•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

മംഗളവാര്‍ത്തകളുടെ കാലം

നവംബര്‍ 27  മംഗളവാര്‍ത്തക്കാലം  ഒന്നാം ഞായര്‍
ഉത്പ 17 : 15-22   ഏശ 43 : 1-7; 10-11
എഫേ : 5 : 21-6:4  ലൂക്കാ 1 : 5-25

മംഗളവാര്‍ത്തക്കാലം ആദ്യഞായറാഴ്ച. സീറോമലബാര്‍ സഭയുടെ ആരാധനക്രമവത്സരത്തിലെ ആദ്യകാലമാണ് മംഗളവാര്‍ത്തക്കാലം (സൂവാറ). സീറോ മലബാര്‍ സഭയുടെ ആരാധനക്രമവത്സരം കാലികചക്രം ആയതുകൊണ്ടാണ് ഓരോ നിശ്ചിതസമയക്രമത്തെയും ''കാലം'' എന്നു ചേര്‍ത്തുവിളിക്കുന്നത്. മിശിഹായുടെ രക്ഷാകരസംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്‍പതു കാലങ്ങളായി ഇതു ക്രമപ്പെടുത്തിയിരിക്കുന്നു. കാലികചക്രത്തോട് വിശുദ്ധരുടെ തിരുനാളുകള്‍ ചേര്‍ത്ത് ആരാധനക്രമത്തെ സമ്പുഷ്ടമാക്കുന്ന രീതിയാണ് പൗരസ്ത്യസഭകള്‍ക്കുള്ളത്.

ദൈവത്തില്‍നിന്നകന്ന മനുഷ്യനെ ദൈവത്തിങ്കലേക്കു തിരിച്ചെത്തിച്ച്, നിത്യജീവനില്‍ അവനെ പങ്കുകാരാക്കാനുള്ള ദൈവികപദ്ധതി പൂര്‍ണമാകുന്നത് ഈശോമിശിഹായിലാണ്. ഈ ലോകത്തിലേക്കുള്ള അവിടുത്തെ വരവിന്റെ അറിയിപ്പാണ് മംഗളവാര്‍ത്തക്കാലത്തിന്റെ കാതല്‍. ഈ കാലത്തിലെ ഞായറാഴ്ചകള്‍, മംഗളവാര്‍ത്തക്കാലം എന്ന പേരു സാര്‍ഥകമാകത്തക്കവിധം, സദ്വാര്‍ത്തകളുടെ വായനകളാണ് ഉള്‍ക്കൊള്ളുന്നത്.
മനുഷ്യനെ സംബന്ധിച്ച്, ശിശുക്കളുടെ ജനനമാണ് ഏറ്റവും വലിയ സന്തോഷാവസരം. ശിശുക്കളുടെ ജനനത്തെക്കുറിച്ചുള്ള സദ്വാര്‍ത്ത പത്തുമാസങ്ങള്‍ക്കുമുമ്പേ ലഭിക്കും. അതോടെ മാതാപിതാക്കളുടെയും ആ കുടുംബത്തിന്റെതന്നെയും സാഹചര്യം മാറുന്നു. ഒരു ശിശു കുടുംബത്തിലേക്കു വരുകയാണെന്നറിയുന്ന കുടുംബാംഗങ്ങള്‍ക്കു സന്തോഷവും പ്രത്യാശയും ആരംഭിക്കുന്നു. പിണങ്ങിക്കഴിയുന്ന പല കുടുംബങ്ങളും അതുമാറി  ഒന്നായിത്തീരുന്നത് പലപ്പോഴും പുതിയ ജനനത്തിന്റെ അറിയിപ്പിലാണെന്നതു യാദൃച്ഛികമല്ല. കാരണം, അത്രയധികം ഉന്മേഷവും ദിശാബോധവും അടിസ്ഥാനവും നല്‍കുന്നതാണ് പുതിയ ജനനങ്ങള്‍.
