•  2 May 2024
  •  ദീപം 57
  •  നാളം 8
ആരോഗ്യവീഥി

പാമ്പിന്‍വിഷത്തിനു പരിഹാരമുണ്ട്

മ്മുടെ നാട്ടില്‍ സാധാരണമായി കാണുന്ന വിഷപ്പാമ്പുകള്‍ പ്രധാനമായും അണലി, മൂര്‍ഖന്‍, രാജവെമ്പാല വെള്ളിക്കെട്ടന്‍ എന്നിവയാണ്. ഇതില്‍ ത്തന്നെ രാജവെമ്പാല അപൂര്‍വ്വമായി മാത്രമേ കാണാറുള്ളൂ. ഭൂപ്രദേശം മാറുന്നതനുസരിച്ച് വ്യത്യാസം വരുമെങ്കിലും Russel viper എന്ന അണലിയും  hump nose pit viper എന്ന മറ്റൊരുതരം അണലിയും വഴിയുള്ള വിഷബാധയാണധികവും. മൂര്‍ഖന്‍ പാമ്പും വെള്ളിക്കെട്ടനും കടിച്ചുണ്ടാവുന്ന വിഷബാധയും വിരളമല്ല.
കടിക്കുന്നത് വിഷപ്പാമ്പാണെങ്കില്‍കൂടി എല്ലായ്‌പോഴും വിഷം ശരീരത്തില്‍ പ്രവേശിക്കണം എന്നില്ല. കടിക്കുന്ന സമയത്ത് പാമ്പിന്റെ പല്ലില്‍ വിഷം കുറവാണെങ്കിലോ ധരിക്കുന്ന വസ്ത്രത്തിന്റെയോ പാദരക്ഷയുടെയോ മുകളിലാണ് കടിയെങ്കിലോ ശരീരത്തില്‍ വിഷം പ്രവേശിക്കണമെന്നില്ല.
ഇരയുടെ നാഡീവ്യൂഹത്തെയോ രക്തം കട്ടപിടിക്കാനുള്ള കഴിവിനെയോ ആണ്. വിഷം പ്രധാനമായും ബാധിക്കുന്നത്. മൂര്‍ഖന്റെയും വെള്ളിക്കെട്ടന്റെയും വിഷം നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. ശ്വാസകോശത്തിന്റെ പേശികള്‍ തളര്‍ന്നു ശ്വാസംകിട്ടാതെയാണ് പല മരണങ്ങളും സംഭവിക്കുക. ഇവയുടെ വിഷം വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്നതിനാല്‍ ഏതാനും നിമിഷങ്ങള്‍ മുതല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍വരെ മരണം സംഭവിക്കാം. ചികിത്സ തുടങ്ങുന്നതിനു മുന്‍പുതന്നെ ശ്വാസോച്ഛ്വാസം നിലച്ചുപോകുന്ന ആളുകള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ വെന്റിലറ്റേറിന്റെ സഹായം വേണ്ടി വന്നേക്കാം. 
അണലിയുടെ വിഷത്തിന്റെ പ്രവര്‍ത്തനരീതി വ്യത്യസ്തമാണ്. രക്തം കട്ടപിടിക്കാനുള്ള കഴിവിനെയാണ് ഇതു പ്രധാനമായും ബാധിക്കുന്നത്. കൂടാതെ നമ്മുടെ പേശികള്‍, വൃക്കകള്‍, ശ്വാസകോശം ഹൃദയം തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. അവയവങ്ങളുടെ പ്രവര്‍ത്തനത്തകരാറിനു മണിക്കൂറുകളോ ദിവസങ്ങളോ എടുക്കുമെന്നതിനാല്‍ ഇവ മൂലമുള്ള മരണങ്ങള്‍ വൈകാറുണ്ട്. മരുന്നുകള്‍ കൂടാതെ ചിലപ്പോള്‍ ഡയാലിസിസ്, വെന്റിലേറ്റര്‍ എന്നീ ജീവന്‍ രക്ഷാഉപാധികളും അനുബന്ധ ചികിത്സാരീതികളും വേണ്ടിവന്നേക്കാം.
കടിയേറ്റ ഭാഗത്തുള്ള നീരും വേദനയും കടിവാടില്‍ നിന്നുള്ള രക്തപ്രവാഹവും വിഷബാധയുടെ ലക്ഷണങ്ങളാണ്.
