•  2 May 2024
  •  ദീപം 57
  •  നാളം 8
ആരോഗ്യവീഥി

ടോയ്‌ലറ്റിലെ ഫോണ്‍ ഉപയോഗം

  
     ളുകളുടെ മൊബൈല്‍ ഫോണുപയോഗം വര്‍ദ്ധിച്ചുവര്‍ദ്ധിച്ച് ടോയ്‌ലറ്റില്‍വരെ എത്തിയിരിക്കുകയാണ്. ടോയ്‌ലറ്റിരുന്ന് ഗെയിം മുതല്‍ ചാറ്റിങ്ങുവരെ പലരും ചെയ്യുന്നുണ്ട്. പലര്‍ക്കും ടോയ്‌ലറ്റ് ഒരു ബ്രേക്ക് എടുക്കാനോ മറ്റിടപെടലുകള്‍ ഇല്ലാതെ സമയം ചെലവിടാനോ ഉള്ള സ്ഥലമായി മാറിയിരിക്കുന്നു.
നൂറുകണക്കിനു സൂക്ഷ്മജീവികള്‍, കുമിളുകള്‍, യീസ്റ്റ് എന്നിവകൂടാതെ മലത്തിന്റെ അംശവും കാണപ്പെടുന്ന സ്ഥലമാണ് ടോയ്‌ലറ്റ്. ടോയ്‌ലറ്റ്‌വാതില്‍, ലോക്ക്, ടാപ്, ഫ്‌ളഷ്, ഹാന്‍ഡ്‌വാഷ് തുടങ്ങിയവയിലെല്ലാം ബാക്ടീരിയയുണ്ട്. സോപ്പിട്ടു കൈ കഴുകിയാലും ചില ബാക്ടീരിയകള്‍ നശിച്ചെന്നു വരില്ല. ടോയ്‌ലറ്റിലെ ഫോണുപയോഗം അവിടെ കൂടുതല്‍ സമയം ചെലവിടാന്‍ പ്രേരിപ്പിക്കും. ഇതുവഴി ചില രോഗങ്ങളും കടന്നുകൂടാം.
അര്‍ശസ്
30 മിനിറ്റില്‍ കൂടുതല്‍ ടോയ്‌ലറ്റില്‍ ഇരുന്നാല്‍ അര്‍ശസ്, രക്തധമനികളിലും മലദ്വാരത്തിലും വീക്കം എന്നിവയുണ്ടാകാം. മലാശയത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാല്‍ അര്‍ശസ് വഷളാകാനും സാധ്യതയുണ്ട്. ഞരമ്പുകളുടെയും അരക്കെട്ടിന്റെയും പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാകും.
അര്‍ശസുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍•    
നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണം പതിവാക്കുക
ദിവസേന കൃത്യമായ വ്യായാമം ചെയ്യുക
മലദ്വാരം വൃത്തിയായി സൂക്ഷിക്കുക
വീക്കം കുറയ്ക്കാന്‍ ഐസ്പാക്ക് (കരല ുമരസ) ഉപയോഗിക്കുക
ആവശ്യത്തിനു വെള്ളം കുടിക്കുക (കുറഞ്ഞത് മൂന്നു ലിറ്റര്‍)
അനുയോജ്യമായ രീതിയിലിരുന്ന് മലവിസര്‍ജനം നടത്തുക 
പരുപരുത്ത ടോയ്‌ലറ്റ് പേപ്പര്‍ ഉപയോഗിക്കാതിരിക്കുക
മലദ്വാരത്തില്‍ മാന്തുകയും ചൊറിയുകയും ചെയ്യരുത്
ബലംപിടിച്ച് ബുദ്ധിമുട്ടി മലവിസര്‍ജനം ചെയ്യരുത്
അമിതഭാരം ഉയര്‍ത്തുന്നത് ഒഴിവാക്കുക
ടോയ്‌ലറ്റില്‍ ചെലവിടുന്ന സമയം കൂടുതലാണോ എന്നറിയാന്‍ ഒരു സ്വയംപരിശോധന നടത്താവുന്നതാണ്. ആദ്യദിവസം ഫോണുമായി ടോയ്‌ലറ്റില്‍ പോകുക. പിന്നീട് ഫോണില്ലാതെയും പോകുക. രണ്ടു സമയവും തമ്മിലുള്ള വ്യത്യാസം നമ്മള്‍ വെറുതേ കളയുന്ന സമയമാണ്. പത്തു മിനിറ്റില്‍ അധികം ടോയ്‌ലറ്റില്‍ ഇരിക്കാതിരിക്കുന്നതാവും ഉത്തമം.

ലേഖകന്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ജനറല്‍ & ലാപ്രോസ്‌കോപിക് സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റാണ്.

Login log record inserted successfully!