മനുഷ്യന്റെ ജീവനാണോ മൃഗത്തിന്റെ ജീവനാണോ വിലയുള്ളത് എന്ന ചോദ്യത്തിനു മുമ്പില്‍ മനുഷ്യരെക്കാള്‍ മൃഗങ്ങളാണു വലുത് എന്ന മട്ടില്‍ മറുപടികള്‍ കിട്ടിക്കൊണ്ടിരിക്കുന്ന തികച്ചും നിഷേധാത്മകമായ ചുറ്റുപാടുകളിലാണ് നാം ജീവിച്ചുപോരുന്നത്. അരിക്കൊമ്പന്റെ ലീലാവിലാസങ്ങള്‍ക്കു താത്കാലികവിരാമമായെങ്കിലും കാട്ടുപോത്തിന്റെ കൂര്‍ത്തകൊമ്പില്‍ കോര്‍ക്കപ്പെട്ട ജീവന്റെ നിലവിളികളുടെ മുഴക്കം ഇപ്പോഴും അന്തരീക്ഷത്തില്‍നിന്നു മാഞ്ഞുപോയിട്ടില്ല. വീരപരിവേഷമുള്ള അരിക്കൊമ്പന്റെ ജീവിതം അഭ്രപാളികളിലേക്കു പകര്‍ത്തപ്പെടുന്നുവെന്നാണ് അതുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.
മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന മൃഗങ്ങളെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വരുമ്പോഴും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന് മറ്റൊരു തലംകൂടിയുണ്ടെന്നും കാണാതെപോകരുത്. ആത്മബന്ധത്തിന്റെ സ്വര്‍ണനൂലിഴകളില്‍ കോര്‍ക്കപ്പെട്ടിട്ടുള്ള പല സംഭവങ്ങളും ഇതോടു ചേര്‍ത്തുവയ്ക്കപ്പെടേണ്ടതായിട്ടുണ്ട്. മനുഷ്യനൊപ്പം മൃഗങ്ങളും കടന്നുവരുന്ന ചില സിനിമകളിലൂടെ ഇത്തവണ കടന്നുപോകാം.
മനുഷ്യനോട് ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നതും കൂറുപുലര്‍ത്തുന്നതുമായ മൃഗമേതാണെന്നു ചോദിച്ചാല്‍ നായ് എന്നായിരിക്കും അതിനുള്ള മറുപടി. വീടുകളില്‍ ഒരുപക്ഷേ, കൂടുതലായി പരിപാലിക്കപ്പെടുന്നതും നായതന്നെയായിരിക്കും. കാവല്‍മൃഗമായിക്കൂടി കണക്കാക്കപ്പെടുന്നതുകൊണ്ടാവാം നായയോടു പലര്‍ക്കും സ്നേഹക്കൂടുതലും.
അടുത്തയിടെ പാന്‍ ഇന്ത്യ സിനിമയായി പ്രേക്ഷകഹൃദയം കീഴടക്കിയ 777 ചാര്‍ലി എന്ന കന്നഡസിനിമ നായകനും ഒരു നായയും തമ്മിലുളള ആത്മബന്ധത്തിന്റെ കഥയാണു പറഞ്ഞത്. നായ്‌പ്രേമികളല്ലാത്തവര്‍ക്കുപോലും കണ്ണീരോടെയല്ലാതെ പ്രസ്തുത ചിത്രം കണ്ടുതീര്‍ക്കാനാവുമായിരുന്നില്ല. ജീവിതത്തില്‍ ആരുമില്ലാത്ത, ഫാക്ടറിത്തൊഴിലാളിയായ നായകന്റെ ജീവിതത്തിലേക്കു വളരെ അപ്രതീക്ഷിതമായും ആഗ്രഹിക്കാതെയുമാണ് ചാര്‍ലിയുടെ കടന്നുവരവ്. ചില പ്രത്യേകസാഹചര്യങ്ങളിലൂടെ നായകന്‍ നായയുമായി അടുക്കുകയും വിട്ടുപിരിയാനാവാത്ത വിധം സ്നേഹത്തിലാവുകയും ചെയ്യുന്നു. മലയാളത്തില്‍പ്പോലും മികച്ച സാമ്പത്തികവിജയം നേടാന്‍ ഈ ചിത്രത്തിനു സാധിച്ചിരുന്നു. കന്നഡസിനിമയുടെ ചരിത്രത്തിലെ പണംവാരി സിനിമകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനമായിരുന്നു ചാര്‍ലിക്ക്.
