''എന്റെ വീട്ടില്‍ താമസിച്ച് എനിക്കു വച്ചുവിളമ്പാനും എന്റെ മക്കളെ പെറ്റുപോറ്റാനും രാത്രിയില്‍ എന്റെ സ്നേഹകാമങ്ങള്‍ക്കു കീഴ്‌പ്പെടാനും ഇത്തിരി കള്ളടിച്ചു വന്ന് ഞാന്‍ വച്ചുതരുന്ന വീക്കുകള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങാനും പിന്നെ ഞാന്‍ വടിയായി തെക്കേലെ മാവുവെട്ടി എന്നെ കത്തിക്കുമ്പോള്‍ വാവിട്ടു നിലവിളിക്കാനും എനിക്കൊരു പെണ്ണിനെ ആവശ്യമുണ്ട്''
''നീ വെറുമൊരു പെണ്ണാടി. പെണ്ണ്''
''നീയടക്കമുളള പെണ്‍വര്‍ഗ്ഗം മറ്റാരും കാണാത്തതു കാണും. നിങ്ങള്‍ ശപിച്ചുകൊണ്ടു കൊഞ്ചും. ചിരിച്ചുകൊണ്ട് കരയും. മോഹിച്ചുകൊണ്ട് വെറുക്കും.''
മലയാളസിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന ഡയലോഗുകളില്‍ ചിലതാണിത്. പുരുഷാധിപത്യസ്വഭാവത്തിന്റെ പ്രകടമായ അടയാളമായിട്ടാണ് ഈ ഡയലോഗുകളെ ഇന്നു സമൂഹം കാണുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ഡയലോഗുകളില്‍ സ്ത്രീവിരുദ്ധത കണ്ടെത്തുന്നവരും അതിന്റെ പേരില്‍ ഈ കഥാപാത്രങ്ങളെ അപഹസിക്കുന്നവരും ഏറെ.
ഇവരില്‍ ചില തിരക്കഥാകൃത്തുക്കളെങ്കിലും തങ്ങള്‍ അവതരിപ്പിച്ച സ്ത്രീവിരുദ്ധതയ്ക്കു മാപ്പുപറയുകയും ഇന്നായിരുന്നെങ്കില്‍ ഇപ്രകാരം എഴുതുമായിരുന്നില്ലെന്നു തുറന്നുസമ്മതിക്കുകയും ചെയ്തിട്ടുള്ളവരാണ്. ഇന്നത്തെക്കാലത്ത് ഇത്തരത്തിലുളള സംഭാഷണങ്ങള്‍ എഴുതാന്‍ ഏതെങ്കിലും തിരക്കഥാകൃത്ത് തയ്യാറാകുമെന്നും തോന്നുന്നില്ല. കാരണം, കാലം മാറി. സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറി. ഒരുതരത്തിലുള്ള സ്ത്രീവിരുദ്ധതയും വച്ചുപൊറുപ്പിക്കില്ലെന്ന മട്ടിലുള്ള അസഹിഷ്ണുത വളര്‍ന്നുവന്നു.
മാത്രവുമല്ല, ഇവയൊന്നും ശരിയായ ജീവിതാദര്‍ശവുമല്ല. ശിശുപരിപാലനം, ഉത്തമഭാര്യ, ദാമ്പത്യധര്‍മം തുടങ്ങിയവയില്‍ മാത്രമായി പരിമിതപ്പെടുത്തപ്പെടേണ്ടവളുമല്ല ഒരു സ്ത്രീയും. എന്നിരിക്കലും, സ്ത്രീയെ പുരുഷനു താഴെയായിമാത്രം ചിത്രീകരിക്കുകയും അവളെ പുരുഷന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുമാത്രം ജീവിക്കേണ്ട ഒരു വ്യക്തിയായി നോക്കിക്കാണുകയും ചെയ്യുന്നതില്‍ ഒരു തലമുറയെ സ്വാധീനിച്ച ഈ സിനിമകള്‍ വഹിച്ച ദോഷകരമായ പങ്കിനെ അപ്രധാനീകരിക്കാനുമാവില്ല.
പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, സിനിമയില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും അവര്‍ പങ്കുവയ്ക്കുന്ന ആശയങ്ങളും ജീവിതകാഴ്ചപ്പാടും കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും എത്രത്തോളം പ്രേക്ഷകരെ ദോഷകരമായി ബാധിക്കുമെന്നാണ്.
അടുത്തകാലത്ത് ഇപ്രകാരം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സിനിമയാണ് വിനീത് ശ്രീനിവാസന്റെ മുകുന്ദനുണ്ണി അസോസിയേറ്റ്സ്. തിയേറ്ററില്‍ റിലീസ് ചെയ്തപ്പോഴെന്നതിലേറെ ഒടിടിയിലെത്തിയപ്പോഴാണ് പ്രസ്തുതചിത്രം കടുത്ത വിമര്‍ശനങ്ങള്‍ക്കു വിധേയമായത്. നടനും സംഘടനാപ്രവര്‍ത്തകനുമായ ഇടവേള ബാബുവിന്റെ വിമര്‍ശനാത്മകമായ വാക്കുകള്‍ ഇപ്രകാരമായിരുന്നു: ''മുകുന്ദന്‍ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം, ഫുള്‍ നെഗറ്റീവാണ്. പടം തുടങ്ങുന്നതുതന്നെ ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല എന്ന വാചകത്തോടെയാണ്. ക്ലൈമാക്‌സിലെ ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. അങ്ങനെയൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സിഗററ്റ് വലിക്കുന്ന സീനിനും മദ്യക്കുപ്പി വയ്ക്കുന്നതിനും മൂന്നു തവണയെങ്കിലും മുന്നറിയിപ്പ് നല്കണം. എന്നാല്‍, ഈ സിനിമ ഒന്നു കാണണം. ഫുള്‍ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത്? പ്രേക്ഷകര്‍ക്കാണോ സിനിമാക്കാര്‍ക്കാണോ?''
ഏതൊരു സിനിമയുടെയും തുടക്കത്തില്‍ എഴുതിക്കാണിക്കുന്നതാണ് എണ്ണമറ്റവിധത്തിലുളള നന്ദിപ്രകടനങ്ങള്‍. ചലച്ചിത്രസ്രഷ്ടാക്കളുടെ ജീവിതവുമായി കടപ്പാടുള്ളവരുടെ പേരുകളാണ് ഇതിലെല്ലാം നിറയുന്നത്.
അത്തരം ഒരു കീഴ്‌വഴക്കത്തെയാണ് ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല എന്നുറക്കെ പറഞ്ഞുകൊണ്ട് ഈ സിനിമയുടെ പ്രവര്‍ത്തകര്‍ തകിടംമറിക്കുന്നത്. പുതിയൊരു സംസ്‌കാരമാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. പൊതുവെ യുവതലമുറ നന്ദി പറച്ചിലിലോ സോറി പറച്ചിലിലോ പഴയ തലമുറയെപ്പോലെ ആകൃഷ്ടരല്ല. അവനവന്റെ ജീവിതം കെട്ടിപ്പടുക്കാന്‍, മറ്റുള്ളവരെ ഏതുവിധേനയും തറപറ്റിക്കാന്‍, പണത്തിനുവേണ്ടി മറ്റുള്ളവരെ ചൂഷണം ചെയ്യാന്‍ മടിയില്ലാത്തവരുടെ ലോകമാണ് ഇത്. ഈ മാറിയ ലോകത്തിന്റെ പ്രതിനിധികളാണ് പ്രസ്തുത സിനിമയിലെ കഥാപാത്രങ്ങളും.
