•  2 May 2024
  •  ദീപം 57
  •  നാളം 8
കാഴ്ചയ്ക്കപ്പുറം

കണ്ണാടിയില്‍ കാണുന്നവര്‍

ലരും വെള്ളത്തിലെ മഞ്ഞുകട്ടയുടെ കാര്യം കണക്കെയാണ്. നമ്മള്‍ കാണുന്നത് എല്ലാവരുടെയും വ്യക്തിത്വത്തിന്റെ ചെറിയൊരു ഭാഗം മാത്രം. ഭൂരിഭാഗവും അറിയാതെ കിടക്കുകയാണ്.
ബാഹ്യമായി കാണുന്ന ചിലതുവച്ചുകൊണ്ട് നാം വിധിയെഴുതുന്നു. ഇതാണ്... ഇങ്ങനെയാണ്... പക്ഷേ, ഈ വിധിയെഴുത്ത് ഭാഗികമായിമാത്രമേ ശരിയാകുന്നുള്ളൂ. കാരണം, ആദ്യം പറഞ്ഞതുപോലെ ഭൂരിപക്ഷവും മറഞ്ഞുകിടക്കുകയാണ്..
ഏതൊരു ബന്ധത്തിലും ഇത്തരത്തിലുള്ള അറിയപ്പെടായ്കകളുണ്ട്, തിരിച്ചറിയാതെപോകലുകളുണ്ട്. കാണുന്നതുവച്ചുകൊണ്ടുമാത്രം നാം എഴുതുന്ന വിധിയെഴുത്തുകള്‍ നൂറുശതമാനവും ശരിയായിരിക്കണമെന്നില്ല. സൗഹൃദംമുതല്‍ ദാമ്പത്യബന്ധംവരെ നീളുന്ന ചരിത്രത്തിന് ഇതു ബാധകമാണ്.
ഇനി, ഇത്തരത്തിലുള്ള ചില കഥാപാത്രങ്ങളെ പരിശോധിക്കാം. ഡിയര്‍ ഫ്രണ്ട് എന്ന  ചിത്രത്തിലെ വിനോദ് എന്ന നായകന്റെ കാര്യംതന്നെയാവട്ടെ ആദ്യം. സുഹൃത്തുക്കളുമൊത്ത് ബംഗളൂരുനഗരത്തില്‍ ജീവിക്കുകയാണ് അയാള്‍.  സജിത്ത്, ജന്നത്ത്, അര്‍ജുന്‍, ശ്യാം എന്നിവരാണ് ആ ചങ്ങാതിക്കൂട്ടത്തിലെ മറ്റുള്ളവര്‍.
അവര്‍ വിചാരിക്കുന്നത് തങ്ങള്‍ക്കു പരസ്പരം എല്ലാവരെയും കൃത്യമായി അറിയാം എന്നുതന്നെയാണ്. മറ്റുള്ളവരുടെ കാര്യത്തില്‍ അത് ഏറെക്കുറെ ശരിയാകുമ്പോഴും വിനോദ് അങ്ങനെയല്ല എന്നതാണ് തുടര്‍ന്നുള്ള ഭാഗങ്ങളില്‍ തെളിയുന്നത്. തന്നെക്കുറിച്ചും തന്റെ വ്യക്തിത്വത്തെക്കുറിച്ചും അയാള്‍ പറഞ്ഞതു മുഴുവന്‍ കള്ളമായിരുന്നു. അവസാനിക്കാത്ത കള്ളത്തരങ്ങളും കഥകളുമായി അയാള്‍ മറ്റൊരിടത്ത് മറ്റൊരു രീതിയില്‍ ജീവിതം തുടരുന്നു എന്നു സൂചന നല്കിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
ഈ തിരിച്ചറിവ് അയാളുടെ സുഹൃത്തുക്കളിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഒരേ മുറിയും ഒരേ ലഹരിയും പങ്കിട്ട് സൗഹൃദത്തിന്റെ ആഘോഷങ്ങളില്‍ മുഴുകി ജീവിച്ചവര്‍ അറിയുന്നു, തങ്ങള്‍ വിശ്വസിക്കുകയും സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്ന സുഹൃത്ത് ഒരു ഫ്രോഡാണെന്ന്... അവന്‍ അവനേ അല്ലെന്ന്. വിനീത് കുമാര്‍ സംവിധാനം ചെയ്ത ഡിയര്‍ ഫ്രണ്ടില്‍ ടൊവിനോ തോമസാണ് വിനോദിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
 ഹിറ്റ് മൂവിയായ സിദ്ധിക്കിന്റെ ഫ്രണ്ട്‌സ് എന്ന സിനിമയിലുമുണ്ട് സൗഹൃദങ്ങളുടെ ചില കാണാപ്പുറങ്ങള്‍. പരസ്യമാക്കലുകള്‍ക്കപ്പുറം ചില രഹസ്യഭാരങ്ങള്‍. അരവിന്ദനും ജോയിയും ചന്തുവും ആത്മാര്‍ത്ഥസുഹൃത്തുക്കളാണ്. തങ്ങള്‍ക്കിടയില്‍ രഹസ്യങ്ങളൊന്നുമില്ലെന്നാണ് അവരുടെയും വിചാരം.