ചാര്‍ലിയിലേതുപോലെ നായയെ കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിച്ച, അടുത്തയിടെ പ്രദര്‍ശനത്തിനെത്തിയ ഒരു മലയാളസിനിമയായിരുന്നു നെയ്മര്‍. സാധാരണസിനിമകളില്‍ കാണുന്നതില്‍നിന്നു വ്യത്യസ്തമായി ഒരു നാടന്‍പട്ടിയെയാണ് ട്രെയിനിങ് നല്കി ചിത്രത്തില്‍ അഭിനയിപ്പിച്ചിരിക്കുന്നത്. ചാര്‍ലിയിലെന്നതുപോലെ ബന്ധങ്ങളുടെ ആര്‍ദ്രതയും ഊഷ്മളതയുംതന്നെയാണ് നെയ്മറും അവതരിപ്പിച്ചിരിക്കുന്നത്. വാലാട്ടി കാണിക്കുന്ന നായ്ക്കള്‍ നന്ദിയുടെകൂടി അടയാളങ്ങളാണല്ലോ.
മനുഷ്യരോടുളള അവയുടെ സ്നേഹവും നന്ദിയും അടുപ്പവും ഹൃദ്യമായി അവതരിപ്പിക്കാന്‍ പ്രസ്തുത സിനിമകള്‍ക്കു സാധിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളോടു താരതമ്യപ്പെടുത്താന്‍ കഴിയില്ലെങ്കിലും റിങ്മാസ്റ്റര്‍ എന്ന ഷാഫി-ദിലീപ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തിലും ഒരു നായ പ്രധാനകഥാപാത്രംതന്നെയായിരുന്നു. ടേണര്‍ ആന്റ് ഹൂച്ച്, കെ-9, വൈറ്റ് ഫാങ്, ടോപ്പ് ഡോഗ് തുടങ്ങിയ നിരവധി വിദേശഭാഷാചിത്രങ്ങളിലും മനുഷ്യനും നായയും തമ്മിലുള്ള ബന്ധം ആവിഷ്‌കരിച്ചിട്ടുണ്ട്.
നായ്ക്കള്‍മാത്രം കഥാപാത്രങ്ങളാകുന്ന ഒരു സിനിമയെക്കുറിച്ചുകൂടി പറയാം. വാലാട്ടി എന്നാണു പേര്. മലയാളസിനിമയിലെ പ്രധാന താരങ്ങളുടെ ശബ്ദത്തിലായിരിക്കും ഈ ചിത്രത്തിലെ നായ്ക്കള്‍ സംസാരിക്കുന്നത് എന്നതാണു പുതുമ. ഗോള്‍ഡന്‍ റിട്രീവര്‍, കോക്കര്‍ സ്പാനിയല്‍, റോഡ് വീലര്‍, നാടന്‍ നായ എന്നീ ഇനങ്ങളില്‍പെട്ട പരിശീലനംസിദ്ധിച്ച നായ്ക്കളാണു ചിത്രത്തില്‍ അഭിനയിക്കുന്നത്.
എന്നും വിസ്മയം ജനിപ്പിക്കുന്ന മൃഗമാണ് ആന. കടല്‍പോലെ എത്ര കണ്ടാലും മതിവരാത്ത എന്തോ ഒരു ഭംഗിയും ആകര്‍ഷണീയതയും ആനയ്ക്കുണ്ട്. ആനയെ കേന്ദ്രകഥാപാത്രമാക്കിയുള്ള ചില മലയാളസിനിമകളുമുണ്ട്.
