മനുഷ്യരാശിയുടെ ആരംഭംമുതല്‍ അവനിലുള്ളവികാരമാണ് പ്രണയം. മനുഷ്യവംശത്തിന്റെ ഉന്മൂലനാശംവരെ ആ വികാരം അവനിലുണ്ടായിരിക്കുകയും ചെയ്യും. സത്യത്തില്‍ പ്രണയമാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രണയത്തിനു പല നിറങ്ങളും സ്വരങ്ങളുമുണ്ട്. പ്രണയത്തിലായിരിക്കുന്നവര്‍ ആരോ അവര്‍ക്കനുസരിച്ച് ഓരോ പ്രണയവും വ്യത്യസ്തങ്ങളാണ്.
പ്രണയമെന്നു പറയുമ്പോള്‍ സാധാരണമായി നമ്മുടെ മനസ്സിലേക്കു കടന്നുവരുന്നത് അവിവാഹിതരായ, യൗവനയുക്തരായ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ സംഭവിക്കുന്ന മാനസികൈക്യം എന്ന വിധത്തിലുള്ളതാണ്. എന്നാല്‍, പ്രണയം അതുമാത്രമാണോ? പരിമിതമായ ഒരു കാലത്തില്‍മാത്രം ഒതുങ്ങിനില്ക്കുന്നതല്ല പ്രണയം.
പക്ഷേ, മലയാളസിനിമ ഭൂരിപക്ഷവും കൈകാര്യം ചെയ്തിരിക്കുന്നത് അത്തരത്തിലുള്ള പ്രണയങ്ങളാണ്. ദാമ്പത്യത്തിലെ, അതില്‍ത്തന്നെ വാര്‍ധക്യത്തിലെ പ്രണയം പലരും വിസ്മരിച്ചുകളയുമ്പോഴാണ് സാക്ഷാല്‍ എംടി വാര്‍ധക്യത്തിലെയും ദാമ്പത്യത്തിലെയും പ്രണയവുമായി കടന്നുവന്നത്. ചിത്രത്തിന്റെ പേര് ഒരു ചെറുപുഞ്ചിരി. 2000 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം എംടിയുടെ സംവിധാനത്തിലുളള ആറാമതു ചിത്രം കൂടിയായിരുന്നു. തെലുങ്ക് എഴുത്തുകാരന്‍ ശ്രീരമണയുടെ മിഥുനം എന്ന നോവലിനെ ആസ്പദമാക്കിയാണ് എംടി ചിത്രം തയ്യാറാക്കിയത്. ഒടുവില്‍ ഉണ്ണിക്കൃഷ്ണനും നിര്‍മലയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.
വാര്‍ധക്യത്തിലെത്തിയിട്ടും കൃഷ്ണക്കുറുപ്പിന്റെയും അമ്മാളുക്കുട്ടിയുടെയും ഇടയില്‍ പ്രണയത്തിന്റെ പുഴ ഒഴുകുന്നുണ്ട്. എന്നാല്‍, ആ പ്രണയം ഒരിക്കലും അമിതവൈകാരികതയുടെ തലത്തിലേക്കു മാറുന്നുമില്ല. ഇഴയടുപ്പമുള്ള ഹൃദയബന്ധമാണ് അവരുടേത്. നോക്കിനില്ക്കുമ്പോള്‍ ആ പ്രണയം പ്രേക്ഷകനും അനുഭവിക്കാന്‍ കഴിയത്തക്കരീതിയില്‍ അതീവഹൃദ്യതയോടും ചാരുതയോടുംകൂടിയാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. ചെറിയ ചെറിയ പിണക്കങ്ങളും കുറുമ്പുകളും കുന്നായ്മകളുമാണ് ആ പ്രണയത്തിന്റെ മനോഹാരിത നിശ്ചയിക്കുന്നത്. തനിക്കു നടക്കാതെ പോയ ഒരു കല്യാണാലോചനയെക്കുറിച്ചുള്ള കഥ പൊടിപ്പും തൊങ്ങലും വച്ചു പറഞ്ഞ് കൃഷ്ണക്കുറുപ്പിനെ ചൊടിപ്പിക്കാന്‍ അമ്മാളുക്കുട്ടി ശ്രമിക്കുന്നതുതന്നെ ഒരുദാഹരണം. അതുകേള്‍ക്കുമ്പോള്‍ കുറുപ്പിനുണ്ടാകുന്ന ഈര്‍ഷ്യ അമ്മാളു ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, തങ്ങളൊരുമിച്ചുളള ഭൂമിയിലെ അവസാനദിനത്തില്‍ അമ്മാളു മനസ്സു തുറക്കുന്നുണ്ട്, അങ്ങനെയൊരു ആലോചനയൊന്നും തനിക്കു വന്നിട്ടില്ലെന്ന്. അതെനിക്കു പണ്ടേ അറിയാമായിരുന്നുവെന്നാണ് കുറുപ്പിന്റെ മറുപടി. ഇരുവരുടെയും പൊട്ടിച്ചിരിക്ക് എത്ര അര്‍ഥങ്ങളാണ്!
