•  25 Apr 2024
  •  ദീപം 57
  •  നാളം 7
കാഴ്ചയ്ക്കപ്പുറം

പിതൃപുത്രബന്ധത്തിന്റെ താഴ്‌വരകളും പീഠഭൂമികളും

''ഒരച്ഛനും മക്കളോടു പിണങ്ങിയിരിക്കാന്‍ കഴിയില്ല മോനേ...'' കഠിനകഠോരമീ അണ്ഡകടാഹം എന്ന ഏറ്റവും പുതിയ ബേസില്‍ ജോസഫ് ചി്രതത്തില്‍ നായകനായ ബെച്ചുവിനോട് ഗള്‍ഫുകാരനായ വാപ്പ പറയുന്ന ഡയലോഗാണിത്. പക്ഷേ, ബെച്ചുവിനു വാപ്പയോടുള്ളതു മറ്റൊരു വികാരമാണ്.
 ഇത്രയും വര്‍ഷം ഗള്‍ഫില്‍ പോയി കിടന്നിട്ട് എന്തു സമ്പാദിച്ചു, ഒരു വീടുണ്ടാക്കിയതോ മകളെ കെട്ടിച്ചയച്ചതോ.. അതാണ് അവന്റെ പ്രസക്തമായ ചോദ്യം.
 ഗള്‍ഫുകാരന്റെ മകന്‍ എന്നു പറയുമ്പോള്‍ ചുറ്റുമുള്ളവര്‍ക്കെല്ലാം അസൂയയും ആദരവും തോന്നിയേക്കും. കാരണം, ഗള്‍ഫില്‍നിന്നു കിട്ടുന്ന പെര്‍ഫ്യൂം, ഷൂസ്, ടീഷര്‍ട്ട്.. കളിപ്പാട്ടങ്ങള്‍.. പക്ഷേ, ഇതിനെല്ലാമപ്പുറം താന്‍ ആഗ്രഹിച്ചത് വാപ്പയുടെ സാമീപ്യവും സ്നേഹവുമായിരുന്നുവെന്നാണ് ബെച്ചുപറയുന്നത്. അതവന്റെ ന്യായീകരണം കൂടിയാണ്.
നമ്മുടെ എഴുത്തുകളിലും സിനിമകളിലുമെല്ലാം കൂടുതലായും കണ്ടുവരുന്നത് അമ്മമാരെക്കുറിച്ചുള്ള വാഴ്ത്തലുകളാണ്. അമ്മമാരെല്ലാം പൊന്നമ്മമാരാണെന്ന മട്ടിലാണ് നമ്മുടെ ചിത്രീകരണങ്ങളും. അച്ഛന്‍ അപൂര്‍വമായി മാത്രമേ അത്തരമൊരു കഥാപാത്രചിത്രീകരണത്തിലേക്കു കടന്നുവരാറുമുള്ളൂ.
കടന്നുവരുമ്പോഴാകട്ടെ അത് മിക്കവാറും സ്ഫടികത്തിലെ ചാക്കോമാഷിനെപ്പോലെയായിരിക്കുകയും ചെയ്യും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് അച്ഛന്‍ - മകന്‍ ബന്ധത്തിന്റെ സൗന്ദര്യവും സംഘര്‍ഷവും പ്രകടമാക്കുന്ന കഠിനകഠോരമീ അണ്ഡകടാഹംപോലെയുള്ള ചിത്രങ്ങളുടെ പ്രസക്തി ചര്‍ച്ച ചെയ്യപ്പെടേണ്ടതായിവരുന്നത്.
അച്ഛന്‍ എപ്പോഴും മക്കള്‍ക്ക് അദൃശ്യനാണ്. ശിശുപരിചരണം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിലെല്ലാം അമ്മ സജീവസാന്നിധ്യമാകുകയും അതിനു പിന്നിലുള്ള അച്ഛന്റെ സാന്നിധ്യം കാണപ്പെടാതെ പോകുകയും ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മാത്രവുമല്ല, ജോലിയുമായി ബന്ധപ്പെട്ടു വിദൂരസ്ഥലങ്ങളിലാണ് അച്ഛനെങ്കില്‍ ഈ അകലം കൂടുതലായിരിക്കുകയും ചെയ്യും.
