സ്വര്‍ണ്ണംകൊണ്ടു പ്രതികാരമെഴുതാന്‍ അവന്‍ വരുന്നൂ. പൃഥ്വിരാജ് സുകുമാരനും വൈശാഖും ഒന്നിക്കുന്ന ഖലീഫ എന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ ഇതാണ്.
രക്തം ഒലിച്ചിറങ്ങുന്ന കൈകള്‍കൊണ്ട് മുഖം പാതി മറച്ചുനില്ക്കുന്ന നായകന്റെ ചിത്രവും ടാഗ് ലൈനും ചിത്രത്തിന്റെ ഉളളടക്കത്തെക്കുറിച്ചു വ്യക്തമായ ധാരണ പ്രേക്ഷകനു നല്കുന്നുമുണ്ട്. പ്രതികാരംതന്നെയാണു ചിത്രം പറയുന്നത്. സിനിമ വരാനിരിക്കുന്നതേയുള്ളൂ.
പക വീട്ടാനുള്ളതാണ് എന്നായിരുന്നു വര്‍ഷങ്ങള്‍ക്കു മുമ്പു പുറത്തിറങ്ങിയ ദ്രോണ എന്ന മമ്മൂട്ടിച്ചിത്രത്തിന്റെ പരസ്യവാചകം. അതിനുംമുമ്പേ പുറത്തിറങ്ങിയ ഭരതന്‍-എംടി കൂട്ടുകെട്ടിലെ താഴ്‌വാരം എന്ന മോഹന്‍ലാല്‍ചിത്രത്തിന്റെ പരസ്യവാചകം കൊല്ലാന്‍ അവന്‍ ശ്രമിക്കും ചാകാതിരിക്കാന്‍ ഞാനും എന്നതായിരുന്നു.
വിഗതകുമാരന്‍മുതല്‍ ഇങ്ങേയറ്റത്ത് ഏറ്റവും പുതിയതുവരെയുള്ള മലയാളസിനിമകളുടെ ഉള്ളടക്കം പരിശോധിക്കുമ്പോള്‍ കൃത്യമായും വ്യക്തമായും മനസ്സിലാവുന്ന ഒരു കാര്യമുണ്ട്: ഭൂരിപക്ഷം സിനിമകളുടെയും കഥ പ്രതികാരംതന്നെ. പോര്‍വിളികളുടെയും ചോരച്ചൊരിച്ചിലുകളുടെയും ജീവാപഹരണത്തിന്റെയും കഥകളായിരുന്നു അവയെല്ലാം.
നായകന്റെ പ്രതികാരത്തിനു പ്രേക്ഷകര്‍ നിറമനസ്സോടെ കൈയടിച്ചു. അങ്ങനെ വിജയിപ്പിച്ചവയായിരുന്നു അക്കൂട്ടത്തിലെ പല സിനിമകളും. പെണ്ണിന്റെ പ്രതികാരം, മഹേഷിന്റെ പ്രതികാരം, രക്തം, രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, കടുവ എന്നിങ്ങനെ എണ്ണമറ്റ സിനിമകളാണ് പേരുകേള്‍ക്കുമ്പോള്‍ത്തന്നെ പ്രതികാരമാണ് ഉള്ളടക്കമെന്നു വ്യക്തമായിട്ടുളളവ.
കാലം മാറുന്നതനുസരിച്ചു പ്രതികാരത്തിന്റെ രീതിയും സ്വഭാവവും മാറുന്നുവെന്നേയുളളൂ. മമ്മൂട്ടിയുടെ ന്യൂഡല്‍ഹിയും കമല്‍ഹാസന്റെ ചാണക്യനുംപോലെയുള്ള സിനിമകള്‍ കണ്ടവര്‍ക്കറിയാം അതിലെ പ്രതികാരരീതി. ഏതുതരത്തിലായാലും നിര്‍വഹിക്കപ്പെടുന്നത് പ്രതികാരംതന്നെയാണ്. നായകന്‍ വിജയിക്കണമെങ്കില്‍ അയാള്‍ ശത്രുവിനെ/ എതിരാളിയെ തോല്പിക്കണം എന്നാണ് പ്രേക്ഷകന്റെ മനസ്സ്.