ബേബി ശാലിനി മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ആനയ്ക്കൊരുമ്മ എന്ന സിനിമയാണ് അതിലൊന്ന്. 1985 ലാണ് ആനയ്ക്കൊരുമ്മ ഇറങ്ങിയത്. തൊട്ടടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തിയ അടിവേരുകള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നായകനൊപ്പം ഒരു ആനയുണ്ടായിരുന്നു. രണ്ടുചിത്രങ്ങളിലെയും ആനയെ പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെയാണു സ്വീകരിച്ചതും.
വിശ്വനാഥിന് അച്ഛന്‍ പിറന്നാളിനു സമ്മാനമായി നല്കിയത് ഒരു ആനക്കുട്ടിയെയായിരുന്നു. അപ്പു എന്ന് ആനയ്ക്കു പേരിട്ട് വിശ്വം അവനെ ഓമനിച്ചു. വര്‍ഷങ്ങളോളം നീളുന്ന ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു അത്. എന്നാല്‍, അതേ ആന വിശ്വത്തിന്റെ ജീവിതത്തില്‍ പിന്നീട് പ്രശ്നകാരണമായി മാറുന്നു. വിശ്വത്തിന്റെ ജീവിതം താന്‍മൂലം തകരരുതെന്ന് ആഗ്രഹിക്കുന്ന അപ്പു നാടുവിട്ട് സ്വമേധയാ വനത്തിലേക്കു ചേക്കേറുന്നു. 1997 ല്‍ പുറത്തിറങ്ങിയ സുന്ദര്‍ദാസ് ചിത്രമായ സമ്മാനത്തിന്റെ കഥയാണ് ഇത്. ആനയും നായകനുമായിട്ടുള്ള വൈകാരികബന്ധം വിജയപ്രദമായ രീതിയില്‍ അവതരിപ്പിക്കാന്‍ ഈ സിനിമയ്ക്കും സാധിച്ചിട്ടുണ്ട്.
രണ്ടുവര്‍ഷത്തിനുശേഷം ആനയുമായി ഒരു ഹിറ്റ് സിനിമയെത്തി. ജയറാമിന്റെ പട്ടാഭിഷേകം. കല്യാണി എന്ന പേരുള്ള ആനയും പെണ്‍കുട്ടിയും നായകന്റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളും സംഭവവികാസങ്ങളും ഫലിതരൂപേണയായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍, ഇതിനെക്കാളെല്ലാം പഴയൊരു ആനസിനിമയുണ്ട്. ആന വളര്‍ത്തിയ വാനമ്പാടി എന്നാണു പേര്. 1959 ലാണ് ഈ സിനിമ പ്രദര്‍ശനത്തിനെത്തിയത്.
വിമാനാപകടത്തില്‍നിന്ന് അത്യദ്ഭുതകരമായി രക്ഷപ്പെട്ട ഒരു പിഞ്ചുകുഞ്ഞ് വന്നുവീഴുന്നത് കാട്ടിലാണ്. ആ കുഞ്ഞിനെ ആനയെടുത്തുകൊണ്ടുപോയി തന്റെ യജമാനനെ ഏല്പിക്കുന്നു. പിന്നീട് ആ കുട്ടി കാട്ടില്‍ വളരുന്നു. നീലാ പ്രൊഡക്ഷന്റെ ബാനറില്‍ പി. സുബ്രഹ്‌മണ്യം നിര്‍മിച്ച ചിത്രത്തിന്റെ കഥ ഇങ്ങനെപോകുന്നു.
മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന പേരില്‍ സിനിമയുണ്ടെങ്കിലും ചിത്രത്തിന് ആടുമായി പുലബന്ധംപോലുമില്ല എന്നതാണു വാസ്തവം. എന്നാല്‍, ആട് പ്രധാനകഥാപാത്രമായി വരുന്ന ഒരു സിനിമയുണ്ട്. ജയസൂര്യ ഷാജിപ്പാപ്പനായി കസറിയ ആ ചിത്രത്തിന്റെ പേര് ആട് ഒരു ഭീകരജീവിയാണ്. വടംവലിമത്സരത്തില്‍ ഷാജിപ്പാപ്പനും കൂട്ടര്‍ക്കും കിട്ടിയ ആട് അവരുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന വയ്യാവേലികളിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്.