യഥാര്‍ഥ പ്രണയം തൊലിപ്പുറമേയുള്ള ഒന്നല്ല. യൗവനം മായുകയും സൗന്ദര്യം മങ്ങുകയും ചെയ്യുമ്പോള്‍ പ്രണയവും ഒലിച്ചുപോകുന്നതാണ് ഒട്ടുമിക്ക ദാമ്പത്യങ്ങളുടെയും പരാജയം. എന്നാല്‍, ഇവിടെ അങ്ങനെയൊന്നു സംഭവിക്കുന്നില്ല. കുറുപ്പിന്റെയും അമ്മാളുക്കുട്ടിയുടെയും പ്രണയം പ്രേക്ഷകനും ചില വീണ്ടുവിചാരങ്ങള്‍ സമ്മാനിക്കുന്നുണ്ട്. ഇന്നുമുതല്‍ മരണംവരെയെന്നും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും സന്തോഷത്തിലും ദുഃഖത്തിലുമെന്നുമൊക്കെ വിശുദ്ധഗ്രന്ഥം സാക്ഷിയാക്കിയെടുക്കുന്ന നമ്മുടെ പ്രതിജ്ഞകള്‍ക്ക് എത്രയോ ഹ്രസ്വമായ ആയുസ്സാണുള്ളത്! പങ്കുചേരാനും പങ്കിടാനും ജീവിതത്തിന്റെ നല്ലഭാഗം മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നത് ദയനീയംതന്നെ.
പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു അവര്‍. വ്യത്യസ്ത മതവിശ്വാസികള്‍. അച്യുതമേനോനും ഗ്രേസും. എന്നിട്ടും കുഞ്ഞു ജനിച്ച് അവനു രണ്ടു വയസ്സായപ്പോള്‍ ഇരുവരും വിവാഹമോചിതരായി. കുഞ്ഞിനെ അച്ഛനാണു കിട്ടിയത്. ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോയ ഗ്രേസ് വീട്ടുകാരുടെ നിര്‍ബന്ധത്തെ ത്തുടര്‍ന്ന് പിന്നീട് സ്വസമുദായത്തില്‍ത്തന്നെയുള്ള പ്രഫ. മാത്യൂസിനെ വിവാഹം കഴിച്ചു. നാല്പതോളം വര്‍ഷങ്ങള്‍ക്കുശേഷം വളരെ അവിചാരിതമായി അവര്‍ കണ്ടുമുട്ടുന്നു. അച്യൂതമേനോനും ഗ്രേസും. ഒരിക്കല്‍ പരസ്പരം വേര്‍പിരിഞ്ഞവരെങ്കിലും അവരുടെ ഹൃദയത്തില്‍ ഒരിക്കലും അസ്തമിക്കാത്ത പ്രണയമുണ്ടായിരുന്നു. പക്ഷേ, വര്‍ഷങ്ങളുടെ കാലപ്പഴക്കംകൊണ്ട് ആ പ്രണയം സ്ഫുടപാകം ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു. മാംസനിബദ്ധമല്ലാത്ത പ്രണയത്തിന്റെ, ആത്മാവുകള്‍ക്കു സ്പര്‍ശിക്കാന്‍ കഴിയുന്ന പ്രണയത്തിന്റെ അലൗകികഭാവമായിരുന്നു അത്.
