•  21 Nov 2024
  •  ദീപം 57
  •  നാളം 37
ബാലനോവല്‍

സ്വര്‍ണക്കുരിശ്

ജോസഫിന്റെ കുഞ്ഞിന്റെ മാമ്മോദീസാച്ചടങ്ങു നടന്നു: അവള്‍ക്കു ഷിനിമോള്‍ എന്നു പേരിട്ടു. കുഞ്ഞിനെ മാമ്മോദീസ മുക്കിയ ഫാദര്‍ ജെറോംതന്നെയാണ് ആ പേരു വിളിച്ചത്.
എല്ലാവര്‍ക്കും ആ പേരിഷ്ടപ്പെട്ടു.
ഷിബിന്‍. ഷിനി. നല്ല ചേര്‍ച്ച.
അച്ചന്‍ ഷിനിമോളുടെ തലയില്‍ കൈവച്ചനുഗ്രഹിച്ചു.
''നന്നായി വരും. ഷിനിമോള്‍ മിടുക്കിയായി വളരണം.''
റാണിക്കു സന്തോഷമായി. അച്ചന്റെ എല്ലാവിധ അനുഗ്രഹങ്ങളും മോള്‍ക്കു കിട്ടി. തന്റെ പൊന്നുമോള്‍ എല്ലാംകൊണ്ടും ഭാഗ്യവതിയാണ്. അമ്മയില്ലെന്നുള്ള ഒരു നിര്‍ഭാഗ്യമേ അവള്‍ക്കുള്ളൂ. പകരം താന്‍ അവളുടെ സ്വന്തം അമ്മയാണല്ലോ. ഷിനിമോളുടെ അമ്മ.
റാണി കുഞ്ഞുകിടക്കുന്ന മുറിയിലേക്കു ചെന്നു നോക്കി. ഷിനിമോള്‍ നല്ല ഉറക്കം. ഒരു വശം ചരിഞ്ഞുകിടന്നു സുഖമായുറങ്ങുന്നു.
ഷിനിമോള്‍... തന്റെ തങ്കക്കുടം... റാണി കുനിഞ്ഞ് കുഞ്ഞിന്റെ കവിളില്‍ ഒന്നു ചുംബിച്ചു.
മോളേ, എനിക്കു കിട്ടിയ നിധിയാണു നീ. എന്റെ കുഞ്ഞുമാലാഖയാണു നീ...
നാളെ നിനക്കൊരു വയസ്സു തികയുന്ന ദിവസമാണ്. ആഘോഷങ്ങളൊന്നുമില്ല നിന്റെ പിറന്നാളിന്. കാരണം, നിന്നെ ഞങ്ങള്‍ക്കു നല്‍കി നിന്റമ്മ പോയിട്ട് ഒരു വര്‍ഷമായതേയുള്ളൂ. പള്ളിയില്‍പ്പോയി പ്രാര്‍ഥിച്ച് നമ്മള്‍ തിരിച്ചുവരും.
അച്ചനെ നമസ്‌കരിച്ച് ദൈവത്തെ തൊഴുതുവണങ്ങി കുരിശു വരച്ച് ഭണ്ഡാരത്തില്‍ ചില ചില്ലറത്തുട്ടുകള്‍ കാണിക്കയര്‍പ്പിച്ച് നമ്മള്‍ തിരിച്ചു വരുന്നു. ഫാദര്‍ ജെറോം പൂപ്പറമ്പിനെ വീട്ടിലേക്കു ക്ഷണിക്കണം. നിന്റെ പിറന്നാളിന് അദ്ദേഹത്തിനൊരു ചായ സല്‍ക്കാരം. കുന്നത്തു വീട്ടിലെ ശേഖരന്‍ചേട്ടനെയും ക്ഷണിക്കണം. എല്ലാവര്‍ക്കും നമ്മുടെ വീട്ടില്‍ ചായ സല്‍ക്കാരം. ഷിനിമോളെ നിന്റെ ഒന്നാം പിറന്നാള്‍ ലളിതമായികൊണ്ടാടുന്നു. പിറന്നാളിനു കേക്കു മുറിക്കുന്നില്ല. നിന്റെ അമ്മ മരിച്ച ദുഃഖം തീര്‍ന്നിട്ടു മാത്രമേ അത്തരം ആഘോഷങ്ങളുള്ളൂ. റാണി ആത്മഗതം ചെയ്തു.
