•  21 Nov 2024
  •  ദീപം 57
  •  നാളം 37
കാഴ്ചയ്ക്കപ്പുറം

കുറ്റബോധത്തിന്റെ നെരിപ്പോടുകള്‍

കുറ്റബോധം തോന്നിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്നു കണ്ടെത്തിയത് വിന്‍സെന്റ് ഗോമസാണ് (മോഹന്‍ലാല്‍). ചിത്രം രാജാവിന്റെ മകന്‍. ഡെന്നീസ് ജോസഫിന്റെ ഈ ഡയലോഗ് വര്‍ഷം പലതു കഴിഞ്ഞിട്ടും ഇന്നും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കു ന്നു. കുറ്റബോധത്തിന്റെ നെരിപ്പോടുകള്‍ ഉളളില്‍ പേറിനടക്കുന്ന എല്ലാവരും  ഇതു ശരിയാണെന്നു സമ്മതിക്കുകയും ചെയ്യും.

കുറ്റബോധം പിടികൂടിയാല്‍ ചിരികള്‍ വാടിപ്പോകും. മനസ്സു തുറന്നു സന്തോഷിക്കാന്‍ കഴിയാത്തവിധത്തില്‍  ജീവിതം മരവിച്ചുപോകും. ബന്ധങ്ങളില്‍ യാന്ത്രികത കടന്നുകൂടും. അവര്‍ക്കൊരിക്കലും നഷ്ടപ്പെട്ടുപോയ സന്തോഷങ്ങളെ തിരിച്ചുപിടിക്കാനാവില്ല. അവര്‍ക്കൊരിക്കലും ഒന്നും പഴയതുപോലെയാവില്ല. ഉണങ്ങാത്ത മുറിവുകള്‍ അവരുടെ ഉളളിലുണ്ടാകും. ചിലപ്പോഴെങ്കിലും തങ്ങള്‍ക്കുമാത്രമറിയാവുന്നതായിരിക്കും ആ മുറിവുകള്‍.
അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ ഒരു തെറ്റിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ ഉണങ്ങാത്ത മുറിവുകളുമായി   മഹാഭാരതകഥയിലെ അശ്വത്ഥാമാവിനെപ്പോലെ അലയുന്ന ചില കഥാപാത്രങ്ങളെ മലയാളസിനിമയ്ക്കു സമ്മാനിച്ചവരാണ് ബോബി - സഞ്ജയ് തിരക്കഥാകൃത്തുക്കള്‍. 2003 ല്‍ 'എന്റെ വീട് അപ്പൂന്റേം' എന്ന തിരക്കഥയിലൂടെ മലയാള സിനിമയിലേക്കു പ്രവേശനം നടത്തിയവരാണ് ഇവര്‍. പ്രസ്തുത ചിത്രംമുതല്‍ 2021 ല്‍ ഒടിടിയില്‍ റീലിസ്ചെയ്ത കാണെക്കാണെ വരെയുളള ഇവരുടെ ചിത്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവയില്‍ ഭൂരിപക്ഷത്തിലും പ്രേക്ഷകര്‍ കണ്ടുമുട്ടുന്നത്  കുറ്റബോധത്താല്‍ നീറുന്ന കഥാപാത്രങ്ങളെയാണ്.
എന്റെ വീട് അപ്പൂന്റേം സിനിമയിലെ വാസുദേവിന്റെ കാര്യം തന്നെയെടുക്കാം. അമ്മ നഷ്ടമായ അവന്റെ ജീവിതത്തിലേക്കാണ് അച്ഛന്റെ രണ്ടാം ഭാര്യയായി മീര കടന്നുവരുന്നത്. മീര അവനെ സംബന്ധിച്ചിടത്തോളം സ്വന്തം അമ്മതന്നെയായിരുന്നു. അവള്‍ക്കും അത് അങ്ങനെതന്നെയായിരുന്നു. മീരയ്ക്കും വിശ്വനാഥിനുമായി രണ്ടാമതൊരു കുഞ്ഞ് ജനിക്കുന്നതോടെയാണ് ആ കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ ഉടലെടുക്കുന്നത്. സ്വാഭാവികമായി ഏതൊരു കുടുംബത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍തന്നെയായിരുന്നു അവയെല്ലാം.