അവര്‍ പഴയ തലമുറയിലെപ്പോലെ ബന്ധങ്ങളോട് അധികം അടുപ്പമുള്ളവരല്ല. വൈകാരികമായ നിയന്ത്രണത്തിനു വെളിയിലാണ് അവരുടെ ജീവിതം. സൗഹൃദങ്ങള്‍ എന്നതിനപ്പുറം മാനുഷികമൂല്യങ്ങളുടെ, ബന്ധങ്ങളുടെ, വൈകാരികതലങ്ങളുടെ ലോകം ഇവര്‍ക്കന്യമാണ്. സമൂഹത്തിന്റെ പൊതുപ്രവണതയായി ഇതു മാറിക്കഴിഞ്ഞു.
ഈ സമൂഹത്തിലേക്കാണിപ്പോള്‍ ചലച്ചിത്രകാരന്മാര്‍ ക്യാമറ തിരിച്ചുവച്ചിരിക്കുന്നത്, സമൂഹത്തിന്റെ പ്രതിഫലനമെന്നോണം ഇതാണു നിലവിലുള്ള ചുറ്റുപാട് എന്നാണ് അവര്‍ പറഞ്ഞുവയ്ക്കുന്നതും. മനുഷ്യരുടെ നന്മയും കൃതജ്ഞതയും സത്യസന്ധതയും ആത്മാര്‍ഥതയും വിലയില്ലാത്തതാണെന്നാണ് ഈ ചിത്രം നമ്മോടു പറയുന്നത്. ഇതാവട്ടെ തികച്ചും പ്രതിലോമകരവുമാണ്. സിനിമയിലൂടെ മഹത്തായ ആശയങ്ങള്‍ പങ്കുവയ്ക്കണമെന്നോ സമൂഹത്തെ മുഴുവന്‍ ഒറ്റയടിക്കു മാനസാന്തരപ്പെടുത്തണമെന്നോ അല്ല പറയുന്നത്. എങ്കിലും, ഒരു ജനകീയകലാരൂപമെന്ന നിലയില്‍ ചലച്ചിത്രകാരന്മാര്‍ക്ക് സമൂഹത്തോടു കുറച്ചുകൂടി പ്രതിബദ്ധത പുലര്‍ത്താന്‍ കഴിയണം.
ഇതോടു ബന്ധപ്പെടുത്തിവേണം സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഒരു പ്രഖ്യാപനത്തെയും കാണേണ്ടത്. സിനിമയെടുത്ത് ആളുകളെ നന്നാക്കുക തന്റെ ഉദ്ദേശ്യമല്ല എന്ന ആശയമാണ് അദ്ദേഹം 'നല്ല സമയം' എന്ന തന്റെ പുതിയ സിനിമയുടെ വിവാദപശ്ചാത്തലത്തില്‍ രേഖപ്പെടുത്തിയത്.
സിനിമയുടെ പേരില്‍ മാത്രമേ നല്ല സമയമുണ്ടായിരുന്നുള്ളൂ. ചിത്രത്തിന് അത്ര നല്ല സമയമല്ലായിരുന്നുവെന്നതാണ് സത്യം. മയക്കുമരുന്നുപയോഗിക്കാന്‍ പ്രേരണ നല്കുന്ന വിധത്തിലുള്ള സംഭാഷണങ്ങളും രംഗങ്ങളും അധികമുണ്ട് എന്നതിന്റെ പേരില്‍ വിവാദമായതിനെത്തുടര്‍ന്ന് റിലീസ് ചെയ്തു രണ്ടുദിവസത്തിനുള്ളില്‍ ചിത്രം തീയറ്ററില്‍നിന്നു നീക്കംചെയ്യുകയും ചെയ്തു. മാത്രവുമല്ല, ചിത്രത്തിലെ ഒരു കഥാപാത്രത്തെ, അവതരിപ്പിച്ച പുതുമുഖനടി ചാനലുകാര്‍ക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യം എരിതീയില്‍ എണ്ണയൊഴിക്കുന്നതിനു തുല്യമായിരുന്നു. മരുന്നടിക്കണമെന്നു തോന്നിയാല്‍ അടിക്കണം എന്നായിരുന്നു ആ യുവതാരത്തിന്റെ ആഹ്വാനം. തിയേറ്റര്‍ വിട്ടെങ്കിലും ഒടിടിപോലെയുളള അനന്തസാധ്യതകള്‍ ഉള്ളതുകൊണ്ട് ഈ വിഷം നമ്മുടെ വീടുകളിലേക്കും സ്വകാര്യതകളിലേക്കും കടന്നുവരുകതന്നെ ചെയ്യും.