എന്നാല്‍, ചന്തുവും ജോയിയും അറിയാത്ത വലിയൊരു രഹസ്യം അരവിന്ദനിലുണ്ടായിരുന്നു. കുട്ടിക്കാലത്ത് അറിയാതെയാണെങ്കിലും താന്‍മൂലമാണ് ചന്തുവിന്റെ അനിയന്‍ ചിന്നന്‍ മരണമടഞ്ഞത് എന്നതായിരുന്നു ആ രഹസ്യം. സിനിമയുടെ ഒരു പ്രത്യേക മുഹൂര്‍ത്തത്തില്‍ ചന്തു ഇക്കാര്യം അറിയുകയും അരവിന്ദനും ചന്തുവും തമ്മില്‍ നിത്യശത്രുതയിലാവുകയും ചെയ്യുന്നു. ഒരു കൊലപാതകരഹസ്യം ഒളിപ്പിക്കാന്‍വേണ്ടിയായിരുന്നോ ഇക്കാണിക്കുന്ന സ്നേഹം മുഴുവന്‍ എന്നാണ് ചന്തുവിന്റെ ചോദ്യം. ഈ ചോദ്യം അരവിന്ദനെ തകര്‍ക്കുകയും ഒരു ദുരന്തമുഖത്തേക്ക് അയാള്‍ വീണുപോകുകയും ചെയ്യുന്നു.
ചില രഹസ്യങ്ങള്‍ രഹസ്യമായിത്തന്നെ നിലനില്ക്കുന്നതാണ് ബന്ധങ്ങളുടെ സൗന്ദര്യം. ചില രഹസ്യങ്ങള്‍ അനാവൃതമാകുമ്പോള്‍ തകര്‍ന്നുവീഴുന്നത് ദാമ്പത്യം ഉള്‍പ്പെടെയുള്ള ബന്ധങ്ങളായിരിക്കും. സൗഹൃദങ്ങള്‍ക്കിടയിലെന്നതുപോലെ ദാമ്പത്യത്തിലുമുണ്ട് ഇത്തരത്തിലുള്ള ചില അറിയാതെപോകലുകള്‍.. മനസ്സിലാക്കാതെപോകലുകള്‍.
അയലത്തെ അദ്ദേഹം എന്ന സിനിമയില്‍ സിദ്ദിക്ക് ചെയ്ത മെഡിക്കല്‍ റെപ്രസന്റേറ്റീവിന്റെ കഥാപാത്രം അത്തരത്തിലുള്ള ഒന്നാണ്. എത്ര സ്നേഹത്തോടെയാണ് അയാള്‍ ഭാര്യയോട് ഇടപെടുന്നത്. പിറന്നാളുകളും വിവാഹവാര്‍ഷികങ്ങളും അയാള്‍ ആഘോഷമാക്കുന്നു. ഭാര്യയ്ക്കു  ഗിഫ്റ്റുകള്‍... സര്‍ക്കീട്ടുകള്‍... സിനിമ, പുറത്തു ഭക്ഷണം.
ഒരു ഭാര്യയെ സന്തോഷിപ്പിക്കാന്‍ എന്തെല്ലാമാണോ വേണ്ടത് അതെല്ലാം അയാള്‍ കൃത്യമായി വിളമ്പുന്നുണ്ട്. പക്ഷേ, ഇതേസമയംതന്നെ അയാള്‍ അടുത്ത വീട്ടിലെ മധ്യവയസ്‌കന്റെ ഭാര്യയുമായി അവിഹിതബന്ധത്തിലുമാണ്. അവളും പ്രകടമായി നല്ല ഭാര്യതന്നെയാണ്. ചിത്രത്തിന്റെ അവസാനനിമിഷത്തിലാണ് ഇരുവരുടെയും കള്ളി വെളിച്ചത്താകുന്നത്. കൈയോടെ പിടികൂടുന്നതുവരെ എല്ലാവരും മാന്യന്മാരാണ്, പകല്‍മാന്യന്മാര്‍. നീ മാത്രമല്ല ഞാനും അങ്ങനെതന്നെ.
അടുത്തകാലത്തിറങ്ങിയ ഇഷ്‌ക് എന്ന സിനിമയില്‍ ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന ആല്‍ബിന്‍ എന്ന കഥാപാത്രവും ഇത്തരത്തിലുള്ള ഭര്‍ത്താവാണ്. പുറമേ നോക്കുമ്പോള്‍ അയാള്‍ നല്ല സ്നേഹമുള്ള ഭര്‍ത്താവും വാത്സല്യമുള്ള അച്ഛനുമാണ്. കുടുംബത്തിനുവേണ്ടി ജീവിക്കുന്നവനെന്നും തന്നെയും മകളെയും പൊന്നുപോലെ നോക്കുന്നവനെന്നും ഭാര്യ മരിയയ്ക്ക് അഭിപ്രായമുള്ളവന്‍. അയാള്‍ അങ്ങനെയൊക്കെത്തന്നെയുമാണ്.
