കുടുംബത്തില്‍നിന്നു കിട്ടുന്ന മുറിവോളം വലുതല്ല മറ്റൊരു മുറിവും. കുടുംബത്തില്‍നിന്നു കിട്ടുന്ന പിന്തുണയോളം വരില്ല മറ്റൊരു പിന്തുണയും. ഭാവിതലമുറയ്ക്കുവേണ്ടിയെങ്കിലും ദമ്പതികള്‍ തമ്മില്‍ സ്‌നേഹാദരവുകളുടെ സംസ്‌കാരവും വിട്ടുവീഴ്ചാമനോഭാവവും പുലര്‍ത്തിയിരുന്നുെവങ്കില്‍...
ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ക്കു ദമ്പതികള്‍ മാത്രമായിരിക്കാം ഉത്തരവാദികള്‍. എന്നാല്‍, ഈ പ്രശ്നം ദമ്പതികളെ മാത്രമാണോ ബാധിക്കുന്നത്? ഒരിക്കലുമല്ല. യഥാര്‍ഥത്തില്‍ ഇതിന്റെ ഇരകളായി മാറുന്നതു മക്കളാണ്. മാതാപിതാക്കള്‍ തമ്മിലുളള വാഗ്വാദങ്ങളും പോര്‍വിളികളും ശണ്ഠകളും ഇവയെല്ലാം കടന്നെത്തിച്ചേരുന്ന അടിപിടികളും മക്കളുടെ മനസ്സില്‍ ഏല്പിക്കുന്ന മുറിവുകളും ആഘാതങ്ങളും വളരെ വലുതാണ്.
മാതാപിതാക്കള്‍ ഒരു ഘട്ടം കഴിയുന്നതോടെ മക്കളുടെ ജീവിതത്തില്‍നിന്ന് ഒഴിവായിപ്പോകുന്നു. പക്ഷേ, അതുകഴിഞ്ഞിട്ടും മക്കള്‍ തങ്ങളുടെ ജീവിതം തുടരേണ്ടിവരുന്നുവെന്നതാണ് കുടുംബത്തില്‍നിന്നു ലഭിക്കുന്ന നെഗറ്റീവ് അനുഭവങ്ങളുടെ ഇരകളായി മക്കളെ മാറ്റുന്നത്. മാതാപിതാക്കള്‍ തങ്ങളുടെ വ്യക്തിത്വത്തില്‍ ഏല്പിച്ച മുറിവുകളും ആഘാതങ്ങളും വഹിച്ചുകൊണ്ട് പില്ക്കാലജീവിതം മുഴുവന്‍ മക്കള്‍ ഒറ്റയ്ക്കു നയിക്കേണ്ടിവരുന്നു.
മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, മാതാപിതാക്കളുടെ ജീവിതത്തിന്റെ എക്സ്റ്റെന്‍ഷനാണ് മക്കള്‍. തങ്ങള്‍ കണ്ടുവളര്‍ന്നതും തങ്ങള്‍ക്കു കിട്ടിയതുമാണ് അവര്‍ തങ്ങളുടെ മക്കളിലേക്കു കൈമാറുന്നത്. അങ്ങനെ ഒരു റിലേ മത്സരത്തില്‍ ബാറ്റണ്‍ കൈമാറുന്നതുപോലെ ഈ കളി തുടര്‍ന്നുപോകുന്നു.
പാളിപ്പോയ ദാമ്പത്യത്തിന്റെ ഇരകളായി ജീവിക്കേണ്ടിവന്ന ഇത്തരം ചില കഥാപാത്രങ്ങളിലൂടെയാണ് ഈ സഞ്ചാരം.