ആ പ്രണയത്തെ മാത്യൂസാവട്ടെ ഒരിക്കലും തടഞ്ഞതുമില്ല. വേര്‍പിരിഞ്ഞാലും വേര്‍പിരിയാനാവാത്ത, അകന്നാലും അടുത്തിരിക്കാന്‍ കൊതിക്കുന്ന പ്രണയത്തിന്റെ പുതിയ ഭാവവും രൂപവുമായിരുന്നു ബ്ലെസിയുടെ പ്രണയം എന്ന സിനിമ പറഞ്ഞത്. മോഹന്‍ലാല്‍, അനുപംഖേര്‍, ജയപ്രദ തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2011 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ദാമ്പത്യപ്രണയത്തിന്റെ മറ്റൊരു മുഖമാണ് അനാവരണം ചെയ്തത്.
സ്നേഹിച്ചുകൊണ്ടു വെറുക്കുകയും വെറുത്തുകൊണ്ടു സ്‌നേഹിക്കുകയും ചെയ്യുന്ന പുതിയ കാലത്തിന്റെ ദാമ്പത്യങ്ങളുടെ നേര്‍ക്കുള്ള കണ്ണാടിക്കാഴ്ചയാണ് ഈ ചിത്രം. കാലമെത്ര കഴിഞ്ഞാലും കാതമെത്ര അകന്നാലും സംശുദ്ധമായ പ്രണയത്തിന് അവസാനമില്ലെന്നും സിനിമ പറയുന്നു. ഗ്രേസിന്റെ കല്ലറയില്‍ പൂക്കള്‍ അര്‍പ്പിച്ച് മാത്യൂസും അച്യുതമേനോനും നില്ക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. എത്രയോ ചെറിയ കാരണങ്ങള്‍ കൊണ്ടുപോലും വിവാഹമോചനം നടന്നുകൊണ്ടിരിക്കുന്ന നാടായി മാറിക്കഴിഞ്ഞിരിക്കുന്നു കേരളം. പിന്നീട് പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുമ്പോഴും യഥാര്‍ഥമായ പ്രണയം ഹൃദയത്തിന്റെ അകത്തളങ്ങളില്‍ എവിടെയൊക്കെയോ പിച്ചവച്ചു നടക്കുന്നുമുണ്ടാവും. അല്പം വിട്ടുവീഴ്ച, സഹിഷ്ണുത പുലര്‍ത്തിയിരുന്നുവെങ്കില്‍ ഇന്നത്തെ പല അച്യുതമേനോന്‍മാര്‍ക്കും ഗ്രേസുമാര്‍ക്കും പരസ്പരം അകലാതെ ജീവിക്കാന്‍ കഴിയുമായിരുന്നില്ലേ? പക്ഷേ, ഇവിടെയൊക്കെ ഉയരുന്ന പ്രശ്‌നം ആരു തോറ്റുകൊടുക്കും ആരു തോല്‌വി സമ്മതിക്കും എന്നതാണ്. തോറ്റുകൊടുക്കുന്നവന്റെമേല്‍ എല്ലാ കുറ്റാരോപണങ്ങളും വന്നുവീഴും എന്നു ഭയക്കുന്നതുകൊണ്ടും സ്വന്തം ഈഗോയ്ക്കു മുറിവേല്ക്കുന്നുവെന്നതുകൊണ്ടുമാണ് അത്തരമൊരു കീഴടങ്ങല്‍ സംഭവിക്കാത്തത്. ഫലമോ, ദാമ്പത്യബന്ധങ്ങള്‍ തകരുന്നു.