അച്ഛനെ വേണ്ടാതെവരികയും എന്നാല്‍, അച്ഛന്റെ പണംമാത്രം ആവശ്യം വരികയും ചെയ്യുന്ന അവസ്ഥ. കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി പണം കായ്ക്കുന്ന മരമാണ് പലയിടങ്ങളിലും അച്ഛന്‍. കുലുക്കുമ്പോള്‍ പണം വീണില്ലെങ്കില്‍ അച്ഛന്‍ സ്നേഹമില്ലാത്തവനും കുടുംബവിരുദ്ധനും സ്വാര്‍ഥനുമാകുന്നു. ഗള്‍ഫ് - ഇപ്പോള്‍ യൂറോപ്പ് - പലരെ സംബന്ധിച്ചിടത്തോളവും സ്വപ്നങ്ങളുടെ കുടിയേറ്റഭൂമിയാണല്ലോ. എന്നാല്‍, എത്ര കഷ്ടപ്പെട്ടും വിയര്‍പ്പൊഴുക്കിയുമാണ് പൗണ്ടും ഡോളറും ദിര്‍ഹവുമൊക്കെ കറന്‍സികളാക്കി മാറ്റുന്നതെന്ന് കൈപ്പറ്റുന്നവരൊരിക്കലും അറിയുന്നില്ല.
ബെച്ചുവിന്റെ വാപ്പയെപ്പോലെ ഗള്‍ഫില്‍ ജീവിതകാലം മുഴുവന്‍ കഴിയേണ്ടിവരുന്ന ഒരു കഥാപാത്രമാണ് പത്തേമാരിയിലെ പള്ളിക്കല്‍നാരായണനും. പള്ളിക്കല്‍ നാരായണനു സ്വരംമാത്രമല്ല മുഖവുമുണ്ട്. മമ്മൂട്ടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. (അണ്ഡകടാഹത്തിലെ ബെച്ചുവിന്റെ അച്ഛന്‍ സ്വരംമാത്രമായിട്ടാണു പ്രത്യക്ഷപ്പെടുന്നത്.)
ബെച്ചുവിന്റെ വാപ്പയെപ്പോലെ ശവമായിട്ടാണ് ഗള്‍ഫില്‍നിന്നുള്ള നാരായണന്റെ മടക്കവും. പക്ഷേ, അതിലെ വേദനയെന്നു പറയുന്നതാവട്ടെ പുതുതായി, അയാള്‍ പണികഴിപ്പിച്ച വീട്ടിലേക്കു ശവമായി അയാളെ പ്രവേശിപ്പിക്കാന്‍ മകനോ ഭാര്യയോപോലും തയ്യാറാകുന്നില്ല എന്നതാണ്. പാലുകാച്ചല്‍ നടക്കുന്നതിനുമുമ്പ് ശവം അകത്തുകയറ്റുന്നത് ദുശ്ശകുനമാണ് എന്നതാണ് അവരുടെ വിശദീകരണം. താന്‍ വിയര്‍പ്പൊഴുക്കി പണിത വീടിന്റെ ഉമ്മറത്തെങ്കിലും ജീവനറ്റ ദേഹമായി കിടക്കാന്‍ അവസരമില്ലാതെ അയാളുടെ മൃതദേഹം ആ വീടിന്റെ മുമ്പിലൂടെത്തന്നെ മറ്റൊരിടത്തേക്കു കൊണ്ടുപോകുന്നത് ഹൃദയം നുറുങ്ങുന്ന വേദനയോടെയേ പ്രേക്ഷകനു കണ്ടിരിക്കാനാവൂ.
കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന കുടുംബനാഥന്മാരൊക്കെ അവരുടെ ചോരയും നീരും വറ്റിക്കഴിയുമ്പോള്‍ ചണ്ടികളായി മാറ്റപ്പെടുന്നു. ഇവിടെ മറ്റൊരു കാര്യംകൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എന്തുകൊണ്ടാണ് വീട്ടില്‍നിന്ന് അകന്നുജീവിക്കുന്ന അച്ഛന്മാരോടു മക്കള്‍ക്ക് വൈകാരികമായ അടുപ്പം തോന്നാത്തത്?
മക്കളുടെ പ്രത്യേകിച്ച്, ആണ്‍മക്കളുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ അവരുടെ കൂടെയുണ്ടായിരിക്കേണ്ട ആള്‍തന്നെയാണ് അച്ഛന്‍. സാഹചര്യം നിര്‍ബന്ധിച്ചിട്ടാണെങ്കിലും അകന്നുജീവിക്കേണ്ടിവരുമ്പോള്‍, സ്വാഭാവികമായും സംഭവിക്കേണ്ട അടുപ്പം മക്കള്‍ക്ക് അച്ഛനോട് ഇല്ലാതെവരുന്നു. അവരെ സംബന്ധിച്ചിടത്തോളം വല്ലപ്പോഴും വീട്ടില്‍ വന്നു മടങ്ങുന്ന ഒരു അതിഥിമാത്രമായിരുന്നു അച്ഛന്‍. ബെച്ചുവിന്റെ വാക്കുകളില്‍  ഈ സങ്കടവും നഷ്ടബോധവുമുണ്ട്.
ഗള്‍ഫുകാരന്റെ മകന്‍ എന്ന പേരില്‍ എല്ലാവരും തന്നെ അസൂയയോടെ നോക്കുമ്പോള്‍ തനിക്കു വേണ്ടത് അതൊന്നുമായിരുന്നില്ല അച്ഛന്റെ സ്നേഹമായിരു ന്നുവെന്നുമാണ് ബെച്ചുവിന്റെ കുമ്പസാരം.  ഈ വഴിക്കു ചിന്തിക്കുമ്പോള്‍ നമുക്ക് ആരെയും കുറ്റപ്പെടുത്താനും കഴിയില്ല. കിട്ടേണ്ടത് കിട്ടേണ്ടപ്രായത്തില്‍ കിട്ടാതെ വരുമ്പോള്‍ കിട്ടാത്തതിനോട് അകല്‍ച്ച മനസ്സില്‍ രൂപപ്പെടുന്നു. അച്ഛന്മാര്‍ മനസ്സിലാക്കേണ്ട സത്യംകൂടിയാണ് ഇത്.
ലാല്‍ജോസിന്റെ അറബിക്കഥയിലെ ഗള്‍ഫ്കഥയുടെ ചിത്രീകരണത്തിലും നാരായണനെയും ബെച്ചുവിന്റെ വാപ്പയെയുംപോലെയുള്ള മലയാളി അച്ഛന്മാരെ കണ്ടുമുട്ടാന്‍ കഴിയുന്നുണ്ട്. ഒറ്റമുറി താമസസ്ഥലത്ത് ഒന്നിലധികം പേരുമായി കുടുസുജീവിതം നയിച്ച് മകളുടെ വിവാഹത്തിനുപോലും പോകാന്‍ കഴിയാതെ പണം മാത്രം അയച്ചുകൊടുത്ത് ആ സമയം ഗള്‍ഫില്‍ കഴിഞ്ഞുകൂടേണ്ടിവരുന്ന നിസ്സഹായരും ദുര്‍ബലരും ദരിദ്രരുമായ അച്ഛന്മാര്‍. അവരുടെ സാന്നിധ്യംപോലും ആര്‍ക്കും ആവശ്യമില്ല. പണംമാത്രം മതിയെന്നു തോന്നിപ്പോകുന്ന എത്രയോ സന്ദര്‍ഭങ്ങള്‍.
