•  5 Dec 2024
  •  ദീപം 57
  •  നാളം 39
കാഴ്ചയ്ക്കപ്പുറം

സിനിമയിലെ കത്തോലിക്കര്‍

ലയാളത്തില്‍ വിജയിച്ച, അതില്‍ സൂപ്പര്‍ - മെഗാ ഹിറ്റുകളായ ഭൂരിപക്ഷം സിനിമകളും പിറവിയെടുത്തത് ക്രൈസ്തവ പശ്ചാത്തലത്തില്‍നിന്നുകൊണ്ടായിരുന്നു.
കോട്ടയം കുഞ്ഞച്ചന്‍, സംഘം, ലേലം, സ്ഫടികം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, മനസ്സിനക്കരെ, നോക്കെത്താദൂരത്ത് കണ്ണുംനട്ട്, ക്രിസ്ത്യന്‍ ബ്രദേഴ്സ്, മുതല്‍ ഇങ്ങേയറ്റം കടുവവരെയുളള സിനിമകള്‍ ഇതിന്റെ ഉദാഹരണപ്പട്ടികയില്‍ പെടുന്നു.
ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, കൂടിക്കാഴ്ച, ഉപ്പുകണ്ടം ബ്രദേഴ്സ്, കിഴക്കന്‍ പത്രോസ്, കാഞ്ഞിരപ്പള്ളി കറിയാച്ചന്‍ തുടങ്ങിയ സിനിമകള്‍ ശരാശരി വിജയത്തിലൊതുങ്ങിയവയായിരുന്നുവെങ്കിലും സൂപ്പര്‍ താരങ്ങളല്ല അതില്‍ വേഷം കെട്ടിയതെങ്കിലും ഈ സിനിമകളുടെയും പശ്ചാത്തലം കത്തോലിക്കാകുടുംബങ്ങളുടേതുതന്നെയായിരുന്നു.
തോപ്പില്‍ ജോപ്പന്‍, നസ്രാണി, നാട്ടുരാജാവ്, വാഴുന്നോര്‍, അവന്‍ ചാണ്ടിയുടെ മകന്‍, താന്തോന്നി തുടങ്ങിയ ചുരുക്കം ചില സിനിമകള്‍ മാത്രമേ ഇതേ പശ്ചാത്തലത്തില്‍  ഒരുക്കിയിട്ടും വേണ്ടത്ര സാമ്പത്തികവിജയം കൈവരിക്കാതെ പോയിട്ടുള്ളൂ.
ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന ഭൂരിപക്ഷം സിനിമകളിലെയും നായകചിത്രീകരണത്തില്‍ പൊതുവെ തെളിഞ്ഞുവരുന്ന ഒരു മുഖമുണ്ട്. പോക്കിരികളായ കത്തോലിക്കാനായകന്മാരാണ് ഇവര്‍. അതേ, തെറിയും അടിയും കൊലവിളിയും എന്ന മട്ടില്‍ മരണമാസായിട്ടാണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത്.
പ്രതികാരദാഹികള്‍, അത്യാഗ്രഹികള്‍, ചട്ടമ്പികള്‍... പോരടിച്ചും പെണ്ണുപിടിച്ചും പട്ടച്ചാരായമടിച്ചും പണം  ചെലവഴിക്കുന്നവര്‍, കുടിപ്പകയില്‍ എരിയുന്നവര്‍. ക്രൈസ്തവരെന്നാല്‍ ഇങ്ങനെയെല്ലാമാണ് എന്ന തെറ്റായ സന്ദേശം നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ഇത്തരം ചിത്രങ്ങള്‍ വഹിച്ച പങ്ക് നിസ്സാരമൊന്നുമല്ല.
ക്രിസ്മസും ഈസ്റ്ററുംകഴിഞ്ഞുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യ ഉപഭോഗത്തിന്റെ കണക്കുകള്‍കൂടി ഇതോടു ചേര്‍ത്തുവേണം വായിക്കാന്‍. ക്രൈസ്തവരാണ് ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നത് എന്ന  ധാരണയെ അടിവരയിട്ടുറപ്പിക്കാന്‍ അവയ്ക്കു സാധിക്കുന്നുണ്ട്.
 ഈ കണക്കും മേല്‍പ്പറഞ്ഞ സിനിമകളും ചേര്‍ത്തുവായിക്കുമ്പോള്‍ തെളിഞ്ഞുവരുന്നത് മദ്യപരായ കത്തോലിക്കരുടെ ചിത്രംതന്നെയാണ്. മദ്യം അകത്തെത്തിക്കഴിഞ്ഞാല്‍ സ്വാഭാവികമായും സംഭവിക്കുന്ന മാറ്റം വഴക്കും അടിയുമാണല്ലോ.
