•  5 Dec 2024
  •  ദീപം 57
  •  നാളം 39
കാഴ്ചയ്ക്കപ്പുറം

കച്ചവടവല്‍ക്കരിക്കപ്പെടുന്ന ക്രിസ്മസുകള്‍

ലോകത്തിന്റെ മുഴുവന്‍ സന്തോഷമാണ് ക്രിസ്മസ്.  അതുകൊണ്ടാണ് പ്രകാശത്തിന്റെ ഉത്സവം എന്നൊക്കെ ക്രിസ്മസ് വിശേഷിപ്പിക്കപ്പെടുന്നത്. ക്രൈസ്തവരില്‍മാത്രം ഒതുങ്ങിനില്ക്കുന്ന ആഘോഷവുമല്ല അത്. അക്രൈസ്തവര്‍പോലും ക്രിസ്മസിന്റെ സന്തോഷങ്ങളിലും ആഘോഷങ്ങളിലും മനസ്സുനിറഞ്ഞു പങ്കുചേരുന്നുണ്ട്.
മലയാളസിനിമയുടെ തുടക്കകാലങ്ങളില്‍ പലതിലും പ്രത്യക്ഷപ്പെട്ട ക്രിസ്മസ് ഈ സന്തോഷത്തിന്റെ ബഹിര്‍സ്ഫുരണങ്ങളായിരുന്നു. ആത്മാവിന്റെ ആനന്ദവും രക്ഷകന്റെ പിറവിയിലുള്ള സന്തോഷവും അതില്‍ പ്രകടമായിരുന്നു. 1961 ല്‍ പുറത്തിറങ്ങിയ ക്രിസ്മസ്‌രാത്രി എന്ന സിനിമയാവാം ഒരുപക്ഷേ, ക്രിസ്മസിന്റെ സന്തോഷം പകര്‍ന്നുതന്ന ആദ്യത്തെ മലയാളസിനിമ.
പിന്നീടു വന്ന  നിരവധി മലയാളസിനിമകളില്‍ ക്രിസ്മസ് ഒരു അവിഭാജ്യഘടകമോ അല്ലെങ്കില്‍ ഗാനരംഗങ്ങളില്‍  പ്രധാന ഉള്ളടക്കമോ ആയി മാറിയിട്ടുണ്ട്. ക്രിസ്മസ് എന്താണെന്നും അതിന്റെ സന്ദേശമെന്തെന്നും വ്യക്തമായി രേഖപ്പെടുത്തിയവയായിരുന്നു അത്തരം ഗാനങ്ങളെല്ലാം.
നമ്മുടെ ദേവാലയങ്ങളില്‍ ഇന്നുപോലും ആലപിക്കപ്പെടുന്ന 'കാലിത്തൊഴുത്തില്‍ പിറന്നവനേ' എന്ന  ഗാനത്തിന്റെ കാര്യംതന്നെ ഓര്‍ക്കുക. അതൊരു സിനിമാഗാനമാണെന്ന് അറിയാവുന്നവര്‍ ചിലപ്പോള്‍ വളരെ കുറവായിരിക്കും. എന്നാല്‍ 1979 ല്‍ പുറത്തിറങ്ങിയ  സായുജ്യം  എന്ന സിനിമയിലെ ഗാനമാണിത്. എഴുതിയതാവട്ടെ യുസഫലി കേച്ചേരിയും. എസ് ജാനകിയുടെ  ശബ്ദസൗകുമാര്യത്തില്‍ ഈ ഗാനം ഇന്നും അനശ്വരമായി നില്ക്കുന്നു.
ആരാധനാ നിശാസംഗീത മേള
വരൂ വരൂ ദേവന്‍ പിറന്നിതാ
തൊഴാം തൊഴാം നാഥന്‍ പിറന്നിതാ എന്ന ഗാനം  പലരുടെയും ഓര്‍മയിലുണ്ടാവാം. ക്രിസ്മസ് കരോളിന്റെ പശ്ചാത്തലത്തില്‍ ഈ ഗാനം അണിയിച്ചൊരുക്കപ്പെട്ടിരിക്കുന്നത് ഫാസിലിന്റെ 'നോക്കെത്താദൂരത്ത് കണ്ണും നട്ട്' എന്ന സിനിമയിലാണ്.
