിഎഫ് ഭരണമായിരുന്നു. കെ. കരുണാകരന്‍ മുഖ്യമന്ത്രി. പുരോഗമനപരമായ ഏതു മാറ്റവും വേഗത്തില്‍ ഉള്‍ക്കൊള്ളുന്ന ഭരണാധികാരി. സംസ്ഥാനത്തു കംപ്യൂട്ടര്‍വത്കരണം നടപ്പിലാക്കുന്നതിനെപ്പറ്റി ആലോചനകള്‍ ആരംഭിച്ചു. ഒട്ടും വൈകിയില്ല, ഇടതുപക്ഷസംഘടനകള്‍ അതിനെതിരേ സമരവും പ്രഖ്യാപിച്ചു!
കംപ്യൂട്ടറുകള്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുക മാത്രമല്ല, തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും കൂടി ചെയ്യുമെന്നായിരുന്നു സമരക്കാരുടെ കണ്ടുപിടിത്തം. കംപ്യൂട്ടറുകളില്‍നിന്നു റേഡിയോ ആക്ടിവിറ്റി ഉണ്ടാകുമെന്നും അതിന്റെ മുന്നിലിരിക്കുന്ന സ്ത്രീജീവനക്കാരുടെ ഗര്‍ഭം അലസിപ്പോയേക്കുമെന്നുംവരെ അവര്‍ പ്രചരിപ്പിച്ചു കളഞ്ഞു!
ജീവനക്കാരുടെ സമരം 24 പ്രവൃത്തിദിവസങ്ങളാണു നഷ്ടപ്പെടുത്തിയത്. ഒടുവില്‍ സര്‍ക്കാരു വഴങ്ങി. കംപ്യൂട്ടര്‍വത്കരണം ഉപേക്ഷിച്ചു. സമരവും തീര്‍ന്നു.
പിന്നെയാണു തമാശ. കുറെക്കാലം കഴിഞ്ഞപ്പോള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ തലസ്ഥാനനഗരിയിലെ കേന്ദ്ര ഓഫീസില്‍ കംപ്യൂട്ടറുകള്‍ നിരന്നു. ഏ.കെ.ജി. സെന്ററില്‍! ഇന്നു സംസ്ഥാനത്തു സിപിഎമ്മിന്റെ ഏത് ഓഫീസിലാണ് കംപ്യൂട്ടര്‍ ഇല്ലാത്തത്?
ഒരു തമാശക്കഥകൂടി പറയട്ടെ. ഇന്നു രാജ്യമൊട്ടാകെ പണമിടപാടുകള്‍ ഏതാണ്ടു ഡിജിറ്റൈസു ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അതിന്റെ ആദ്യരൂപം എടിഎമ്മുകളായിരുന്നല്ലോ. ഇന്ന് എടിഎമ്മുകള്‍ ഉപയോഗിക്കാത്തവര്‍ ചുരുക്കം.
കേരളത്തില്‍ ആദ്യമായി ഒരു എടിഎം സ്ഥാപിച്ചത് ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡില്‍ ഈസ്റ്റാണ്. തിരുവനന്തപുരത്തെ വെള്ളയമ്പലം ജംഗ്ഷനില്‍. കൃത്യമായി പറഞ്ഞാല്‍, 1993 ഡിസംബര്‍ എട്ടിന്.
എടിഎം എന്നു കേട്ടതേ കേരളത്തിലെ കമ്യൂണിസ്റ്റുനേതാക്കള്‍ക്കു ഹാലിളകി. അതു സാമ്രാജ്യത്വശക്തികളുടെ ഏറ്റവും പുതിയ ചൂഷണോപാധിയാണെന്നായിരുന്നു അവരുടെ കണ്ടുപിടിത്തം. നാടു കൊള്ളയടിക്കാനുള്ള ഉപകരണം! എടിഎമ്മിനു മുമ്പില്‍ സിപിഎം പോഷകസംഘടനകളുടെ നിലയ്ക്കാത്ത സമരം. ദിവസങ്ങള്‍ നീണ്ടപ്പോള്‍ എന്തു കാരണംകൊണെ്ടന്നറിയില്ല, നേതാക്കളാരും അങ്ങോട്ടു തിരിഞ്ഞുനോക്കാതായി. പതുക്കെപ്പതുക്കെ ആളൊഴിഞ്ഞു. സമരവും തീര്‍ന്നു.
പിന്നെ കാണുന്നതെന്താണ്? സമരം ചെയ്ത പാവം തൊഴിലാളികള്‍ നോക്കി നില്‌ക്കെ നേതാക്കള്‍ എടിഎമ്മില്‍നിന്നു പണമെടുത്തു മടങ്ങിപ്പോകുന്നു!
