കാലഘട്ടം മാറുന്നതിനനുസരിച്ച് ജീവിതരീതികളില്‍ മാറ്റം സംഭവിക്കുന്നതു സ്വാഭാവികം. പക്ഷേ, കാലഘട്ടം മാറുന്നതനുസരിച്ച് മനോഭാവങ്ങളിലും സാംസ്‌കാരികവിനിമയത്തിലും ധാര്‍മികമൂല്യങ്ങളിലും പ്രതിലോമകരമായ മാറ്റങ്ങളും സമീപനങ്ങളുമുണ്ടാകുമ്പോള്‍ അതു നമ്മെ ആശങ്കപ്പെടുത്തേണ്ടതുണ്ട്. ഈ മാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കിടയിലാണ്. അതുകൊണ്ടുതന്നെ, ചെറുപ്പക്കാരെക്കുറിച്ചുള്ള ഒരുപാട് ആകുലതകള്‍ സമൂഹത്തിനുണ്ട്. പ്രത്യേകിച്ച്, അവരുമായി കൂടുതല്‍ സമയം അടുത്തിടപഴകുന്ന അധ്യാപകരെപ്പോലെയുള്ളവര്‍ക്ക്.
സമൂഹത്തെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് സിനിമയാണോ അതോ സമൂഹത്തിന്റെ പ്രതിഫലനം സിനിമയില്‍ ഒപ്പിയെടുക്കുകയാണോ എന്നു ചോദിച്ചാല്‍ അതിനു വ്യക്തമായ മറുപടി കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടിവരും. സമൂഹത്തില്‍നിന്നു സിനിമയും സിനിമയില്‍നിന്നു സമൂഹവും കൊടുക്കല്‍വാങ്ങലുകള്‍ നടത്തുന്നുണ്ട് എന്നേ അതിനു നിഷ്പക്ഷമായ മറുപടി പറയാന്‍ കഴിയൂ. അല്ലെങ്കില്‍ തങ്ങളുടെ മാനസികവ്യാപാരങ്ങളെ ഒപ്പിയെടുക്കുകയോ തങ്ങളെ പ്രചോദിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ചില പുതിയ രീതികളിലേക്ക്, സിനിമകളിലേക്ക് യുവജനങ്ങള്‍ കൂടുതലായി ആകൃഷ്ടരാകുന്നുണ്ടാവാം. അച്ചടിച്ച ധാര്‍മികപ്രബോധനങ്ങളെയും വ്യവസ്ഥപ്പെടുത്തിയ സാമൂഹികക്രമങ്ങളെയും തകിടം മറിക്കാനുള്ള പൊതുപ്രവണത സമൂഹത്തിലെ പുതുതലമുറ ഈയിടെയായി കാണിച്ചുവരുന്നുണ്ട്.
മാറുന്ന ഈ കാലത്തിന്റെ പുതിയ അടയാളപ്പെടുത്തലായിരുന്നു തല്ലുമാല എന്ന സിനിമ. ടൊവിനോ തോമസ് നായകനായി അവതരിപ്പിക്കപ്പെട്ട പ്രസ്തുത സിനിമ 72 കോടി രൂപ വാരി മലയാളത്തിലെ മികച്ച സാമ്പത്തികലാഭം കൊയ്തെടുത്ത സിനിമകളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണെന്നാണ് ചില കണക്കുകള്‍ പറയുന്നത്.
മലയാളിപ്രേക്ഷകര്‍ അന്നേവരെ ശീലിച്ചുപോന്നിരുന്ന തനതുരീതികളില്‍നിന്ന് അമ്പേ വ്യത്യസ്തമായ ട്രീറ്റുമെന്റായിരുന്നു തല്ലുമാലയിലേത്. കോമിക് പുസ്തകങ്ങളിലേതിനു സമാനമായ രീതിയിലുളള അവതരണം. പ്രതിപാദനത്തിലെ പുതുമയെ അംഗീകരിക്കുമ്പോള്‍ത്തന്നെ മണവാളന്‍ വസി എന്ന നായകകഥാപാത്രം എത്രത്തോളം ന്യായീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട് എന്നതാണു പ്രസക്തമായ ചോദ്യം.
