മനുഷ്യവംശത്തിന്റെ ആരംഭകാലംമുതല്‍ ഉള്ളതും മനുഷ്യവംശം ഈ ഭൂമിയില്‍നിന്ന് തുടച്ചുനീക്കപ്പെടുന്നതുവരെ ഉണ്ടായിരിക്കുമെന്ന് ഉറപ്പുളളതുമായ ഒന്നാണ് സ്ത്രീപുരുഷപ്രണയം. സ്ത്രീയും പുരുഷനും പ്രണയിക്കാനും ആ പ്രണയത്തില്‍ ജീവിക്കാനും വിളിക്കപ്പെട്ടവരാണ്. സ്ത്രീപുരുഷാകര്‍ഷണമാണ് ഈ ലോകത്തിന്റെ നിലനില്പിനുതന്നെ അടിസ്ഥാനമായി മാറിയിരിക്കുന്നത്. ഈ പരസ്പരാകര്‍ഷണം എന്നു നഷ്ടപ്പെടുന്നുവോ അന്നുമുതല്‍ ഭൂമി ഊഷരമായിത്തുടങ്ങും.
കുടുംബജീവിതം എന്ന വ്യവസ്ഥാപിത ചട്ടക്കൂടില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതോ അല്ലെങ്കില്‍ അവിടേക്കുള്ള പ്രവേശനകവാടത്തില്‍മാത്രം അനുവദിക്കപ്പെട്ടിരിക്കുന്നതോ ആയ വികാരമൊന്നുമല്ല പ്രണയം. ചിലര്‍ വിവാഹത്തിനുശേഷം പ്രണയിക്കുമ്പോള്‍ മറ്റു ചിലരാകട്ടെ പ്രണയിച്ചതിനുശേഷമാണു വിവാഹത്തിലൊന്നിക്കുന്നത്.
പ്രണയത്തെക്കുറിച്ചുള്ള സങ്കല്പങ്ങളും പ്രണയത്തിലകപ്പെട്ടിരിക്കുന്നവരുടെ മനോഭാവങ്ങളനുസരിച്ച് പ്രണയത്തിന്റെ ഭാവിയും മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. പണ്ടുകാലങ്ങളിലെ സിനിമകളില്‍ കണ്ടുവന്നിരുന്ന പൊതുരീതി പ്രണയിനികളെത്തമ്മില്‍ വിധി അകറ്റുന്നതായിരുന്നു. മതപരവും സാമൂഹികവും സാമ്പത്തികവുമായ പൊതുകാരണങ്ങള്‍കൊണ്ട് പ്രണയത്തില്‍ ഒന്നിക്കപ്പെട്ടുവെങ്കിലും വിവാഹത്തിലോ കുടുംബജീവിതത്തിലോ അവര്‍ക്ക് ഒന്നായിത്തീരാന്‍ കഴിയുന്നില്ല. ചെമ്മീനിലെ പരീക്കുട്ടിയും കറുത്തമ്മയുംമുതല്‍ എന്ന് നിന്റെ മൊയ്തീനും മൊയ്തുവും കാഞ്ചനമാലയുംവരെയുള്ളവരുടെ കഥ അതാണ് വെളിപ്പെടുത്തിയത്. സാഹചര്യവും വ്യക്തിയും സാമൂഹികാന്തസ്സും പദവിയും സമ്പത്തുമെല്ലാം വില്ലനായി മാറി അവരുടെ പ്രണയം സാക്ഷാത്കരിക്കപ്പെടാതെ പോകുന്നു. തപ്തപ്രണയത്തിന്റെ നഷ്ടഗീതങ്ങളുമായി ഗതികിട്ടാതെ പ്രണയാത്മാക്കളായി അവര്‍ പിന്നീട് മരണംവരെ അലഞ്ഞുതിരിയേണ്ടിവരുന്നു.