ഇളയകുഞ്ഞിനു കൂടുതല്‍ കരുതലും പരിഗണനയും ലഭിക്കുമ്പോള്‍ പെറ്റമ്മ നഷ്ടപ്പെട്ട ഒരു മുതിര്‍ന്ന കുട്ടിക്കുണ്ടാകുന്ന മാനസികബുദ്ധിമുട്ടുകളാണ് വാസുദേവ് പ്രകടമാക്കിയത്. താന്‍ ആര്‍ക്കും വേണ്ടാത്തവനാകുന്നു, തന്നെ ആര്‍ക്കും ഇഷ്ടമില്ല തുടങ്ങിയ നെഗറ്റീവ് ചിന്തകളാണ് അവനില്‍ കൂടുകൂട്ടിയത്. മാതാപിതാക്കളോടുള്ള ദേഷ്യത്തിനാണ് മലര്‍ന്നുകിടക്കുന്ന പ്രായത്തിലുള്ള സ്വന്തം കുഞ്ഞനിയനു നേരേ  ചെടിക്കു തളിക്കുന്ന വിഷം അവന്‍ തളിച്ചത്.
അനിയന്‍ മരിച്ചുപോകാന്‍ വേണ്ടിയായിരുന്നില്ല, അസുഖം ഉണ്ടാകാന്‍വേണ്ടിമാത്രമായിരുന്നു അവന്‍ അങ്ങനെ ചെയ്തത്. അതാവട്ടെ, അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാന്‍വേണ്ടി മാത്രവും. പക്ഷേ, സംഭവിച്ചതു മറ്റൊന്നായിരുന്നു. അനിയന്‍കുഞ്ഞ് മരിക്കുന്നു. അതോടെ കുടുംബം മുമ്പൊരിക്കലും നേരിടേണ്ടിവന്നിട്ടില്ലാത്ത പ്രതിസന്ധികളിലേക്കു കൂപ്പുകുത്തുന്നു.
കുറ്റബോധംകൊണ്ട് വാസുദേവ് നീറുന്നു. ഒടുവില്‍ കൊലപാതകത്തിന് വാസുദേവിനെ പോലീസ് അറസ്റ്റുചെയ്യുകയും അവനെ ജുവനൈല്‍ഹോമിലാക്കുകയും ചെയ്യുന്നു. മനപ്പൂര്‍വ്വമല്ലാതെ ചെയ്തുപോയ തെറ്റ്. പക്ഷേ, അതിന്റെ  തിക്തഫലം വാസുദേവന്റെ ജീവിതത്തെ മുഴുവന്‍ പിന്തുടരുന്നു.  നെഞ്ചുപിടയുന്ന വേദനയോടെമാത്രമേ മക്കളുള്ള ഓരോ പ്രേക്ഷകനും ഈ ചിത്രം കണ്ടിരിക്കാനാവൂ.
റോഷന്‍ ആന്‍ഡ്രൂസുമായി ചേര്‍ന്ന് ബോബി - സഞ്ജയ് അണിയിച്ചൊരുക്കിയ നോട്ട്ബുക്ക് എന്ന സിനിമയ്ക്ക് അതിനെക്കാള്‍ ഉചിതമായ ശീര്‍ഷകം കുറ്റബോധം എന്ന അര്‍ഥം വരത്തക്കവിധത്തിലുള്ള ഏതെങ്കിലും  ഒരു പേരായിരുന്നുവെന്ന് വര്‍ഷങ്ങള്‍ക്കുശേഷം ആ സിനിമ വീണ്ടും കണ്ടപ്പോള്‍ തോന്നിപ്പോയി. കളിചിരികള്‍ക്കും കളിക്കൂട്ടുകള്‍ക്കുമപ്പുറം കുറ്റബോധത്തിന്റെ സമുദ്രങ്ങളാണ് ഈ സിനിമയില്‍ ആര്‍ത്തലയ്ക്കുന്നത്.  സിനിമയിലെ ഓരോ കഥാപാത്രവും കുറ്റബോധത്തിന്റെ വിങ്ങലുമായി ജീവിക്കാന്‍ വിധിക്കപ്പെടുന്നവരാണ്.
