•  2 May 2024
  •  ദീപം 57
  •  നാളം 8
കാഴ്ചയ്ക്കപ്പുറം

2022 ലെ മലയാളസിനിമ പറഞ്ഞത്

ജീവിതത്തിലെന്നതുപോലെ സിനിമയിലും പ്രകടമായ മാറ്റങ്ങളോടെയാണ് 2022 കടന്നുപോയത്. മുമ്പൊരു ലക്കത്തില്‍ പരാമര്‍ശിച്ചതുപോലെ മാറ്റങ്ങളുടെ പിന്നാലെയാണ് മലയാളസിനിമ. സിനിമയുടെ മേയ്ക്കിങ്ങില്‍വന്ന മാറ്റം, കഥാഘടനയില്‍ വന്ന മാറ്റം, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ പുതിയ ചലച്ചിത്രപ്രവര്‍ത്തകരുടെ കടന്നുവരവ്, തീയറ്ററുകളെ ആശ്രയിക്കാതെ സിനിമ കാണാനുള്ള അനന്തസാധ്യതകള്‍, ഇനി തീയറ്റര്‍ റീലിസ് ആണെങ്കില്‍തന്നെ വൈഡ് റീലിസിങ്‌വഴി ആദ്യദിനംതന്നെ മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്ന തന്ത്രം. സാറ്റലൈറ്റിനു പുറമേ ഒ ടി ടി വിപണികള്‍. ഇങ്ങനെ എന്തെല്ലാം എന്തെല്ലാം! ഇത്തരം പൊതുസവിശേഷതകള്‍ വച്ചുകൊണ്ടുവേണം പോയവര്‍ഷത്തെ മലയാളസിനിമയും വിലയിരുത്തപ്പെടേണ്ടത്.
 പോയവര്‍ഷത്തെ മലയാളസിനിമയുടെ ചില രീതികളെ കണക്കിലെടുത്തുകൊണ്ടുള്ള നിഗമനങ്ങളില്‍ പ്രധാനപ്പെട്ടതായി പലരും പറയുന്നത് താരാധിപത്യത്തിനു സംഭവിച്ച മങ്ങലിനെക്കുറിച്ചാണ്. പ്രധാനമായും അതു സംഭവിച്ചത് മോഹന്‍ലാല്‍ എന്ന നടനാണ്. ശ്രദ്ധിക്കത്തക്കതായ, സാമ്പത്തികവിജയമോ അഭിനയശേഷി വ്യക്തമാക്കുന്ന വിധത്തിലുള്ള കഥാപാത്രങ്ങളോ 2022ല്‍ മോഹന്‍ലാല്‍ എന്ന നടനുണ്ടായിരുന്നില്ല.
എന്നാല്‍, അക്കാര്യത്തില്‍ മമ്മൂട്ടി വ്യത്യസ്തനാണ്. പോയ വര്‍ഷങ്ങളിലെ കൈവിരലില്‍ ഒതുങ്ങാവുന്ന പണംവാരി സിനിമകളില്‍ അദ്ദേഹത്തിന്റെ ഭീഷ്മപര്‍വമുണ്ട്. റോഷാക്ക് എന്ന സിനിമയും തൊട്ടുപിന്നാലെയുണ്ട്. സാമ്പത്തികവിജയം പ്രതീക്ഷിക്കാവുന്നതാണോയെന്ന് അറിയില്ലെങ്കിലും നന്‍പകല്‍നേരത്ത് മയക്കംപോലെ കലാമൂല്യമുള്ള സിനിമകളിലും പുഴുപോലെയുള്ള ശ്രദ്ധേയമായ സിനിമയിലും തന്നിലെ നടനെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തുന്നുമുണ്ട്. ഏതാണ്ട് ഇതേ രീതിയിലുള്ള ശ്രമങ്ങള്‍ അദ്ദേഹം അണിയറയില്‍ തുടര്‍ന്നുപോരുന്നതായും  സൂചനകളുണ്ട്.