പള്ളിയില്‍പ്പോയപ്പോള്‍ ആദ്യം റാണി ഫാദര്‍ ജെറോമിനോടു പറഞ്ഞു:
''ഫാദര്‍, ഇന്ന് ഷിനിമോളുടെ പിറന്നാളാണ്. ആഘോഷങ്ങളൊന്നുമില്ലെങ്കിലും നാലുമണി കഴിഞ്ഞ് അച്ചന്‍ വീടുവരെ ഒന്നു വരണം. ഞങ്ങള്‍ക്കൊപ്പമിരുന്ന് ഒരു ചായ കഴിക്കണം. എന്റെയൊരാഗ്രഹമാണ് അച്ചന്‍ വരില്ലേ?'' റാണി ചോദിച്ചു.
''വരാം മോളേ, നിന്റെ ആഗ്രഹം നടക്കട്ടെ.''
തിരിച്ചുവരുന്ന വഴിക്കു കുന്നത്തു വീട്ടിലും അവര്‍ കയറി. 
സുഭദ്ര സ്‌നേഹപൂര്‍വം അവരെ എതിരേറ്റു. ചായ നല്‍കി സല്‍ക്കരിച്ചു. ശേഖരന്‍തമ്പിയെയും റാണി തന്നെ ക്ഷണിച്ചു.
''ഞാന്‍ സമയത്തിനുതന്നെ എത്തിക്കൊള്ളാം. എന്റെ ഷിനിമോളുടെ പിറന്നാളിനു ഞാനെത്താതിരിക്കുമോ എന്റെ ചക്കരക്കുട്ടീ...'' ശേഖരന്‍തമ്പി ഷിനിമോളുടെ കവളില്‍ മുത്തം നല്‍കി.
എല്ലാവര്‍ക്കും സന്തോഷമായി. ലക്ഷ്മിമുത്തശ്ശി അതു കണ്ടു കണ്ണീര്‍ തുടച്ചു. 
''എന്താണു കുഞ്ഞിനൊരു സമ്മാനം കൊടുക്ക്വാ ശേഖരേട്ടാ.'' സുഭദ്ര ഭര്‍ത്താവിനോടു ചോദിച്ചു.
''അതൊക്കെ ഞാന്‍ നിശ്ചയിച്ചിട്ടുണ്ട്. സസ്പന്‍സാണ്. നിന്നോടു പിന്നെപ്പറയാം.'' ശേഖരന്‍ തമ്പി പുഞ്ചിരിച്ചു.
ഷിനിമോള്‍ അന്നു സന്തോഷത്തിലായിരുന്നു. നല്ല ഉത്സാഹം... ചേട്ടന്‍ ഷിബിനുമായി കളിച്ചു ചിരിച്ചു... റാണിക്കു തനിയെ മുത്തം നല്‍കി. ജോസഫിനെ കെട്ടിപ്പിടിച്ചു. ഫാദര്‍ ജെറോമും ശേഖരന്‍ തമ്പിയും ഒന്നിച്ചാണെത്തിയത്.
''അച്ചോ ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ.'' 
''എപ്പോഴുമിപ്പോഴും സ്തുതിയായിരിക്കട്ടെ.''
''ഇരിക്കൂ നമുക്കു സന്തോഷമായി ചായ കഴിക്കാം.''
അവര്‍ ഇരുന്നു. റാണി അവര്‍ക്കു പഴംപൊരിയും ചായയും നല്‍കി.
ഫാദര്‍ ജെറോം ഷിനിമോളുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു.
''ഇതാ കുഞ്ഞുമോള്‍ക്ക് എന്റെയൊരു സമ്മാനം.'' ശേഖരന്‍ തമ്പി ഒരു ചെപ്പു തുറന്ന് സ്വര്‍ണച്ചെയിനെടുത്ത് ഷിനിമോളുടെ കഴുത്തിലണിയിച്ചു. അതിന്റെ തുമ്പത്ത് ഒരു ചെറിയ സ്വര്‍ണക്കുരിശ് കിടന്നു തിളങ്ങി.


(അവസാനിച്ചു)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)