ആടും ആനയും പട്ടിയും സിനിമകളില്‍ കടന്നുവരുമ്പോള്‍ പുലി കേന്ദ്രകഥാപാത്രമായുള്ള ഒരു സിനിമയെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്. മലയാളത്തില്‍ ആദ്യമായി കോടിക്ലബില്‍ ഇടംപിടിച്ച പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ സിനിമയാണ് അത്. മുന്‍സൂചിപ്പിച്ച സിനിമകളില്‍നിന്നെല്ലാം വ്യത്യസ്തമായി പ്രതിനായകന്മാരായ മനുഷ്യര്‍ക്കൊപ്പം ഇടംപിടിച്ച കഥാപാത്രമായിട്ടാണ് പുലിയെ അവതരിപ്പിച്ചിരിക്കുന്നത്.
തന്റെ അച്ഛനെ ഇല്ലാതാക്കിയ പുലിയോടുള്ള പ്രതികാരവുമായി വളര്‍ന്നുവരുന്ന മുരുകന്റെ ജീവിതവും ഒടുവില്‍ പുലിയെ കീഴടക്കിയ അയാളുടെ വിജയവുമാണ് പ്രസ്തുത ചിത്രം പറഞ്ഞത്. പുലിയെക്കുറിച്ചു പറയുമ്പോള്‍ കരടിയായി വേഷം കെട്ടി അഭിനയിക്കേണ്ടിവന്ന മനുഷ്യന്റെ കഥ പറഞ്ഞ മൈ ഡിയര്‍ കരടിയും പരാമര്‍ശവിധേയമാകേണ്ടതുണ്ട്. 1999 ലാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കലാഭവന്‍ മണിയായിരുന്നു കരടിയായി എത്തിയത്.
പുലിമുരുകനില്‍നിന്ന് അമ്പേ വ്യത്യസ്തമായ ഒരു ചിത്രമുണ്ട്. ലൈഫ് ഓഫ് പൈ. വില്ലനല്ല നായകസ്ഥാനമോ നായകപരിവേഷമോ ഉള്ള കടുവയാണ് ഇതിലെ കേന്ദ്രകഥാപാത്രം. കപ്പല്‍ച്ചേതത്തില്‍നിന്നു രക്ഷപ്പെട്ടവരില്‍ അവശേഷിച്ച പൈ എന്ന പതിനാറുകാരനും റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന കടുവയും നടത്തുന്ന അതിജീവനത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. ജീവന്‍ രക്ഷിക്കാനായി മനുഷ്യര്‍ നടത്തുന്ന പോരാട്ടത്തിന്റെ പ്രചോദനാത്മകമായ കഥയാണ് ഇവിടെ വിവരിക്കപ്പെടുന്നത്. കടുവ തന്റെ ജീവനെടുക്കാതിരിക്കാനായി അതിന്റെമേല്‍ അധീശത്വം പുലര്‍ത്തുകയും കടുവയെ തന്റെ വരുതിയില്‍ നിര്‍ത്താനായി പരിശീലിപ്പിക്കുകയുമാണ് പൈ.
മൃഗങ്ങള്‍ കഥാപാത്രങ്ങളായി വരുന്ന സിനിമകളിലൂടെ കടന്നുപോകുമ്പോള്‍ നമ്മെ അദ്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. മൃഗങ്ങളുടെ അഭിനയം. അവരെ അഭിനയിപ്പിച്ചെടുക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകരെടുക്കുന്ന കഠിനാധ്വാനവും ശ്രമവും. ക്യാമറയ്ക്കുമുമ്പില്‍ മനുഷ്യര്‍ക്കുപോലും പിഴവുകള്‍ സംഭവിക്കുമ്പോള്‍ ഈ മൃഗങ്ങളെങ്ങനെ അഭിനയിക്കുന്നു, അവരെക്കൊണ്ട് അഭിനയിപ്പിക്കുന്നു? അമ്പോ ഭയങ്കരംതന്നെ.