ഇനി, പ്രണയത്തിന്റെ പേരിലുള്ള വഴിവിട്ട ചില ബന്ധങ്ങളെക്കൂടി അപഗ്രഥിക്കാം. മുതിര്‍ന്ന സ്ത്രീയോട് താരതമ്യേന പ്രായം കുറഞ്ഞ ആണിനുള്ള പ്രണയത്തിന്റെ കഥ മലയാളസിനിമയില്‍ സാര്‍വത്രികവത്കരികപ്പെട്ടത് 1978 ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദം എന്ന ഭരതന്‍ - പത്മരാജന്‍ സിനിമയിലൂടെയാണ്. പപ്പു എന്ന കൗമാരക്കാരന്, അടുത്തവീട്ടിലെ രതിച്ചേച്ചിയോടു തോന്നുന്ന പ്രേമവും കാമവുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഈ ചിത്രത്തിന്റെ വികലമായ റീമേക്കിങ്ങിനും മലയാളസിനിമ സാക്ഷ്യംവഹിക്കുകയുണ്ടായി. 2011 ല്‍ ആയിരുന്നു അത്. ആദ്യ രതിനിര്‍വേദത്തില്‍ ജയഭാരതിയും കൃഷ്ണചന്ദ്രനുമാണ് പ്രധാന അഭിനേതാക്കളായതെങ്കില്‍ രണ്ടാമത്തെ രതിനിര്‍വേദത്തില്‍ ശ്രീജിത്ത് വിജയ്‌യും ശ്വേതാമേനോനുമാണ് നടീനടന്മാരായത്. പാപത്തിന്റെ ശമ്പളം മരണം എന്ന തിരുവചനത്തെ സാധൂകരിക്കുന്ന വിധത്തിലുള്ളതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. സമാനമായ ഇതിവൃത്തംതന്നെയായിരുന്നു സുരേഷ് ഉണ്ണിത്താന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഋഷ്യശൃംഗന്‍ എന്ന സിനിമയും പറഞ്ഞത്. ഇവിടെ മരണമല്ല കൊലപാതകമാണു സംഭവിക്കുന്നതെന്നുമാത്രം. എങ്കിലും വിലക്കപ്പെട്ട പ്രണയങ്ങള്‍ക്കെല്ലാം സംഭവിക്കുന്നത് ദുരന്തമാണെന്നു ഭംഗ്യന്തരേണ ഈ രണ്ടു ചിത്രങ്ങളും പറഞ്ഞുവയ്ക്കുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം 2023 ല്‍ ഇതേ വിഷയം പുതിയ രൂപത്തിലെത്തുകയുണ്ടായി. അതാണ് ആല്‍വിന്‍ ഹെന്റിയുടെ സംവിധാനത്തില്‍ മാത്യു തോമസും മാളവികാ മേനോനും അഭിനയിച്ച ക്രിസ്റ്റി എന്ന ചിത്രം. ഡിവോഴ്സിയായ ക്രിസ്റ്റിയോട് റോയ് എന്ന കൗമാരക്കാരനു തോന്നുന്ന പ്രണയമാണ് ചിത്രം പറയുന്നത്. പക്ഷേ, ചിത്രത്തിന്റെ ഒരേയൊരു പ്രത്യേകതയെന്നു പറയുന്നത് ശ്ലീലാശ്ലീലങ്ങള്‍ക്ക് ചിത്രം കൃത്യമായി അതിരുവച്ചുവെന്നതാണ്. ഒരു കൗമാരമനസ്സിന്റെ ചാപല്യങ്ങളെയും ചാഞ്ചാട്ടങ്ങളെയും കൃത്യമായി അടയാളപ്പെടുത്തുമ്പോഴും അത് സെക്‌സിന്റെ തലത്തിലേക്കു വഴുതിവീഴാതെ കാഴ്ചയുടെ വിശുദ്ധി കാത്തുസൂക്ഷിച്ചുവെന്നതാണ്. റോയിയുടെ ചപലതകളെ അതിന്റേതായ രീതിയില്‍ കാണാനും ഉപേക്ഷിക്കാനും കഴിയുന്നവിധത്തിലുള്ള പക്വതയും ജീവിതാനുഭവങ്ങളും ആത്മീയതയും ക്രിസ്റ്റിക്കുണ്ടായിരുന്നു. സ്വാഭാവികമായ സമീപനമാണ് മേല്പറഞ്ഞ വഴിവിട്ട പ്രണയങ്ങളില്‍നിന്ന് ക്രിസ്റ്റിയെ വ്യത്യസ്തമായി അടയാളപ്പെടുത്തുന്നത്. എന്നിരിക്കിലും ക്രിസ്റ്റി മഹത്തായ സിനിമയാണെന്നൊന്നും കരുതരുത്. മലയാളത്തിലെ പ്രമുഖരായ രണ്ടു കഥാകൃത്തുക്കളുടെ - ജി ആര്‍ ഇന്ദുഗോപന്‍, ബെന്യാമിന്‍ - കൂട്ടെഴുത്തിന്റെ ഒരു സൃഷ്ടിവൈഭവവും തിരക്കഥയില്‍ കാണാന്‍ കഴിയാതെപോയ സിനിമകൂടിയാണ് ക്രിസ്റ്റി.