മലയാളസിനിമയിലെ പിതൃപുത്രബന്ധത്തിന്റെ മറ്റൊരുതലം സംഘര്‍ഷത്തിന്റേതാണ്. ഈ സംഘര്‍ഷം പലതരത്തില്‍ രൂപപ്പെടാറുണ്ട്. പ്രധാനമായും മകനെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങള്‍ തകരുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷമാണ് ഇത്. അച്ഛനു മകനെക്കുറിച്ച് സ്വപ്നങ്ങള്‍ ഏറെയുണ്ടാവും. പക്ഷേ, വിധിയോ സാഹചര്യമോ അല്ലെങ്കില്‍ മകന്റെതന്നെ കൈയിലിരിപ്പോ കാരണം അവയോരോന്നും തകര്‍ന്നുവീഴുന്നു. ഇത് അച്ഛനും മകനും തമ്മിലുളള ബന്ധത്തില്‍ ഇടര്‍ച്ചകളുണ്ടാക്കുന്നു. ഈ വിഷയം മലയാളത്തില്‍ ഏറ്റവും നന്നായി അവതരിപ്പിച്ചിക്കുന്നത് തിലകന്‍ - മോഹന്‍ലാല്‍  ദ്വയങ്ങളാണ്.
കിരീടം, നരസിംഹം, സ്ഫടികം എന്നിവ ഉദാഹരണം. മകനെക്കുറിച്ചുള്ള അമിതപ്രതീക്ഷകളും മകനെ മനസ്സിലാക്കാന്‍ കഴിയാതെപോയതുമാണ് കണക്ക് അധ്യാപകനായ ചാക്കോ മാഷും തോമസ് ചാക്കോയും തമ്മിലുളള ബന്ധത്തിലെ ഇടര്‍ച്ചയ്ക്കു വഴിതെളിച്ചത്.
നരസിംഹത്തിലും സമാനമായ അവസ്ഥതന്നെയാണ്. പക്ഷേ, സാഹചര്യമാണ് കിരീടത്തിലെ സേതുമാധവന്റെ ജീവിതത്തില്‍ വില്ലനായത്. കോണ്‍സ്റ്റബിളായ അച്ഛന്‍ എസ് ഐ ആയ മകന് സല്യൂട്ട് അടിക്കുന്ന സ്വപ്നരംഗം ചിത്രീകരിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നതുതന്നെ. എന്നാല്‍, ആ സ്വപ്നം സാക്ഷാത്കരിച്ചുകൊടുക്കാന്‍ കഴിയാതെപോവുകയും മകന് സ്വന്തം ജീവിതം കൈമോശം വരുകയും ചെയ്യുന്നു. ദേവാസുരം,  രാവണപ്രഭു തുടങ്ങിയ സിനിമകളിലും പിതൃപുത്രസംഘര്‍ഷം നിലനില്ക്കുന്നുണ്ട്.
പ്രസവത്തോടെ അമ്മ മരിച്ചുപോയ മകനുമായി ഒറ്റയ്ക്കു ജീവിക്കുന്ന അച്ഛന്റെ കഥയായിരുന്നു ഫാസിലിന്റെ പപ്പയുടെ സ്വന്തം അപ്പൂസ് പറഞ്ഞത്. ബിസിനസ് തിരക്കുകള്‍ക്കിടയില്‍ മകന്റെ ഇഷ്ടങ്ങള്‍ പലതും സാധിച്ചുകൊടുക്കാന്‍ മമ്മൂട്ടിയുടെ അച്ഛന്‍ കഥാപാത്രത്തിനു കഴിയുന്നില്ല. എന്നാല്‍, മകന് ഇനി ഏതാനും ദിവസങ്ങള്‍കൂടിമാത്രമേ ഭൂമിയില്‍ ജീവിതമുള്ളൂ എന്നു മനസ്സിലായിക്കഴിയുമ്പോള്‍ മകന്റെ ഓരോ ഇഷ്ടങ്ങളും സാധിച്ചുകൊടുക്കാന്‍ പാടുപെടുന്ന പപ്പയെ ആ ചിത്രത്തില്‍ കാണാന്‍ കഴിയും എന്നെക്കൊണ്ടാവുംപോല്‍ നിന്നിഷ്ടം ഏതും സാധിച്ചുതരാം എന്നാണ് അയാളുടെ വാക്ക്. വാടല്ലേ പൂവേ വീഴല്ലേ തേനേ എന്നാണ് അയാളുടെ പ്രാര്‍ഥനയും. കണ്ണു നിറയാതെ കണ്ടിരിക്കാന്‍ കഴിയാത്ത രംഗങ്ങള്‍.