സിനിമയിലെ നായകന്മാരെല്ലാം സല്‍ഗുണസമ്പന്നരാകുകയും നന്മമരങ്ങളായി വാഴ്ത്തപ്പെടുകയും ചെയ്യുന്ന രീതിയൊക്കെ പുതിയ സിനിമയില്‍ കാലഹരണപ്പെട്ടുപോയി. അതിനെ അതിന്റേതായ വഴിക്കു വിടുമ്പോള്‍ത്തന്നെ മണവാളന്‍ വസിക്ക് എങ്ങനെയാണ് ആരാധകരെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നത് എന്നതിലാണ് അന്വേഷണം നടത്തേണ്ടത്. ആരാധകരേ ശാന്തമാകൂ എന്ന് അലകടല്‍പോലെ ആര്‍ത്തിരമ്പുന്ന അനുവാചകരോടു പറയാന്‍മാത്രം വസിക്കെങ്ങനെയാണ് ഫാന്‍സുണ്ടാവുന്നത്? അതിന് അയാള്‍ ആരാണ്?
ഒരു കോളജിലെ ഒരു പ്രോഗ്രാമിലേക്ക് പ്രത്യേക ക്ഷണിതാവായിട്ടാണ് വ്‌ളോഗറായ വസി എത്തുന്നത്. വസി വ്‌ളോഗറാകുന്നതാകട്ടെ തല്ലുകൂടിയും അടിപിടി നടത്തിയും അതു ലൈവായി ചിത്രീകരിച്ചും എന്നതാണ് അതിന്റെ പിന്നിലെ രസം. വലിയൊരു കൂട്ടം ആരാധകരാല്‍ അകമ്പടി സേവിക്കപ്പെട്ടാണ് അയാള്‍ വേദിയിലേക്കെത്തുന്നത്. ഈ സമയംതന്നെ വേദിയില്‍ കവി/സാംസ്‌കാരികനായകന്‍ പ്രസംഗിക്കുന്നുണ്ട്. സമൂഹത്തെ മുഴുവന്‍ നന്നാക്കിയെടുക്കാനുള്ള ഉത്തരവാദിത്വം തന്റേതാണെന്നു വിശ്വസിക്കുന്ന, പുതുതലമുറ മുഴുവന്‍ ശരിയല്ലെന്നു തെറ്റിദ്ധരിക്കുന്ന വിധത്തിലുള്ള പ്രസംഗമായിരിക്കാം അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെയാവാം, ശുഷ്‌കമായ സദസ്സാണ് അയാളുടേത്. അതിന്റെ ഇടയിലേക്കാണ് വസി എത്തിച്ചേരുന്നത്.
പ്രസംഗിച്ചുകൊണ്ടിരിക്കുന്ന സാംസ്‌കാരികനായകന്റെ മൈക്ക് ബലമായിട്ടെന്നോണം കവര്‍ന്നെടുക്കുകയാണ് വസി. വസിയെ സാംസ്‌കാരികനായകന് അറിയില്ല. വസിക്ക് സാംസ്‌കാരികനായകനെയും.. വസി അധികം പ്രസംഗിക്കുന്നില്ല. എന്നിട്ടും അയാളാണ് കൈയടി നേടുന്നത്. ഇത്രമാത്രം ജനപ്രിയനാകാന്‍ അയാളെന്താണു ചെയ്തത്? അയാളൊന്നും ചെയ്തിട്ടില്ല. വേഷം, രൂപം, സ്റ്റെല്‍.. അടി.. ഇതാണ് വസിയെ രൂപപ്പെടുത്തിയിരിക്കുന്നത്.
