•  5 Dec 2024
  •  ദീപം 57
  •  നാളം 39
കാഴ്ചയ്ക്കപ്പുറം

സമകാലികസംഭവങ്ങള്‍ ചലച്ചിത്രങ്ങളാകുമ്പോള്‍

മകാലികവും യഥാര്‍ഥവുമായ സംഭവവികാസങ്ങള്‍ക്ക് അഭ്രരൂപം നല്കുന്ന രീതി പണ്ടുമുതല്‌ക്കേയുണ്ട്. പല അന്താരാഷ്ട്രസംഭവങ്ങളും ഇത്തരത്തില്‍ അഭ്രപാളിയിലൂടെ നമ്മെ വിസ്മയിപ്പിച്ചിട്ടുമുണ്ട്. സകലരെയും ആകര്‍ഷിച്ച അത്തരം ചില ഉദാഹരണങ്ങളില്‍ ആദ്യംതന്നെ ഓര്‍മയിലേക്കു കടന്നുവരുന്നത് ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക് എന്ന സിനിമയാണ്.
യഥാര്‍ഥസംഭവത്തെ ആസ്പദമാക്കിയൊരുക്കിയ പ്രസ്തുത ചിത്രത്തെ പ്രേക്ഷകര്‍ ഹൃദയത്തിലേക്കേറ്റെടുത്തത്  ടൈറ്റാനിക്കപ്പലിന്റെ  അദ്ഭുതങ്ങള്‍ക്കും ആശ്ചര്യങ്ങള്‍ക്കുമപ്പുറം അത് റോസിന്റെയും ജാക്കിന്റെയും പ്രണയത്തിന്റെയും നഷ്ടങ്ങളുടെയും കഥകൂടിപറഞ്ഞതുകൊണ്ടാണ്.  ആ കഥയില്ലായിരുന്നുവെങ്കില്‍ സിനിമ അപ്രസക്തമായിപ്പോയേനേ. കപ്പലില്‍വച്ചുളള റോസിന്റെയും ജാക്കിന്റെയും വിനോദങ്ങളും പ്രണയവും എത്രയോ ഹൃദയാകര്‍ഷകമായിരുന്നു. ഒരു സംഭവത്തോടു ജീവിതംകൂടി ചേര്‍ത്തുവയ്ക്കുമ്പോള്‍ ആ ജീവിതം സംഭവളെക്കാള്‍ വലുതായിത്തീരുന്ന മാജിക്കാണ് ഇവിടെ നാം കാണുന്നത്.
സമകാലികസംഭവങ്ങള്‍ക്കുനേരേ ക്യാമറ തിരിച്ചുവയ്ക്കുകമാത്രം ചെയ്യാതെ ആ സംഭവങ്ങളുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ നേരേകൂടി ക്യാമറ വയ്ക്കുക. ആ ജീവിതങ്ങളെ പൊടിപ്പും തൊങ്ങലോടുംകൂടിയാണെങ്കിലും ഹൃദയാകര്‍ഷകമായി അവതരിപ്പിക്കുക. യാഥാര്‍ഥ്യങ്ങളെ അപ്പടി പകര്‍ത്തുമ്പോള്‍ അതൊരു ഫീച്ചര്‍ ഫിലിമിന്റെ രൂപത്തിലേക്കു വരുന്നില്ല; മറിച്ച്, ഡോക്യുമെന്ററിയുടെ സ്വഭാവമാണു പ്രതിഫലിപ്പിക്കുന്നത്.
ഡോക്യുമെന്ററിയില്‍നിന്നു ഡോക്യുഫിക്ഷന്‍ എന്ന രീതിയിലേക്കു യാഥാര്‍ഥ്യങ്ങളെ മാറ്റിയെടുക്കുമ്പോഴാണ് അതു കലയാകുന്നത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക, ഫൈനല്‍സ്, ശുഭരാത്രി തുടങ്ങി മലയാളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുറത്തിറങ്ങിയ പല സിനിമകളുടെയും അടിസ്ഥാനം ഏതെങ്കിലും യഥാര്‍ഥസംഭവമോ വ്യക്തിയോ പത്രവാര്‍ത്തകളോ ഒക്കെത്തന്നെയായിരുന്നു. അവയെ ഹൃദയത്തില്‍ തൊടുന്ന സിനിമയാക്കി അവതരിപ്പിക്കാന്‍ അവര്‍ക്കെല്ലാം കഴിഞ്ഞു.