സേറ, പൂജ, ശ്രീദേവി എന്നീ മൂന്ന് ആത്മാര്‍ഥകൂട്ടുകാരികളും ശ്രീദേവിയുടെ ആണ്‍സുഹൃത്ത് സൂരജും ഇവരുടെ മാതാപിതാക്കളും എന്തിന്, സ്‌കൂള്‍ പ്രിന്‍സിപ്പലായ വൈദികന്‍വരെ ഏറിയോ കുറഞ്ഞോ കുറ്റബോധത്തിലൂടെ കടന്നുപോകുന്നവരാണ്. എങ്കിലും ഇതേറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് സേറ, പൂജ, സൂരജ് എന്നിവരെയാണ്. ശ്രീദേവിയെ മരണത്തിനു വിട്ടുകൊടുത്തതിന്റെ ഉത്തരവാദിത്വം തീര്‍ച്ചയായും ഇവര്‍ക്കു ചുറ്റുമാണ് വട്ടം കറങ്ങുന്നത്. പ്ലസ് ടൂ വിദ്യാര്‍ഥിനിയായിരിക്കേ, ശ്രീദേവി സൂരജില്‍നിന്നു ഗര്‍ഭിണിയാകുമ്പോള്‍ വീട്ടുകാരും എന്തിന് സൂരജ്‌പോലും അറിയാതെ ശ്രീദേവിയെ അബോര്‍ഷനു പ്രേരിപ്പിക്കുന്നതും കൊണ്ടുപോകുന്നതും സേറയും പൂജയും ചേര്‍ന്നാണ്. കൂട്ടുകാരികള്‍ക്കിടയില്‍ തീരുമാനമെടുക്കാതെ നിശ്ശബ്ദം കീഴടങ്ങിക്കൊടുക്കുക മാത്രമാണ് ശ്രീദേവി ചെയ്യുന്നത്.
എന്നാല്‍, അബോര്‍ഷനിടയില്‍ ബ്ലീഡിങ് മൂലം ശ്രീദേവി മരണമടയുമ്പോള്‍ ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടതിന്റെ കുറ്റബോധം സേറയെ പിന്തുടരുന്നു. സേറ സ്‌കൂളില്‍നിന്ന് ഡിസ്മിസ് ചെയ്യപ്പെടുമ്പോള്‍ സ്വന്തം ഭാവിയെക്കരുതി തനിക്കൊന്നും അറിയില്ലായിരുന്നുവെന്ന ഒറ്റുകൊടുക്കലിന്റെ കുറ്റബോധമാണ് പൂജയുടെ മാനസികനില തകരാറിലാക്കുന്നത്. ശ്രീദേവിക്കു സംഭവിച്ച ദുരന്തത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും തനിക്കാണെന്ന തിരിച്ചറിവാണ് സൂരജിന്റെ കുറ്റബോധത്തിനു കാരണം. താന്‍ കുറെക്കൂടി നല്ലൊരു അച്ഛനായിരുന്നുവെങ്കില്‍ എല്ലാം തുറന്നുപറഞ്ഞ് ശ്രീദേവി ഇപ്പോഴും തങ്ങളുടെകൂടെയുണ്ടാവുമായിരുന്നുവെന്ന കുറ്റബോധമാണ് അവളുടെ അച്ഛനെ വേട്ടയാടുന്നത്. ഇങ്ങനെ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളാല്‍ കുറ്റബോധങ്ങള്‍. ആത്മാര്‍ഥമായ അനുതാപവും ക്ഷമയുമാണ് കുറ്റബോധങ്ങളില്‍നിന്നു രക്ഷപ്പെടാനുള്ള ഏകവഴിയെന്നാണ് ചിത്രം പറയുന്നത്.