സൈക്കോളജിസ്റ്റാണ് ഐസക് പീറ്റര്‍. ഭാര്യ ക്ലാര. മകള്‍ സിസിലി. പുറമേക്കു നോക്കുമ്പോള്‍ സന്തോഷകരമായ കുടുംബം എന്നു തോന്നുമെങ്കിലും അങ്ങനെയല്ല എന്നതാണ് യാഥാര്‍ഥ്യം. കാരണം മറ്റൊന്നുമല്ല, ക്ലാരയുടെ സ്വഭാവപ്രത്യേകതകള്‍തന്നെ. സംശയരോഗിയാണ് അവള്‍. ഭര്‍ത്താവിനെ സംശയിക്കുന്നതിനു പുറമേ മകള്‍ക്കും അവള്‍ സ്വസ്ഥത നല്കുന്നില്ല. മകള്‍ക്ക് അച്ഛനെയും അച്ഛനു മകളെയും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് എന്നതാണ് ഏക ആശ്വാസം. പക്ഷേ, അതുപോലും തീവ്രമായ ബന്ധത്തിലേക്കുപോകാന്‍ ക്ലാര എന്ന വ്യക്തി പ്രതിബന്ധമാകുന്നുണ്ട്.
സമാനമായ അവസ്ഥതന്നെയാണ് തൊട്ടയല്‍വക്കത്തെ കുടുംബത്തിലുമുള്ളതും. വാസുപിള്ളയും അമ്മുക്കുട്ടിയുമാണ് ഇവിടുത്തെ ദമ്പതികള്‍. അവര്‍ക്കൊരു മകനുണ്ട്, സഞ്ജയ്. ഐസക്കിന്റെ കുടുംബത്തില്‍ ക്ലാരയാണു പ്രശ്‌നമെങ്കില്‍ അതേപ്രശ്‌നം വാസുപിളളയ്ക്കാണുളളത്. തന്നെക്കാള്‍ പ്രായക്കുറവും സൗന്ദര്യവുമുളള അമ്മുക്കുട്ടിയെ അയാള്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അമ്മയുടെ നിസ്സഹായതയും സങ്കടവും സഞ്ജയ് മനസ്സിലാക്കുന്നുണ്ട്. പക്ഷേ, അവന്‍ നിസ്സഹായനാണ്.
ഒരേ കുടുംബസാഹചര്യത്തിലൂടെ കടന്നുപോകുന്ന സഞ്ജയും സിസിലിയും സ്വാഭാവികമായും അടുക്കുന്നു. കാരണം, ഒരേ തരംഗദൈര്‍ഘ്യങ്ങളാണല്ലോ വ്യക്തികളെ തമ്മില്‍ കൂട്ടിയോജിപ്പിക്കുന്നത്. എന്നാല്‍, തങ്ങള്‍ക്കൊരുമിച്ചുളള ജീവിതം സാധ്യമല്ലെന്ന് അവര്‍ മനസ്സിലാക്കുന്നു. ഒരുമിച്ചുജീവിക്കാന്‍ കഴിയാത്ത ലോകത്തില്‍ ഒരുമിച്ചുമരിക്കാന്‍ തീരുമാനിച്ച് അവര്‍ തങ്ങളുടെ തീരുമാനം നടപ്പിലാക്കുന്നു. 1986 ല്‍ പുറത്തിറങ്ങിയ ഭദ്രന്‍ സംവിധാനം ചെയ്ത 'പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്' എന്ന സിനിമയുടെ ഇതിവൃത്തമാണ് ഇത്.
പല മക്കളുടെയും വഴിതെറ്റിപ്പോകലുകള്‍ക്കും ജീവിതദുരന്തങ്ങള്‍ക്കും കാരണമന്വേഷിച്ചു പുറത്തെവിടേക്കും പോകേണ്ടതില്ല. സ്വന്തം കുടുംബവും മാതാപിതാക്കളുംതന്നെയായിരിക്കും സത്യസന്ധമായ വിലയിരുത്തലിലും അന്വേഷണത്തിലും കുറ്റക്കാരായി മാറുന്നത്. കുടുംബത്തില്‍ മാതാപിതാക്കളില്‍നിന്നു കിട്ടാതെപോകുന്ന സ്‌നേഹവും അംഗീകാരവും സാന്ത്വനവും അവര്‍ പുറമേക്ക് അന്വേഷിക്കുന്നു. തങ്ങള്‍ ആഗ്രഹിക്കുന്നത് പുറത്തുകിട്ടുമ്പോള്‍ അതു സത്യമാണെന്ന് തെറ്റിദ്ധരിച്ച് അവരതിനു പൂര്‍ണമായും മനസ്സും ശരീരവും സമര്‍പ്പിക്കുകയും ഒടുവില്‍ അവരുടെ ജീവിതം ദുരന്തപൂര്‍ണമായിത്തീരുകയും ചെയ്യുന്നു. അന്യമതത്തില്‍പ്പെട്ടവരുമായുള്ള പ്രണയവും ഒളിച്ചോട്ടവും വിവാഹവുമെല്ലാം ഇതിന് അടിവരയിടുന്നു. വേറേ ചിലര്‍ മയക്കുമരുന്നിലും മറ്റു വിധ്വംസകപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു.