ഇതിനു സമാന്തരമായി താത്കാലികസുഖത്തിനു വേണ്ടി പ്രണയം നടിച്ചു പെണ്‍കുട്ടിയെ വശീകരിച്ചു വശത്താക്കുകയും ബാധ്യതയാകുകയോ പുതുമ നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍ അവളെ ഉപേക്ഷിക്കുകയും ചെയ്യുന്ന രീതിയും കണ്ടുവരുന്നുണ്ട്. പ്രണയിച്ചു വഞ്ചിക്കപ്പെട്ട കഥാപാത്രങ്ങളായി, ഒടുവില്‍ ആത്മഹത്യവരെ ചെയ്യേണ്ടവരായി മാറുന്ന എത്രയോ നടിമാരെ നാം ഇതിനകം കണ്ടുമുട്ടിയിരിക്കുന്നു. ഇതേ വിഷയം കൈകാര്യം ചെയ്തിരിക്കുന്ന എത്രയോ സിനിമകള്‍. താളം തെറ്റിയ താരാട്ട് പോലെ 1980 കളില്‍ ഇറങ്ങിയ സിനിമകളാണ് പെട്ടെന്നു മനസ്സിലേക്കു കടന്നുവരുന്നത്.
കുറെക്കൂടി മുന്നോട്ടുപോയിക്കഴിയുമ്പോള്‍ പ്രണയിനിയെ തന്റെ കരിയറിന്റെ വളര്‍ച്ചയ്ക്കും നേട്ടത്തിനും വേണ്ടി മേലാളനു പങ്കുവയ്ക്കുന്നവരെയാണ് കണ്ടുമുട്ടുന്നത്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു 22 ഫീമെയില്‍ കോട്ടയം എന്ന ആഷിഖ് അബു ചിത്രം.
ബാംഗ്ലൂരില്‍ നേഴ്‌സിങ് പഠിക്കാന്‍ പോവുന്ന ടെസയുടെ ജീവിതത്തില്‍ സംഭവിക്കുന്ന പ്രണയം അവളെ പിന്നീട് ഏതെല്ലാം ദുരന്തങ്ങളിലെത്തിച്ചുവെന്നാണ് ഈ ചിത്രം പറയുന്നത്. സിറിള്‍ എന്ന യുവാവാണ് അവളുടെ ഭാവി നശിപ്പിച്ചത്. തന്റെ ബോസിന് അവളെ വിട്ടുകൊടുക്കുന്നതുപോരാഞ്ഞ് അവളുടെ ബാഗില്‍ മയക്കുമരുന്നുവച്ച് അവളെ അയാള്‍ ജയിലിലാക്കുകപോലും ചെയ്യുന്നുണ്ട്. അവള്‍ തനിക്കൊരു ശല്യവും ഭീഷണിയുമാകുമെന്നു മനസ്സിലാക്കിക്കൊണ്ടായിരുന്നു അത്.
മധ്യകേരളത്തില്‍നിന്നു നേഴ്സിങ്ങിനായി ബാംഗ്ലൂരിലെത്തുന്ന ക്രൈസ്തവപെണ്‍കുട്ടികളെ അപമാനിക്കുന്ന സിനിമയാണ് ഇതെന്നായിരുന്നു ഒരുവിഭാഗം ആളുകള്‍ അന്ന് ഈ സിനിമയ്‌ക്കെതിരേ ശബ്ദിച്ചത്. എല്ലാ കത്തോലിക്കാപ്പെണ്‍കുട്ടികളും ടെസയെപ്പോലെ, വീടുവിട്ടാല്‍ കാമുകന്മാര്‍ക്കൊപ്പം ഉപാധികളില്ലാതെ കിടക്ക പങ്കിടുന്നവരാണെന്ന ചിന്ത സ്ഥാപിച്ചെടുക്കാന്‍ ഈ സിനിമ അറിഞ്ഞോ അറിയാതെയോ ശ്രമിച്ചുവെന്നതും സത്യംതന്നെ.