ഒരു സിനിമ പങ്കുവയ്ക്കുന്ന നല്ല ആശയങ്ങളെക്കാള്‍ പ്രേക്ഷകരെ സ്വാധീനിക്കുന്നത്, സിനിമയിലെ നെഗറ്റീവ് ആശയങ്ങളായിരിക്കും. സിനിമ കണ്ട് മാനസാന്തരപ്പെട്ടവരെക്കാള്‍ സിനിമ കണ്ട് വഴിതെറ്റിയവരാണല്ലോ കൂടുതല്‍.
സിനിമയിലെ നന്മയെ അതു കണ്ടുതീരുന്നതോടെ വിട്ടുകളയുന്ന രീതി വ്യാപകമാകുകയും എന്നാല്‍, അതിലെ നെഗറ്റിവിറ്റി, സിനിമ കണ്ടുതീര്‍ന്നുകഴിഞ്ഞാലും പ്രേക്ഷകരെ പിന്തുടരുകയും ചെയ്യുന്നു. പ്രത്യേകിച്ച്, നായകന്റെ വീരസ്യങ്ങളോട് പ്രേക്ഷകനു താദാത്മീകരണം കൂടുതലുണ്ട്. മുമ്പു പറഞ്ഞിട്ടുള്ളതുപോലെ ഇപ്പോഴത്തെ നായകന്മാര്‍ ദേവാസുരന്മാരാണ്, ദേവനും അസുരനും കൂടിയവരാണ്. അതുകൊണ്ടുതന്നെ, അവരിലെ രജോഗുണത്തെക്കാള്‍ തമോഗുണം പ്രേക്ഷകരെ സ്വാധീനിക്കുന്നു. അവരുടെ ചെയ്തികള്‍, സംഭാഷണങ്ങള്‍, ജീവിതദര്‍ശനം ഇതെല്ലാം പ്രേക്ഷകരെ വന്‍തോതില്‍ സ്വാധീനിക്കുന്നു.
ഇപ്പോഴത്തെ സിനിമകളില്‍ പല സീനുകളിലും ആവര്‍ത്തിച്ച് എഴുതിക്കാണിക്കുന്ന ചില വാചകങ്ങളുണ്ട്. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിക്കേണ്ടതാണ്.
പുകവലി ആരോഗ്യത്തിനു ഹാനികരം, മദ്യപാനം ആരോഗ്യത്തിനു ഹാനികരം. സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ ശിക്ഷാര്‍ഹമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ എഴുതിക്കാണിക്കേണ്ടിവരുന്നത്? ചിത്രത്തിലെ നായകന്‍ പലപ്പോഴും ഹെല്‍മെറ്റ് ധരിക്കാറില്ലാത്തതുകൊണ്ട്; നായകനോ കൂട്ടുകാരോ മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്യുന്നവരായതുകൊണ്ട്.