പ്രസ്തുത ചിത്രത്തില്‍ മക്കള്‍ തീര്‍ത്തും നിസ്സഹായരാണ്. അമ്മയുടെ അടിച്ചമര്‍ത്തലിനു വിധേയനായി വീര്‍പ്പുമുട്ടിക്കഴിയുന്ന അച്ഛനെയാണ് സിസിലി കണ്ടുവളരുന്നത്. അച്ഛന്റെ കടുംപിടിത്തത്തിനും ധാര്‍ഷ്ട്യത്തിനും ഇരയായി ജീവിക്കേണ്ടിവരുന്ന അമ്മയെയാണ് സഞ്ജയ് കണ്ടുവളരുന്നത്. രണ്ടിടത്തും മക്കള്‍ക്ക് തങ്ങളുടെ ആത്മപ്രകാശനത്തിനുള്ള അവസരങ്ങള്‍ കിട്ടുന്നില്ല. ശരിയോടു ചേര്‍ന്നുനില്ക്കാന്‍പോലും അവര്‍ക്കാകുന്നില്ല. മാതാപിതാക്കള്‍ക്കുള്ള മറുപടിയായിട്ടുകൂടിയാണ് അവര്‍ ആത്മഹത്യ ചെയ്യുന്നത്. ആത്മനശീകരണത്തിന്റെ ഭാഗം തിരഞ്ഞെടുത്ത് അവര്‍ സ്വാസ്ഥ്യംതേടുന്നു.
ഭാര്യയും രണ്ട് ആണ്‍മക്കളും ഉള്ളപ്പോഴാണ് പൊലീസുകാരനായ അയാള്‍ വെപ്പാട്ടിയെയുംകൊണ്ട് വീട്ടില്‍ വന്നുകയറുന്നത്. വെപ്പാട്ടിക്കൊപ്പം ജീവിക്കാന്‍ ഭാര്യ തടസ്സമാണെന്നു മനസ്സിലാക്കിയ അയാള്‍ അവളെയും മക്കളെയും നിര്‍ദയം വീട്ടില്‍നിന്നിറക്കിവിടുന്നു. പിന്നീട് മക്കള്‍ക്കു ചെലവിനു കൊടുക്കണമെന്ന് അധികാരി പറയുമ്പോള്‍ അതിനു കീഴ്‌പ്പെട്ട് ഇരട്ടമക്കളിലൊരുവനെ തനിക്കൊപ്പം നിര്‍ത്താമെന്ന് അയാള്‍ സമ്മതിക്കുന്നു. അങ്ങനെ കൈയില്‍ കിട്ടിയ ഒരുവനെയുംകൊണ്ട് അയാള്‍ സ്ഥലംവിടുന്നു. ഒരുമിച്ചു കളിച്ചുവളര്‍ന്ന സഹോദരങ്ങള്‍ക്ക് രണ്ടിടങ്ങളിലേക്കുള്ള ആ പറിച്ചുനടീല്‍ ഹൃദയഭേദകംതന്നെയാണ്.
അച്ഛനൊപ്പം ജീവിക്കേണ്ടിവരുന്ന അവന്‍ ഒരിക്കലും ഒരു മകന്‍ കാണാന്‍ പാടില്ലാത്ത പലതിനും സാക്ഷിയാകേണ്ടിവരുന്നു; അച്ഛന്റെ വഴിവിട്ട ജീവിതംമുതല്‍ അയാളെ സംഘം ചേര്‍ന്നു കൊലപ്പെടുത്തുന്നതിനു വരെ. ജീവിതം ദുസ്സഹമായ ഒരുനാള്‍ അച്ഛന്റെ സമീപത്തുനിന്ന് അമ്മയുടെ അടുക്കലേക്ക് ഓടിച്ചെന്നുവെങ്കിലും അമ്മ സഹോദരനെയുംകൊണ്ട് താമസം മാറിയിരിക്കുന്നുവെന്ന വാര്‍ത്തയാണു കേട്ടത്. അതിനു പുറമേ നിന്നെ വേണ്ട മറ്റവനെമാത്രം മതി അമ്മയ്ക്ക് എന്ന കൂട്ടുകാരുടെ കുത്തുവാക്കും. ഈ വാക്ക് അവനെ അമ്മയില്‍നിന്ന് എന്നേക്കുമായി അകറ്റുകയായിരുന്നു.