പ്രണയത്തില്‍ ഒന്നിക്കാന്‍ സാധിക്കാതെവരുമ്പോള്‍ ചിലപ്പോള്‍ മറ്റൊരു വിവാഹം കഴിക്കാനോ അല്ലെങ്കില്‍ ഒറ്റയ്ക്കു ജീവിക്കാനോ ഇനി അതുമല്ലെങ്കില്‍ പ്രണയം മൂത്ത് ഒരുമിച്ചുള്ള ആത്മാഹൂതിയോപോലെയുള്ള ഓപ്ഷന്‍സ് തിരഞ്ഞെടുത്തിരുന്ന ഒരു കാലം പതുക്കെ വിസ്മൃതിയിലാണ്ടുകൊണ്ടിരിക്കുന്നുവെന്നതാണ് പുതിയ ട്രെന്‍ഡ് വെളിപ്പെടുത്തുന്നത്.
താത്കാലികഭ്രമങ്ങള്‍ അവസാനിച്ചുകഴിയുമ്പോള്‍, അല്ലെങ്കില്‍ വ്യക്തിത്വപ്രത്യേകതകള്‍കൊണ്ട് ഒരുമിച്ചുമുന്നോട്ടുപോകാന്‍ കഴിയില്ലെന്നു തിരിച്ചറിയുമ്പോള്‍ സലാം പറഞ്ഞു പിരിയുന്ന, പിന്നീട് വേണമെങ്കില്‍ വെറും സുഹൃത്തുക്കളായി മാറുന്ന ഒരു രീതി ഇന്നു നിലവിലുണ്ട്. എന്നാല്‍, പ്രണയിതാക്കളില്‍ ഒരാള്‍ ഇങ്ങനെ മാറുന്നത് അംഗീകരിച്ചുകൊടുക്കാന്‍ കഴിയാത്തവരുമുണ്ട്.
പ്രണയപ്പക എന്നു നമ്മുടെ മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്ത ജുഗുപ്‌സാവഹമായ മാനസികപ്രത്യേകത അതാണു വ്യക്തമാക്കുന്നത്. അതിന്റെ തെളിവാണ്, എനിക്കു കിട്ടിയില്ലെങ്കില്‍ നിന്നെ മറ്റാര്‍ക്കും കിട്ടണ്ടായെന്ന മട്ടില്‍ പ്രണയിനിയെ വെട്ടിക്കൊലപ്പെടുത്തുന്നതുമുതല്‍ ആസിഡ് ആക്രമണംവരെയുള്ള സംഭവങ്ങള്‍.
പൂര്‍വകാമുകന്മാരുടെ ഇത്തരം വിളയാട്ടങ്ങള്‍ക്കുമുമ്പില്‍ ജീവനും ജീവിതവും നഷ്ടമായ ഒരുപിടി പെണ്‍കുട്ടികളുടെ മുഖവും പേരുമൊക്കെ നമ്മുടെ ഓര്‍മയിലേക്കു കടന്നുവരുന്നുമുണ്ടാവും. ഉയരെ എന്ന സിനിമയുടെ കേന്ദ്രഭാഗം ഇത്തരത്തിലുളളതായിരുന്നു.