'സാറായി' എന്ന പേരില്‍ അറിയപ്പെട്ടിരുന്നവള്‍, അബ്രാഹത്തിന്റെ ഭാര്യ, ഇനിമേലില്‍ 'സാറാ' എന്നറിയപ്പെടുമെന്ന ദൈവികപ്രഖ്യാപനത്തില്‍ തുടങ്ങുന്നു, അബ്രാഹത്തിന്റെ കുടുംബത്തിന്റെ സന്തോഷപ്രഖ്യാപപനം. സാറായില്‍ അബ്രാഹത്തിന് ഒരു പുത്രന്‍ ജനിക്കും എന്ന മംഗളവാര്‍ത്തയാണ് ഇവിടത്തെ ആദ്യവായനയുടെ  ഉള്ളടക്കം (ഉത്പ. 17:15-22). 'അബ്രാ' മിനെ 'അബ്രാഹം' എന്ന് ദൈവം  പുനര്‍നാമകരണം ചെയ്തപ്പോള്‍, 'ഒരു കുടുംബത്തിന്റെ അപ്പന്‍' എന്നതില്‍നിന്ന് 'ജനതകളുടെ പിതാവ്' എന്ന വിശാലമായ അര്‍ഥത്തിലേക്ക് അബ്രാം വളരുന്നു. അതുപോലെതന്നെ 'സാറായി'യെ 'സാറാ' എന്നു നാമകരണം ചെയ്തുകൊണ്ട് അവളെ 'ജനതകളുടെ മാതാവാ'യി ദൈവം പ്രഖ്യാപിക്കുന്നു. ഇവര്‍ രണ്ടുപേരുടെയും നാമങ്ങളില്‍ ചെറിയ അക്ഷരവ്യത്യാസം മാത്രമാണ് ദൈവം വരുത്തുന്നതെങ്കിലും അതുണ്ടാക്കുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്. ഒരു കുടുംബത്തിന്റെ നാഥന്‍, നാഥ എന്ന നിലയില്‍നിന്ന് ഒരു ജനതയുടെ പിതാവ്, മാതാവ് എന്ന നിലയിലേക്ക് ദൈവം അബ്രാഹത്തെയും സാറായെയും ഉയര്‍ത്തുന്നുവെന്നു മനസ്സിലാക്കണം.
അബ്രാഹത്തോടുള്ള ദൈവത്തിന്റെ വാഗ്ദാനത്തിന്റെ ഫലം യഥാര്‍ഥത്തില്‍ അനുഭവിക്കുന്നത് അബ്രാഹത്തിന്റെ കുടുംബം മുഴുവനുമാണ്. കുടുംബമാകുന്ന കൂട്ടായ്മയിലാണ് ദൈവത്തിന്റെ സദ്വാര്‍ത്തകള്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത്, ഫലങ്ങള്‍ ഉളവാക്കുന്നത്. അബ്രാഹത്തിന്റെയും സാറായുടെയും കുടുംബം ഇസ്രായേല്‍ ജനം എന്ന വലിയ നിലയിലേക്കു വളരുന്നതിനു നാം സാക്ഷികളാണ്. ഈ കുടുംബത്തെയും ദൈവം സ്വന്തമായി  കണക്കാക്കുന്നതാണ് ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള രണ്ടാംവായനയില്‍ (ഏശ. 17:1-7, 10-11) നാം കാണുന്നത്. ''നിന്നെ പേരു ചൊല്ലി വിളിച്ചിരിക്കുന്നു, നീ എന്റേതാണ്'' (43:1).