 താരങ്ങളെ ഇനി മലയാളസിനിമയ്ക്ക് ആവശ്യമില്ലെന്നും മലയാളസിനിമയിലെ അവസാനത്തെ സൂപ്പര്‍സ്റ്റാറുകളാണ് ലാലും മമ്മൂട്ടിയുമെന്നും പറയുന്നവരുമുണ്ട്. പുതിയ സിനിമക്കാരുടെ വിജയവഴികള്‍കൊണ്ട് താരങ്ങളില്ലാതെയും ചിത്രം വിജയിപ്പിക്കാന്‍ കഴിയുമെന്നും അവര്‍ തെളിവുകള്‍ നിരത്തുന്നുണ്ട്. ജോ ആന്റ് ജോ, സൂപ്പര്‍ ശരണ്യ, ജയജയജയ ജയഹോ, ജാന്‍ എ മന്‍, സൗദി വെള്ളക്ക പോലെയുള്ളവ ഉദാഹരണങ്ങള്‍.
എന്നാല്‍, മലയാളസിനിമയുടെ പൊതുവെയുള്ള ചരിത്രം നോക്കുമ്പോള്‍  ഏതുകാലത്തും ഇതുപോലെയുള്ള ചില ഒറ്റപ്പെട്ട ചരിത്രവിജയങ്ങള്‍ സംഭവിക്കാറുണ്ടായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍പോലെയുളള പുതുമുഖസിനിമകള്‍ വിജയിച്ചപ്പോള്‍ നസീറിന്റെയും മധുവിന്റെയും സിനിമകള്‍ കാണാന്‍ ആളുകള്‍ ക്യൂനില്ക്കുകയും ചെയ്തിരുന്നു. നസീറിനെയും മധുവിനെയും സ്‌നേഹിച്ചിരുന്ന ഒരു തലമുറയുടെ അന്ത്യത്തോടെയാണ് അവരുടെ വിലയിടിഞ്ഞതും പിന്നീട് മറ്റു കഥാപാത്രങ്ങളിലേക്ക് അവര്‍ക്കു കൂടുമാറേണ്ടിവന്നതും. അതുതന്നെയാവാം ലാല്‍- മമ്മൂട്ടി ദ്വന്ദ്വത്തിനും സംഭവിക്കുന്നത്.
സിനിമകളുടെ അട്ടര്‍ ഫ്ളോപ്പുകൊണ്ട് നടന്മാരെ എഴുതിത്തള്ളാന്‍ കഴിയില്ലെന്നും ചരിത്രം പറയുന്നുണ്ട്. അതു മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് തുടര്‍ന്നെഴുതുന്നത്. മോഹന്‍ലാലിനെപ്പോലെതന്നെ ബിജുമേനോന്‍, ജയറാം തുടങ്ങിയ നടന്മാര്‍ക്കും വിജയങ്ങളുണ്ടായിരുന്നില്ല. തെക്കന്‍തല്ലും നാലാംമുറയുംപോലെയുള്ള സിനിമകള്‍ ബിജുവിന്റേതായി ഉണ്ടായിരുന്നുവെങ്കിലും അവയ്‌ക്കൊന്നും പ്രേക്ഷകശ്രദ്ധ നേടാനായില്ല; ഒടിടിയില്‍പോലും.
സുരാജ് വെഞ്ഞാറമ്മൂടിന്റെയും നിവിന്‍ പോളിയുടെയും കാര്യവും ഇവിടെ ചേര്‍ത്തുപറയണം. ഹെവന്‍, റോയ് പോലെയുള്ള എത്രയോ സിനിമകളാണ്  സുരാജിന്റേതായി വന്നത്. മഹാവീര്യരും സാറ്റര്‍ഡേ നൈറ്റും പോലെയുള്ള സിനിമകള്‍ നിവിന്റേതായിരുന്നു. ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല.