ശത്രുനിഗ്രഹം നടത്താതെ ഒരു നായകനും ചിത്രം വിജയിപ്പിച്ചിട്ടില്ലെന്നോര്‍ക്കണം. സാധാരണക്കാരനെപ്പോലെ ജീവിതം ആരംഭിച്ചിട്ട് പിന്നീട് ചില സാഹചര്യനിര്‍മിതിയെത്തുടര്‍ന്ന് സൂപ്പര്‍പരിവേഷത്തിലേക്കുനായകന്‍ മാറുന്നതും പിന്നീട് അയാള്‍ നടത്തുന്ന തേരോട്ടവുമാണ് പല സിനിമകളുടെയും വിജയഘടകം.
എന്നാല്‍, പ്രതികാരനിര്‍വഹണത്തില്‍നിന്നു പിന്തിരിയുന്ന നായകന്റെ കഥ വിജയമാകുന്നുമില്ല എന്നും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തോക്കെടുത്തും പുലഭ്യം പറഞ്ഞും മടുത്തു എന്ന് സുരേഷ് ഗോപി പരിതപിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ കൈയിലേക്കു പൂമാല ചുറ്റിക്കൊടുത്തതെന്നും അങ്ങനെ കൊടുത്ത സിനിമ രുദ്രാക്ഷം പരാജയപ്പെട്ടുവെന്നും സംവിധായകന്‍ ഷാജി കൈലാസ് നേരത്തേ പറഞ്ഞിട്ടുണ്ട്. ഒരു സാധാരണ നമ്പൂതിരിക്കുടുംബത്തില്‍നിന്നു വന്ന് ബോംബെ അടക്കിവാഴുന്ന അധോലോകരാജാവായി വളര്‍ന്ന നായകന്റെ കഥ പറഞ്ഞ ആര്യന്‍ വിജയിച്ചപ്പോള്‍ അതേ നടനെ നായകനാക്കി തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സുരേഷ് കൃഷ്ണ ഒരുക്കിയ ദി പ്രിന്‍സ് എന്ന മോഹന്‍ലാല്‍ ചിത്രം പരാജയമായിരുന്നുവെന്നും അറിയണം. കാരണം, ആദ്യത്തേതില്‍ വീരസ്യമുണ്ട്. നായകന്റെ പ്രതികാരവും വിജയവുമുണ്ട്. പക്ഷേ, രണ്ടാമത്തേതില്‍ അധോലോകം അടക്കിവാണിരുന്ന ഒരു മനുഷ്യന്‍ അതെല്ലാം വിട്ടുപേക്ഷിച്ച് നന്മയിലേക്കു തിരിയുകയാണ്.
അത്തരമൊരു പരിവേഷം പ്രേക്ഷകര്‍ക്കു നായകനില്‍നിന്നു സ്വീകാര്യമായിരുന്നില്ല. നല്ലവന്‍ കെട്ടവനാകുന്നതാണ് പ്രേക്ഷകര്‍ക്കു താത്പര്യം. കെട്ടവന്‍ നല്ലവനാകുന്ന മാനസാന്തരകഥ യഥാര്‍ത്ഥജീവിതത്തില്‍മാത്രമേ കൈയടി നേടുന്നുള്ളൂ. സിനിമയ്ക്ക് അത് ആവശ്യമില്ല.
മലയാളത്തിലെ എന്നത്തെയും ക്ലാസിക്‌സിനിമകളിലൊന്നായി പൊതുജനം വിശ്വസിക്കുന്ന കിരീടം സിനിമ നോക്കൂ. എസ് ഐ ആകാന്‍ സ്വപ്‌നം കണ്ടുനടക്കുന്ന സേതുമാധവന്‍ എന്ന ചെറുപ്പക്കാരന്‍ കീരിക്കാടന്‍ ജോസിനെ വകവരുത്തിയപ്പോഴാണ് പ്രേക്ഷകര്‍ തൃപ്തരായത്. സാധാരണക്കാരനും നിസ്സഹായനുമായി സേതുമാധവന്‍ ജയിലില്‍നിന്നു പുറത്തുവരികയും അയാള്‍ തന്റെ ജീവിതം ഏതുവിധേനയും ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ പ്രേക്ഷകര്‍ അതിനു് പിന്തുണ നല്കിയില്ല. കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോല്‍ എന്ന സിനിമ സാമ്പത്തികമായി വിജയമാകാതെപോയത് അതില്‍ നായകന്‍ പ്രതികാരം നിര്‍വഹിക്കുന്നില്ല എന്നതുകൊണ്ടാണ്. മാത്രവുമല്ല, ഒരു കൗമാരക്കാരന്റെ കത്തിക്ക് ഇരയായി ജീവന്‍വെടിയുകയും ചെയ്യുന്നു. ആ പയ്യനെ രക്ഷപ്പെടാന്‍ അനുവദിക്കുന്നിടത്തും മറ്റൊരു കീരിക്കാടനോ സേതുമാധവനോ ജനിക്കാന്‍ അനുവദിക്കാത്തിടത്തുമാണ് അയാളുടെ വീരസ്യമെന്ന് മലയാളികള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല.
