•  9 May 2024
  •  ദീപം 57
  •  നാളം 9
കാഴ്ചയ്ക്കപ്പുറം

വെള്ളിത്തിരയിലെ 'തെറി'പ്പുറപ്പാടുകള്‍

വിവാഹം കഴിഞ്ഞ ആദ്യനാളുകളിലെന്നോ ആണെന്നു തോന്നുന്നു, സുഹൃത്തുക്കളുമൊത്തുള്ള ഒരു സംഭാഷണത്തിനു സാക്ഷ്യംവഹിച്ച ഭാര്യ അതിലൊരാളുടെ ഒരു വാക്കിനെച്ചൊല്ലി പിന്നീട്  അസ്വസ്ഥയായി.
അയാളെന്തിനാണു തെറി വിളിച്ചത് എന്നായിരുന്നു ഭാര്യയുടെ ചോദ്യം. സംഭാഷണത്തിലൊരിടത്തും തെറിയുടെ സാധ്യത ഇല്ലായിരുന്നുവെന്ന് ഉറപ്പുളളതുകൊണ്ട് ആശ്ചര്യപ്പെട്ടതു ഞാനായിരുന്നു. അപ്പോള്‍ താന്‍ കേട്ട തെറിവാക്ക് ഭാര്യ ഉദ്ധരിച്ചു: കോപ്പ് എന്നതായിരുന്നു ആ വാക്ക്.
കോപ്പിനെ ഒരു തെറിവാക്കായി പാലാക്കാര്‍ കരുതുന്നില്ലെന്ന് അന്യജില്ലക്കാരിയായ ഭാര്യയെ ബോധ്യപ്പെടുത്താന്‍  ശ്രമിച്ചെങ്കിലും അതൊരു തെറിവാക്കല്ലെന്നു വര്‍ഷമിത്ര കഴിഞ്ഞിട്ടും സമ്മതിച്ചുതരാന്‍ അവള്‍ തയ്യാറായിട്ടില്ല.
മനസ്സിലേക്ക് ഈ സംഭവം ഇപ്പോള്‍ കടന്നുവന്നതിനു കാരണമുണ്ട്. മലയാളസിനിമയിലെ കഥാപാത്രങ്ങള്‍ മുതല്‍ നടീനടന്മാര്‍വരെ പരസ്യമായി തെറി പറഞ്ഞുതുടങ്ങിയിരിക്കുന്ന മലീമസമായ ഒരു വര്‍ത്തമാനകാലത്തിലൂടെയാണ് നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. തെറിയെ സാമാന്യവത്കരിക്കുകയും ലഘൂകരിക്കുകയും ചെയ്യുന്ന അപകടപ്രവണത സമൂഹത്തെ മുഴുവന്‍ പിടികൂടിയിരിക്കുന്നതില്‍ ഇന്നത്തെ സിനിമകളും ചലച്ചിത്രനടീനടന്മാരും  വഹിക്കുന്ന പങ്ക് നിസ്സാരമൊന്നുമല്ല.
സിനിമയും സിനിമക്കാരും പറയുന്നതിനെ അനുകരിക്കാന്‍ ആരാധകര്‍ ഏറെയുള്ളതാണ് ഇതിനെ ഒരു അപകടമാക്കിമാറ്റുന്നത്. തെറിയെന്നു പറയുമ്പോള്‍ സാധാരണമായി മനസ്സിലേക്കു കടന്നുവരുന്ന ഒരുപിടി വാക്കുകളുണ്ട്. ആ വാക്കുകളെല്ലാം നാം കേട്ടിരിക്കുന്നതും അവയുടെ ഉപയോക്താക്കളായി കരുതിയിരിക്കുന്നതും ചില നിര്‍ദ്ദിഷ്ടവ്യക്തികളെയായിരുന്നു.