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിനപ്പുറം രണ്ടാംവരവില്‍ മികച്ച വേഷങ്ങളൊന്നും അവതരിപ്പിക്കാന്‍ കഴിയാതെപോയ നടിയാണ് മഞ്ജുവാര്യര്‍. പ്രായം കുറയ്ക്കാനും ചെറുപ്പമാണെന്നു പറയിപ്പിക്കാനും വേണ്ടിയുള്ള ശ്രമത്തില്‍ ഈ നടിയില്‍നിന്നു നഷ്ടമാകുന്നത് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള അഭിനയവും കഥാപാത്രങ്ങളുമാണ്.
ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും എന്നു പറയുന്നതുപോലെ ഒരൊറ്റ സിനിമ മതിയാവും ഇവരുടെ തലവര മാറ്റാന്‍. എഴുതിത്തള്ളിയ കാലത്തില്‍നിന്ന് മലയാളസിനിമയെ നിയന്ത്രിക്കാന്‍വരെ കെല്പുള്ളവരായി മാറിയതിന്റെ ചരിത്രവും ഇവിടെയുണ്ടല്ലോ.
ഉദാഹരണത്തിന്, സിനിമയില്‍നിന്ന് ഔട്ടായിപ്പോകുമെന്ന സ്ഥിതിവിശേഷംവരെ മമ്മൂട്ടി നേരിട്ടിട്ടുണ്ട്. ന്യൂഡല്‍ഹിയും നിറക്കൂട്ടും യാത്രയും പോലെയുള്ള സിനിമകളാണ് അന്ന് ഈ നടനെ രക്ഷപ്പെടുത്തിയത്. എഴുതിത്തള്ളിയ ആ നിലയില്‍നിന്നാണ് മെഗാസ്റ്റാര്‍പദവിയിലേക്ക്  അദ്ദേഹം എത്തിയത്.
സൂപ്പര്‍ഹിറ്റുകള്‍ ഒന്നും സംഭവിക്കാതെയിരുന്ന കാലത്താണ് പുലിമുരുകന്‍ ഹിറ്റായതും കോടിക്ലബില്‍ മോഹന്‍ലാല്‍ ഇടം പിടിച്ചതും. പിന്നീട് അതേ നിലയില്‍ നിലനിന്നുപോരാന്‍ ലാലിനു സാധിക്കുകയും ചെയ്തിരുന്നു.
പക്ഷേ, അടുത്തകാലത്തായി തിരഞ്ഞെടുക്കുന്ന സിനിമകളും കഥാപാത്രങ്ങളുമാണ് ലാലിന്റെ സൂപ്പര്‍വിജയങ്ങള്‍ക്കു തിരിച്ചടിയായത്. പ്രായത്തിനൊത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയും ലാലും തയ്യാറാകുമ്പോള്‍ നല്ല സിനിമകളുണ്ടാവും. കാരണം, അവര്‍ താരങ്ങള്‍ മാത്രമല്ല നടന്മാര്‍കൂടിയാണ്. ആരാധകര്‍ക്കൊഴികെ എല്ലാവര്‍ക്കും അവരെ അങ്ങനെ കാണാനാണ് ഇഷ്ടവും. അതുകൊണ്ട് ഇനിയെങ്കിലും കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം കൊടുക്കാന്‍ തയ്യാറാകുമ്പോള്‍, താരത്തെ മാറ്റിവയ്ക്കാന്‍  തയ്യാറാകുമ്പോള്‍ ആ രീതിയിലുള്ള കഥയുമായി ചലച്ചിത്രപ്രവര്‍ത്തകര്‍ അവരെ സമീപിക്കുകയും നല്ല സിനിമകളുമായി അവര്‍ പ്രേക്ഷകരുടെ ഹൃദയങ്ങളെ കീഴടക്കുകയും ചെയ്യും. അതിനായിട്ടാണ് പ്രേക്ഷകരുടെ കാത്തിരിപ്പ്.