കാമുകന്റെ പ്രവൃത്തികള്‍ അസഹനീയമായിക്കഴിഞ്ഞപ്പോള്‍ പിരിയാം എന്ന മാര്‍ഗം മുന്നോട്ടുവച്ചത് നായികയായിരുന്നു. സംശയാലുവും പൊസസീവുമായ അയാളുമായുള്ള തുടര്‍ജീവിതം ഗുണകരമായിരിക്കില്ല എന്ന തിരിച്ചറിവില്‍നിന്നുകൊണ്ടാണ് പല്ലവി അത്തരമൊരു തീരുമാനമെടുക്കുന്നത്. അവള്‍ തനിക്കു നഷ്ടപ്പെട്ടുവെന്ന അസഹിഷ്ണുതയും അവള്‍ മറ്റാരുടേതെങ്കിലുമാവുമെന്ന അസൂയയും ചേര്‍ന്ന് അവളുടെ മുഖത്തേക്ക് ആസിഡ് വലിച്ചെറിഞ്ഞ് അവളുടെ ജീവിതം തകര്‍ക്കാനാണ് കാമുകന്‍ ശ്രമിക്കുന്നത്. മുഖം തകര്‍ക്കാനല്ലാതെ ജീവിതം തകര്‍ക്കാന്‍ അയാള്‍ക്കാവില്ലെന്ന് അവള്‍ അയാളെ പഠിപ്പിച്ചുകൊടുക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
2023 ല്‍ എത്തിനില്ക്കുമ്പോള്‍ പ്രണയം അതിന്റെ ഏറ്റവും ഭയാനകമായ വേര്‍ഷന്‍ സ്വീകരിച്ചിരിക്കുന്നതായിട്ടാണ് കേരള സ്റ്റോറി എന്ന സിനിമ പറയുന്നത്. നിശ്ചിതലക്ഷ്യത്തോടും ദുഷ്ടലാക്കോടുംകൂടി പെണ്‍കുട്ടികളെ പ്രണയത്തില്‍ അകപ്പെടുത്തുകയും പിന്നീട് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും ലൈംഗികഅടിമകളായും മാറ്റുകയും ചെയ്യുന്ന പ്രണയച്ചതികളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണു സിനിമ പറയുന്നത്.
കേരളത്തില്‍ നടന്നതെന്നു പറയുന്ന ചില സംഭവങ്ങളുടെ ചുവടുപിടിച്ചാണ് സിനിമയെടുത്തിരിക്കുന്നത്. വലിയൊരു സംഖ്യ പെണ്‍കുട്ടികള്‍ ഇപ്രകാരം മതംമാറ്റത്തിനു വിധേയരായിട്ടുണ്ട് എന്നും കണക്കുകള്‍ നിരത്തി ചിത്രം സ്ഥാപിക്കുന്നുണ്ട്. കണക്കുകളെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കൊടുവില്‍ സംഖ്യ തിരുത്തിക്കൊണ്ട് സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ വന്നെങ്കിലും ചിത്രാന്ത്യത്തില്‍ കാണിക്കുന്നത് ആദ്യം പറഞ്ഞ കണക്കു തന്നെയാണ്.
അതെന്തുമാവട്ടെ, പരിപാവനമായ പ്രണയത്തെ ഇത്തരത്തില്‍ മാറ്റിയെടുക്കുന്നത് ആരായാലും, ഒരേയൊരു സംഭവമാണു നടന്നിട്ടുള്ളതെങ്കില്‍പ്പോലും അതിനെ ന്യായീകരിക്കാനാവില്ല. മാത്രവുമല്ല, നമ്മുടെ പെണ്‍കുട്ടികളും കുടുംബവും നിതാന്തജാഗ്രതപുലര്‍ത്തേണ്ട സമയംകൂടിയായി ഇത്തരം അടയാളങ്ങള്‍ മുന്നറിയിപ്പു നല്കുന്നുണ്ട്. സ്വന്തം കൂട്ടുകാരികളെപ്പോലും കണ്ണടച്ചു വിശ്വസിക്കരുതെന്നുകൂടി ഈ സിനിമ പറയുന്നു. എങ്ങനെയും എവിടെവച്ചും ചതിക്കപ്പെടാം എന്നും മിന്നുന്നതെല്ലാം പൊന്നല്ലെന്ന തിരിച്ചറിവും നമ്മുടെ പെണ്‍കുട്ടികള്‍ക്കു മുമ്പെന്നത്തെക്കാളും ഇന്നു കൂടുതലായി ആവശ്യമുണ്ട്.