കോട്ടയം കുഞ്ഞച്ചനും ആടുതോമായും തോപ്പില്‍ജോപ്പനും കിഴക്കന്‍ പത്രോസുമെല്ലാം ഇത്തരക്കാരാണ്. നേരിട്ട് ക്രൈസ്തവപശ്ചാത്തലമുളള സിനിമയായിരുന്നില്ല സ്വപ്നക്കൂട് എങ്കിലും പ്രസ്തുത സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബായ്ക്ക്ഗ്രൗണ്ട്  ഇത്തരത്തിലുളളതായിരുന്നു. പഞ്ചാരയെന്നു വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള, സ്ത്രീവിഷയങ്ങളില്‍ തത്പരനായ കഥാപാത്രം.
ക്രൈസ്തവരെന്നാല്‍ പാലാ - കാഞ്ഞിരപ്പള്ളിക്കാര്‍ എന്ന മട്ടാണ് മലയാള സിനിമക്കാര്‍ക്ക്. ഇവിടെ മാത്രമേ ക്രൈസ്തവരുള്ളൂ എന്നും അല്ലെങ്കില്‍ റോമന്‍ കത്തോലിക്കര്‍ മാത്രമാണ് ക്രൈസ്തവരെന്നുമാണ് അവരുടെ ധാരണ. അടിക്കാതെയും തെറിവിളിക്കാതെയും മുണ്ടും ജൂബയും ധരിക്കാതെയും മലയാളസിനിമയിലെ ക്രൈസ്തവനാമധാരികളായ നായകന്മാര്‍ക്കു പെരുമാറാനും ജീവിക്കാനും കഴിയാത്ത അവസ്ഥയാണ് പരക്കെയുള്ളത്.
പാലായിലെയും കാഞ്ഞിരപ്പള്ളിയിലെയും ചെറുപ്പക്കാരായ കത്തോലിക്കരില്‍ എത്രപേരുണ്ട് മുണ്ടും ജൂബയും ധരിക്കുന്നവരായിട്ട്? വിശേഷാല്‍ അവസരങ്ങളിലുള്ള ചില വേഷംകെട്ടലുകളല്ലാതെ  ഇവിടെയൊന്നും അത്തരം ചെറുപ്പക്കാരെ കാണാന്‍ കഴിയില്ല. മലയാളസിനിമ ഏറെ റിയലിസ്റ്റിക്കായി എന്നു പറയുമ്പോഴും ഇത്തരത്തിലുള്ള സിനിമാറ്റിക് എലിമെന്റുകള്‍ ഇപ്പോഴും  വിട്ടുപോയിട്ടില്ലെന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്.
ഇനി സ്ത്രീകഥാപാത്രങ്ങളെയെടുക്കുമ്പോഴും അവിടെയും കാണും വികലമായ രീതിയിലുള്ള ചില ആവിഷ്‌കാരങ്ങള്‍. കൊച്ചുത്രേസ്യയുടെയും റോയിയുടെയും കഥ പറഞ്ഞ മനസ്സിനക്കരെ എന്ന സിനിമ ഒരു ഉദാഹരണം.  പ്രായം ഏറെയായിട്ടും അയല്‍ക്കാരനായ റോയിയുടെ ബീഫും കള്ളും കുടിക്കാന്‍ മതിലുചാടിക്കടക്കുന്ന ഒരു അമ്മയെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന സിനിമയിലെ വിവാഹവുമായി ബന്ധപ്പെട്ട ഗാനരംഗത്തു കാണിക്കുന്നതില്‍ ഭൂരിപക്ഷവും സ്ത്രീകളുടെ മദ്യപാനമാണ്.
മണ്‍മറഞ്ഞുപോയ അടൂര്‍ഭവാനി, ഫിലോമിന, മീന, സുകുമാരി തുടങ്ങിയ നടിമാരുടെ ചട്ടയും മുണ്ടും അണിഞ്ഞ ഒട്ടുമിക്ക വേഷങ്ങളും ഒരേ അച്ചില്‍വാര്‍ത്തെടുത്തവയാണ്. പരദൂഷണക്കാരികളായ, അസൂയാലുക്കളായ, വാക്‌സാമര്‍ഥ്യക്കാരായ, പാരവയ്പുകാരികളായ കത്തോലിക്കാസ്ത്രീകളെയാണ് അവിടെയെല്ലാം കാണാന്‍ കഴിയുന്നത്.
നായികകളായി വരുന്ന ക്രൈസ്തവ കഥാപാത്രങ്ങളുടെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല.  കേരളംവിട്ടാല്‍ ചില പ്രത്യേക മെട്രോ നഗരങ്ങളില്‍, ചില പ്രത്യേക ജോലിയും കോഴ്സുമായി ബന്ധപ്പെട്ടു ജീവിക്കുന്ന  ക്രൈസ്തവപെണ്‍കുട്ടികളെയെല്ലാം മോശമായി ചിത്രീകരിക്കുന്നവയാണ് പല സിനിമകളും.