പക്ഷേ, സ്വന്തം തെറ്റില്‍നിന്ന് ഒരിക്കലും രക്ഷപ്പെടാനാവാതെ ആത്മനിന്ദയുടെ തടവില്‍പ്പെട്ട് നീറുന്ന ആന്റണി മോസസ് എന്ന പോലീസുദ്യോഗസ്ഥനെയാണ് മുംബൈ പോലീസില്‍ ബോബി- സഞ്ജയ് അവതരിപ്പിക്കുന്നത്. തന്റെ ലൈംഗികവ്യതിയാനം സുഹൃത്ത് പുറത്തുപറയുമെന്നു ഭയക്കുകയും ആ ഭയംമൂലം സുഹൃത്തിനെ ആസൂത്രിതമായി കൊല്ലുകയും ചെയ്യുന്ന ആന്റണി മോസസിന്റെ കുറ്റബോധം കനത്തതാണ്. ഒരു അപകടത്തെത്തുടര്‍ന്ന് ഓര്‍മകള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന അയാള്‍ ഒരു പ്രത്യേകനിമിഷത്തില്‍ തന്റെ തെറ്റു മനസ്സിലാക്കുകയും നിയമത്തിനുമുമ്പില്‍ കീഴടങ്ങുകയും ചെയ്യുന്നു.
മുംബൈ പോലീസിലെന്നതുപോലെതന്നെ ഒരു പോലീസുകാരന്റെ കുറ്റബോധമാണ് സല്യൂട്ട് എന്ന സിനിമയും പറയുന്നത്.  ഒരു കുറ്റകൃത്യം തെളിയിക്കുന്നതിന്റെ ഭാഗമായി സംശയം തോന്നുന്ന ഒരാളെ അറസ്റ്റ് ചെയ്യുകയും എന്നാല്‍, അത് യഥാര്‍ഥ കുറ്റവാളിയല്ലെന്നു മനസ്സിലായിക്കഴിയുമ്പോള്‍മുതല്‍ കുറ്റബോധത്തിന്റെ അച്ചില്‍ അരഞ്ഞുതീരുകയുമാണ് അരവിന്ദ് കരുണാകരന്‍ എന്ന സബ് ഇന്‍സ്പെക്ടര്‍. ഇതിനെത്തുടര്‍ന്ന് യഥാര്‍ഥപ്രതിയെ അന്വേഷിച്ച് അരവിന്ദ് യാത്ര  പുറപ്പെടുന്നു.
നിരപരാധിയെ അപരാധിയായി മാറ്റുന്ന നിയമവ്യവസ്ഥയുടെയും ഭരണകൂടത്തിന്റെയും കുറ്റബോധമില്ലായ്മകള്‍ വ്യാപകമാകുകയും സാധാരണമാകുകയും ചെയ്യുമ്പോഴാണ് അരവിന്ദിന്റെ  സത്യാന്വേഷണങ്ങള്‍ക്കു കൂടുതല്‍ പ്രസക്തി കൈവരുന്നതും അയാളുടെ കുറ്റബോധത്തിന്റെ ശരികളോടു ചേര്‍ന്നു ചരിക്കാന്‍ പ്രേക്ഷകന്‍ സന്നദ്ധനാകുന്നതും.