യുവജനങ്ങള്‍ക്ക് അയാളാണ് ഹീറോ.. ഇതാണ് ഇന്നത്തെ യുവജനങ്ങളുടെ ട്രെന്‍ഡ്. പ്രസംഗകരും സാംസ്‌കാരികനായകരും തിരസ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എംഎന്‍ വിജയനോ സുകുമാര്‍ അഴീക്കോടോ ഇഎംഎസോ എന്തിന് സാക്ഷാല്‍ എപിജെ അബ്ദുള്‍ കലാം തന്നെയോ ഇന്നത്തെ സമൂഹത്തിന് അഭിമതരാകുമായിരുന്നോ എന്ന സംശയം ഇതെഴുതുമ്പോഴുണ്ട്. പ്രസംഗങ്ങള്‍ കേള്‍ക്കാന്‍, പ്രബുദ്ധരാകാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്നു കുറവാണ്, പ്രത്യേകിച്ച് കൗമാരക്കാര്‍.
ചിന്തകള്‍കൊണ്ടല്ല കാഴ്ചകള്‍കൊണ്ടാണ് ഇന്ന് ലോകത്തോട് അവര്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ്, സണ്ണി ലിയോണിനെയും ഹണി റോസിനെയും അന്നാ രേഷ്മ രാജനെയും കാണാന്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ രൂപപ്പെടുന്നത്. കാഴ്ചകളെയാണ് ആള്‍ക്കൂട്ടം തൃപ്തിപ്പെടുത്തുന്നത്. സത്യത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ക്കുമുമ്പില്‍ ഇരകളാകാന്‍ സ്വയം നിന്നുകൊടുക്കുകയല്ലേ ഇവര്‍ ചെയ്യുന്നത്? അഭിനയിച്ച കഥാപാത്രങ്ങളോടോ ജീവിതത്തോടു പുലര്‍ത്തുന്ന സമീപനം കൊണ്ടോ ഉള്ള ഇഷ്ടത്താലല്ല ഇവരെ കാണാന്‍ ആളുകള്‍ തടിച്ചുകൂടുന്നത് എന്നതാണ് യാഥാര്‍ഥ്യം.
തല്ലുമാലയിലും കാഴ്ചകളുടെ വൈവിധ്യവും മനോഹാരിതയും ഭംഗിയായി സമന്വയിക്കപ്പെടുന്നുണ്ട്. വളരെ കളര്‍ഫുള്ളായ ഫ്രെയിമുകള്‍.. വര്‍ണ്ണപ്പകിട്ടില്‍ മുങ്ങിയ കോസ്റ്റ്യൂംസ്. ചിത്രകഥയിലെ ഡിഷ്യൂ ഡിഷ്യും പോലെയുളള സംഘട്ടനചിത്രീകരണങ്ങള്‍. ഒരു കോമിക് കഥപ്പുസ്തകത്തില്‍ നിശ്ചിതസമയം ചെലവഴിക്കുന്ന അതേ അനുഭൂതിയാണ് തല്ലുമാല പകര്‍ന്നുനല്കുന്നത്. ഇത്തരമൊരനുഭവത്തിനുവേണ്ടിയാണ് ആളുകള്‍ തീയറ്ററിലേക്കിരച്ചുകയറിയത്.
ഇതേ ആള്‍ക്കൂട്ടത്തിന്റെ മനഃശാസ്ത്രം തന്നെയാണ് വടക്കാഞ്ചേരിയില്‍ തൊപ്പിയെ കാണാന്‍ തടിച്ചുകൂടിയ കൗമാരക്കാരുടേതും. മണവാളന്‍ വസിയില്‍നിന്ന് തൊപ്പി നിഹാദിലേക്ക് ദൂരമേറെയൊന്നും ഇല്ല. സമൂഹത്തിനു ഭേദപ്പെട്ട ഒരു ചിന്തപോലും നല്കാത്തവരാണ് രണ്ടുകൂട്ടരും.