വയറുവേദന, ഛര്‍ദി, തലകറക്കം, കാഴ്ച മങ്ങല്‍, ഒരു വസ്തുവിനെ തന്നെ ഇരട്ടിച്ചു കാണുക, ശ്വാസതടസം, രക്തസ്രാവം, മൂത്രത്തിലൂടെ രക്തം വരിക, മൂത്രത്തിന് അളവ് കുറയുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരാറുണ്ട്.
പാമ്പുകടിയുടെ ചികിത്സ പ്രധാനമായും ആന്റി സ്‌നേക്ക് വെനം എന്ന എസവി ആണ്. അതായത് പാമ്പുകളുടെ വിഷം കുതിരയില്‍ കുത്തിവച്ച് കുതിരയുടെ ശരീരത്തിലുണ്ടാകുന്ന പ്രതിവിഷം അഥവാ ആന്റിബോഡി രക്തത്തില്‍നിന്ന് വേര്‍തിരിച്ചു ശുദ്ധീകരിച്ചു നിര്‍മ്മിക്കുന്ന ആന്റി സ്‌നേക് വെനം. ഇന്ത്യയില്‍ സാധാരണയായി കാണുന്ന നാലു പ്രധാന വിഷപ്പാമ്പുകള്‍ക്കെതിരായുള്ള പ്രതിവിഷം ഒരുമിച്ചാണ് നല്‍കുന്നത്. അതിനാല്‍ ഇതിനെ polyvalent പാമ്പുവിഷം എന്നാണ് പറയുന്നത്. ഇങ്ങനെ polyvalent പാമ്പു വിഷം നല്‍കുന്നതുമൂലം പാമ്പിനെ തിരിച്ചറിഞ്ഞില്ലെങ്കിലും കടിയേറ്റ രോഗിക്ക് ശരിയായ ചികിത്സ ലഭിക്കുമെന്ന് ഉറപ്പാണ്. Hump nose viper എന്ന ഒരുതരം അണലി മാത്രമാണ് ഇതിന് ഒരു അപവാദം. ഇവയ്ക്കുള്ള പ്രതിവിഷം സാധാരണമായി കിട്ടാറില്ല എന്നതിനാല്‍ ഇതുമൂലമുള്ള ചികിത്സയും കുറച്ചു വ്യത്യസ്തമാണ്.
രോഗലക്ഷണങ്ങളും അവയവങ്ങളെ ബാധിച്ചതിന്റെ ലക്ഷണങ്ങളും നോക്കിയാണ് ചികിത്സ നിശ്ചയിക്കുന്നത്.
ശരീരത്തില്‍നിന്നു പുറത്തെടുത്ത രക്തം കട്ടപിടിക്കുന്നുണേ്ടാ എന്നുള്ളതാണ് പരിശോധനയില്‍ ഏറ്റവും പ്രധാനം. ശരീരത്തില്‍ നിന്ന് ഒരു പത്തു മില്ലി രക്തമെടുത്ത് ഒരു ഗ്ലാസ് ട്യൂബില്‍ അനക്കാതെ വച്ചതിനുശേഷം കട്ടപിടിക്കാന്‍ ഉപയോഗിക്കുന്ന സമയമാണ് സാധാരണഗതിയില്‍ ഉപയോഗിക്കാവുന്നത്. ഇതിനെ whole blood clothing time (WBCT) എന്നു പറയുന്നു. Wbct ഇരുപതു മിനിറ്റിലും നീളുന്നത് പാമ്പുകടി മൂലം രക്തം കട്ടപിടിക്കാനുള്ള ശേഷി നഷ്ടപ്പെടുമ്പോഴാണ്. മൂത്രത്തില്‍ രക്തത്തിന്റെ അംശം വരിക, മൂത്രത്തിന് അളവ് കുറയുക, വൃക്കകളുടെ പ്രവര്‍ത്തനത്തിനു തകരാറ് സംഭവിക്കുക, രോഗിയുടെ ശ്വാസോച്ഛ്വാസം നിലയ്ക്കുക, ശരീരം കരിനീലിക്കുക എന്നിങ്ങനെ മറ്റു രോഗലക്ഷണങ്ങളും കണ്ടുവരാറുണ്ട്. ഇവ കണ്ടു പിടിക്കാന്‍ RFT PT, INR, ABG, എന്നിങ്ങനെ വ്യത്യസ്ത പരിശോധനകളും ചെയ്യുന്നു.
