•  9 May 2024
  •  ദീപം 57
  •  നാളം 9
കാഴ്ചയ്ക്കപ്പുറം

നമുക്കിടയിലെ ചില പുരുഷന്മാര്‍ അഥവാ ഭര്‍ത്താക്കന്മാര്‍

മുന്നൊരുക്കങ്ങള്‍ ആവശ്യമില്ലാതെ ഏര്‍പ്പെടാന്‍ കഴിയുന്ന ഒരു വ്യവസ്ഥിതിയാണോ കുടുംബം? ഒരു ഡോക്ടറാകാന്‍, വക്കീലാകാന്‍, വൈദികനോ സന്ന്യാസിനിയോ ആകാന്‍ എന്തിനേറെ, ഒരു ലാബ് ടെക്നിഷ്യനോ ഡ്രൈവറോ അധ്യാപകനോ ഒക്കെയാകാന്‍ നിശ്ചിതകാലത്തെ പരിശീലനവും അതിനെ അടിസ്ഥാനമാക്കി നടത്തുന്ന പരീക്ഷയിലുള്ള വിജയവും അത്യാവശ്യമാണ്. പക്ഷേ, അത്തരത്തിലുള്ള യാതൊരുവിധ ഒരുക്കങ്ങളുമില്ലാതെ, തയ്യാറെടുപ്പുകളില്ലാതെയാണ്  ഇന്ന് വിവാഹം എന്ന അതിപ്രധാനപ്പെട്ട ഒരു ഉടമ്പടിയിലേക്കു ഭൂരിപക്ഷം ചെറുപ്പക്കാരും പ്രവേശിക്കുന്നത്.

കത്തോലിക്കര്‍ക്കിടയിലുള്ള വിവാഹ ഒരുക്ക സെമിനാര്‍ മാത്രമാണ് ഇതിന് അപവാദമായിട്ടുള്ളത്. അതും രണ്ടോ മൂന്നോ ദിവസം മാത്രം. അതില്‍നിന്ന് എന്തു മനസ്സിലാക്കാന്‍? റോഡിലിറങ്ങി വണ്ടിയോടിക്കുമ്പോള്‍ മാത്രമാണല്ലോ ഒരു ഡ്രൈവറുടെ മികവു വെളിവാകുന്നത്. ഓടിക്കാത്ത വണ്ടിയിലിരിക്കുമ്പോള്‍ അയാളുടെ മികവും കരുതലും ആര്‍ക്കും മനസ്സിലാവാതെ പോകും.
പൊതുനിരത്തില്‍ പാലിക്കേണ്ട മര്യാദകളും ഡ്രൈവിങ്ങിനെ സംബന്ധിച്ച നിയമങ്ങളും അയാള്‍ തീര്‍ച്ചയായും മനസ്സിലാക്കിയിരിക്കണം. അതുകൂടി മനസ്സിലായിക്കഴിഞ്ഞാല്‍ മാത്രമേ അയാള്‍ എന്തുമാത്രം മികച്ച ഡ്രൈവറാണെന്നു പറയാന്‍ കഴിയൂ.
ദാമ്പത്യജീവിതത്തിന്റെ കാര്യവും ഇങ്ങനെ തന്നെയാണ്. അതിലേക്കു പ്രവേശിക്കാന്‍  തീരുമാനിച്ചിരിക്കുന്ന ഒരാള്‍ അത്യാവശ്യം ചില കാര്യങ്ങളൊക്കെ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. ഇണയോടുള്ള ആരോഗ്യപരമായ സമീപനം, കുടുംബജീവിതത്തിന്റെ ലക്ഷ്യം തിരിച്ചറിയല്‍, പരസ്പരം ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത, ഒരേപോലെയുള്ള ലൈംഗികാഭിരുചി, പങ്കാളിക്കു നല്കുന്ന സ്വാതന്ത്ര്യം, തുല്യത... ഇവയെല്ലാം ദാമ്പത്യജീവിതത്തിന്റെ വിജയം ഉറപ്പാക്കുന്ന ചില അടിസ്ഥാനഘടകങ്ങളാണ്. ഇവയിലേതെങ്കിലും ഒന്നില്‍ അറിവു കുറയുമ്പോള്‍ അല്ലെങ്കില്‍ ഇണയെ പരിഗണിക്കാനോ മനസ്സിലാക്കാനോ ഉള്ള കഴിവില്ലാതാകുമ്പോള്‍, ഏകപക്ഷീയമായ ലൈംഗികത അടിച്ചേല്പിക്കുമ്പോള്‍ കുടുംബജീവിതം അസ്വസ്ഥമാകും. പങ്കാളികളില്‍ ഒരാളുടെ ഈഗോയും സ്വാര്‍ഥതയും വൃത്തികേടുകളും ലൈംഗികാരാജകത്വവും കുടുംബജീവിതത്തിന്റെ കെട്ടുറപ്പു ദുര്‍ബലമാക്കും.