 ആഷിഖ് അബു സംവിധാനം ചെയ്ത് 2019 ല്‍ പ്രദര്‍ശനത്തിനെത്തിയ വൈറസ് എന്ന ചിത്രവും ജൂഡ് അന്തോണി സംവിധാനം ചെയ്ത് 2023 ല്‍ പ്രദര്‍ശനത്തിനെത്തിയ 2018 എന്ന സിനിമയും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെയാണ്.
കോഴിക്കോട് ജില്ലയെ പരിഭ്രാന്തിയിലാക്കിയ നിപ്പ വൈറസ് വ്യാപനവും അതു തകര്‍ത്ത ജീവിതങ്ങളും ഇന്നും നമ്മുടെ ഓര്‍മയിലുണ്ട്. നിപ്പ വൈറസ് വ്യാപനവും അതുമായി ബന്ധപ്പെട്ട ജീവിതങ്ങളുമായിരുന്നു വൈറസ് സിനിമയുടെ  പ്രതിപാദ്യം. കുഞ്ചാക്കോ ബോബനും ആസിഫ് അലിയും ടൊവിനോയും ഇന്ദ്രജിത്തും റഹ്‌മാനും പാര്‍വതിയും റിമയും പൂര്‍ണിമയും അടങ്ങുന്ന താരസമ്പന്നമായ ചിത്രംതന്നെയായിരുന്നു വൈറസ്.
പക്ഷേ, നിപ്പയുടെ തീവ്രതയും  ഇരകളാകേണ്ടിവന്നവരുടെ വേദനകളും പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ അതിനു ഡോക്യുമെന്ററിയുടെ സ്വഭാവമായിരുന്നു. അറ്റന്‍ഡര്‍ ബാബുവിന്റെയും ഭാര്യയുടെയും നിസ്സഹായതപോലെ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കപ്പുറം വൈറസിന് ഭൂരിപക്ഷം പ്രേക്ഷകരുടെയും ഹൃദയത്തെ സ്പര്‍ശിക്കാന്‍ കഴിഞ്ഞില്ല എന്നതാണു സത്യം. ഡോക്യുമെന്ററിയുടെ സ്വഭാവംതന്നെയായിരുന്നു ഇവിടെ വില്ലനായി മാറിയതും.
ഒന്നിനൊന്നോടു ബന്ധപ്പെട്ടതെന്നും ബന്ധമില്ലാത്തതെന്നും പറയാന്‍ കഴിയുന്ന സംഭവങ്ങളെ കോര്‍ത്തിണക്കിയപ്പോള്‍ എല്ലാറ്റിനെയും ബന്ധിപ്പിക്കാന്‍ കഴിയുന്ന  ഒരൊറ്റച്ചരടിന്റെ അഭാവം വൈറസിനു വിനയായി.  കേരളസമൂഹത്തെ മുഴുവനും പരിഭ്രാന്തിയിലാക്കിയ, വൈദ്യശാസ്ത്രം ഉത്തരം കിട്ടാതെ കുഴങ്ങിയ ഇതുപോലൊരു ദുരന്തം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. എന്നിട്ടും  വൈറസ് അര്‍ഹിക്കുന്ന സാമ്പത്തികനേട്ടം കൈവരിക്കാതെപോയത് മേല്പറഞ്ഞ കാരണംകൊണ്ടുതന്നെയാവാം. കഥാപാത്രങ്ങളുടെയും കഥയുടെയും അഭാവം.
എന്നാല്‍, 2023 മേയ് ആദ്യവാരം പുറത്തിറങ്ങിയ 2018  എന്ന സിനിമയുടെ സ്ഥിതി വ്യത്യസ്തമാണ്. ഡോക്യുമെന്ററിയായല്ല ഫിക്ഷനായിട്ടുതന്നെയാണ് ഈ സിനിമ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കേരളത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ 2018 ലെ മഹാപ്രളയമാണ് ടൈറ്റില്‍ പോലെതന്നെ പ്രസ്തുത സിനിമ പറയുന്നത്.
