•  25 Apr 2024
  •  ദീപം 57
  •  നാളം 7
ശ്രേഷ്ഠമലയാളം

കൃഷീതരം

തല്ലാത്തത് (മറ്റൊന്ന്) എന്നര്‍ത്ഥമുള്ള ഒരു വാക്കാണ് ഇതരം. കാര്‍ഷിക ഇതരം, പാഠ്യഇതരം, വന ഇതരം, മത ഇതരം എന്നിങ്ങനെ ഇതരം ഉത്തരപദമായി ചേര്‍ക്കുന്നു. ഘടകപദങ്ങള്‍ ചേര്‍ത്തെഴുതണമെന്നാണ് നിലവിലുള്ള നിയമം. കാര്‍ഷികേതരം, പാഠ്യേതരം, വനേതരം, മതേതരം എന്നെല്ലാമെഴുതണം. അ + ഇ = ഏ എന്നാണ് സന്ധിയുടെ യുക്തി. ഇതറിയാത്ത ചിലര്‍ ''ഏതര''മാണ്  ഉത്തരപദമെന്നു കരുതി, കൃഷിയേതരം, ജാതിയേതരം, വൈദ്യുതിയേതരം, പദ്ധതിയേതരം എന്നെല്ലാം എഴുതിവരുന്നു. കൃഷി ഇതരം, ജാതി ഇതരം, വൈദ്യുതി ഇതരം, പദ്ധതി ഇതരം എന്നിങ്ങനെ വേണം ഘടകപദങ്ങളെ പിരിച്ചെഴുതാന്‍. മേല്‍പറഞ്ഞവയില്‍നിന്നു വ്യത്യസ്തമായാണ് പൂര്‍വ്വോത്തരപദങ്ങളെ സന്ധി ചെയ്യേണ്ടത്. ഇ+ഇ=ഈ എന്നാണ് ഇവിടുത്തെ സന്ധികാര്യം. അപ്പോള്‍ കൃഷീതരം, ജാതീതരം, വൈദ്യുതീതരം, പദ്ധതീതരം എന്നിങ്ങനെ ശരിയായ സമസ്തപദങ്ങള്‍ ഉണ്ടാകുന്നു.
അ +ഇ = ഏ; ഇ + ഈ = ഈ എന്നിവ സംസ്‌കൃതത്തിലെ ഗുണസന്ധിയാണ്. സംസ്‌കൃതതത്‌സമങ്ങളെ ഒറ്റപ്പദമാക്കേണ്ടി വരുമ്പോള്‍ ഈ നിയമമാണ് പൊതുവെ അനുവര്‍ത്തിക്കുന്നത്. എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ മലയാളസന്ധിയോട് പൊരുത്തപ്പെടുത്തുന്ന പ്രവണതയും കണ്ടുവരുന്നു. രണ്ടു സ്വരങ്ങള്‍ക്കിടയില്‍ യ/ വ ഇവയിലൊന്ന്  ചേര്‍ത്ത് വിസന്ധിദോഷം പരിഹരിക്കുന്നതാണ് മലയാളത്തിന്റെ രീതി. കൃഷി + ഇതരം, സംസ്‌കൃതരീതിയനുസരിച്ച് സന്ധി ചെയ്യുമ്പോള്‍ കൃഷീതരവും മലയാളരീതിയനുസരിച്ചു ചേര്‍ക്കുമ്പോള്‍ കൃഷിയിതരവും ആകുന്നു. കൃഷി + ഇതരം = കൃഷിയിതരം. പൂര്‍വ്വസ്വരം (ഇ) താലവ്യമായതിനാല്‍ യകരം ആഗമിച്ചു എന്നു മനസ്സിലാക്കണം. സംസ്‌കൃതനിയമത്തോടും മലയാളനിയമത്തോടും ഇണങ്ങാത്ത 'കൃഷിയേതര'ത്തെ വര്‍ജിക്കുകതന്നെവേണം. എന്നാല്‍ സംസ്‌കൃത - മലയാളസന്ധിനിയമങ്ങളെ അവഗണിച്ച് കൃഷി ഇതരം, മത ഇതരം എന്നെല്ലാം അകലമിട്ട് എഴുതുന്ന പ്രവണത നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. അത് ആശാസ്യമായ കാര്യമല്ല. ഇനി, പിടിവിട്ട് എഴുതണമെന്നു നിര്‍ബന്ധമുള്ളവര്‍ക്ക്, നടുവില്‍ ബന്ധരേഖ ചേര്‍ത്ത്, പദ്ധതി - ഇതരം മത - ഇതരം എന്നിങ്ങനെ എഴുതുന്നത് നന്ന് എന്നൊരു നിരീക്ഷണം നാരായണന്‍ വി.കെ. നടത്തിയിട്ടുണ്ട്. * ഇത് എത്ര പേര്‍ സ്വീകരിക്കണമെന്നു കണ്ടറിയണം.
* നാരായണന്‍ , വി.കെ.; വാക്കിന്റെ ഇരുളും പൊരുളും, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2020, പുറം - 66.

 

Login log record inserted successfully!