മലയാളത്തില്‍ സാമ്പത്തികവിജയമുള്‍പ്പെടെ കരസ്ഥമാക്കി ശ്രദ്ധേയമായ ചില സിനിമകളിലെ നായകന്മാരെ അപഗ്രഥിക്കുമ്പോള്‍ ഇക്കാര്യമാണു മനസ്സിലാവുന്നത്. വെറുതെ ഒരു ഭാര്യ എന്ന അക്കു അക്ബറിന്റെ സിനിമയിലെ സുഗുണന്‍ എന്ന നായകന്‍ തന്നെയാവട്ടെ  ആദ്യം.
ഓവര്‍സീയറായ അയാള്‍ ഭാര്യ ബിന്ദുവിനെ ഒരു ലൈംഗികോപകരണം മാത്രമായിട്ടാണു കാണുന്നത്. കുടുംബത്തില്‍ തന്റെ സന്തോഷങ്ങള്‍ക്കപ്പുറം ബിന്ദുവിന്റെ സന്തോഷങ്ങള്‍ അയാളെ സംബന്ധിച്ചിടത്തോളം അപ്രധാനമാണ്. അവള്‍ക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കാനോ എന്തിനേറെ രോഗിയായ സ്വന്തം അമ്മയെ ചെന്നുകാണാനോപോലുമുള്ള സ്വാതന്ത്ര്യം അവള്‍ക്കില്ല. അടുക്കളജോലി മുഴുവന്‍ ഒറ്റയ്ക്കു നിര്‍വഹിച്ച് പരമ്പരാഗത സ്ത്രീ-കുടുംബിനിസങ്കല്പങ്ങളുടെ വാര്‍പ്പുമാതൃകയില്‍ ജീവിക്കുന്ന അവള്‍ ഭര്‍ത്താവുമായി രതി പങ്കിടുന്നതുപോലും അയാള്‍ക്കുവേണ്ടി മാത്രമായിട്ടാണ്.
പുരുഷകേന്ദ്രീകൃതമായ അടിച്ചമര്‍ത്തല്‍നയം ഇങ്ങനെ സമര്‍ഥമായി നടപ്പാക്കി കുടുംബം വിജയിപ്പിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് സുഗുണന്‍. അതുകൊണ്ടാണ് അയാളോട് ഒരിക്കല്‍ അമ്മായിയച്ഛന്‍ ചോദിക്കുന്നത്, യാതൊരു ഗുണവുമില്ലാത്ത നിനക്ക് ആരാടാ സുഗുണന്‍ എന്നു പേരിട്ടിരിക്കുന്നതെന്ന്.
ഭാര്യയുടെ എല്ലാവിധ അധ്വാനത്തെയും വില കുറച്ചുകാണുന്ന അയാള്‍ കരുതുന്നത് അവളില്ലെങ്കിലും  കുടുംബത്തില്‍ ഒരു കുറവും സംഭവിക്കില്ലെന്നാണ്. ഏറെനാളായി അനുഭവിക്കുന്ന അടിമത്തത്തിനു പിന്നിലെ സംഘര്‍ഷത്തിനൊടുവില്‍ അയാളെ വിട്ട് ബിന്ദു സ്വന്തം വീട്ടിലേക്കു പോകുന്നു.  ബിന്ദുവിന്റെ അഭാവത്തില്‍ മകളുടെ ഭാവിപോലും അപകടാവസ്ഥയിലെത്തുന്നുവെന്ന് അയാള്‍ മനസ്സിലാക്കുകയും എത്ര ശ്രമിച്ചിട്ടും തനിക്കു ഭാര്യയുടെ അഭാവം പരിഹരിക്കാനാവില്ലെന്നു തിരിച്ചറിയുകയും ആത്മസംഘര്‍ഷങ്ങളുടെയൊടുവില്‍ അയാള്‍ക്കു സമനിലതന്നെ തെറ്റിത്തുടങ്ങുകയും ചെയ്യുന്നു.
