•  9 May 2024
  •  ദീപം 57
  •  നാളം 9
കാഴ്ചയ്ക്കപ്പുറം

ഓജോബോര്‍ഡിന്റെ രോമാഞ്ചങ്ങള്‍

ലയാളികളുടെ പൊതുബോധത്തിലേക്ക് വീണ്ടുമിതാ ഓജോബോര്‍ഡ് കടന്നുവന്നിരിക്കുന്നു. മാത്രമല്ല, അതൊരു ട്രെന്‍ഡായി മാറുകയും ചെയ്തിരിക്കുന്നു. കാരണം മറ്റൊന്നുമല്ല, ഇപ്പോള്‍ തീയറ്ററുകളില്‍ നിറഞ്ഞോടുന്ന രോമാഞ്ചം എന്ന സിനിമതന്നെ.
മലയാളസിനിമയ്ക്ക് ഇതുവരെ അന്യമായിരുന്ന വിഷയമൊന്നുമല്ല ഓജോബോര്‍ഡിന്റേത്. 2004 ല്‍ പുറത്തിറങ്ങിയ സഞ്ജീവ് ശിവന്റെ ആദ്യസംവിധാനസംരംഭമായ അപരിചിതന്‍ എന്ന സിനിമയാണ് മലയാളികള്‍ക്ക് ഓജോബോര്‍ഡിനെ ആദ്യമായി പരിചയപ്പെടുത്തിയത്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായ സിനിമയായിരുന്നു അത്. എന്നാല്‍, സിനിമയ്ക്ക് അത്രത്തോളം കൊമേഴ്‌സ്യല്‍ വിജയം അവകാശപ്പെടാന്‍ കഴിയാതെപോയതുകൊണ്ട് കൂടുതല്‍ ആളുകളിലേക്ക് ഓജോബോര്‍ഡും അതിന്റെ പിന്നിലെ കളികളും എത്തിപ്പെട്ടില്ല. (സര്‍വത്രസ്വീകാര്യത ഉണ്ടായില്ലെന്നേയുള്ളൂ, എങ്കിലും ചിത്രത്തിന്റെ സ്വാധീനത്തില്‍ ഒരുപാടു ചെറുപ്പക്കാര്‍ ഓജോബോര്‍ഡ് കളിക്കുകയും പലവിധ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയും ചെയ്തുവെന്നത് അനുബന്ധം.)
പിന്നീട് 2015 ല്‍ പുറത്തിറങ്ങിയ 'അടി കപ്യാരേ കൂട്ടമണി' എന്ന ചിത്രം മുന്നോട്ടുപോയതും ഓജോബോര്‍ഡിനെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു. ഹോസ്റ്റല്‍മുറിയില്‍ ഒരു പ്രത്യേകസാഹചര്യത്തില്‍ അകപ്പെട്ടുപോയ പെണ്‍കുട്ടിയെ ആരുമറിയാതെ പുറത്തെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കളിക്കുന്ന നാടകം എന്ന മട്ടിലുള്ള ഓജോബോര്‍ഡുകളി അവസാനം കാര്യമായി മാറുന്നിടത്താണ് പ്രസ്തുത ചിത്രം അവസാനിക്കുന്നത്. പ്രേതം ഇല്ലെന്ന് അവകാശപ്പെട്ടിടത്ത് പ്രേതമുണ്ടെന്നു സ്ഥാപിക്കുകയാണ് ഈ ചിത്രം ചെയ്തത്. ഒരു രണ്ടാംഭാഗത്തിന്റെ പാതിവാതില്‍ അവിടെ തുറന്നിടുന്നുമുണ്ട്.