നായകന്റെ ജീവിതത്തില്‍ പ്രതികാരത്തിന്റെ സാധ്യതയുണ്ടെങ്കില്‍ അവന്‍ എതിരാളിയെ വകവരുത്തിയിരിക്കണം എന്നതാണ് സിനിമയുടെ മട്ടും രീതിയും. പ്രേക്ഷകര്‍ക്കാവശ്യമുള്ളതും അതുതന്നെയാണ്. പ്രതികാരം ചെയ്യാത്ത നായകന്‍ വിലകെട്ടവനാകുന്നു.
വര്‍ഷമെത്ര കഴിഞ്ഞാലും ഉള്ളില്‍ കയറിയ പ്രതികാരത്തിന്റെ കനലുകള്‍ക്കു തിളക്കം നഷ്ടപ്പെടുന്നില്ല എന്നായിരുന്നു അടുത്തകാലത്തിറങ്ങിയ പാപ്പന്‍ സിനിമയും പറഞ്ഞത്. ഒരേസമയം ഒരു പെണ്ണിന്റെ പ്രതികാരവും കുട്ടിക്കാലത്ത് അപ്പനെ കൊലപ്പെടുത്തി അമ്മയെ രക്ഷിച്ച ഇരുമ്പന്റെ കഥയുമായിരുന്നു പാപ്പന്‍ പറഞ്ഞത്. ആനപ്പക, സര്‍പ്പപ്പക എന്നൊക്കെയുളള ചില നാട്ടിന്‍പുറവിശ്വാസങ്ങള്‍പോലെയായിരുന്നു അവ. തന്റെ ജീവിതം തകര്‍ത്തവരോട് - അതില്‍ അപ്പനും അമ്മയും ആങ്ങളയുംപെടും - മകള്‍ നടത്തുന്ന നരവേട്ടയുടെ കഥയാണ് പാപ്പന്‍. പക കയറിയാല്‍ അതു വീട്ടാതിരിക്കാനാവില്ലത്രേ. പകവീട്ടല്‍ സംഭവിക്കുന്നത് എപ്പോഴും കൊലപാതകത്തിലൂടെയുമായിരിക്കും. പാപ്പന്‍ സിനിമയില്‍ നടക്കുന്ന കൊലപാതകങ്ങളെല്ലാം പ്രതികാരത്തിന്റെ പേരിലായിരുന്നു.
ഈശോസിനിമയില്‍ നായകന്‍ നടത്തുന്നതും പ്രതികാരനിര്‍വഹണങ്ങള്‍തന്നെ. ഇതെല്ലാം വ്യക്തമാക്കുന്നത് എന്താണ്? കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന മട്ടിലുളള പഴയനിയമസിദ്ധാന്തങ്ങളാണ് ഇന്നും നമ്മെ ഭരിക്കുന്നത്. ഒരു കവിളത്തടിക്കുന്നവനു മറുകരണംകൂടി കാണിച്ചുകൊടുക്കണമെന്ന പ്രബോധനങ്ങളുടെ സ്വീകാര്യത നമ്മളില്‍ എത്രപേര്‍ക്കുണ്ട് എന്നതും ഇരുത്തിച്ചിന്തിക്കേണ്ടിയിരിക്കുന്നു.
എല്ലാവരുടെയും ഉള്ളില്‍ ആരോടെങ്കിലുമൊക്കെ ചില അമര്‍ഷങ്ങളും നീരസങ്ങളുമുണ്ട്. അവയെ സഹിഷ്ണുതയോടെ കാണുന്ന സമീപനം പലര്‍ക്കും അപ്രാപ്യമാണ്. ക്ഷമിക്കാനും സഹിക്കാനും പഠിക്കണമെന്ന് സന്ദേശം നല്കുന്ന സിനിമകള്‍ അതുകൊണ്ടാണ് അപൂര്‍വം സംഭവിക്കുന്നത്... കാരണം ക്ഷമിക്കാന്‍ നാം തയ്യാറല്ല, പൊറുക്കാനും.