ശ്രീകുമാര്‍ (മോഹന്‍ലാല്‍) ഗേളിക്ക് (നദിയാമൊയ്തു) ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ 'പണി' കൊടുക്കുന്നത് ഈ ഗാനരംഗത്തിലാണ്. എന്നാല്‍, അതുതന്നെ അവര്‍ക്കിടയില്‍ ആരോഗ്യകരമായ ഒരു ബന്ധത്തിന് വഴി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെയാണ് ഈ ഗാനരംഗം സിനിമയില്‍ നിര്‍ണായകമാകുന്നത്.
ഗപ്പി എന്ന സമീപകാലസിനിമയിലെ 'ഗബ്രിയേലിന്റെ ദര്‍ശനസാഫല്യമായി' എന്ന ഗാനം ഇപ്പോള്‍ വൈറലാണല്ലോ. ക്രിസ്മസിന്റെ പശ്ചാത്തലമാണ് ഈ ഗാനത്തിനുമുള്ളത്.
ഭരതന്റെ കാതോടു കാതോരം, ജയരാജിന്റെ ലൗഡ് സ്പീക്കര്‍, മണിരത്നത്തിന്റെ ഏകമലയാളസിനിമയായ ഉണരൂ, സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ തുടങ്ങിയ സിനിമകളിലെല്ലാം ക്രിസ്മസിന്റെ അന്തസ്സത്തയുടെ പ്രകടനങ്ങളുണ്ടായിരുന്നു. ക്രിസ്മസിന്റെ സന്തോഷം പ്രേക്ഷകരിലേക്കു പകരാന്‍ അവയ്ക്കെല്ലാം കഴിഞ്ഞിട്ടുമുണ്ടായിരുന്നു. ഇങ്ങനെ ഗാനരംഗങ്ങളിലൂടെ ക്രിസ്മസ് അനുഭവവേദ്യമാകുന്ന മറ്റനേകം സിനിമകളുമുണ്ട്.
ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്, ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ് തുടങ്ങിയ ചലച്ചിത്ര ശീര്‍ഷകങ്ങളില്‍ത്തന്നെ ക്രിസ്മസ് കടന്നുവരുന്നുണ്ട്. 1988 ല്‍ പുറത്തിറങ്ങിയ കമല്‍-ജയറാംചിത്രമാണ് ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്. കാക്കനാടന്റെ കഥയ്ക്ക് ജോണ്‍പോളും കലൂര്‍ ഡെന്നീസും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയത്. കളിക്കൂട്ടുകാരിയായ സോഫിയായെ അവള്‍ അകപ്പെട്ടിരിക്കുന്ന കെണിയില്‍നിന്നു മോചിപ്പിക്കാനുള്ള ഉണ്ണിക്കൃഷ്ണന്റെ ശ്രമങ്ങളും അതിനിടയില്‍ സംഭവിക്കുന്ന ദുരന്തവുമാണ് ഈ ചിത്രത്തിന്റെ പ്രതിപാദ്യം. ഒരു ക്രിസ്മസ്‌രാത്രിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്. കെപിഎസി ലളിത കേന്ദ്രകഥാപാത്രമായ ബെന്നി ആശംസ ചിത്രമാണ് ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ്.
ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയില്‍ ആന്‍ഡ്രൂസിന്റെ  അമ്മയെത്തേടി സേതുമാധവന്‍ എത്തുന്നത് ഒരു ക്രിസ്മസ്‌രാത്രിയിലാണ്. ഇങ്ങനെ പല സിനിമകളിലും ക്രിസ്മസിനെ അതിന്റെ തനിമയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമാറ്റിക് ആയ ചേരുവകള്‍ ഇവയ്‌ക്കൊക്കെ ഉണ്ടെങ്കിലും അവയൊന്നും ക്രിസ്മസിന്റെ അന്തസ്സത്ത ചോര്‍ത്തിക്കളയുന്നുണ്ടായിരുന്നില്ല. കാരണം, അത് അങ്ങനത്തെ കാലമായിരുന്നു.