ഇപ്പോഴിതാ 2023 ന്റെ തുടക്കത്തിലെ ആദ്യഹിറ്റ് എന്ന പ്രശംസ നേടിയെടുത്തുകൊണ്ട്  പ്രദര്‍ശനം തുടരുന്ന രോമാഞ്ചം എന്ന സിനിമയുടെ കേന്ദ്രവിഷയവും ഓജോബോര്‍ഡാണ്. ബംഗളൂരു നഗരത്തിലെ ഒരു വീട്ടില്‍ താമസിക്കുന്ന ഏഴു ചെറുപ്പക്കാരുടെ ഓജോബോര്‍ഡുകളിയുടെ കഥയാണ് കഥയില്ലായ്മയുടെ ഈ സിനിമാക്കഥ പറയുന്നത്. ദോഷം പറയരുതല്ലോ, ഒട്ടും മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന, ചിരിപ്പിക്കുന്ന ഒരു സിനിമതന്നെയാണ് രോമാഞ്ചം. പക്ഷേ, ചിരിപ്പിക്കുന്നതും കൊതിപ്പിക്കുന്നതുമായതുകൊണ്ട് അവ പൂര്‍ണമായും നല്ലതായിരിക്കണമെന്നില്ലല്ലോ? അധികമായാല്‍ അമൃതും വിഷമെന്നാണല്ലോ പറയുന്നത്. അതുകൊണ്ടുതന്നെ രോമാഞ്ചം എങ്ങനെയാണ് സമൂഹത്തിനു ദോഷം ചെയ്യുന്നത് എന്നു മനസ്സിലാക്കുന്നതു നല്ലതായിരിക്കും.
അതിനാദ്യം ഓജോബോര്‍ഡ് എന്താണെന്ന് അറിയണം. ഫ്രഞ്ച്, ജര്‍മന്‍ ഭാഷയില്‍നിന്നാണ് ഓജോ എന്ന വാക്ക് കടന്നുവന്നതെന്നാണു പൊതുനിഗമനം.   ഇതിലെ കളിപോലെതന്നെ നിഗൂഢമായിട്ടാണ് ഈ കളി എങ്ങനെ രൂപപ്പെട്ടുവെന്ന കാര്യവും. അതെന്തായാലും, മരിച്ചുപോയവര്‍ക്കു ജീവിച്ചിരിക്കുന്നവരുമായി ബന്ധപ്പെടാന്‍ കഴിയുമെന്ന വിശ്വാസത്തില്‍നിന്നാണ് ഓജോബോര്‍ഡ് രൂപപ്പെട്ടത്. അമേരിക്കയില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഇങ്ങനെ ചില വിശ്വാസങ്ങള്‍ പ്രബലമായിരുന്നു. 1990 കള്‍ മുതല്‍ ഇതേക്കുറിച്ചുളള പഠനങ്ങള്‍ ആരംഭിച്ചു.
സ്പിരിറ്റ് ബോര്‍ഡ്, ടോക്കിങ് ബോര്‍ഡ് എന്നൊക്കെക്കൂടി ഇതിനു പേരുകളുമുണ്ട്. ലാറ്റിന്‍ അക്ഷരമാലയിലെ അക്ഷരങ്ങള്‍, അക്കങ്ങള്‍, 0-9 വാക്കുകള്‍ എന്നിവയൊക്കെയാണ് ഈ ബോര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കാരംസ് ബോര്‍ഡുപോലെ സമചതുരമാണ് ഈ ബോര്‍ഡ്. യെസ്, നോ എന്നിങ്ങനെ പ്രത്യേകം രേഖപ്പെടുത്തിയ കളങ്ങളും ഇതിലുണ്ട്. നടുക്കുള്ള പോയിന്റില്‍ നാണയംവച്ച്  ഗുഡ് സ്പിരിറ്റ് പ്ലീസ് കം എന്നു വിളിക്കുകയും ആത്മാവ് കടന്നുവരുന്നതോടെ നാണയം ഇളകിത്തുടങ്ങുകയും ചെയ്യുന്നുവെന്നാണ് ഇവരുടെ അവകാശവാദം.
പിശാചിന്റെ ഒരു ഉപകരണമായിട്ടാണ് ഓജോബോര്‍ഡ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇതൊരു അന്ധവിശ്വാസമാണെന്നു വാദിച്ചും കൂട്ടുകാര്‍ക്കിടയില്‍ ധൈര്യശാലിയാണെന്നു ഭാവിച്ചും തമാശയ്ക്കാണെന്ന മട്ടിലുമൊക്കെയായിരിക്കും പലരും ഓജോബോര്‍ഡ് കളി ആരംഭിക്കുന്നത്. പക്ഷേ, പതുക്കെപ്പതുക്കെ കളി കാര്യമാവുന്നു. രോമാഞ്ചം സിനിമയില്‍ കഥാപാത്രങ്ങള്‍ ഈ ക്രമാനുഗതമായ മാറ്റത്തിലൂടെ കടന്നുപോകുന്നുണ്ട്. കളി കളിയല്ലാതായി മാറുമ്പോഴേക്കും പലര്‍ക്കും ജീവിതം നഷ്ടപ്പെട്ടിട്ടുമുണ്ടാവും. ഇവിടെയാണ് ഓജോബോര്‍ഡ് ഭീതികരമാകുന്നത്.