തങ്ങള്‍ക്കിടയിലേക്കു കടന്നുവരുന്ന പെണ്ണുമൂലം അച്ഛന്റെയും മകന്റെയും ബന്ധത്തില്‍ സംഭവിക്കുന്ന പാളിച്ചകള്‍ ചിത്രീകരിക്കുന്ന സിനിമകളുമുണ്ട്. ഇവിടെ  പെണ്ണ് പലതരത്തില്‍ സ്വാധീനിക്കപ്പെടുകയും സംഘര്‍ഷത്തിനു കാരണമാവുകയും ചെയ്യുന്നു. രാജീവ്കുമാറിന്റെ 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന സിനിമയില്‍ ഭദ്ര എന്ന നായികയെ സ്വന്തമാക്കാന്‍ വേണ്ടിയാണ് നായികയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മനസ്സിലാക്കാതെ അച്ഛനും മകനും പോരടിക്കുന്നത്. തിലകനും ബിജുമേനോനുമാണ് പ്രസ്തുത കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇഷ്ടപ്പെട്ട - തങ്ങളെ വശീകരിച്ച - ഒരു പെണ്ണിനെ സ്വന്തമാക്കാന്‍വേണ്ടി അച്ഛനും മകനും കയ്യാങ്കളിയിലേര്‍പ്പെടുകയും അനിവാര്യമായ വിധിക്കു കീഴടങ്ങുകയും ചെയ്യുന്നത് പരിതാപകരമെന്നേ പറയാനാവൂ.
സുഹൃത്തുക്കളെപ്പോലെ ജീവിച്ച അച്ഛന്റെയും മകന്റെയും കഥയായിരുന്നു സത്യന്‍ അന്തിക്കാട് - ലോഹിതദാസ് ടീമിന്റെ 'വീണ്ടും ചില വീട്ടുകാര്യങ്ങള്‍'പറഞ്ഞത്. പക്ഷേ അവര്‍ക്കിടയിലേക്ക് ഭാവന എന്ന പെണ്‍കുട്ടി കടന്നുവരുകയും മകന്‍ റോയി അവളില്‍ ആകൃഷ്ടനാവുകയും ചെയ്യുന്നതോടെ അച്ഛനും മകനും തമ്മിലുള്ള ബന്ധം വഷളാകുന്നു.
അച്ഛന് മറ്റൊരു ബന്ധത്തില്‍ പിറന്ന മക്കളുണ്ടെന്നു മനസ്സിലാക്കുകയും അവരുടെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്യുന്ന ബാലന്‍ അതിന്റെപേരില്‍ തെറ്റിദ്ധരിക്കപ്പെടുകയും ഭാര്യയുടെയും അമ്മയുടെയും കുത്തുവാക്കുകള്‍ നിശ്ശബ്ദം സഹിക്കുകയും ചെയ്യുന്നു. അപ്പോഴും അച്ഛനെ കുറ്റപ്പെടുത്താനോ അച്ഛന്റെ മാനാഭിമാനങ്ങള്‍ തകര്‍ക്കാനോ ശ്രമിക്കാതെ എല്ലാ അപമാനവും സ്വയം ഏറ്റെടുക്കുകയാണ് ബാലന്‍ എന്ന മകന്‍ ചെയ്യുന്നത്. വിഎം വിനുവിന്റെ സംവിധാനത്തിലുള്ള 'ബാലേട്ടന്‍' എന്ന മോഹന്‍ലാല്‍  സിനിമ പറഞ്ഞത് ഇത്തരമൊരു കഥയാണ്.