സമൂഹത്തില്‍ മേലേക്കിടയിലുള്ളവരെന്നും വിദ്യാസമ്പന്നരെന്നും കരുതുന്നവരുടെ വായില്‍നിന്ന് അത്തരമൊരു വാക്ക് നാമാരും പ്രതീക്ഷിക്കുന്നതേയില്ല. മദ്യപരെന്നോ വിദ്യാരഹിതരെന്നോ കരുതപ്പെടുന്ന സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ സംസ്‌കാരചിഹ്നമായിട്ടാണ് തെറി പൊതുവെ വ്യവഹരിക്കുന്നത്. സ്ത്രീകള്‍ അതുപയോഗിക്കാറില്ലെന്നും നാം കരുതുന്നു.
പക്ഷേ, കാലം മാറുമ്പോള്‍ തെറിയും ലൈംഗികച്ചുവയുള്ള ആംഗ്യങ്ങളും വിക്ഷേപങ്ങളും മോശം കാര്യമല്ലെന്നു വരുന്നു, സ്ത്രീപുരുഷഭേദം അക്കാര്യത്തില്‍ ഇല്ലെന്നും. വിദ്യാഭ്യാസവും ജോലിയും സൗന്ദര്യവുമുളള സ്ത്രീകള്‍പോലും തങ്ങളുടെ സ്വത്വപ്രകടനത്തിന്റെയും സ്ത്രീസമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രകടനമായി തെറി  ഉപയോഗിക്കുന്നവരായി മാറിയിരിക്കുന്നു. ചില കാര്യങ്ങളോടുള്ള വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും മറ്റെയാളെ നിരായുധനാക്കാനും നടുവിരല്‍പ്രയോഗം നടത്തുന്നത് ഇന്ന് സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. സോഷ്യല്‍മീഡിയകളിലെ ചില പ്രതികരണങ്ങള്‍ വിശദമാക്കുന്നത് ഇതാണ്.
ഇത്തരമൊരു (ദു)സ്വാതന്ത്ര്യത്തിലേക്കു സമൂഹം മാറിയതില്‍ നിര്‍ണായകമായ ഇടപെടലും സ്വാധീനവും വരുത്തിയിരിക്കുന്നത് സിനിമകളാണ്. മുമ്പു ചില ലേഖനങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളതുപോലെ ഇവയൊന്നും നെഗറ്റീവ്‌ഷേഡുളള കഥാപാത്രങ്ങളുടെ സംഭാവനയല്ല; മറിച്ച്, നായകന്റെ വീരസ്യങ്ങളുടെ ഭാഗമാണ് എന്നുവരുമ്പോള്‍ താരാരാധനയുള്ള നമുക്ക് അതു സ്വീകാര്യമായിത്തോന്നുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു.  
ഡ്രൈവിങ് ലൈസന്‍സ് സിനിമയില്‍  ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പാസാകാന്‍ വരുന്ന സൂപ്പര്‍താരം (പൃഥിരാജ്) തന്റെ എതിരാളിയായ  ഉദ്യോഗസ്ഥനെ നിരായുധനാക്കാനും നിശ്ശബ്ദനാക്കാനും നടുവിരല്‍ പ്രയോഗം നടത്തിയത് ഓര്‍മിക്കുക. ഇഷ്‌ക്ക് എന്ന സിനിമയില്‍ അപരിചിതനായ ഒരു പുരുഷനൊപ്പം ഒരു പ്രത്യേകസാഹചര്യത്തില്‍ രാത്രി ചെലവഴിക്കേണ്ടിവന്ന കാമുകിയെ കാമുകന്‍ സംശയിക്കുമ്പോള്‍ തെറ്റുചെയ്യാത്തവളായ കാമുകി, കാമുകനെ നേരിടുന്നത് നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചാണ്. ചിത്രം അവസാനിക്കുന്നത് ഈ ദൃശ്യത്തോടെയാണ്. വിപ്ലവകരമായ ക്ലൈമാക്സ് എന്നായിരുന്നു ചിത്രത്തെക്കുറിച്ചുളള നിരൂപണങ്ങള്‍.
ഇന്ന് കൊച്ചുകുട്ടികള്‍പോലും ഇത്തരം ആംഗ്യങ്ങള്‍ അര്‍ത്ഥമറിഞ്ഞും അറിയാതെയും ഉപയോഗിക്കുന്നു എന്നതു നിസ്സാരമാക്കാനാവില്ല, അതുനിഷേധിക്കാനുമാവില്ല.