കൊച്ചുകുട്ടികളുടെ ഓര്‍മയില്‍പ്പോലും നിറഞ്ഞുനില്ക്കുന്നതാണ് ഈ മഹാപ്രളയം. അതുകൊണ്ടാണ്  അവരുടെ ഭാഷയില്‍ പറഞ്ഞാല്‍, ഈ സിനിമയിലെ പല സംഭവങ്ങളും കാണുമ്പോള്‍, പെട്ടെന്നു കയറി കൊളുത്തുന്നത്.  സിനിമ കാണുമ്പോള്‍ തീയറ്ററിലിരിക്കുകയാണെന്ന ബോധംപോലും പ്രേക്ഷകര്‍ക്കു നഷ്ടമാകുന്നു. പ്രളയത്തെ നേരില്‍ കാണുന്ന പ്രതീതി. പ്രളയത്തില്‍ അകപ്പെട്ട തോന്നല്‍. തീയറ്ററിനു വെളിയില്‍ മഴ കനക്കുന്നുണ്ടോയെന്ന ആശങ്ക.
തീര്‍ച്ചയായും 2018 മലയാളസിനിമയിലെ ഒറ്റപ്പെട്ട ഒരു സംഭവമാണ്. പ്രകൃതിദുരന്തത്തെ ആസ്പദമാക്കി ലോകസിനിമയില്‍ത്തന്നെ ഒരു സിനിമയില്ലെന്നാണു പറഞ്ഞിരിക്കുന്നത്. അതു ശരിയായാലും തെറ്റായാലും കേരളം നേരിട്ട പ്രതിസന്ധിയെ ദൃശ്യഭാഷയുടെ ഭംഗികലര്‍ത്തി രൂപപ്പെടുത്തിയ ഈ സിനിമ ഒരു ചരിത്രപാഠമാണ്, ചരിത്രത്തിന്റെ ഭാഗവും.
അവിടെയും ഇവിടെയുമായി പറഞ്ഞുപോകുന്ന കഥാപാത്രങ്ങളെയെല്ലാം ഒരു വെള്ളപ്പൊക്കത്തിന്റെ രൂക്ഷതയിലേക്കു നിസ്സഹായരും ദുര്‍ബലരുമായി ഇറക്കിനിര്‍ത്താന്‍ തിരക്കഥാകൃത്തിനു കഴിഞ്ഞുവെന്നതാണ് ഈ ചിത്രത്തിന്റെ ബ്രില്യന്‍സ്. ഉദാഹരണത്തിന്, പരീക്ഷയില്‍ മികച്ച വിജയം നേടിയ ഒരു പെണ്‍കുട്ടിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് വയ്ക്കുന്ന രംഗം സിനിമയിലൊരിടത്തുണ്ട്. അറിയപ്പെടുന്ന ഒരു നടി(മാളവിക)യുടെ മുഖമാണ് ഫ്‌ളക്‌സ് ബോര്‍ഡിലുള്ളത് എന്നതുകൊണ്ടുതന്നെ ഇതിന്റെ സാംഗത്യമെന്തെന്ന് ഒരുപക്ഷേ, ആ നടിയെ അറിയാവുന്ന ഒരു പ്രേക്ഷകന്‍ സംശയിക്കുകയും പിന്നീട് കഥയൊഴുക്കില്‍ അതെല്ലാം മറന്നുപോകുകയും ചെയ്തേക്കാം. എന്നാല്‍, ക്ലൈമാക്സോട് അടുക്കുന്ന രംഗത്തില്‍ ഈ കഥാപാത്രത്തെ ആദ്യമായി അവതരിപ്പിക്കുകയും ചെയ്തു. ആദ്യം പരാമര്‍ശിച്ച ഒരു സംഭവം പോലും പിന്നീട് കൂട്ടിമുട്ടാതിരിക്കുന്നില്ല. ഇന്ദ്രന്‍സിന്റെയും സുധീഷിന്റെയും കുടുംബത്തെയും ഇവിടെ പറയേണ്ടതുണ്ട്. ഇങ്ങനെ എണ്ണിപ്പറയാന്‍ പലതുമുണ്ട്.