ഏറെ ചര്‍ച്ചചെയ്യപ്പെട്ട 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലെ ടെസയുടെ കാര്യംതന്നെയെടുക്കുക. ബാംഗ്ലൂരില്‍ നേഴ്‌സായി ജോലി ചെയ്യുന്ന അവള്‍ വീട്ടുകാരെ അറിയിക്കാതെ ഒരു രഹസ്യബന്ധം തുടരുന്നുണ്ട്. അവളുടെ കൂട്ടുകാരിയായ പെണ്‍കുട്ടിയാവട്ടെ പണത്തിനുവേണ്ടി സമ്പന്നരുടെ കിടപ്പറ പങ്കിടുന്നവളാണ്. കാമുകന്‍ വിളിക്കുമ്പോള്‍ വീട്ടുകാരോടു നുണപറഞ്ഞും എത്ര സാഹസികമായും അവനൊപ്പം സമയം ചെലവിടാന്‍ ഇറങ്ങിത്തിരിക്കുന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ കപ്പേളയിലെ നായികയും ക്രിസ്ത്യാനിയായിരുന്നു.
മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും കഥ പറഞ്ഞ ഭീഷ്മപര്‍വത്തിലുംകാര്യം തഥൈവ. മൈക്കളപ്പനുള്‍പ്പടെയുള്ളവര്‍ ഗജപോക്കിരികളാണ്. ഭാര്യയെ മാനിക്കാത്ത, ബൈസെക്ഷ്വലായ പോള്‍, സ്ത്രീലമ്പടനായ അനിയന്‍, വിവാഹപൂര്‍വലൈംഗികതയില്‍ വിശ്വസിക്കുന്ന പെണ്‍കുട്ടി, ഇവരെല്ലാം  ധാര്‍മികതയെ മറികടന്നു ജീവിക്കുമ്പോള്‍ മറുഭാഗത്ത് അവതരിപ്പിക്കപ്പെടുന്നത് സഹോദരസ്‌നേഹമുള്ള, കെട്ടുറപ്പുളള കുടുംബബന്ധങ്ങളുള്ള അന്യസമുദായാംഗങ്ങളെയാണ്.
വില്ലന്മാര്‍ക്കു മാത്രമല്ല ഗുണ്ടാസംഘങ്ങള്‍ക്കും ചാര്‍ത്തിക്കൊടുക്കും ഓരോ കുരിശുകള്‍. കഴുത്തിലും കാതിലും കുരിശ് അണിഞ്ഞിരിക്കുന്നവരാണ് ഇവരെല്ലാം. കഥയോ കഥാപാത്രമോ ആവശ്യപ്പെടാത്ത രീതികളാണ് ഇവയെന്നതുകൊണ്ടാണ് ഈ കുരിശുധാരണം അപലപനീയമാകുന്നത്. സഹതാരങ്ങളായി വന്നുപോകുന്ന പലര്‍ക്കും വെന്തിങ്ങയും കൊന്തയും നല്കാറുമുണ്ട്. അവരെല്ലാം കഥാപാത്രപരമായി ഒട്ടും പോസിറ്റീവുമല്ല.
ഇനി കാരണവന്മാരുടെ ചിത്രീകരണമെടുത്താലോ? പണത്തോട് ആര്‍ത്തിയുള്ള, മക്കള്‍ക്ക് സ്വത്ത് വീതംവച്ചുകൊടുക്കാത്ത, അത്യാഗ്രഹികളും ദുഷ്ടന്മാരുമായിട്ടാണ് അവരെ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തയിടെ പുറത്തിറങ്ങിയ അപ്പനിലെ ഇട്ടിയും അതിനു മുമ്പുള്ള ജോജിയിലെ പനച്ചേല്‍ കുട്ടപ്പനും ഉദാഹരണങ്ങള്‍. മക്കള്‍ക്ക് സ്വത്തു വീതംവച്ചുകൊടുക്കാത്തവരായിട്ടാണ് ഈ അപ്പന്മാരെ ചിത്രീകരിച്ചിരിക്കുന്നത്.കത്തോലിക്കാകുടുംബങ്ങളിലെ കാരണവന്മാരെല്ലാം ഇട്ടിയെയും കുട്ടപ്പനെയുംപോലെയാണെന്ന പൊതുധാരണയിലേക്കാണ് ഇതൊരു പ്രേക്ഷകനെ കൊണ്ടുചെന്നെത്തിക്കുന്നത്.
