നിരവധി ഔഷധപോഷകഗുണങ്ങള്‍ നിറഞ്ഞതാണ് തണ്ണിമത്തന്‍. ഇതിനെ തണ്ണീര്‍മത്തന്‍ എന്നും ''വത്തക്ക'' എന്നും വിളിക്കാറുണ്ട്. ലോകത്തില്‍ എല്ലാ സ്ഥലത്തുംതന്നെ ഇത് കൃഷി ചെയ്തുവരുന്നു.
ശരീരത്തിനു ശീതളിമയും ശാന്തിയും നല്‍കുന്ന ഒരു ഫലമാണ് തണ്ണിമത്തന്‍. ശരീരരോഷ്മാവ് കുറയ്ക്കാന്‍ ഉത്തമം. ഇതിന്റെ വിത്ത് നടുന്നതിനു പുറമേ ഔഷധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു.
ദാഹത്തിനും ക്ഷീണത്തിനും വളരെ നല്ലതാണ് തണ്ണിമത്തന്‍. ഇളയതണ്ണിമത്തന്‍ കറിയുണ്ടാക്കാനും സാലഡായും ഉപയോഗിക്കുന്നു. ഉന്മാദത്തെ അകറ്റുന്നതിനും പിത്തദോഷത്തെ ശമിപ്പിക്കുന്നതിനും ഫലപ്രദമത്രേ. വൃക്കസംബന്ധവും മൂത്രാശയസംബന്ധവുമായ രോഗങ്ങള്‍ക്കും ഇവ വിശേഷമായി ഗണിക്കപ്പെടുന്നു. നല്ല തോതില്‍ ജലാംശമുള്ള തണ്ണിമത്തനില്‍ മാംസ്യം, കാര്‍ബോഹൈഡ്രേറ്റുകള്‍, കൊഴുപ്പ്, ഭക്ഷ്യനാര്, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം, ഇരുമ്പ്, ഫോസ്ഫറസ്, വിറ്റാമിന്‍ സി തുടങ്ങിയവ വിവിധ അളവില്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
ലോകത്തില്‍ ഉത്പാദിപ്പിക്കുന്ന വെള്ളരി വര്‍ഗവിളകളില്‍ ഒന്നാംസ്ഥാനം തണ്ണിമത്തനാണ്. കേരളത്തിലെ മണ്ണും കാലാവസ്ഥയും ഇതിന്റെ കൃഷിക്കു യോജിച്ചതാണ്. കുക്കുര്‍ ബിറ്റേസി കുലത്തില്‍പ്പെട്ട ഇവയുടെ ശാസ്ത്രനാമം. 'സിട്രുല്ലസ് ലനേറ്റസ്' എന്നാണ്.
തണ്ണിമത്തനിലെ പ്രധാന ഇനങ്ങള്‍ ഷുഗര്‍ ബേബി, അര്‍ക്ക ജ്യോതി, അസംഹിയമാറ്റോ, പുസബഡാന, അര്‍ക്ക മാണിക്, ദുര്‍ഗാപുരമീത്തി, ദുര്‍ഗാപുരകേസര്‍, അമൃത്, പി.കെ.എം. - 1 എന്നിവയാണ്. ഇതില്‍ ഷുഗര്‍ ബേബിയാണ് കേരളത്തില്‍ പ്രചാരം നേടിയിട്ടുള്ള ഒരിനം. നാലുമുതല്‍ എട്ടു കിലോയിലധികംവരെ ഭാരം വയ്ക്കുന്ന കായ്കളുടെ കാമ്പിന് കടുംചെമപ്പുനിറമാണ്. നല്ല മധുരവും ഉണ്ടാവും. നമ്മുടെ കൃഷിയിടത്തിലും തണ്ണിമത്തനുംകൂടി സ്ഥാനം നല്‍കുവാന്‍ കഴിയണം.
കാര്‍ഷികം