അച്ഛനെ കൂട്ടുകാരനെപ്പോലെ പരിഗണിക്കുകയും അച്ഛനു രണ്ടാംവിവാഹം നടത്തിക്കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന, അതിനുവേണ്ടി സ്വന്തം പ്രണയിനിയെപ്പോലും വേണ്ടെന്നുവയ്ക്കാന്‍ തയ്യാറാവുന്ന സ്‌നേഹനിധിയായ പവന്‍ എന്ന മകന്റെ കഥയാണ് സിബി മലയിലിന്റെ ഇഷ്ടം എന്ന സിനിമ പറഞ്ഞത്. നെടുമുടി വേണുവും ദീലിപുമായിരുന്നു ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബിസിനസ് പരാജയംമൂലം മനസ്സിന്റെ സമനില തകര്‍ന്ന അച്ഛനെ, വേദനിപ്പിക്കുന്ന ആ ഭൂതകാലം ഓര്‍മിപ്പിക്കാതെ രാജാവിനെക്കണക്കെ കൊണ്ടുനടക്കുന്ന മകനെ സത്യംശിവംസുന്ദരം എന്ന ചിത്രത്തില്‍ റാഫിമെക്കാര്‍ട്ടിന്‍ അവതരിപ്പിച്ചിട്ടുണ്ട്, ബാലചന്ദ്രമേനോനും കുഞ്ചാക്കോ ബോബനുമായിരുന്നു അഭിനേതാക്കള്‍. ബിജുമേനോന്‍ നായകനായി അഭിനയിച്ച മറ്റൊരു സിനിമയുടെ പേര് 'അച്ഛനെയാണെനിക്കിഷ്ടം' എന്നായിരുന്നു.
അച്ഛന്മാരുടെ ത്യാഗത്തെയും സ്നേഹത്തെയും കുറിച്ചു പറയുമ്പോള്‍ ഒരു അപ്പനെക്കുറിച്ചുകൂടി പരാമര്‍ശിക്കാതെ ഈ ലേഖനം പൂര്‍ണമാവില്ലെന്നാണ് തോന്നുന്നത്. മജു സംവിധാനം ചെയ്ത 'അപ്പന്‍' എന്ന സിനിമയിലെ ഇട്ടിച്ചന്‍ എന്ന കഥാപാത്രമാണ് അത്. അപ്പനെന്നാല്‍ സ്നേഹമെന്നും സംരക്ഷണമെന്നും കരുതിപ്പോരുന്ന നമ്മുടെ ധാരണകളെ വലിച്ചെറിയുന്ന അപ്പനാണ് ഈ ചിത്രത്തിലുള്ളത്. ശയ്യാവലംബിയായി ജീവിക്കുമ്പോഴും സ്വാര്‍ഥതയും ശരീരമോഹങ്ങളും വിട്ടുപിരിയാത്ത ഇട്ടിച്ചന്‍ എന്ന ഈ കഥാപാത്രത്തെ അലന്‍സിയറാണ് അവതരിപ്പിച്ചത്. ഇത്തരം ചില അപ്പന്മാരും നമുക്കു ചുറ്റിനുമുണ്ടെന്നു സമ്മതിക്കാതെ വയ്യ. ഇങ്ങനെയുള്ള ചില അച്ഛന്മാരെ നോക്കിയായിരിക്കണം, പണ്ട് സലിംകുമാര്‍ പറഞ്ഞത്: അച്ഛനാണത്രേ അച്ഛന്‍.

 

Login log record inserted successfully!