മിശിഹാ ഭൂമിയില്‍ അവതരിക്കുന്നതിനുള്ള ഒരുക്കമായി വീണ്ടുമൊരു കുടുംബത്തെ ദൈവം തിരഞ്ഞെടുക്കുന്നു. അത് സക്കറിയായുടെ കുടുംബമാണ്. (ലൂക്കാ 1:5-25). അബ്രാഹത്തിന്റെ കുടുംബത്തില്‍ എന്നപോലെതന്നെ, ദൈവസന്നിധിയിലെ പ്രീതിയാണ് സക്കറിയായുടെ കുടുംബത്തെയും ദൈവം തിരഞ്ഞെടുക്കാനുള്ള  യോഗ്യത (1:6; ഉത്പ. 22,12). അബ്രാഹത്തെപ്പോലെതന്നെ സക്കറിയായ്ക്കും എലിസബത്തിനും മക്കളുണ്ടായിരുന്നില്ല. മക്കളുണ്ടാകുകയോ ഇല്ലാതിരിക്കുകയോ അല്ല ദൈവപ്രീതിയുടെ ലക്ഷണം. സ്ത്രീയും പുരുഷനും ഒന്നുചേര്‍ന്നുണ്ടാകുന്ന കുടുംബസംവിധാനം ദൈവഹിതത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതാണു പ്രധാനം. പരിശുദ്ധാത്മാവില്‍നിന്ന് ഈശോയെ ഗര്‍ഭം ധരിക്കുന്ന പരി. കന്യാമറിയത്തിന് ഭര്‍ത്താവായും ഈശോയ്ക്കു വളര്‍ത്തുപിതാവായും വി. യൗസേപ്പിനെ തിരഞ്ഞെടുക്കുകവഴി ദൈവം നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. കുടുംബം ഉണ്ടാകുന്നത് ഭാര്യയും ഭര്‍ത്താവും ഒരുമിച്ചുചേരുമ്പോഴാണ്. അവരുടെ ഒന്നുചേരലിന്റെ ഫലമാണ് സന്താനങ്ങള്‍. യോഹന്നാന്റെ ജനനം അനേകരുടെ സന്തോഷത്തിനു കാരണമാകുമെന്നാണ് പ്രവചനം (1:14). കര്‍ത്താവിനുവേണ്ടി ഒരു ജനത്തെ ഒരുക്കാനുള്ള വലിയ ദൗത്യമാണ് യോഹന്നാന്റേത് (1:17). അബ്രാഹത്തിന്റെ മകനായ ഇസഹാക്കിന്റെ പുത്രനായ യാക്കോബില്‍നിന്ന്  ഇസ്രായേല്‍ജനം ഗോത്രങ്ങളായി പെരുകുമ്പോഴാണ് 'ജനതകളുടെ പിതാവ്' എന്ന വിശേഷണം അബ്രാഹത്തില്‍ പൂര്‍ണമാകുന്നത്. യോഹന്നാന്‍ കര്‍ത്താവിനുവേണ്ടി ഒരുക്കുന്ന ജനതയാണ് സക്കറിയായ്ക്കു ലഭിക്കുന്ന പ്രവചനത്തിന്റെ പൂര്‍ത്തീകരണം. ഈ രണ്ടു സംഭവങ്ങളിലും വാഗ്ദാനം ലഭിച്ചവര്‍ക്ക് അതിന്റെ പൂര്‍ത്തീകരണം ദര്‍ശിക്കാനായിട്ടില്ല. അതായത്, വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണം സ്വന്തം കണ്ണുകള്‍കൊണ്ടു കണ്ടിട്ടല്ല അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചത്. ദൈവത്തിന്റെ ആദ്യദര്‍ശനത്തില്‍ത്തന്നെ, വചനം ആദ്യമായി ശ്രവിച്ചപ്പോള്‍ത്തന്നെ വാഗ്ദാനപൂര്‍ത്തീകരണത്തിനായി കാത്തുനില്ക്കാതെ അബ്രാഹം ദൈവത്തില്‍  വിശ്വസിച്ചു.