എല്ലാ സോദ്ദേശ്യസിനിമകളിലുമെന്നപോലെ വെറുതെയല്ല ഭാര്യ എന്ന് സുഗുണന്‍ തിരിച്ചറിയുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. വെറുതെ ഭാര്യ മാത്രമല്ല ഭര്‍ത്താവും എന്ന് ഇതിനോടു ചേര്‍ത്തു വായിക്കണം.
ഇണയെ പരിഗണിക്കാന്‍ കഴിയാത്ത, മനസ്സിലാക്കാന്‍ തയ്യാറല്ലാത്ത, ആദരിക്കാനും സ്നേഹിക്കാനും മനസ്സില്ലാത്ത ഒരാള്‍ക്ക് ഒരു നല്ല പങ്കാളിയാകാന്‍ കഴിയില്ല. അത് പുരുഷനായാലും സ്ത്രീയായാലും. പരസ്പരബഹുമാനവും അംഗീകാരവുമാണ് ദാമ്പത്യജീവിതം വിജയിപ്പിക്കുന്നതിലെ പ്രധാന ഘടകം. അടിസ്ഥാനപരമായ ഈ ഗുണം ഇല്ലാത്ത രണ്ടുപേര്‍ തമ്മിലുളള കുടുംബജീവിതം അസ്വസ്ഥതയുടെ പുകപടലങ്ങളായിരിക്കും സമ്മാനിക്കുന്നത്.
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയിലെ പേരില്ലാത്ത നായകന്‍ സ്വഭാവഗുണംകൊണ്ട് സുഗുണന്റെ ചേട്ടനോ അനിയനോ ഒക്കെയായി വരും. കാരണം, ഭാര്യയുടെ അധ്വാനത്തെ അയാള്‍ സുഗുണനെപ്പോലെ  വകവയ്ക്കുന്നില്ലെന്നു മാത്രമല്ല വിലകുറച്ചാണു കാണുന്നതും. മൂന്നുപേര്‍ മാത്രമുള്ള ഒരു കുടുംബത്തില്‍ നായികയുടെ അടുക്കളജോലിസംബന്ധമായ കാര്യങ്ങളില്‍ കുറെയേറെ അതിശയോക്തി കലര്‍ന്നിട്ടുണ്ടെങ്കിലും അയാളുടെ പൊതുസമീപനം ഭാര്യയെ വീട്ടുജോലിക്കാരിയായി മാത്രം കാണുന്നുവെന്നതാണ്. അവളുടെ വീക്ഷണത്തില്‍ കാര്യങ്ങള്‍ കാണാന്‍, അവളെയൊന്നാശ്വസിപ്പിക്കാന്‍, പോട്ടെയെന്നു പറയാന്‍, അവളുടെ സ്വപ്നങ്ങള്‍ക്കു കൂട്ടിരിക്കാന്‍ അയാള്‍ തയ്യാറാകുന്നില്ല. ഏതുനേരവും തിരക്കിട്ടു ജോലി ചെയ്തു നടക്കുകയാണ് അവള്‍. ആ തിരക്കിനിടയില്‍ അയാള്‍ക്ക് അവളെ ആവശ്യമായി വരുന്നത് കിടപ്പറയില്‍ മാത്രമാണ്.
എന്നാല്‍, സെക്‌സിനൊപ്പം ഫോര്‍പ്ലേകൂടിയാവാം എന്ന അവളുടെ നിര്‍ദേശം അയാളുടെ ആണഹന്തയ്ക്ക് ഏല്പിക്കുന്നത് കനത്ത ആഘാതമാണ്. ഇതൊക്കെ അറിയാം അല്ലേ എന്ന അയാളുടെ ചോദ്യത്തില്‍ പലതരത്തിലുളള മുനകളുമുണ്ട്. അധ്യാപകനായ അയാള്‍ സല്‍സ്വഭാവിയാണ്. മാതാപിതാക്കന്മാരെ സ്‌നേഹിക്കുന്നവനാണ്. വിശ്വാസിയാണ്, ജനകീയവിഷയങ്ങളില്‍ ഇടപെടുന്നവനും സമൂഹജീവിയുമാണ്.