സുരേഷ്‌ഗോപി ചിത്രങ്ങളിലായിരുന്നു ഒരു കാലത്ത് തെറി പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോഴത്തെ ചില തനിനാടന്‍ തെറികളുമായി തട്ടിച്ചുനോക്കുമ്പോള്‍ രണ്‍ജിപണിക്കര്‍ എഴുതിക്കൊടുത്ത ആ ഇംഗ്ലീഷ് തെറികളൊന്നും തെറികളേ അല്ലെന്നുവരും.
മലയാളസിനിമയില്‍ ഇത്തരത്തിലുള്ള തനിനാടന്‍ തെറികള്‍ പ്രത്യക്ഷപ്പെട്ടത് എന്നുമുതലായിരുന്നു?  മറ്റു പല മാറ്റങ്ങള്‍ക്കും കാരണമായ ഒടിടി കാലത്തായിരുന്നു ഇത്തരം തെറികള്‍ക്കു തുടക്കം കുറിച്ചത്. ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ ടീമിന്റെ ജോജിയിലാണ് ആരംഭം. നായകനായ ജോജിയാണ്  കോട്ടയത്തിന്റെ പശ്ചാത്തലത്തില്‍ കഥപറഞ്ഞ  ആ സിനിമയില്‍ തെറി പറഞ്ഞത്. ആ തെറിയെ വളരെ സ്വാഭാവികമായിട്ടായിരുന്നു അവതരിപ്പിച്ചിരുന്നതും. ഒരുപക്ഷേ, കോട്ടയംകാരൊക്കെ അത്തരം തെറികള്‍ കേട്ടിട്ടുള്ളവരും ചിലരൊക്കെ പറഞ്ഞിട്ടുള്ളവരുമാകാം.
എങ്കിലും അന്യജില്ലക്കാരില്‍ പലര്‍ക്കും അതത്ര പരിചിതമായിരുന്നില്ല. അതുകൊണ്ടായിരിക്കും ജോജി കണ്ട ചില അയല്‍ജില്ലക്കാര്‍ ഇത്തരം തെറികളൊക്കെയാണോ നിങ്ങളുടെ സംസാരഭാഷയിലുള്ളതെന്നു സംശയിച്ചത്. ജോജിയിലെ ഈ തെറി വെറുമൊരു സാമ്പിള്‍ മാത്രമായിരുന്നു; തെറിപ്പൂരം വന്നത് പിന്നാലെയാണ്, ലിജോ ജോസിന്റെ ചുരുളിയില്‍.
ആദ്യത്തെ അഞ്ചോ പത്തോ മിനിറ്റിനുശേഷം മുഴുവന്‍ സിനിമയില്‍ വലുപ്പച്ചെറുപ്പമില്ലാതെയും ലിംഗഭേദമില്ലാതെയും തെറിപറച്ചിലാണ്. ഭൂരിപക്ഷം മലയാളികളും കേട്ടിട്ടില്ലാത്തതുകൂടിയായിരുന്നു ആ തെറികള്‍. ഇയര്‍ഫോണ്‍ വച്ചു മാത്രം മലയാളികള്‍കണ്ട സിനിമയേതാണെന്നു ചോദിച്ചാല്‍ അതിനൊറ്റ ഉത്തരമേയുള്ളൂ - ചുരുളി.
ചുരുളി സമൂഹത്തെ മലീമസമാക്കുമെന്നും അതു തടയണമെന്നും കേസുകൊടുത്തിട്ടുപോലും വ്യക്തിപരമായി സിനിമയോടു വിയോജിപ്പു രേഖപ്പെടുത്തിയ ജഡ്ജിക്കുപോലും ആ സിനിമയെ ആവിഷ്‌കാരസ്വാതന്ത്ര്യമെന്ന പേരില്‍ അംഗീകരിച്ചുകൊടുക്കേണ്ടിവന്നുവെന്നതാണ് നടുക്കുന്ന സത്യം. ബുദ്ധിജീവിക്ലീഷേകളില്‍ കുടുങ്ങി ചുരുളിയെ ഗംഭീരമായി കൊണ്ടാടിയ അരാജകവാദികള്‍ക്കു കിട്ടിയ അപ്രതീക്ഷിതവിജയം കൂടിയായിരുന്നു കോടതിവിധി.