യോഹന്നാന്റെ ജനനത്തെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങള്‍ സൃഷ്ടിക്കുന്ന അവിശ്വസനീയതയില്‍ സക്കറിയായുടെ വിശ്വാസത്തില്‍ ചഞ്ചലിപ്പ് ഉണ്ടാകുന്നു. അതുപക്ഷേ, അവന്റെ അടിയുറച്ച ദൈവവിശ്വാസത്തിലുള്ള കുറവല്ല; മറിച്ച്, ആ സാഹചര്യങ്ങളെ മനസ്സിലാക്കുന്നതില്‍ അവനു സംഭവിക്കുന്ന വീഴ്ചയാണ്. ദൈവത്തിന്റെ വാഗ്ദാനത്തില്‍ പരിപൂര്‍ണമായി വിശ്വസിച്ചുകൊണ്ട് തങ്ങളുടെ കുടുംബത്തിന്റെ അഭിവൃദ്ധിക്കായി പരിശ്രമിക്കുമ്പോഴാണ് മക്കളിലൂടെ ജനതകളുടെ പിതാവും മാതാവുമായി മാതാപിതാക്കള്‍ മാറുന്നത്. തങ്ങള്‍ ജന്മംകൊടുക്കുന്ന ശിശുവില്‍ വലിയ ഒരു ജനതയുടെ തുടക്കം ദര്‍ശിക്കാന്‍ മാതാപിതാക്കന്മാര്‍ക്കു കഴിയണം. താത്കാലികനേട്ടങ്ങളുണ്ടാക്കുക എന്ന സങ്കുചിതചിന്ത ഉപേക്ഷിച്ച് ദൈവത്തിനുവേണ്ടി ഒരുക്കപ്പെടുന്ന വലിയൊരു ജനതയുടെ പിതാവും മാതാവുമായി മക്കളെ ദര്‍ശിക്കുന്ന കുടുംബങ്ങളെയാണ് വി. ഗ്രന്ഥത്തില്‍ കാണാനാവുന്നത്.
ഇത്തരുണത്തില്‍, ദൈവം ആഗ്രഹിക്കുന്ന കുടുംബജീവിതത്തിന്റെ അടിസ്ഥാനതത്ത്വങ്ങളാണ് ലേഖനഭാഗത്ത് പൗലോസ് ശ്ലീഹാ നല്‍കുന്നത് (എഫേ. 5:21-6,4). ഭാര്യയുടെയും ഭര്‍ത്താവിന്റെയും പരസ്പരസ്‌നേഹവും (5:25-29) വിധേയത്വവും (5,22-24) ഒന്നാകലും (5:30-32) മക്കള്‍ക്കുണ്ടായിരിക്കേണ്ട അനുസരണവുമൊക്കെ (6:1-4) സുവിശേഷപുണ്യങ്ങളായാണ് പൗലോസ് ശ്ലീഹാ കാണുന്നത്.
ആധുനികലോകത്തിന്റെ മാറിവരുന്ന സങ്കല്പങ്ങളെ പാടേ നിരാകരിക്കുന്നതാണ് കുടുംബങ്ങളെ സംബന്ധിച്ച  വി. ഗ്രന്ഥദര്‍ശനം. സ്വവര്‍ഗവിവാഹവും, ഭാര്യാഭര്‍ത്താക്കന്മാരുടെ സ്‌നേഹമില്ലായ്മയും, വിവാഹമോചനവും അതു കുട്ടികള്‍ക്കുണ്ടാക്കുന്ന മാനസികസംഘര്‍ഷങ്ങളുമൊന്നും വി. ഗ്രന്ഥവിഭാവനയിലുള്ള കുടുംബസങ്കല്പമല്ല. ദൈവസ്ഥാപിതവും ദൈവം ആഗ്രഹിക്കുന്നതുമായ കുടുംബബന്ധങ്ങളില്‍നിന്ന് ഇത്തരം ശിഥിലീകരണപ്രവണതകള്‍ ഒഴിവാക്കുകതന്നെ വേണം.  സ്വാതന്ത്ര്യത്തിന്റെ അതിരുകളില്ലാത്ത വിഹായസ്സില്‍ പറന്നുനടക്കാനുള്ള അഭിവാഞ്ഛകള്‍ക്കു ക്രിയാത്മകമായ വിധേയത്വത്തിന്റെയും പങ്കുവയ്ക്കുന്ന സ്‌നേഹത്തിന്റെയും സൃഷ്ടിപരമായ അച്ചടക്കത്തിന്റെയും താഴിട്ടുപൂട്ടിയാല്‍ മാത്രമേ ജനതകളുടെ പിതാവും മാതാവുമായി നമ്മുടെ കുഞ്ഞുങ്ങള്‍ക്കും മാറാനാവൂ.

Login log record inserted successfully!