കാര്‍ഷികരംഗത്തു പുതിയ വിപ്ലവം സൃഷ്ടിച്ചുകൊണ്ടു ട്രാക്ടറുകളും ടില്ലറുകളും എത്തിയപ്പോഴും കയര്‍വ്യവസായമേഖലയില്‍ യന്ത്രവത്കൃതറാട്ടുകള്‍ എത്തിയപ്പോഴും അവയ്‌ക്കെതിരേ സമരം സംഘടിപ്പിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ മറന്നില്ല. ഇന്നു നാടെങ്ങും നിറഞ്ഞിരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിച്ചപ്പോഴും അവയ്ക്കുമുമ്പില്‍ സമരപരമ്പരകള്‍ സംഘടിപ്പിച്ചത് ഇടതുതൊഴിലാളിസംഘടനകള്‍ തന്നെയായിരുന്നു.
1987 ല്‍ യുഡിഎഫ് ഗവണ്‍മെന്റു കൊണ്ടുവന്ന പ്രീഡിഗ്രി ബോര്‍ഡിനെതിരേ അക്രമാസക്തസമരം അഴിച്ചുവിട്ട ഇടതുപക്ഷത്തിന്, അതേ സംവിധാനം 1998 ല്‍ പ്ലസ്ടു എന്ന പേരില്‍ നടപ്പാക്കുന്നതിനു യാതൊരു മടിയും ഉണ്ടായില്ല.
ഇന്നിപ്പോളിതാ സിപിഎം നേതൃത്വത്തിലുള്ള സംസ്ഥാനഗവണ്‍മെന്റ് വളരെ ഭംഗിയായി ഓണ്‍ലൈന്‍ പഠനസമ്പ്രദായം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിമാരെയും ഇക്കാര്യത്തില്‍ അഭിനന്ദിക്കാതിരിക്കാനാവില്ല.
എന്നിട്ടും അതിനെതിരെയല്ലെങ്കിലും, മുഖ്യമന്ത്രികൂടി ഉള്‍പ്പെട്ട പോളിറ്റ് ബ്യൂറോ അപശബ്ദമുണ്ടാക്കിയത് ഭംഗിയായില്ല. പാവപ്പെട്ട കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ഉപയോഗപ്പെടുത്താനുള്ള സാഹചര്യമില്ല എന്നതാവാം അവരുടെ തീരുമാനത്തിനു പിന്നിലെ ചേതോവികാരം. അങ്ങനെയെങ്കില്‍ അത്യാധുനികമായ ഒരു പഠനരീതിയെ തള്ളിപ്പറയുകയല്ല, അതുപയോഗപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണു വേണ്ടത്.
ആ വഴിക്കും കേരളത്തില്‍ ശ്രമങ്ങള്‍ നടക്കുന്നത് തീര്‍ച്ചയായും സന്തോഷകരമാണ്; പ്രതീക്ഷാവഹവുമാണ്. സന്നദ്ധസംഘടനകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും സ്വകാര്യസ്ഥാപനങ്ങളും വ്യക്തികളുമൊക്കെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും ടിവികളും ലഭ്യമാക്കാന്‍ മത്സരബുദ്ധിയോടെ രംഗത്തുവരുന്നതുകാണുമ്പോള്‍ ആഹ്ലാദംകൊണ്ടു കണ്ണീര്‍ പൊടിയുന്നു. കൊറോണാദുരന്തം നാടിനെ ഭയപ്പെടുത്തുന്ന നാളുകളില്‍ മനുഷ്യനന്മയുടെ ചുരുളുകള്‍ അഴിയുകയാണല്ലോ.
വികസിതരാജ്യങ്ങളില്‍ വളരെ വര്‍ഷങ്ങള്‍ക്കുമുമ്പേ നടപ്പിലായിത്തുടങ്ങിയ വെര്‍ച്വല്‍ ക്ലാസ്സുമുറികളും ഓണ്‍ലൈന്‍ പഠനവുമൊക്കെ നമ്മുടെ നാട്ടിലും യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിരിക്കുന്നു.
കാലം കുതിക്കുകയാണ്, മാറ്റത്തിന്റെ കൊടുങ്കാറ്റുകള്‍ അഴിച്ചുവിട്ടുകൊണ്ട്. അതിനെതിരേ നിലപാടെടുക്കുന്നവരെ കാലം തുടച്ചുനീക്കും. അതുകൊണ്ട് ഓര്‍മ്മിപ്പിക്കട്ടെ, ചരിത്രപരമായ അബദ്ധങ്ങള്‍ ഇനിയും ആവര്‍ത്തിക്കരുത്

 

Login log record inserted successfully!