ക്രിസ്തീയവിശ്വാസികള്‍ ഒരിക്കല്‍പോലും പരീക്ഷിക്കേണ്ട കളിയല്ല ഓജോബോര്‍ഡ്. കാരണം, ക്രിസ്തീയവിശ്വാസത്തിനു നിരക്കുന്ന രീതികളല്ല ഇതിന്റേത് എന്നതുതന്നെ. മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ആത്മാക്കളെ വിളിച്ചുവരുത്തുന്നതും ഭാവികാര്യങ്ങള്‍ ചോദിക്കുന്നതുമായ രീതികള്‍ ക്രിസ്തീയവിശ്വാസത്തിനു വിരുദ്ധമാണ്. സ്പിരിറ്റ് ഇന്‍ ജീസസ് എന്ന കള്‍ട്ട് കത്തോലിക്കാസഭയുടെ ഭാഗമാകാത്തതും അത് അപവദിക്കപ്പെടുന്നതും ഇതുകൊണ്ടുതന്നെ. പാതാളത്തിലിറങ്ങി ഒരാളെയും സുവിശേഷം പ്രഘോഷിച്ചു മാനസാന്തരപ്പെടുത്താനാവില്ലല്ലോ. സാത്താനുമായുള്ള സഹവാസംകൊണ്ടും പിശാചു ബാധയിലേക്കു നയിക്കുന്നു എന്നതുകൊണ്ടുമാണ് സഭ ഓജോബോര്‍ഡിനെ  എതിര്‍ക്കുന്നത്.
എന്നാല്‍, ആത്മീയമായ ഇത്തരം കാരണങ്ങള്‍ കൊണ്ടു മാത്രമല്ല ഓജോബോര്‍ഡ്  സാമൂഹികതലത്തില്‍ക്കൂടി എതിര്‍ക്കപ്പെടേണ്ടത്. ഓജോബോര്‍ഡ്പരീക്ഷണങ്ങള്‍ കൈവിട്ടുപോയപ്പോള്‍  പലരുടെയും മാനസികനില അവതാളത്തിലാകുന്നു എന്നതാണ് ഇതിന്റെ ഒരു ദുരന്തം. സാധാരണമനുഷ്യരുടെ യുക്തിയെയും മനോനിലയെയും ഈ കളി തകരാറിലാക്കുന്നു, അനേകം പേര്‍ മാനസികവിഭ്രാന്തിക്ക് അടിമകളാകുന്നു, മനുഷ്യരുടെ ഉളളിലുള്ള ഭീതിക്കാണ് പലപ്പോഴും ഓജോബോര്‍ഡ് വിലയിടുന്നത്. ഭീതി ഉള്ളില്‍ നിറഞ്ഞുകഴിയുമ്പോള്‍ കാറ്റില്‍ ചലിക്കുന്ന വാഴയിലപോലും ഭീകരരൂപിയായി മാറുമെന്നതാണല്ലോ അനുഭവം. മനസ്സിലേക്കു വികലമായ ചിന്തകള്‍കടന്നുകൂടുകയും അവ പിന്നീട് വിഷാദത്തിലേക്കും മാനസികരോഗങ്ങളിലേക്കും ഏറ്റവും ഒടുവില്‍ ആത്മഹത്യയിലേക്കുംവരെ എത്തുകയും ചെയ്യുന്നു. ചിലരെങ്കിലും സ്വാഭാവികമായ ജീവിതരീതിക്കു പുറത്തുപോയെന്നും വരാം.