സ്നേഹമയിയായ ഭാര്യയും  മകനുമൊത്തു ജീവിക്കുമ്പോഴും വിവാഹേതരബന്ധം പുലര്‍ത്തുന്ന അലന്റെ മാനസികസംഘര്‍ഷങ്ങളും കുറ്റബോധവുമാണ് കാണെക്കാണെ എന്ന സിനിമയുടെ ഇതിവൃത്തം. കാമുകിസ്‌നേഹ ഗര്‍ഭിണിയാകുകയും വിവാഹത്തിനു നിര്‍ബന്ധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ  സമ്മര്‍ദങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടുകിടക്കുന്ന ഭാര്യയെ കണ്ടിട്ടും അതിനെ അവഗണിച്ച് അയാള്‍ മുന്നോട്ടുപോകുന്നത്.  അറിഞ്ഞുകൊണ്ടുതന്നെ ഭാര്യയെ മരണത്തിനു വിട്ടുകൊടുക്കുകയായിരുന്നു അയാള്‍. അയാള്‍ ആഗ്രഹിച്ചതുപോലെതന്നെ സംഭവിച്ചു.
ഭാര്യ അപകടത്തില്‍ മരിച്ചു. ഇതൊന്നും പുറംലോകം അറിയാതെ അലന്‍ സ്‌നേഹയെ വിവാഹം കഴിക്കുന്നു. അവര്‍ സന്തുഷ്ടമായ ജീവിതം നയിക്കുന്നു. പുറമേക്കു സന്തോഷകരമായ ദാമ്പത്യമെന്നു തോന്നുമ്പോഴും തനിക്കു മാത്രമറിയാവുന്ന കുറ്റബോധത്തിന്റെ കനലുകള്‍ അലനില്‍ എരിഞ്ഞുകൊണ്ടേയിരിക്കുന്നു. ഒടുവില്‍ അമ്മായിയച്ഛനു മുമ്പില്‍ കണ്ണീരോടെ തന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞ്  മിഴിനീരില്‍ അയാള്‍ സ്‌നാനപ്പെടുന്നു.
ഭര്‍ത്താവിനോട് അവിശ്വസ്തത പുലര്‍ത്തുന്ന ഭാര്യയുടെയും അവളുടെ അവിശ്വസ്തത മനസ്സിലാക്കി അവളെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ഭര്‍ത്താവിന്റെയും കുറ്റബോധം   ട്രാഫിക് എന്ന ഗംഭീരസിനിമയുടെ അടിയൊഴുക്കാണ്. അസ്വസ്ഥകരമായ പേരന്റിങ്ങിന്റെയും അതു നല്കുന്ന തിരിച്ചറിവുകളുടെയും കഥ പറയുന്ന സ്‌കൂള്‍ ബസിലും കഥാപാത്രങ്ങള്‍ കുറ്റബോധത്തിന്റെ ഒറ്റവരിയിലൂടെ ഇടറിനീങ്ങുന്നവരാണ്. അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലെ ഡോ. രവി തരകനിലും ഹൗ ഓള്‍ഡ് ആര്‍ യൂവിലെ നിരുപമയുടെ ഭര്‍ത്താവ് രാജീവനിലുമൊക്കെ ഇതേ നിഴല്‍ വീണുകിടക്കുന്നുണ്ട്.
ഈ കഥാപാത്രങ്ങളിലൂടെയൊക്കെ കടന്നുപോകുമ്പോള്‍  പ്രേക്ഷകരിലും പലവിധത്തിലുള്ള കുറ്റബോധങ്ങളുടെ ഓര്‍മകള്‍ കെട്ടഴിഞ്ഞുവീഴുന്നുണ്ട്. ചെയ്തുപോയതും ചെയ്യാതെപോയതും കുറെക്കൂടി സ്‌നേഹത്തോടെ ചെയ്യാമായിരുന്നതുമായവയെക്കുറിച്ചുള്ള കുറ്റബോധങ്ങള്‍.
കുറ്റബോധങ്ങളില്‍നിന്ന് എന്നെങ്കിലും മനുഷ്യര്‍ രക്ഷപ്പെടുമോ?

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)