ഇനി പ്രതീക്ഷയുടെ ചില തുണ്ടുകളിലേക്ക്...
പൃഥ്വിരാജിന്റെയും ടൊവിനോയുടെയും ആകാരഭംഗിയോ കുഞ്ചാക്കോ ബോബന്റെ ഗ്ലാമറോ ബിജുമേനോന്റെ ശബ്ദഗാംഭീര്യമോ റോഷന്‍ മാത്യുവിന്റെ യൂത്തന്‍ മുഖമോ ഇല്ലെങ്കിലും മലയാളസിനിമയില്‍ തന്റേതായ ഇടം കണ്ടെത്തി മുന്‍നിരയിലേക്കു വരുന്ന ഒരു നടനെയും പോയവര്‍ഷം മലയാളം കണ്ടു. ബേസില്‍ ജോസഫ് എന്നാണ് അയാളുടെ പേര്. ജോജിയിലെ വൈദികവേഷത്തിലൂടെ മാറ്റത്തിന്റെ വഴിയിലേക്കു മാറിനിന്ന ബേസില്‍ ജാന്‍ എ മന്‍, പാല്‍ത്തൂജാന്‍വര്‍, ജയജയജയജയഹേ തുടങ്ങിയവയിലൂടെ സോളോ ഹിറ്റിന് താന്‍ ഉടമയാണെന്നു തെളിയിച്ചു. ശ്രീനിവാസന്‍ ഒരുകാലത്തു ചെയ്തിരുന്നതുപോലെ ടൈപ്പ് കഥാപാത്രങ്ങളില്‍നിന്നു മാറിനിന്നാല്‍ വരുംകാലത്ത് ശ്രദ്ധേയമായ ഒരു ഇടം ഈ നടനുണ്ടാവുമെന്നു തീര്‍്ച്ചയാണ്.
ഗ്രേസ് ആന്റണിയും ദര്‍ശനയുംപോലെയുള്ള നടിമാരാണ് പുതിയ പ്രതീക്ഷകള്‍. ശരീരസൗന്ദര്യത്തെക്കാള്‍ അഭിനയശേഷിയും കഥാപാത്രങ്ങള്‍ക്കനുയോജ്യമായ  രൂപഭാവങ്ങളുമാണ് വേണ്ടതെന്നാണ് ഈ നടിമാര്‍ തെളിയിച്ചത്.
എഴുതിത്തള്ളിയ ഒരു സംവിധായകന്റെ ശക്തമായ തിരിച്ചുവരവിനാണ് മലയാളസിനിമ പോയവര്‍ഷം സാക്ഷ്യം വഹിച്ചത്. ഷാജി കൈലാസ് ആണത്. കടുവയും കാപ്പയുംവഴി തന്റെ ക്രാഫ്റ്റ്മാന്‍ഷിപ്പിന്റെ മേലുള്ള മുദ്ര അദ്ദേഹം ഒരിക്കല്‍കൂടി ആഞ്ഞുപതിപ്പിച്ചു.
പാപ്പനിലൂടെ ജോഷിയും പത്തൊമ്പതാം നൂറ്റാണ്ടിലൂടെ വിനയനും ഇത്തരമൊരു മാറ്റത്തിനു തുടക്കം കുറിച്ചുവെങ്കിലും  കൊത്തിലൂടെ മടങ്ങിവരവിനു ശ്രമിച്ച സിബിമലയിലിന് അതു സാധിക്കാതെപോയി. താന്‍ ആരംഭിച്ചപ്പോഴത്തെ സിനിമാജീവിതവും ഇപ്പോഴത്തെ സിനിമയും തമ്മില്‍ യോജിച്ചുപോകാന്‍ കഴിയാത്തതിലുള്ള സംഘട്ടനം അദ്ദേഹത്തിലുണ്ടെന്നു തോന്നുന്നു.