ഇന്നലെക്കണ്ട ഒരുവന്‍ രണ്ടുതവണ ചിരിച്ചുകാണിച്ചു, മൂന്നാം തവണ അവന്‍ പ്രണയാഭ്യര്‍ഥന നടത്തി, അവന്റെ കായികഭംഗിയിലും പുറംമോടിയിലും ഭ്രമിച്ചുവശായി സ്വയം സമര്‍പ്പിക്കാനും സ്വകാര്യചിത്രങ്ങള്‍പോലും മടിയില്ലാതെ അയച്ചുകൊടുക്കാനും തയ്യാറാവുന്ന പെണ്‍കുട്ടികളുടെ മനശ്ശാസ്ത്രം അതിശയിപ്പിക്കുന്നതാണ്. അതു കൃത്യമായും പഠനത്തിനു വിധേയമാക്കേണ്ടതുപോലുമുണ്ട്. ഇങ്ങനെയുള്ള ചതിയുടെ നിരന്തരമായ കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴും വീണ്ടും വീണ്ടും പെണ്‍കുട്ടികള്‍ ഇതേ സംഭവം ആത്മബോധത്തോടെതന്നെ ചെയ്തുകൊണ്ടിരിക്കുന്നുവെന്നതാണ് ഖേദകരം.
ചതിക്കുന്നതെല്ലാം മറ്റൊരുവളുടെ കാമുകന്‍. തന്റെ കാമുകന്‍ ഈ ലോകത്തിലേക്കുവച്ചേറ്റവും നല്ലവന്‍. ഇതാണ് അവരുടെ മട്ട്. പ്രണയത്തിന്റെ അഗ്‌നിനാളങ്ങളില്‍ ഈയാംപാറ്റകളെപ്പോലെ വന്നടിഞ്ഞു കരിഞ്ഞുവീഴേണ്ടവരല്ല നിങ്ങള്‍. ആത്മാഭിമാനത്തോടെ മാനവും സ്വപ്‌നങ്ങളും ഒരുവന്റെ മുമ്പിലും അടിയറവു വയ്ക്കാതെ നിവര്‍ന്നുനിന്ന് ജീവിതത്തെ അഭിമുഖീകരിക്കേണ്ടവരാണ്.
പ്രേമിക്കുന്നതു തെറ്റാണെന്നു പറയുന്നില്ല, പ്രേമം തോന്നുന്നതു സ്വാഭാവികവും. പക്ഷേ, ആരെയാണു പ്രേമിക്കുന്നതെന്നതു പ്രധാനപ്പെട്ടതാണ്. നിങ്ങളെ ഇതുവരെയെത്തിച്ച മാതാപിതാക്കള്‍ക്കു നിങ്ങള്‍ക്കു നല്ലൊരു ജീവിതപങ്കാളിയെ സമയത്തിന്റെ പൂര്‍ണതയില്‍ കണ്ടെത്തിത്തരുവാന്‍ കഴിയില്ലെന്നു കരുതുന്നുണ്ടോ?
പ്രണയത്തിന്റെ പേരില്‍ സ്വന്തം ജീവിതം നശിപ്പിക്കാതെയും കുടുംബത്തെ കണ്ണീരുകുടിപ്പിക്കാതെയും പെണ്‍കുട്ടികള്‍ക്കു മുന്നോട്ടുപോകാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍... അതെന്തായാലും, പ്രണയം ഒരു പെണ്‍കുട്ടിയെ എങ്ങനെയെല്ലാം കശക്കിയെറിയുമെന്നു മനസ്സിലാക്കാന്‍ ഇതുപോലെയുള്ള സിനിമകളെ നമ്മുടെ പെണ്‍കുട്ടികള്‍ പാഠപുസ്തകമാക്കേണ്ടതാണ്.
സിനിമ നല്ലതോ ചീത്തയോ ഗൂഢലക്ഷ്യത്തോടു കൂടിയതോ ആകട്ടെ, ആ സിനിമയില്‍നിന്ന് തനിക്കു തിരുത്താനും പഠിക്കാനും എന്താണുള്ളതെന്നു മനസ്സിലാക്കുക.