അപ്പനും മക്കളും തമ്മിലാണെങ്കിലും തര്‍ക്കമുണ്ടാകുമ്പോള്‍ തല്ലിത്തോല്പിക്കണമെന്നാണ് തൊമ്മനും മക്കളും പറയുന്നത്. തന്നെ തല്ലിയവനെ തിരിച്ചുതല്ലുന്നതുവരെ ചെരിപ്പു ധരിക്കില്ലെന്നാണ് മഹേഷിന്റെ പ്രതികാരം. എന്നാല്‍, യഥാര്‍ത്ഥത്തില്‍ മഹേഷ് പ്രതികാരം ചെയ്തത്, തന്റെ ശത്രുവിന്റെ പെങ്ങളെ വിവാഹം കഴിക്കുന്നതിലൂടെയാണ്. തല്ലിനെക്കാള്‍ മഹേഷിന്റെ ഈ പ്രതികാരവും സേതുമാധവന്റെ കാര്യത്തിലെന്നപോലെ ഭൂരിപക്ഷവും കാണുകയുണ്ടായില്ല.
ഇത്തരത്തില്‍ നന്മയുടെ ഭാഗത്തുനിന്നുകൊണ്ടുളള സൗമ്യമായ പ്രതികാരനിര്‍വഹണങ്ങള്‍ വളരെ കുറവാണ്. ഭാര്യ മറ്റൊരാളുടെകൂടെ ഒളിച്ചോടുകയും പിന്നീട് തെറ്റു മനസ്സിലാക്കി തിരികെവരാന്‍ സന്നദ്ധമാകുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ കഥ കെ.ജി. ജോര്‍ജ് മറ്റൊരാള്‍ എന്ന സിനിമയിലൂടെ പറഞ്ഞിട്ടുണ്ട്. ഭാര്യയെ സ്വീകരിക്കാന്‍ ഭര്‍ത്താവ് സന്നദ്ധനാണെന്ന് സുഹൃത്തു വഴി ഭാര്യയെ അറിയിക്കുമ്പോള്‍ പ്രേക്ഷകര്‍ കരുതുന്നത് അയാള്‍ ഭാര്യയോടു ക്ഷമിച്ച് അവളെ സ്വന്തം ജീവിതത്തിലേക്കു തിരികെ ക്ഷണിക്കുന്നുവെന്നുതന്നെയാണ്. പക്ഷേ, ബീച്ചില്‍ കമിഴ്ത്തിവച്ച വള്ളത്തിന്റെ മറവില്‍ സ്വന്തം നെഞ്ചില്‍ കത്തി കുത്തിയിറക്കി ജീവത്യാഗം ചെയ്ത ഭര്‍ത്താവിനെയാണു ഭാര്യയ്ക്കു കാണേണ്ടിവരുന്നത്.
അതായത്, അയാള്‍ പ്രതികാരം ചെയ്തത് ഭാര്യയെ കൊലപ്പെടുത്തിയായിരുന്നില്ല തന്നോടുതന്നെ പ്രതികാരം ചെയ്തുകൊണ്ടായിരുന്നു. അയാള്‍ക്ക് അവളോടു ക്ഷമിക്കാനാവുന്നില്ല. അതിന് അയാള്‍ സ്വയം കുത്തിമരിക്കുന്നു. മറ്റുള്ളവരോടു പ്രതികാരം ചെയ്യാന്‍ കഴിയാതെപോകുന്നവര്‍ക്ക് അവനവനോടുതന്നെയെങ്കിലും പ്രതികാരം ചെയ്യാതിരിക്കാനാവില്ല പോലും.