അച്ചടിമാധ്യമങ്ങളിലൂടെ മാത്രം സിനിമയുടെ വിജയവും പരാജയവും വിലയിരുത്തപ്പെട്ടിരുന്ന പഴയകാലത്തില്‍നിന്ന് സിനിമയുടെ ഇടവേളയുടെ സമയത്തു തന്നെ ആ സിനിമയുടെ ജാതകം എഴുതിക്കൊടുക്കുന്ന വിധത്തിലുള്ള കാലത്തിലേക്ക് നാം എത്തിക്കഴിഞ്ഞിരിക്കുന്നു. നൂറ്റമ്പതോ ഇരുനൂറോ രൂപ കൊടുത്ത് സിനിമയ്ക്കു കയറുന്ന ഒരുവന് സിനിമ ഇഷ്ടമായില്ലെന്നു പറയാനുളള സ്വാതന്ത്യവും അവകാശവുമുണ്ട്.
പക്ഷേ, അതുവഴി സിനിമയെ കീറിയൊട്ടിക്കുമ്പോള്‍ അതെത്ര പേരെയാണു ദോഷകരമായി ബാധിക്കുന്നതെന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. എത്രപേരുടെ അധ്വാനം, സാമ്പത്തികനഷ്ടം. ആദ്യഷോയിലൂടെത്തന്നെയുള്ള അഭിപ്രായരൂപീകരണത്തിലൂടെ തീയറ്ററുകളിലേക്ക് ആളുകള്‍ കുറയുന്ന സാഹചര്യത്തിനും 2022 സാക്ഷ്യംവഹിച്ചു. നല്ല സിനിമയെ നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്താല്‍ അത് വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും മോശം സിനിമയെ എന്തുമാത്രം തള്ളിയാലും അതുകൊണ്ട് ഗുണമുണ്ടാവില്ലെന്ന് തെളിയിച്ച വര്‍ഷമാണ് പോയത്. സിനിമയുടെ പേര് ഗോള്‍ഡ്.
ഏഴു വര്‍ഷങ്ങള്‍ക്കുശേഷമുളള അല്‍ഫോന്‍സ് പുത്രന്റെ സിനിമ, കടുവയ്ക്കു ശേഷമുള്ള പൃഥ്വിരാജ് ചിത്രം, റീലിസ് ഡേറ്റ് വരെ നിശ്ചയിച്ചിട്ട് പെര്‍ഫെക്ഷനുവേണ്ടി റീ ഷൂട്ട് ചെയ്ത ചിത്രം, സര്‍വോപരി നയന്‍താരയുടെ നായികാവേഷം. ഇങ്ങനെ കൊട്ടിഘോഷിക്കാന്‍ പലതുമുണ്ടായിരുന്നു. പക്ഷേ, ആദ്യദിവസംതന്നെ ചിത്രം തീയറ്ററില്‍വീണു. ഒടിടിയിലും ഭേദപ്പെട്ട പ്രതികരണമൊന്നുമില്ല. അധികം തള്ള് സിനിമയ്ക്കു ദോഷം ചെയ്യുമെന്ന് ഗോള്‍ഡിനെ കണ്ട് മലയാളസിനിമാക്കാര്‍ പാഠമാക്കണം.