 അങ്ങേയറ്റം ദുര്‍ബലരായ ജീവനുകളെ രക്ഷിച്ച് ഒടുവില്‍ മരണത്തിനു കീഴടങ്ങുന്ന അനൂപ് എന്ന കഥാപാത്രത്തിനു രൂപംകൊടുക്കാന്‍ ടൈറ്റാനിക്കിലെ ജാക്കും എന്നു നിന്റെ മൊയ്തീനിലെ മൊയ്തീനും  തീര്‍ച്ചയായും തിരക്കഥാകൃത്തുക്കളെ സ്വാധീനിച്ചിട്ടുണ്ടാവും. തീയറ്ററര്‍ വിട്ടിറങ്ങുമ്പോഴും പ്രേക്ഷകരുടെ നെഞ്ചില്‍ വിങ്ങലുണ്ടാക്കുന്നത് അനൂപിന്റെ നഷ്ടംതന്നെയാണ്. നായികയെയോ മറ്റേതെങ്കിലും സല്‍ഗുണസമ്പന്നരെയോ അല്ല, അങ്ങേയറ്റം ദുര്‍ബലരായവരെ രക്ഷിക്കാനുളള ശ്രമത്തിലാണ് അനൂപിനു ജീവഹാനി സംഭവിച്ചതെന്നതാണ് ഏറെ ഹൃദ്യമായത്. സാറാസില്‍ അബോര്‍ഷനു ഓശാനപാടിയ ജൂഡ്, 2018 ല്‍ ദുര്‍ബലജീവിതങ്ങള്‍ക്കു നേരേ കൈ നീട്ടിക്കൊടുത്തത് ഒരു പ്രായശ്ചിത്തമായിക്കൂടി കാണാവുന്നതാണ്.
 2018 ലെ പ്രളയം നമുക്കു പകര്‍ന്നുനല്കിയ പല പാഠങ്ങളെയും ഈ സിനിമ ഓര്‍മിപ്പിക്കുന്നുണ്ട്. തോരാതെ പെയ്യുന്ന ഒരു മഴയില്‍ നനഞ്ഞുതീരാവുന്നതേയുള്ളൂ മനുഷ്യന്റെ അഹന്തയും അഹങ്കാരവും. മരണത്തിനു മുമ്പില്‍ എല്ലാവരും നിസ്സഹായരാണ്. ആരെയും ഒഴിവാക്കാത്ത ഒരേയൊരു സോഷ്യലിസ്റ്റ് മരണമാകുമ്പോഴും അതു പിടികൂടാനെത്തുമ്പോള്‍ മനുഷ്യനുണ്ടാകുന്ന ഭീതിയും അതില്‍നിന്നു രക്ഷപ്പെടാനുളള ശ്രമവും നടുക്കമുളവാക്കുന്ന രീതിയിലാണ് സിനിമ പകര്‍ത്തിയിരിക്കുന്നത്. പ്രതികൂലസാഹചര്യങ്ങളാണ് മനുഷ്യന്റെ നന്മയെ പുറത്തേക്കു കൊണ്ടുവരുന്നത് എന്നതാണ് ഈ ചിത്രം പറയുന്ന മറ്റൊരു ആശയം.
നന്മ കൈപ്പറ്റിക്കഴിയുമ്പോള്‍ നന്മ ചെയ്തുതന്ന ആളെ മറന്നുപോകുന്നതാണ് പൊതുവെ മനുഷ്യരുടെ രീതി. പ്രത്യേകിച്ചു മലയാളികള്‍. പ്രളയകാലത്ത് മലയാളികള്‍ ഏറെ നന്ദിയോടെ സ്മരിച്ചവരാണ് മത്സ്യത്തൊഴിലാളികള്‍. പക്ഷേ, നിലനില്പിനുവേണ്ടി അവര്‍- വിഴിഞ്ഞം തുറമുഖം - സമരം നടത്തിയപ്പോള്‍ അവര്‍ക്കെതിരേ ആക്ഷേപങ്ങള്‍ ഉതിര്‍ത്തവരും കുറവായിരുന്നില്ല. ആ മത്സ്യത്തൊഴിലാളികളുടെ നന്മകളെ ഒരിക്കല്‍ക്കൂടി അയവിറക്കാനും 2018 കാരണമായി. മത്സ്യത്തൊഴിലാളികളെ അത്തരമൊരു രക്ഷാപദ്ധതിയിലേക്ക് ഇറക്കിവിടാന്‍ പ്രചോദിപ്പിച്ച സഭയെയും ചിത്രം  ക്രിയാത്മകമായി പരാമര്‍ശിക്കുന്നുണ്ട്.