രണ്ടിടങ്ങളിലേക്ക് രണ്ടു രീതിയില്‍ തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് വേര്‍തിരിക്കപ്പെട്ട ആ ഇരട്ടസഹോദരങ്ങളുടെ പില്ക്കാലജീവിതം അത്യന്തം ദയനീയമായിരുന്നു. സഹോദരനില്‍നിന്നു വേര്‍പെട്ടു ജീവിക്കേണ്ടിവന്നതിലുള്ള വേദനയും അമ്മയ്‌ക്കൊപ്പം ജീവിക്കേണ്ടിവന്നതിലുളള പരിത്യക്താവസ്ഥയും ചേര്‍ന്ന് അവരിലൊരാള്‍ തികഞ്ഞ മദ്യപനായി. മദ്യപാനശീലം സ്വന്തം കുടുംബജീവിതംവരെ തകര്‍ക്കുകയും ചെയ്തു.
അമ്മ ഉപേക്ഷിച്ചുപോയതാണെന്ന തെറ്റുധാരണയും അച്ഛന്റെ വഴിവിട്ട ജീവിതത്തിനു സാക്ഷിയാകേണ്ടി വന്നതിലുള്ള ദുര്‍ഭഗാവസ്ഥയും ചേര്‍ന്ന് മറ്റെയാള്‍ തികഞ്ഞ അരാജകത്വവാദിയായി. അയാളുടെതന്നെ ഭാഷയില്‍ പറഞ്ഞാല്‍ അഴുക്കായ ജീവിതം. എണ്ണിയാലൊടുങ്ങാത്ത സ്ത്രീകള്‍ ആ ജീവിതത്തിലൂടെ കടന്നുപോയി. പാപവും പുണ്യവും വേര്‍തിരിച്ചറിയാത്ത ജീവിതചക്രത്തിലൂടെ സഞ്ചരിച്ച് സ്വന്തം ചോരയോടുതന്നെ അതിനിന്ദ്യമായ പാപം ചെയ്ത് ഭൂമിയിലേറ്റവും ശപിക്കപ്പെട്ടവനും വെറുക്കപ്പെട്ടവനുമായി മാറി ഒടുവില്‍ ആത്മനിന്ദയില്‍ അയാള്‍ ആത്മാഹുതി ചെയ്യുന്നു.
തിരിച്ചറിവുകളുടെ സത്യവുമായി ഒരിക്കലും ഉണങ്ങാത്ത മുറിവോടെ മഹാഭാരതകഥയിലെ ഒരു കഥാപാത്രത്തെപ്പോലെ ജീവിക്കേണ്ടിവരുന്ന അത്യന്തംദയനീയാവസ്ഥയിലേക്ക് മറ്റെയാളുടെ ജീവിതം എടുത്തെറിയപ്പെടുന്നു.
രോഹിത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ജോജു ജോര്‍ജ് അഭിനയിച്ച ഇരട്ട എന്ന സിനിമയുടെ കഥയാണിത്.
കുടുംബത്തില്‍നിന്ന് തങ്ങള്‍ നേരിട്ട സ്‌നേഹരാഹിത്യങ്ങളും മാതാപിതാക്കള്‍ തമ്മിലുളള സംഘര്‍ഷങ്ങളും സഞ്ജയെയും സിസിലിയെയും സമൂഹത്തിന് അപകടകാരികളാക്കിയില്ല. പക്ഷേ, ഇരട്ടയിലെ വിനോദും പ്രമോദും നിയമം കൈയിലെടുക്കുന്ന അധികാരികളാണെങ്കിലും അവര്‍ സമൂഹത്തിനുതന്നെ അപകടകാരികളായി മാറുന്നുണ്ട്. കാരണം, കൂടുതല്‍ തിക്താനുഭവങ്ങള്‍ക്കു വിധേയരാകേണ്ടിവന്നത് അവരായിരുന്നു. അല്ലെങ്കില്‍ ഇത്തരം ചില അനുഭവങ്ങളിലൂടെ കടന്നുപോകുന്നവര്‍ ഇങ്ങനെയല്ലാതെ മറ്റെന്താകാന്‍!