തൊപ്പിയെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നവരുണ്ട്. നിഹാദിനെ ന്യായീകരിക്കുന്നവരും ആ പയ്യന് ഒത്താശ പാടുന്നവരും അങ്ങനെയൊരാള്‍ സ്വന്തം കുടുംബത്തിലുണ്ടാകുമ്പോഴും ഇതേ രീതിയില്‍ത്തന്നെ പ്രതികരിക്കുമോ? അതാണു ചിന്തിക്കേണ്ടത്.
ജീവിതസാഹചര്യങ്ങളാണ് നിഹാദിനെ തൊപ്പിയാക്കിയത് എന്നതിന്റെ പേരില്‍ ആ ചെറുപ്പക്കാരന് ന്യായീകരണത്തിന്റെ ആനൂകൂല്യം നല്കുന്നവര്‍ ഏറെയാണ്. പക്ഷേ, നിഹാദിന്റെ ജീവിതത്തില്‍ സംഭവിച്ചവയെ സാമാന്യവല്‍ക്കരിക്കുകയും അതിന്റെ സ്വാധീനം അപകടകരമായ വിധത്തില്‍ പുതിയ സമൂഹത്തിനു കൈമാറുകയും ചെയ്യുന്നതാണ് അപലപനീയമാകുന്നത്. നിഹാദിനെപ്പോലെ മുറിവേറ്റ സമൂഹമാണ് അയാളുടെ ആരാധകരെങ്കില്‍ ഈ സമൂഹത്തെയോര്‍ത്ത് നാം അത്യധികം ആകുലപ്പെടേണ്ടിയിരിക്കുന്നു. ഇത്രയധികം മുറിവുകള്‍ അവര്‍ക്ക് ആരാണു നല്കിയത്? കുടുംബമോ സമൂഹമോ?
മൂല്യങ്ങളെയും ഉദാത്തമാതൃകകളെയും തകിടം മറിക്കുന്ന വസിയെയും തൊപ്പിയെയും ആരാധകരായി സ്വീകരിക്കുന്ന യുവജനങ്ങള്‍ക്കല്ല; ചിലപ്പോള്‍ ഇതൊന്നും കണ്ടു ദഹിക്കാതെ നില്ക്കുന്ന മുതിര്‍ന്ന തലമുറയ്ക്കായിരിക്കുമോ പ്രശ്നം? അങ്ങനെയും തോന്നിയിട്ടുണ്ട്... കാരണം, നമുക്ക് ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്ന വിധത്തിലുള്ള മാതൃകകള്‍ ഇന്നുണ്ടോ? എവിടെയും നാം കാണുന്നത് വികൃതമായ മാതൃകകളാണ്. റോള്‍മോഡലുകള്‍ക്കു ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്നു. ഇത്തരം കുറവുകളുടേ മധ്യേയാണ് മണവാളന്‍ വസിയും തൊപ്പിനിഹാദും ഇടം പിടിക്കുന്നത്.
ഹിപ്പിസംസ്‌കാരം പോലെ ചിലപ്പോള്‍ ഈ പ്രവണത കുറെക്കാലമെങ്കിലും നമുക്കിടയില്‍ വേരുന്നിയേക്കാം. അസ്തിത്വദുഃഖത്തിന്റെ വിഹ്വലതകളുമായി ഒരു സമൂഹം ഇവിടെ കഴിഞ്ഞുകൂടിയതുപോലെ ഇനിയൊരു തലമുറ വ്‌ളോഗര്‍മാരുടെ പിന്നാലേ പോയി, അപക്വമായ ജീവിതവീക്ഷണത്തിന്റെ അനുകര്‍ത്താക്കളായി മാറിയേക്കാം. അതൊക്കെ എന്തായാലും, നിലവിലുള്ള സാമൂഹികക്രമങ്ങളെ തകിടംമറിച്ചുകൊണ്ടുള്ള ഒരു പുതുതലമുറ വ്യാപകമാകുന്നതും ശക്തിയാര്‍ജിക്കുന്നതും ചങ്കിടിപ്പോടെമാത്രമേ നമുക്കു നോക്കിക്കാണാനാവൂ എന്നു പറയാതെ വയ്യ.