ഓജോബോര്‍ഡിനെക്കുറിച്ചുള്ള വിവരങ്ങളും സിനിമകളും പുറത്തിറങ്ങിയ കാലത്തായിരുന്നു ഇത്തരം പരീക്ഷണങ്ങള്‍ ഏറെ നടന്നിരുന്നത്. പല ഹോസ്റ്റല്‍മുറികളും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്, അത്തരമൊരു കാലംതന്നെയാണ് രോമാഞ്ചത്തിലുമുള്ളത്. 2007 കാലത്ത് നടക്കുന്നു എന്ന മട്ടിലാണ് ചിത്രീകരണം. അനക്കമുണ്ടാക്കാതെ പോയ 'അപരിചിതന്‍' പോലെയല്ല രോമാഞ്ചം എന്നതാണ് ഈ ചിത്രത്തെ ആശങ്കയോടെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം.
കാരണം, 'അപരിചിതന്‍' ഒരു ഹൊറര്‍മൂവിയായിട്ടുതന്നെയായിരുന്നു അവതരിപ്പിക്കപ്പെട്ടിരുന്നത്. പ്രതികാരത്തിന്റെ എലിമെന്റുമുണ്ടായിരുന്നു. പക്ഷേ, രോമാഞ്ചം അങ്ങനെയല്ല. ഹൊറര്‍ കോമഡി എന്നതാണ് ചിത്രത്തിന്റെ വിശേഷണം. അതുകൊണ്ടുതന്നെ ഈ ചിത്രം യുവതലമുറയെ കൂടുതലായി ആകര്‍ഷിക്കുന്നുണ്ട്. കൂട്ടുകാരെ കളിപ്പിക്കാന്‍വേണ്ടി തങ്ങള്‍തന്നെയാണോ ഗ്ലാസ് ചലിപ്പിച്ചത് എന്ന മട്ടിലുള്ള ആശയക്കുഴപ്പങ്ങളിലേക്കുപോലും ഇതിലെ കഥാപാത്രങ്ങള്‍ എത്തുന്നുണ്ട്. അവയൊക്കെ പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ  ഒരു രസത്തിന്, കളി എങ്ങനെയുണ്ടെന്ന കൗതുകത്തിനൊക്കെ ഓജോബോര്‍ഡ് കളിച്ചുതുടങ്ങാനുള്ള സാധ്യത യുവജനങ്ങള്‍ക്കിടയില്‍ ഏറെയാണ്. സിനിമയിലെ കഥാപാത്രം പറയുന്നതുപോലെ രോമാഞ്ചിഫിക്കേഷനുവേണ്ടി രോമാഞ്ചത്തില്‍ പ്രചോദിതരായി നമ്മുടെ കുട്ടികളും ചെറുപ്പക്കാരും ഇനി ഓജോ ബോര്‍ഡിന്റെ ആലസ്യത്തിലേക്കു ചേക്കേറുമോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
മാത്രവുമല്ല, ഒരു രണ്ടാംഭാഗം ബാക്കിനില്ക്കുന്നുണ്ടെന്ന സൂചന നല്കിക്കൊണ്ടുകൂടിയാണ് ചിത്രം അവസാനിക്കുന്നതും. അതായത്, ഓജോബോര്‍ഡ് ഒരു തുടര്‍ക്കഥയാകുന്നുവെന്ന്. എന്നോ നിലച്ചുപോയ ഓജോതരംഗം വീണ്ടും നമുക്കിടയിലേക്കു കടന്നുവരുന്നു. ആശങ്കപ്പെടേണ്ട വിഷയംതന്നെയാണിത്.
അതുകൊണ്ടുതന്നെ യുവജനങ്ങള്‍ക്ക് അബദ്ധധാരണ നല്കുകയും അവരുടെ മാനസികനില തകരാറിലാക്കുകയും ചെയ്യുന്ന ഇത്തരം ചിത്രങ്ങള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്. മാത്രവുമല്ല, മാതാപിതാക്കള്‍ ഇത്തരം സിനിമകളെക്കുറിച്ച് ജാഗരൂകരായിരിക്കേണ്ടതുമാണ്. സിനിമയിലെ ശരിയും തെറ്റും കലയും കളയും വേര്‍തിരിച്ചറിയാന്‍ നമുക്കു കഴിവുണ്ടാകണം.

 

Login log record inserted successfully!