ഭേദപ്പെട്ട രീതിയിലെങ്കിലും നമുക്കൊക്കെ ജീവിച്ചിരിക്കാനും പെരുമാറാനും കഴിയുന്നതുതന്നെ കുറവുകളോടുകൂടിയതെങ്കിലും നല്ലൊരു കുടുംബത്തില്‍ ജനിക്കാനും വളരാനും കഴിഞ്ഞതുെകാണ്ടുതന്നെയാണ്. ഒരാള്‍ എന്തുകൊണ്ട് അങ്ങനെ പെരുമാറുന്നു, നിര്‍ദയനാകുന്നു, വഴിവിട്ട ജീവിതം നയിക്കുന്നുവെന്നൊക്കെ കുറ്റപ്പെടുത്തുമ്പോഴും ചോദ്യം ചെയ്യുമ്പോഴും അതിന്റെ അടിസ്ഥാനകാരണം കിടക്കുന്നത് കുടുംബത്തിലും പേരന്റിങ്ങിലുമാണ്. കുട്ടിക്കാലത്ത് ഏല്‌ക്കേണ്ടിവരുന്ന ശാരീരികവും മാനസികവുമായ മുറിവുകള്‍ എത്ര മുതിര്‍ന്നുകഴിയുമ്പോഴും വേട്ടയാടുന്നുവെന്നതാണ് സത്യം.
ഈ കുറിപ്പെഴുതുമ്പോഴാണ് ഇത്തരത്തിലുള്ള രണ്ടു വെളിപ്പെടുത്തലുകള്‍ നടന്നത്. നടനും ഗായകനുമായ പീയൂഷ് മിശ്രയുടേതായിരുന്നു ഒരു വെളിപ്പെടുത്തല്‍. മറ്റൊന്നു നടിയും രാഷ്ട്രീയപ്രവര്‍ത്തികയുമായ ഖുഷ്ബുവിന്റേതും. സമൂഹത്തെത്തന്നെ ഞെട്ടിച്ചുകളഞ്ഞ വെളിപ്പെടുത്തലുകളായിരുന്നു രണ്ടും.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബന്ധുവായ സ്ത്രീ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പീയൂഷ് മിശ്രയുടെ വെളിപ്പെടുത്തല്‍. എട്ടു വയസുമുതല്‍ അച്ഛന്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്നാണ് ഖുഷ്ബുവിന്റെ കുമ്പസാരം. വേലിതന്നെ വിളവുതിന്നുന്ന സാഹചര്യങ്ങള്‍. കുടുംബവ്യവസ്ഥയ്ക്കുള്ളില്‍ സംഭവിക്കുന്ന അപജയങ്ങളാണ് ഇവയെല്ലാം മറനീക്കിക്കൊണ്ടുവരുന്നത്.
കുടുംബത്തില്‍നിന്നു കിട്ടുന്ന മുറിവോളം വലുതല്ല മറ്റൊരു മുറിവും. കുടുംബത്തില്‍നിന്നു കിട്ടുന്ന പിന്തുണയോളം വരില്ല മറ്റൊരു പിന്തുണയും. ഭാവിതലമുറയ്ക്കുവേണ്ടിയെങ്കിലും ദമ്പതികള്‍ തമ്മില്‍ സ്‌നേഹാദരവുകളുടെ സംസ്‌കാരവും വിട്ടുവീഴ്ചാമനോഭാവവും പുലര്‍ത്തിയിരുന്നുെവങ്കില്‍... നിഷേധാത്മകതയുടെ ബാറ്റണ്‍ കൈമാറാതെ നന്മയുടെയും സ്‌നേഹത്തിന്റെയും ബാറ്റണ്‍ പില്ക്കാലതലമുറയ്ക്കു കൈമാറി നമുക്ക് ഫിനിഷിങ് പോയന്റിലേക്കു കടക്കാം.