കഴിഞ്ഞവര്‍ഷം കേരളത്തില്‍ റിലീസ്‌ചെയ്ത് വിജയം നേടിയ ചിത്രങ്ങളില്‍ മുന്‍തൂക്കം അന്യഭാഷാചിത്രങ്ങളായിരുന്നുവെന്നാണ് മറ്റൊരു ശ്രദ്ധേയ നിരീക്ഷണം. കെജിഎഫ്, ആര്‍ആര്‍ആര്‍, കാന്താര, ചാര്‍ലി, പൊന്നിയന്‍ സെല്‍വന്‍, വിക്രം തുടങ്ങിയവയായിരുന്നു അവ. മലയാളസിനിമകളില്‍ കടുവയും ഭീഷ്മപര്‍വ്വവും കൂമനും കാപ്പയും ഹൃദയവും ജയജയജയജയഹേയും മറ്റും പെടുന്നു. വിജയിച്ച സിനിമകളുടെ ഈ ചരിത്രം പരിശോധിക്കുമ്പോഴും ഒരു കാര്യം മനസ്സിലാകുന്നു. അക്രമവും പ്രതികാരവും നിറഞ്ഞ പ്രമേയമായിരുന്നു ഈ സിനിമകളില്‍ ഭൂരിപക്ഷവും, അതോടൊപ്പം മയക്കുമരുന്നിന്റെ ലോകവും  ഇവയിലൂടെ അവതരിപ്പിക്കപ്പെട്ടു. ഹൃദയം, ജയജയജയജയഹേ എന്നിവ ഒഴിച്ചുനിര്‍ത്തിയാണ് ഇതുപറയുന്നത്. മലയാളികളുടെ മനോനിലയിലും ആസ്വാദനത്തിലും ജീവിതവീക്ഷണത്തിലുമുണ്ടായ ഈ മാറ്റം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.
ജയജയജയജയഹേ കുടുംബപശ്ചാത്തലത്തില്‍ പറഞ്ഞ കഥയാണെങ്കിലും അത് മുന്നോട്ടുവച്ച ആശയവും നാം ചര്‍ച്ചചെയ്യേണ്ടതുണ്ട്. ടോക്സിക് ആയ റിലേഷന്‍ഷിപ്പില്‍നിന്ന് ഒരു ഭാര്യ പുറത്തുകടക്കേണ്ടത് ഭര്‍ത്താവിനെ കായികമായി നേരിട്ടും ബിസിനസ്പരമായി വെല്ലുവിളിച്ചുംകൊണ്ടുമായിരിക്കണം എന്നാണ് ഈ ചിത്രം പറഞ്ഞത്. ഭര്‍ത്താവിന്റെ അടിയും ഇടിയുംകൊണ്ട് ജീവിക്കേണ്ടവളല്ല ഒരു ഭാര്യയുമെന്നിരിക്കേ, അത്തരമൊരു ഭര്‍ത്താവിനെ നിലയ്ക്കുനിര്‍ത്താന്‍ അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്നു തീരുമാനിക്കുന്നതിനെ പുരോഗമനപരമെന്നു വാഴ്ത്താന്‍ ആളുണ്ടാവുമെങ്കിലും കുടുംബം എന്ന വ്യവസ്ഥയെ അതെത്രത്തോളം ദോഷകരമായി ബാധിക്കും എന്നുകൂടി ചിന്തിക്കേണ്ടതില്ലേ?
സോദ്ദേശ്യപരമായ ചിത്രങ്ങളോട് സമൂഹം പൊതുവെ മുഖം തിരിക്കുന്ന പ്രവണതയും ശക്തമാണ്. ഉപദേശിക്കാന്‍ വരണ്ട എന്നാണ് മട്ട്. സിനിമ കൂടുതലും കാണുന്നത് യൂത്ത് ആയതുകൊണ്ടാവാം ഇത്. വെബ്സീരിസുകള്‍ കൈകാര്യം ചെയ്യുന്ന പുരോഗമനപരമായ ആശയങ്ങളുടെ തടവറയില്‍ കുടുങ്ങിക്കഴിയുന്ന അവര്‍ക്ക് എന്തു സദുദ്ദേശ്യം?
2023 ല്‍ എന്തായിരിക്കും പുതിയ ട്രെന്റ്? വിജയിച്ചവര്‍ക്ക് വിജയം നിലനിര്‍ത്താന്‍ കഴിയുമോ... വീണുപോയവര്‍ക്ക് എണീറ്റുനില്ക്കാന്‍ കഴിയുമോ... കാത്തിരുന്നു കാണാം. 

 

Login log record inserted successfully!