പക്ഷേ, ഇന്ന് കാലം മാറി. ക്രിസ്മസ് കച്ചവടവത് കരിക്കപ്പെട്ടുതുടങ്ങി. പണ്ടുകാലങ്ങളില്‍ ക്രിസ്മസിനോട് വളരെ അടുത്ത ദിവസങ്ങളില്‍ മാത്രമായിരുന്നു നക്ഷത്രങ്ങളും പുല്‍ക്കൂടും മറ്റും വിപണിയില്‍ എത്തിയിരുന്നത്. പക്ഷേ, ഇന്ന് നവംബറില്‍ത്തന്നെ അവയെല്ലാം വിപണി കീഴടക്കുന്നു. ക്രിസ്മസിന്റെ അര്‍ഥം മനസ്സിലാവാതെ ആഘോഷം മാത്രമായി അവ അധഃപതിച്ചുകഴിഞ്ഞു. ഇത്തരമൊരു മാറ്റത്തിന് ഏറ്റവുമധികം വിധേയമായിരിക്കുന്നത്, അല്ലെങ്കില്‍ മാറിക്കൊണ്ടിരിക്കുന്ന  ക്രിസ്മസ് കാലത്തെ പ്രതീകം സാന്താക്ലോസാണ്. ക്രിസ്മസുമായി ബന്ധപ്പെട്ട പുരാവൃത്തങ്ങളില്‍ ഏറ്റവും മനോഹരമാണല്ലോ സാന്താക്ലോസ്. സെന്റ് നിക്കോളാസില്‍നിന്നാണ് സാന്താക്ലോസ് എന്ന കഥ രൂപപ്പെട്ടിരിക്കന്നത്.
പിതൃസ്വത്ത് മുഴുവന്‍ ദരിദ്രര്‍ക്കു വിതരണം ചെയ്ത നിക്കോളാസ് ചെറുപ്രായത്തില്‍ത്തന്നെ മീറായിലെ മെത്രാനായി അവരോധിതനായി എന്നാണ് പാരമ്പര്യവിശ്വാസം, പുഴയറിയാതെ കുളിച്ചുകയറുന്നതുപോലെയുളള പങ്കുവയ്ക്കലുകളുടെ കഥ പറയുന്ന  സാന്താക്ലോസിനെ ഇന്നത്തെ മലയാളസിനിമയില്‍ പൊടിപോലും കാണാനില്ല. മറിച്ച്, അക്രമോത്സുകതയുടെ, പ്രതികാരനിര്‍വഹണത്തിന്റെ ഭാഗമായാണ് ഇന്ന് ഇത്തരം സാന്താമാര്‍ സിനിമകളില്‍ കാണുന്നത്. 2019 ല്‍ പുറത്തിറങ്ങിയ ദിലീപ്-സുഗീത് ചിത്രമായ മൈ സാന്റ, 2012 ലെ  ആഷിക്ക് അബു-ശേഖര്‍ ചിത്രമായ ഡാ തടിയാ, 2021 ലെ ബേസില്‍-ടൊവീനോ ടീം ചിത്രമായ മിന്നല്‍മുരളി തുടങ്ങിയ സിനിമകളിലെ സാന്താക്ലോസ് ചിത്രീകരണങ്ങള്‍ ഇക്കാര്യങ്ങളാണ് വ്യക്തമാക്കുന്നത്. പ്രതികാരത്തിനും തിരിച്ചടിക്കുമായാണ് മൈ സാന്റയിലെയും ഡാ തടിയായിലെയും കേന്ദ്രകഥാപാത്രങ്ങളുടെ സാന്താക്ലോസ് വേഷങ്ങള്‍.  