പക്ഷേ, ഭര്‍ത്താവ് എന്ന പദവിയിലെത്തുമ്പോള്‍ അയാള്‍ പരാജയപ്പെടുന്നു. അതായത്, ഭാര്യ ആഗ്രഹിക്കുന്ന രീതിയിലുളള പരിഗണന കൊടുക്കുന്ന ഒരു ഭര്‍ത്താവാകാന്‍ അയാള്‍ക്കു കഴിയുന്നില്ല. ദാമ്പത്യബന്ധത്തിലെ വലിയൊരു അപചയംതന്നെയാണിത്. ഭര്‍ത്താവ് എത്ര സല്‍ഗുണസമ്പന്നനായിരുന്നാലും തന്നെ പരിഗണിക്കാത്ത ഒരാള്‍ക്കൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ഇന്നത്തെ കാലത്തെ ഒരു പെണ്‍കുട്ടി തയ്യാറാവുകയില്ല. പൊട്ടിയൊലിക്കുന്ന പൈപ്പ് ഇതുവരെയും തനിക്ക് നന്നാക്കിത്തരാത്ത ഭര്‍ത്താവിന്റെ തലയില്‍ അതേ പൈപ്പില്‍നിന്നു വരുന്ന ശേഖരിച്ചുവച്ചിരിക്കുന്ന ചെളിവെള്ളം കോരിയൊഴിച്ച് അവള്‍ ഓടിരക്ഷപ്പെടുന്നു. അയാളുടെ നോട്ടവും കരവും എത്താത്ത മറ്റൊരു ജീവിതത്തിലേക്ക്.
ജയജയജയ ജയഹേയിലെ രാജേഷാണ് മറ്റൊരു ഭര്‍ത്താവ്. സ്വഭാവവൈകല്യമുളള ഒരു കഥാപാത്രമാണ് അയാള്‍. സ്വാര്‍ഥതയുടെ മുഴുരൂപം. മുന്‍കോപമാണ് അയാളുടെ മുഖമുദ്ര. കോഴിഫാം നടത്തുന്ന അയാള്‍ പെണ്ണുകാണാന്‍ വരുമ്പോള്‍ ചോദിക്കുന്ന ചോദ്യത്തില്‍ത്തന്നെയുണ്ട് അയാള്‍ ഭാര്യയെ  എങ്ങനെയാണ് കാണുന്നതെന്ന്. അതിന്റെ  പ്രത്യക്ഷതെളിവുകളോടെയാണ് പിന്നീടുള്ള അവളുടെ ജീവിതം മുന്നോട്ടുപോകുന്നതും.
സിനിമയ്ക്കും ഔട്ടിങ്ങിനുമെല്ലാം ഭാര്യയെ കൊണ്ടുപോകുമ്പോഴും അഭിപ്രായം അവളോടു ചോദിച്ചിട്ടും അതിനെ പരിഗണിക്കാതെ അവളുടെ ഇഷ്ടങ്ങളുടെമേല്‍ സ്വന്തം ഇഷ്ടങ്ങള്‍ അടിച്ചേല്പിക്കുകയാണ് രാജേഷ്. ഇഷ്ടപ്പെട്ട ഭക്ഷണംപോലും കഴിക്കാന്‍ അവള്‍ക്ക് അവസരങ്ങളില്ലാതെയാകുന്നു. മുന്‍കോപം ഒരു സ്വഭാവപ്രത്യേകതയാണെങ്കിലും അതിനെ സഹിഷ്ണുതയോടെ ആരും സ്വീകരിക്കാറില്ല. കുടുംബജീവിതത്തില്‍ മാത്രമല്ല ഔദ്യോഗികജീവിതത്തില്‍പോലും മുന്‍കോപിയായ ഒരാളുടെ ഒപ്പമുളള സഹവാസം ദുഷ്‌കരമായിരിക്കും. ദാമ്പത്യത്തിലെത്തുമ്പോള്‍ ഈ മുന്‍കോപം മറ്റൊരു തലത്തിലേക്കുകൂടി മാറും.