പക്ഷേ, കുടുംബം നോക്കിനടത്തുമ്പോഴും ഭാര്യയെ സ്‌നേഹിക്കുമ്പോഴും സദാചാരധ്വംസനം നടത്താന്‍കൂടി അയാള്‍ക്കു മടിയില്ല എന്നതാണു സത്യം. ഭാര്യയുടെയും മകളുടെയും മുമ്പിലെ മുഖമല്ല അയാള്‍ക്കു കൂട്ടുകാരുടെ മുമ്പില്‍.  അതിലും വ്യത്യസ്തമായ മുഖമാണ് ഒരു പെണ്‍കുട്ടിയെ രാത്രിയില്‍ തനിച്ചുകിട്ടുമ്പോള്‍.
ഇതു കേരളത്തിലെ ഒരു ന്യൂനപക്ഷം ഭര്‍ത്താക്കന്മാരുടെയും കുടുംബനാഥന്മാരുടെയും മുഖമാണ്. ഇടറിപ്പോകുകയും പതറിപ്പോകുകയും ചെയ്യുന്നവര്‍. എന്നാല്‍, ഉള്ളിന്റെയുളളില്‍ ഭീരുക്കളായവര്‍. കുടുംബത്തെ സ്നേഹിക്കുന്നവര്‍. അവര്‍ക്ക് കുടുംബം വേണം. മക്കളെ വേണം. ഭാര്യയെ വേണം. എന്നാല്‍, മറ്റു ബന്ധങ്ങളും വേണം. 
മുഖങ്ങളുടെ വച്ചുമാറ്റങ്ങളില്‍ പലരും രാമായണത്തിലെ രാവണനെപ്പോലും അതിശയിപ്പിക്കുന്നു. നിനക്കു വേണ്ടതും നിനക്ക് ഇഷ്ടമായതുമായ മുഖഭാവങ്ങളോടെ ഞാന്‍ നിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മറ്റൊരിടത്ത് ഞാന്‍ എന്റേതായ തനിമയും ആസുരതകളും ആസക്തികളും മറച്ചുവയ്ക്കാതെ പ്രത്യക്ഷപ്പെടുന്നു.
ചില സിനിമകള്‍ കണ്ണാടികള്‍പോലെയാണ്. അവ പ്രേക്ഷകരെ പ്രതിബിംബിപ്പിക്കുന്നു. മുഖം കാണിക്കുന്നു. ചെയ്തികള്‍ പ്രതിഫലിപ്പിക്കുന്നു. തീര്‍ച്ചയായും വികാരവിമലീകരണം നടത്താന്‍ സഹായകമായ ചില നല്ല സിനിമകളും ഇവിടെയുണ്ടാകുന്നുണ്ട് എന്നു പറയാതെവയ്യ. നെഗറ്റിവിറ്റി മാത്രമല്ല സിനിമയെന്നും പറയണമല്ലോ.
നിഗൂഢമായിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുന്നില്ല എന്ന തിരുവചനം സത്യത്തില്‍ നമ്മെ ഭയപ്പെടുത്തേണ്ടതുണ്ട്. ചില മുഖംമൂടികള്‍ അഴിഞ്ഞുവീഴേണ്ടത് കാലത്തിന്റെ ആവശ്യം തന്നെയായിരിക്കാം.
നാം നമ്മോടുതന്നെ ചോദിച്ചുനോക്കേണ്ട ചില കാര്യങ്ങളുണ്ട്. ഞാന്‍ എല്ലായിടത്തും ഒരുപോലെയാണോ? വീട്ടിലെ മുഖമാണോ നാട്ടില്‍? ഭാര്യയുടെ അടുത്തുള്ള മുഖമാണോ സുഹൃത്തിന്റെ അടുക്കല്‍? ജോലിസ്ഥലത്തെ മുഖമാണോ കളിസ്ഥലത്ത്? ഇല്ല. നാം മാറിക്കൊണ്ടേയിരിക്കുന്നു. ഒരേസമയം നമുക്കു പല മുഖങ്ങളും ഭാവങ്ങളും. ഇത് നാം കാപട്യക്കാരായതുകൊണ്ടാണോ? അതിന് ഓരോരുത്തരും സ്വയം ഉത്തരം കണ്ടെത്തട്ടെ. ഇരുളിലും പകലിലും ഒരുപോലെ നില്ക്കാന്‍ കഴിയുന്ന സുതാര്യതയാണ് ദൈവം നമ്മോട് ആവശ്യപ്പെടുന്നതെന്നു മറക്കാതിരിക്കാം.

 

Login log record inserted successfully!