•  25 Apr 2024
  •  ദീപം 57
  •  നാളം 7
കാര്‍ഷികം

ഗ്രാമ്പു നല്ല ഒരു ഇടവിള

മ്മുടെ കൃഷിയിടത്തില്‍ നട്ടുവളര്‍ത്താന്‍ പറ്റിയ ഒരു സുഗന്ധവിളയാണ് ഗ്രാമ്പു. ഇടവിളയായിട്ടാണ് കര്‍ഷകര്‍ കൂടുതലും ഇവയെ കണ്ടുവരുന്നത്. തെങ്ങിന്‍തോപ്പുകളില്‍ രണ്ടു തെങ്ങുകള്‍ക്കിടയിലോ രണ്ടുവരിയായി നട്ടുവളര്‍ത്തിയിട്ടുള്ള നാലു തെങ്ങുകള്‍ക്കു നടുവില്‍ ഒന്ന് എന്ന കണക്കിലോ ഗ്രാമ്പു നടാം. വലിയ വൃക്ഷങ്ങളുടെ തണലുപറ്റി വളരുന്ന ചെറുവൃക്ഷമായിട്ടാണ് ഗ്രാമ്പു അറിയപ്പെടുന്നത്. കമുക്, ജാതി തുടങ്ങിയ കൃഷിയിടങ്ങളിലും ഗ്രാമ്പുകൂടി ഉള്‍പ്പെടുത്താവുന്നതാണ്. ഒട്ടനവധി ഔഷധഗുണങ്ങളുള്ള ഗ്രാമ്പു ഒരു നാണ്യവിളകൂടിയാണ്. ഇതിന്റെ ഇലയും പൂവും കായും തൊലിയും വേരും ഔഷധാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. കേരളത്തില്‍ പല സ്ഥലങ്ങളിലും ഇതിന്റെ കൃഷിയുണ്ട്. ഇതിന്റെ പൂമൊട്ടിനും ഇലയ്ക്കും തൊലിക്കുമാണ് ഔഷധഗുണം കൂടുതല്‍.
തൈകള്‍ നട്ടാണ് ഗ്രാമ്പു വളര്‍ത്തുന്നത്. ഇവ അനുയോജ്യമായ അകലത്തില്‍ തയ്യാറാക്കിയ കുഴികളില്‍ നടാം. തൈകളുടെ പ്രായം, വളര്‍ച്ച എന്നിവ കണക്കാക്കി വേണം ആവശ്യമായിട്ടുള്ള അളവില്‍ കുഴികള്‍ നിര്‍മിക്കാന്‍. മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ നിറച്ച പോളിത്തീന്‍ കവറില്‍ വിത്തു പാകിയും തൈകള്‍ തയ്യാറാക്കാം. 
തൈകള്‍ നടുന്നതിനുമുമ്പായി കുഴികളില്‍ അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവയ്ക്കു പുറമേ വേപ്പിന്‍പിണ്ണാക്കും ചേര്‍ത്തുകൊടുക്കാം. പോളിത്തീന്‍ കവറിലുള്ള തൈകള്‍ ശ്രദ്ധയോടെ ബ്ലെയ്ഡ് ഉപയോഗിച്ചു കീറി മണ്ണിളക്കം തട്ടാതെ കുഴിയില്‍വയ്ക്കാം. നട്ടശേഷം നനച്ചുകൊടുക്കണം. കാലവര്‍ഷാരംഭത്തിലോ അതിനുശേഷമോ തൈകള്‍ നടാം. തൈകളുടെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. വേനല്‍ക്കാലങ്ങളില്‍ പുതയിടല്‍, ജലസേചനം എന്നിവ ഇവയ്ക്ക് അത്യാവശ്യസംഗതിയാണ്.
വേനല്‍ക്കാലങ്ങളില്‍ നിര്‍ബന്ധമായും തണല്‍ ക്രമീകരണം നടത്തണം. സമയാസമങ്ങളില്‍  കളയെടുപ്പു നടത്തി വളപ്രയോഗം നടത്തണം. കാലിവളം, കമ്പോസ്റ്റ്, പച്ചിലവളം, വേപ്പിന്‍പിണ്ണാക്ക്, മറ്റു ജൈവവളങ്ങള്‍ എന്നിവ ഇവയ്ക്കു വളമായി നല്‍കാം. 5 മുതല്‍ 8 വര്‍ഷങ്ങള്‍ക്കിടയില്‍ ഗ്രാമ്പു കായ്ച്ചുതുടങ്ങും. 10 വര്‍ഷത്തിനുശേഷം നല്ല രീതിയില്‍ ഇവയില്‍നിന്ന് ആദായം ലഭിച്ചുതുടങ്ങും.
മിര്‍ട്ടേസിയ എന്ന സസ്യവിഭാഗത്തില്‍പ്പെടുന്ന ഗ്രാമ്പുവിന്റെ ശാസ്ത്രനാമം 'സിസിജിയം അരോമാറ്റിക്കം' എന്നാണ്. ഗ്രാമ്പു ഉണങ്ങിയശേഷം സൂക്ഷിച്ചുവച്ചാല്‍ വളരെനാള്‍ കേടുവരാതെ ഇരിക്കും. യൂജിനോള്‍ എന്ന രാസവസ്തുവാണ് തൈലത്തിന് മണവും എരിവും തരുന്നത്.

 

Login log record inserted successfully!