അടിയും തിരിച്ചടിയും പ്രതികാരവുമായി മുന്നോട്ടുപോകുകയാണെങ്കിലും ദേവാസുരം എന്ന സിനിമയുടെ ക്ലൈമാക്സ് മറ്റൊരുതരത്തിലാണ്. തന്റെ ആജീവനാന്തപ്രതിയോഗിയായ മുണ്ടയ്ക്കല്‍ ശേഖരനെ കൊല്ലാന്‍ സാഹചര്യമുണ്ടായിട്ടും അതിനു തയ്യാറാവാതെ എനിക്കു ജീവിക്കണമെടാ അതിനു ഞാന്‍ നിന്റെ ഈ കൈ എടുക്കുവാ എന്നു പറഞ്ഞ് ശേഖരന്റെ കൈ വെട്ടിമാറ്റുകയാണ് മംഗലശ്ശേരി നീലകണ്ഠന്‍. ഭാനുമതിയുമൊത്തുളള ജീവിതം കൊതിക്കുന്നതുകൊണ്ടാണ് നീലകണ്ഠന്‍ അപ്രകാരം ചെയ്തത്. കൊലയ്ക്കു പകരം കൈ വെട്ടുന്നതും ഒരാളെ ജീവനോടെ രക്തസാക്ഷിത്വത്തിലേക്കു തള്ളിവിടുകയാണല്ലോ.
ഇങ്ങനെ പ്രതികാരം പകയായിപ്പുകയുന്ന, നീറിക്കത്തുന്ന എത്രയോ സിനിമകള്‍! മറ്റൊരു വിഷയവും പറയാനില്ലാത്തതുപോലെയാണ് സിനിമകള്‍ പ്രതികാരം എന്ന വിഷയത്തിനുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നത്. കഥാപാത്രങ്ങളുടെ പേരും സാഹചര്യങ്ങളും മാറുന്നുവെന്നേയുള്ളൂ. ഒരിടത്ത് അത് മൈക്കിളപ്പയും മറ്റൊരിടത്ത് അത് നീലകണ്ഠനും ആവുന്നുവെന്നേയുള്ളൂ. പ്രമേയസ്വീകരണത്തില്‍ കാര്യമായ മാറ്റമില്ല. മാറ്റമുണ്ടാകുന്നത് പറയുന്ന രീതിക്കും അവതരിപ്പിക്കുന്ന മാര്‍ഗത്തിനും സാങ്കേതികവിദഗ്ധര്‍ക്കും മാത്രം.
പ്രതികാരം എന്ന വിഷയത്തില്‍നിന്ന് ഇനിയെങ്കിലും മലയാളസിനിമയ്ക്കു മോചനം ഉണ്ടാവേണ്ടതല്ലേ? വെള്ളിത്തിരയിലെ പകയുടെ ജ്വാലകള്‍ കാണുന്നവന്റെ നെഞ്ചിലേക്കുകൂടി പടരുന്നുണ്ടെന്ന കാര്യം മറക്കരുത്. വെളളിത്തിരയിലെ നായകനെപ്പോലെ, നായികയെപ്പോലെ പ്രതികാരം ചെയ്യുന്നതാണ് വീരസ്യമെന്നും അങ്ങനെ ചെയ്യണമെന്നുമുള്ള അബോധപൂര്‍വമായ പ്രേരണകളാണ് ഇത്തരം പ്രതികാരസിനിമകള്‍ സമ്മാനിക്കുന്നത്. പക ഊതിക്കത്തിക്കരുത്. വെള്ളമൊഴിച്ചു കെടുത്തേണ്ട തീജ്വാലതന്നെയാണത്. പക്ഷേ, അതിന്റെ തീയില്‍ വെന്തുരുകുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്നവരാണ് ഭൂരിപക്ഷവും. ദൃശ്യം സിനിമയുടെ സ്വാധീനം അടുത്തകാലത്തു നടന്ന ഒരു കൊലപാതകത്തിന്റെ കാര്യത്തിലും വീണ്ടും പരാമര്‍ശിക്കപ്പെട്ടിരുന്നല്ലോ. സിനിമകളുടെ ഹാങ്ഓവറുകള്‍ നേരം പുലരുമ്പോള്‍ മാറുന്നതല്ല. അത് ജീവിതകാലം മുഴുവന്‍ പിന്തുടരും. സിനിമകളുടെ സ്വാധീനം നമ്മെ വലിയതോതില്‍ പിടിമുറുക്കിയിട്ടുണ്ട്. പ്രതികാരം ചെയ്താലേ നായകനാകൂ എന്നു വരുന്നത് നമുക്കിടയിലെ പ്രതികാരസംസ്‌കാരം വളര്‍ത്താനാണു സഹായകരമാകുന്നത്. മനസ്സു തണുത്തും വിമലീകരിച്ചും ഒരു സിനിമകണ്ടിട്ട് എത്രയോ നാളായി! പ്രതികാരംകൊണ്ട് ആരും ഒന്നും നേടുന്നില്ലെന്ന് ആര് എന്നു മനസ്സിലാക്കും!