നിസ്സഹായയായ ഒരു പെണ്‍കുഞ്ഞിന്റെ ജീവിതത്തില്‍ രക്ഷകനായിട്ടാണ് മൈ സാന്റയിലെ സാന്താക്ലോസ് പ്രത്യക്ഷപ്പെടുന്നതെന്ന് ആദര്‍ശവത്കരിച്ചാലും, ആ കഥാപാത്രത്തിന്റെ പ്രവൃത്തികളെ വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോള്‍ മനസ്സിലാവുന്നത് തിരിച്ചടികളും പ്രതികാരങ്ങളും മാത്രമാണ് അതിനെല്ലാം പിന്നിലുള്ളതെന്നാണ്. മകളുടെ കൂട്ടുകാരിയുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സാന്റായുടെ അവതാരമെങ്കിലും ഈ ചിത്രത്തെയോ സാന്റായെയോ ക്രിസ്തീയപരിപ്രേക്ഷ്യത്തില്‍ കാണാനുമാവില്ല. സാന്താക്ലോസിന്റെ ആത്മാവില്ലാത്ത കെട്ടുകാഴ്ചകള്‍ മാത്രമായിട്ടാണ് ഈ ചിത്രം അനുഭവപ്പെടുന്നത്. അതിമാനുഷികനായ, സൂപ്പര്‍ പവറുള്ള ഒരു വ്യക്തി. അതാണ് ഇതിലൂടെ സാന്റായെക്കുറിച്ച് രൂപപ്പെടുത്തിയെടുക്കുന്ന ചിത്രം. യഥാര്‍ഥ ക്രിസ്മസുമായി, സാന്തായുമായി ഇതിന് പുലബന്ധം പോലുമില്ല. ഇവിടെയാണ് നാം ആശങ്കപ്പെടേണ്ടത്. വരുംകാലങ്ങളില്‍ സാന്തായെന്നാല്‍ അതിമാനുഷികനായി അവതരിപ്പിക്കപ്പെടും. അയാളുടെ വീരേതിഹാസം കായികമായിമാത്രം നിര്‍ണയിക്കപ്പെടും.
വണ്ണം കുറയ്ക്കാനുള്ള മരുന്നിന്റെ പേരില്‍തന്നെ കൂട്ടുകാരന്‍ ചതിക്കുകയാ യിരുന്നുവെന്നു മനസ്സിലാകുമ്പോള്‍ സാന്താക്ലോസായി വേഷംകെട്ടിച്ചെന്ന് ശത്രുവിനെ ആക്രമിക്കുകയാണ് ഡാ തടിയായിലെ ലൂക്ക് ചെയ്യുന്നത്.  രൂപാന്തരീകരണമല്ല വേഷപ്പകര്‍ച്ചയാണ് ഇവിടെ സംഭവിക്കുന്നത്. ശത്രുനിഗ്രഹത്തിനുമുള്ള പുതിയ മാര്‍ഗമായി സാന്താ മാറുമ്പോള്‍ യഥാര്‍ഥ സാന്തായ്ക്കു കരയാതിരിക്കാനാവുമോ?
ഏറെ ശ്രദ്ധേയമായ മിന്നല്‍മുരളിയിലാവട്ടെ കാമുകിയെ കാണാനുള്ള അവസരം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നായകന്‍ സാന്താക്ലോസായി വേഷം കെട്ടുന്നത്.
ഇത്തരം ചിത്രീകരണങ്ങളിലൂടെയെല്ലാം ക്രിസ്മസിന്റെ അന്തസ്സത്തതന്നെ ചോദ്യം ചെയ്യപ്പെടുകയും  സാന്താക്ലോസ് വെറും കോമാളിക്കാരനായി മാറുകയും ചെയ്യുന്നു. ചുരുക്കത്തില്‍, ക്രിസ്മസ്പ്രതീകങ്ങളെ ലാഘവബുദ്ധിയോടെയോ അര്‍ഥം മനസ്സിലാക്കാതെയോ ആണ്  മലയാളസിനിമ സമീപിക്കുന്നത്. ക്രൈസ്തവരും കൗദാശികജീവിതവും കുരിശും  വൈദികരും സന്ന്യസ്തരുമെല്ലാം പരിഹാസദ്യോതകമായി ചിത്രീകരിക്കപ്പെടുകയും അവയെല്ലാം അവമതിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്  ലോകത്തില്‍ ക്രിസ്തുവിന്റെ ആഗമനം തന്നെ വിളിച്ചുപറയുന്ന ക്രിസ്മസുമായി ബന്ധപ്പെട്ടും ഇത്തരത്തിലുളള അപനിര്‍മിതികള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)