ഇണയെ ദേഹോപദ്രവം ഏല്പിക്കുക എന്നതാണ് അത്.  അടികൊള്ളാന്‍ വിധിക്കപ്പെട്ടവളാണു ഭാര്യയെന്നാണ് ഇത്തരക്കാരുടെ ധാരണ. ദേഷ്യം കെട്ടടങ്ങിക്കഴിയുമ്പോള്‍ സോറി പറയുന്നതോടെ ഭാര്യ തന്നെ താന്‍ ആഗ്രഹിക്കുന്നതുപോലെ സ്നേഹിക്കുകയും തന്നോടു പെരുമാറുകയും വേണമെന്നും ഇവര്‍ക്കു ശാഠ്യമുണ്ട്. ഭാര്യയെ അടിമയെപ്പോലെ സമീപിക്കുന്നവരാണ് ഇവര്‍. രാജേഷിന്റെ ഈ അടിച്ചമര്‍ത്തല്‍സ്വഭാവവും സ്വാര്‍ഥതയും ഏറ്റവും നിന്ദ്യമായ അവസ്ഥയിലെത്തുന്നത് അയാള്‍ പ്രണയം നടിച്ച് ഭാര്യയെ വശത്താക്കുകയും അവളെ ആസൂത്രിതമായരീതിയില്‍ ഗര്‍ഭവതിയാക്കുകയും ചെയ്യുമ്പോഴാണ്. കുട്ടിയായിക്കഴിയുമ്പോള്‍ പിന്നീടൊരിക്കലും ഭാര്യയ്ക്കു സ്വന്തമായി അസ്തിത്വമുണ്ടാവില്ലെന്നും കുഞ്ഞുങ്ങളുമായി ജീവിതകാലം മുഴുവനും തന്റെ അടിയും ഇടിയും തൊഴിയുമേറ്റ് അവള്‍ ജീവിച്ചുകൊള്ളുമെന്നും വിചാരിക്കുന്നിടത്താണ് രാജേഷ് പുരുഷവര്‍ഗത്തിനു മുഴുവന്‍  അപമാനമാകുന്നത്.
പക്ഷേ, രാജേഷിന്റെ അത്തരം ധാരണകളെ കായികമായും കച്ചവടപരമായും നേരിട്ട് സ്വന്തംകാലില്‍ നില്ക്കാന്‍ പ്രാപ്തിയുള്ളവളായി ജയ മാറുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.
വിദ്യാഭ്യാസംകൊണ്ടും തൊഴില്‍കൊണ്ടും ഉന്നതനിലവാരമുണ്ടായിരുന്നിട്ടും ഇന്നും പല പുരുഷന്മാര്‍ക്കും തങ്ങളുടെ ഭാര്യമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന രീതിയിലുളള ആദരവോ തുല്യതയോ നല്കാന്‍ കഴിയുന്നില്ല. ജെന്‍ഡര്‍ ഈക്വാലിറ്റി ദാമ്പത്യബന്ധത്തില്‍ ഇനിയും നടപ്പാകാത്ത ഒരു യാഥാര്‍ഥ്യമാണ്.
മലയപര്‍വതത്തില്‍നിന്നു പറിച്ചുനടപ്പെട്ട മുല്ലവള്ളികളാണ് ഓരോ സ്ത്രീയും. പിതൃഗൃഹത്തില്‍നിന്ന് ഭര്‍ത്തൃഗൃഹത്തിലേക്ക് അവള്‍ പറിച്ചുനടപ്പെടുമ്പോള്‍ അവള്‍ക്കു വേണ്ടത് കൈപിടിച്ചവന്റെ കരുതലും കരുണയും ലാളനയും സ്‌നേഹവുമാണ്. അതിനു കോട്ടം സംഭവിക്കുമ്പോള്‍ അവള്‍ തകരും. അവളെ സന്തോഷിപ്പിക്കാതെയും പരിഗണിക്കാതെയും കുടുംബജീവിതത്തിന്റെ ശാന്തിയും സമാധാനവും ഉറപ്പുവരുത്താനാവില്ല.
അതേ, ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത് ഭര്‍ത്താവിന്റെ പരിചരണവും കരുതലും സ്‌നേഹവുമാണ്. അതവള്‍ ആഗ്രഹിക്കുന്നതുപോലെ ലഭിക്കുന്നുണ്ടെങ്കില്‍ കുടുംബജീവിതത്തിലെ ഏതു വെല്ലുവിളിയെയും സധൈര്യം നേരിടാന്‍ അവള്‍ക്കു കരുത്തുണ്ടാകും.

Login log record inserted successfully!