കത്തോലിക്കാക്കുടുംബങ്ങളില്‍ പ്രശ്‌നങ്ങളില്ലെന്നോ അവര്‍ എല്ലാം തികഞ്ഞവരാണെന്നോ ഇവിടെയാരും പറയുന്നില്ല. ഇട്ടിയെയും കുട്ടപ്പനെയും തോമസ് ചാക്കോയെ ആടുതോമയാക്കിയ ചാക്കോമാഷിനെയുംപോലെയുള്ളവര്‍ നമ്മുടെ കത്തോലിക്കാക്കുടുംബങ്ങളിലും അവിടവിടെയായി ഉണ്ടായേക്കാം. പക്ഷേ, ഒറ്റപ്പെട്ട ചില സംഭവങ്ങളെയും വ്യക്തികളെയും സാധാരണീകരിക്കുകയോ സാര്‍വത്രികവല്‍ക്കരിക്കുകയോ ചെയ്യുമ്പോഴാണ് പ്രശ്‌നം.
അബ്കാരികളും കള്ളത്തടി വില്ക്കുന്നവരും മായംചേര്‍ക്കുന്നവരും കൂട്ടിക്കൊടുപ്പുകാരും പെണ്‍വാണിഭസംഘവും വീടുവിട്ടിറങ്ങിപ്പോകുന്ന പെണ്‍കുട്ടികളുമെല്ലാം ക്രൈസ്തവനാമധാരികളാകുന്നത് പുതിയ കാലത്തിന്റെ മലീമസമായ ചിന്താഗതിയെയും ഗൂഢതന്ത്രങ്ങളെയുമാണോ ലക്ഷ്യമാക്കുന്നത്? ക്രൈസ്തവസമൂഹത്തെയും കുടുംബങ്ങളെയും ഇകഴ്ത്തിക്കാണിക്കാന്‍ ബോധപൂര്‍വകമായ ശ്രമം ഇതിന്റെപേരില്‍ നടക്കുന്നുണ്ടോ? കോട്ടയം കുഞ്ഞച്ചനും സംഘവും ഇറങ്ങിയപ്പോഴത്തെ മതസാമൂഹികസാംസ്‌കാരികപശ്ചാത്തലമല്ല ഇപ്പോഴുള്ളത്. അന്നതിനെ ഒരു സിനിമയുടെ കച്ചവടതന്ത്രമായിമാത്രം കരുതി വിലയിരുത്തി ആസ്വദിച്ചുപോരുമ്പോഴും ഇന്ന് അത്തരംശ്രമങ്ങളെ നാം ആശങ്കയോടെ വേണം കാണേണ്ടത്. സദുദ്ദേശപരമല്ലാതെ ഈശോയെന്ന് സിനിമകള്‍ക്കു പേരുനല്കുന്നതും കത്തോലിക്കാസന്ന്യാസത്തിനും ക്രൈസ്തവര്‍ക്കും നേരേ ഹിഡന്‍ അജന്‍ഡകള്‍ നടപ്പില്‍വരുത്തുന്നതുമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതുകൊണ്ടുതന്നെയാണ് ഇത്തരം പ്രവണതകളെ ചോദ്യം ചെയ്യേണ്ടിവരുന്നത്.
അനുബന്ധം: കത്തോലിക്കര്‍ മാത്രമല്ല ക്രൈസ്തവരായിട്ടുള്ളത് എന്ന ധാരണ അടുത്തകാലത്ത് ചില സിനിമാക്കാര്‍ക്കെങ്കിലും ഉണ്ടായിട്ടുള്ളത് ആശ്വാസകരം തന്നെ. കെട്ട്യോളാണെന്റെ മാലാഖ, ജോജി തുടങ്ങിയ സിനിമകളില്‍ അകത്തോലിക്കാവിശ്വാസികളെയും  വൈദികരെയും കണ്ടുമുട്ടാന്‍ സാധിച്ചത് അത്തരമൊരു സൂചനയാണ്.
ഹണീബീ, പാല്‍ത്തൂ ജാന്‍വര്‍ പോലെയുള്ള സിനിമകളില്‍ കത്തോലിക്കാ വൈദികരെ  അപഹാസ്യമായി ചിത്രീകരിച്ചപ്പോള്‍ ജോജിയിലും കെട്ട്യോളാണെന്റെ മാലാഖയിലും  സ്വാഭാവികമായി പെരുമാറുന്ന വൈദികരാണുള്ളത്. അകത്തോലിക്കനായ ഒരു വൈദികനെ മലയാളസിനിമയില്‍ ആദ്യം അവതരിപ്പിച്ചത് എംടിയാണെന്നു തോന്നുന്നു. പവിത്രന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ഉത്തരം എന്ന സിനിമയില്‍ കരമന ജനാര്‍ദനന്‍നായര്‍ അവതരിപ്പിച്ചത് ഓര്‍ത്തഡോക്‌സ് വൈദികനെയായിരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)