സിനിമയില്‍ നായകന്‍ ഹെല്‍മെറ്റ് ധരിച്ച് വണ്ടിയോടിച്ചാല്‍ എന്താണു കുഴപ്പം? പക്ഷേ, സംഭവിക്കുന്നത് അങ്ങനെയല്ല. ഹെല്‍മെറ്റ് ധരിച്ച് ടൂവീലര്‍ ഓടിക്കുന്ന നായകനെയോ അയാളുടെ സില്‍ബന്ധികളെയോ സിനിമകളില്‍ അധികം കാണാറില്ല. ഈ മാതൃക നമ്മുടെ യുവജനങ്ങളെയും ദുസ്സ്വാധീനങ്ങള്‍ക്ക് അടിമപ്പെടുത്തുന്നു. അതുകൊണ്ടാണ്, പല യുവജനങ്ങളും പോലീസ് ചെക്കിങ് സ്ഥിരമായി ഉണ്ടായിട്ടുപോലും ഹെല്‍മെറ്റ് ധരിക്കാതെ വണ്ടിയോടിക്കുന്നത്. കലാകാരന്മാര്‍ സമൂഹത്തോടു കൂടുതല്‍ പ്രതിബദ്ധതയുള്ളവരാകണം. അവര്‍ക്കു ലഭിച്ചിരിക്കുന്നത് വലിയ സാധ്യതകളാണ്. അതുകൊണ്ടുതന്നെ, കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ അവര്‍ പുലര്‍ത്തേണ്ടതുമുണ്ട്. സിനിമയുടെ കാര്യത്തില്‍ ഇത് ഏറെ പ്രസക്തവുമാണ്.
സ്വകാര്യജീവിതത്തില്‍ വ്യക്തിപരമായ പല ബലഹീനതകളും ദൗര്‍ബല്യങ്ങളുമുള്ള വ്യക്തികളായിരിക്കാം കലാകാരന്മാരും എഴുത്തുകാരും. അവരുടെ ആത്മാംശവും ജീവിതാദര്‍ശവും രചനകളിലേക്കും മറ്റു കലാരൂപങ്ങളിലേക്കും സംക്രമിക്കുന്നതും സ്വാഭാവികവുമാണ്. പക്ഷേ, ഇത്തരം ആശയങ്ങളെ സാമാന്യവത്കരിക്കാതിരിക്കുന്നത് വരുംതലമുറയോടും സമൂഹത്തോടും ചെയ്യുന്ന ഒരു നന്മയായിരിക്കും. മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യുന്ന ഒരാളാണെങ്കിലും അത്തരം കാര്യങ്ങളെ മഹത്ത്വവത്കരിച്ചും സാമാന്യവത്കരിച്ചും തന്റെ കലകളിലൂടെ പകര്‍ന്നുകൊടുക്കാതിരിക്കുക. അതായത്, മറ്റുള്ളവരുടെ ഉതപ്പിനു കാരണക്കാരാകാതിരിക്കുക. പാപം ചെയ്തു വഴിതെറ്റുന്നതിനെക്കാള്‍ ദൈവം ഗൗരവമായി കണക്കിലെടുക്കുന്നതു മറ്റുള്ളവരുടെ ഇടര്‍ച്ചകള്‍ക്കു കാരണക്കാരാകുന്നതിനെയാണെന്ന കാര്യം മറക്കാതിരിക്കാം.
വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കണം എന്ന് പൊതുവെ പറയാറുണ്ടല്ലോ. അതുകൊണ്ടാണ് ബൈബിളിന്റെ പശ്ചാത്തലത്തില്‍ വായ്ക്കു വാതിലും പൂട്ടും നിര്‍മിക്കണമെന്നു പറയുന്നത്. സിനിമയ്ക്കും ഇതു ബാധകമാണ്. മറ്റുള്ളവരെ പ്രകാശിപ്പിച്ചില്ലെങ്കിലും ആരുടെയും വെളിച്ചം അണയ്ക്കുകയില്ലെന്നുള്ള തീരുമാനമെങ്കിലും നമുക്കെടുക്കാം. അതിനായി സിനിമയില്‍ നല്ല വാക്കുകളും നല്ല ആശയങ്ങളും പരക്കട്ടെ.
സത്യവും സ്‌നേഹവും ആത്മാര്‍ഥതയും ആത്മീയതയും നിഷ്‌കളങ്കതയും നിസ്വാര്‍ഥതയും ഇനിയും വറ്റിപ്പോകാത്തതുകൊണ്ടാണ് ഈ ലോകത്തിന് ഇത്രയും സൗന്ദര്യം അവശേഷിക്കുന്നത്. ആ സൗന്ദര്യത്തെ വികൃതമാക്കാതിരിക്കുക.