സംഭവങ്ങളെ വെറുതെ അവതരിപ്പിച്ചാല്‍ അതു സംഭവംമാത്രമായിരിക്കും. എന്നാല്‍, സംഭവങ്ങളെ ജീവിതങ്ങളുമായി കോര്‍ത്തുവച്ചാല്‍ അതൊരു 'സംഭവ'മായി മാറും. 2018 സംഭവമായത് അങ്ങനെകൂടിയാണ്. ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയുടെ കാര്യം ഓര്‍ക്കൂ.  ഏകവിഷയകേന്ദ്രീകൃതമായ സിനിമയൊന്നുമല്ല അത്. തുടര്‍ക്കഥയല്ല പറയുന്നത്; മറിച്ച്, തുടര്‍സംഭവങ്ങളാണ്. അതായത്, എസ് ഐ ബിജു പൗലോസിന്റെ ഔദ്യോഗികജീവിതമാണ് സിനിമ പറയുന്നത്. അയാളുടെ ഒരുദിവസത്തെയോ രണ്ടു ദിവസത്തെയോ സംഭവങ്ങള്‍,  അയാള്‍ കണ്ടുമുട്ടുന്ന പ്രതികള്‍. അവരുടെ ജീവിതങ്ങള്‍. പക്ഷേ,  ഔദ്യോഗികകൃത്യനിര്‍വഹണത്തിന്റെ ഭാഗമായി അയാള്‍ കടന്നുപോകുന്ന ആ ജീവിതങ്ങളെ നമുക്ക് ഇത്രയും കാലമായിട്ടും മറക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? വെറുമൊരു പോലീസ് ഡയറിക്കപ്പുറം ആഴമുള്ള ജീവിതങ്ങളെയാണ് അവിടെ നാം കണ്ടുമുട്ടിയത്. അതുതന്നെയാണ് ഇത്തരം സിനിമകളുടെ പ്രസക്തിയും.
ചുറ്റുപാടുകളിലേക്കു കണ്ണോടിക്കുമ്പോള്‍ എങ്ങുംകാണാന്‍ കഴിയുന്നത് ജീവിതങ്ങള്‍തന്നെ. അങ്ങേയറ്റം നിഷേധാത്മകമായ സംഭവങ്ങളില്‍നിന്നുപോലും ഗുണകരമായ സൃഷ്ടികള്‍ നടത്താന്‍ കഴിയുമെന്നതിന് മികച്ച തെളിവാണ് 2018.
അനുബന്ധം: മഹാപ്രളയത്തെ അതിന്റെ തീവ്രത ചോരാതെ പകര്‍ത്തിയതിന്റെ പേരില്‍ 2018 വാഴ്ത്തപ്പെടുമ്പോള്‍ മറ്റൊരു സിനിമയെക്കുറിച്ചുളള ഓര്‍മയും ഒരുപക്ഷേ, പഴയ തലമുറയ്ക്കുണ്ടാകും. ഇത്രത്തോളം സാങ്കേതികത പുരോഗമിച്ചിട്ടില്ലാത്ത ഒരുകാലത്ത് കൃത്യമായിപ്പറഞ്ഞാല്‍ 1985 ല്‍ പുറത്തിറങ്ങിയ ഹരിഹരന്‍ - എംടി ടീമിന്റെ വെള്ളം എന്ന സിനിമയാണ് അത്. പ്രളയത്തെയും അത് ആവശ്യപ്പെടുന്ന സാഹസികതയെയും  മനോഹരമായിത്തന്നെയാണ് വെള്ളം ചിത്രീകരിച്ചത് എന്നുകൂടി സാന്ദര്‍ഭികമായി ഓര്‍ത്തുപോകുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)