മാതാപിതാക്കളെ ധിക്കരിച്ചും വീടുവിട്ടും സാഫല്യമടയുന്ന പ്രണയങ്ങളെയാണ് ഉദാത്തപ്രണയമായി പൊതുവെ സിനിമയില്‍ വാഴ്ത്തുന്നത്. നായകന്റെയും നായികയുടെയും പ്രണയത്തിന് എതിരുനില്ക്കുന്നവരെയെല്ലാം വില്ലന്മാരായി കണക്കാക്കുന്ന രീതിയാണ് പൊതുവെയുളളതും. സമാനമായരീതിയില്‍ മുന്നോട്ടുപോകുമ്പോഴും ഒടുവില്‍ ജ്ഞാനോദയം ലഭിച്ച് സ്‌നേഹത്തോടെ പിരിയാന്‍ തയ്യാറാകുന്ന കമിതാക്കളാണ് സുധിയും മിനിയും. അവരുടെ വേര്‍പിരിയലിന്റെ വേദന പ്രേക്ഷകഹൃദയങ്ങളിലേക്കു പടര്‍ന്നിറങ്ങിയപ്പോള്‍ ഞങ്ങള്‍ക്കു മിനിയെ തരുമോയെന്ന സുധിയുടെ അമ്മയുടെ ചോദ്യം പ്രേക്ഷരുടേതുകൂടിയായി മാറുകയും ഇന്നാ കൊണ്ടുപൊയ്ക്കോ എന്ന് മിനിയുടെ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോള്‍ സുധിക്കും അമ്മയ്ക്കുമൊപ്പം പ്രേക്ഷകര്‍ ഒന്നടങ്കം കൈനീട്ടി ഏറ്റുവാങ്ങുകയും ചെയ്ത അപൂര്‍വമായ അനുഭവമായിരുന്നു അനിയത്തിപ്രാവ് എന്ന സിനിമ തന്നത്. 1997 ല്‍ ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. പ്രണയിച്ചവര്‍ ഒന്നാകുമ്പോള്‍ മാതാപിതാക്കളുടെ, അവരുടെ കുടുംബത്തിന്റെ ആശീര്‍വാദംകൂടി ആ ബന്ധത്തിന് ഉണ്ടായിരിക്കണമെന്നു ഭംഗിയായി പറഞ്ഞുവയ്ക്കുകകൂടിയായിരുന്നു അനിയത്തിപ്രാവ്.
പ്രണയം തോന്നുന്നത് സ്വാഭാവികം. എന്നാല്‍, ആ പ്രണയം എങ്ങനെയെല്ലാം പോകണമെന്നു തീരുമാനിക്കുന്നതും അതിനു കൃത്യമായി അതിരുവരയ്ക്കേണ്ടതും നമ്മള്‍ ഓരോരുത്തരുമാണ്. പ്രണയത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതം നമുക്കു സാധ്യമല്ല. എന്തിനെയെങ്കിലുമൊക്കെ നാം പ്രണയിച്ചുകൊണ്ടിരിക്കുകയാണല്ലോ. പ്രണയത്തിന്റെ ഈ മാസ്മരികതയെക്കുറിച്ച് വിശുദ്ധഗ്രന്ഥം നേരത്തേ പറഞ്ഞുവച്ചിട്ടുണ്ട്.
പ്രേമം മരണത്തെപ്പോലെ ശക്തമാണ്. അതിന്റെ ജ്വാലകള്‍ തീജ്ജ്വാലകളാണ്. അതിശക്തമായ തീജ്ജ്വാല. ജലസഞ്ചയങ്ങള്‍ക്കു പ്രേമാഗ്‌നിയെ കെടുത്താനാവില്ല. പ്രവാഹങ്ങള്‍ക്ക് അതിനെ ആഴ്ത്താന്‍ കഴിയുകയുമില്ല. പ്രേമം വിലയ്ക്കു വാങ്ങാന്‍ സര്‍വസമ്പത്ത് കൊടുത്താലും അത് അപഹാസ്യമാവുകയേയുള്ളൂ (ഉത്തമഗീതം: 8;6-7). പക്ഷേ, സമയമാകുംമുമ്പ് നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ, ഇളക്കിവിടരുതേയെന്നും ഉത്തമഗീതം മുന്നറിയിപ്പു നല്കുന്നുണ്ട്.
അതേ, പ്രേമത്തിനു സമയമുണ്ട്. വിവേകവും ആത്മസംയമനവും അതാവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം വിശുദ്ധിയും. നമുക്കിടയിലെ പ്രണയങ്ങള്‍ കൂടുതല്‍ വിശുദ്ധീകരിക്കപ്പെടട്ടെ.