മൂര്‍ഖന്‍ പാമ്പ് കടിക്കുകയാണെങ്കില്‍ കണ്‍പോള അടഞ്ഞു പോകുന്നതുപോലെ കാണാറുണ്ട്.
കടിച്ച പാമ്പിനെ തിരഞ്ഞുപിടിച്ച് കൊന്നുകൊണ്ടുവരുന്നതായി കാണാറുണ്ട്. കടിച്ച പാമ്പിനെ തിരഞ്ഞു സമയം കളയുന്നത് ശരിയായ ചികിത്സ വൈകിപ്പിക്കുവാനും രോഗിയുടെ നില വഷളാകാനും ഇടയാക്കുന്നു.
കടിച്ചത് വിഷമുള്ള പാമ്പാണെങ്കില്‍ക്കൂടി രോഗിക്ക് രോഗലക്ഷണങ്ങള്‍ ഉണെ്ടങ്കില്‍ മാത്രമേ ചികിത്സ നല്‍കുകയുള്ളൂ. 
പാമ്പുകടിയേറ്റ പരിഭ്രമംമൂലം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാകുകയും വിഷം ശരീരത്തില്‍ പെട്ടെന്നു വ്യാപിക്കുകയും ചെയ്യും. അതിനാല്‍, പാമ്പുകടിയേറ്റവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെയായി വയ്ക്കാന്‍ ശ്രദ്ധിക്കുക. വിഷം ശരീരത്തില്‍ കലരുന്നത് ഒരു പരിധിവരെ ഇതുവഴി വൈകിപ്പിക്കാന്‍ സാധിക്കും.
എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുന്നതിന് ഒരുപക്ഷേ ജീവന്റെ വിലയുണ്ടാകും എന്നു മനസ്സിലാക്കുക. പാമ്പുകടിയേറ്റ ഭാഗം തുണികൊണ്ട് വല്ലാതെ മുറുക്കിവയ്ക്കുന്നതുമൂലം കടിയേറ്റ ഭാഗത്തേക്കുള്ള രക്തഓട്ടം തടസ്സപ്പെടാനും അവിടെ വ്രണമാകാനും ഇടയാകുന്നു. അതിനാല്‍ മുറുക്കിയാല്‍ത്തന്നെ ഒരു വിരല്‍ കയറാനുള്ള അകലം ബാക്കിയുണ്ടാകണം.
പാമ്പുകടിയേറ്റ വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒരു ഇംഗ്ലീഷ് വാക്കില്‍ കൃത്യമായി ഓര്‍ക്കാം.
Right, Reassurance, Immobilisation, Getting help, Proper Treatment 
അശാസ്ത്രീയമായ ചികിത്സാരീതികള്‍ ശരിയായ ചികിത്സ വൈകിപ്പിക്കുകയും ദുരന്തത്തിനു കാരണമാക്കുകയും ചെയ്യും. 
പരിഭ്രമം കുറയ്ക്കാന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ അരുത്.
പച്ചമരുന്നുകളോ ഇലകളോ വെച്ച് മുറിവു കെട്ടുവാനും പാടില്ല. ചോര വരുന്നുണെ്ടങ്കില്‍ വൃത്തിയുള്ള ഒരു തുണി വച്ചു കെട്ടാം. 
മുറിവുകളുണ്ടാക്കി വിഷം പുറത്തുകളയാന്‍ ശ്രമിക്കുക, കടിച്ച പാമ്പിനെ തിരിച്ചുകടിക്കുക, മുറിവില്‍നിന്ന് രക്തം വലിച്ചെടുക്കാന്‍ നോക്കുക എന്നിവ ബുദ്ധിശൂന്യമായ പ്രവൃത്തിയാണ്.
മുറിവില്‍ ചൂടോ തണുപ്പോ പിടിക്കേണ്ട കാര്യമില്ല .
ഓര്‍ക്കുക - എല്ലാ പാമ്പുകടിയും വിഷമുള്ളതല്ല. വിഷമുള്ള പാമ്പുകടിക്കു സമയം വൈകിപ്പിക്കാതെ ശരിയായ ചികിത്സ ശരിയായ സമയത്തു നല്‍കുക.

ലേഖകന്‍ പാലാ മാര്‍ സ്സീവാ മെഡിസിറ്റിയിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിക്കല്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റാണ്.

Login log record inserted successfully!