തെറി വിളിക്കുന്നതും പറയുന്നതും ആവിഷ്‌കാരസ്വാതന്ത്ര്യമായി ആഘോഷിക്കുന്ന ഒരു രാജ്യം ഒരുപക്ഷേ നമ്മുടേതുമാത്രമാകാം. സഭയെയും വൈദികരെയും ക്രിസ്തുവിനെയും അപമാനിക്കുന്ന വിധത്തില്‍ സിനിമാ-സാഹിത്യങ്ങള്‍ ഉണ്ടാകുന്നതിനെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്തി കുറ്റവിമുക്തമാക്കുകയും ചെയ്യുന്നുണ്ടല്ലോ. അതായത്, സമൂഹത്തെയോ മതവിശ്വാസത്തെയോ സനാതനമൂല്യങ്ങളെയോ കളങ്കപ്പെടുത്തുകയോ മലീമസമാക്കുകയോ ചെയ്യുന്നതിനെയെല്ലാം ആവിഷ്‌കാരസ്വാതന്ത്ര്യമെന്ന പേരില്‍ നാം കുറ്റവിമുക്തമാക്കുന്നു.
ചുരുളിയുടെ ഹാങ് ഓവര്‍ ചെറുപ്പക്കാരെ എത്രത്തോളം പിടികൂടിയിട്ടുണ്ട് എന്നതിനു  നേരിട്ടനുഭവിച്ച ഒരു കാര്യംകൂടി പറയട്ടെ. ചുരുളി ഇറങ്ങി ഏതാനും ആഴ്ചകള്‍ക്കുശേഷമായിരുന്നു ഇടവകയിലെ പെരുനാള്‍. പെരുനാള്‍മുറ്റത്തേക്കു നടന്നുപോകുമ്പോള്‍ ഒരു പറ്റം ചെറുപ്പക്കാര്‍ കൂട്ടംകൂടി നിന്ന് ലാഘവത്തോടെ ചുരുളി പ്രയോഗിക്കുന്നു, ആരെങ്കിലും കേള്‍ക്കുന്നുണ്ടോയെന്നുപോലും  ചിന്തയില്ലാതെ. അതിനവരെ കുറ്റം പറയേണ്ട കാര്യമില്ലെന്ന് ആദ്യത്തെ ഞെട്ടലിനുശേഷം സ്വയം ആശ്വസിച്ചു. ചുരുളി തുറന്നുവിട്ട സ്വാതന്ത്ര്യം തെറികളെ സാമാന്യവത്കരിക്കുകയും ജനകീയമാക്കുകയും ചെയ്തിരിക്കുന്നു.
ചുരുളിയിലെ പെങ്ങള്‍തങ്ക എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചപോലെയായിരുന്നു  ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിലെ അണ്‍ചെയ്ന്‍ഡ് എന്ന ഹ്രസ്വസിനിമയില്‍ രജീഷ വിജയന്റെ കഥാപാത്രം താന്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന ചെറുപ്പക്കാരനെ തെറിവിളിക്കുന്നത്. ഒരു മാലിന്യവണ്ടി ദേഹത്തേക്കു വീണതുപോലെയാണ് അതുവരെ സിനിമയില്‍ മുഴുകിയിരുന്ന ഒരു സാദാപ്രേക്ഷകന് ആ തെറിസീന്‍ അനുഭവപ്പെട്ടത്.
സിനിമയില്‍നിന്നു മാറി ഇപ്പോള്‍ സിനിമാക്കാര്‍ മാധ്യമങ്ങളിലൂടെ തെറിവിളിക്കുന്നതിലെത്തി നില്ക്കുകയാണു കാര്യങ്ങള്‍. ഈയിടെ മലയാളത്തിലെ ഒരു യുവനടനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഓര്‍മിക്കുക. സിനിമ നല്കിയ സ്വാതന്ത്ര്യംതന്നെയാണ്, തന്നെ അഭിമുഖം നടത്താന്‍വന്ന പെണ്‍കുട്ടിയെ ചീത്തവിളിക്കാന്‍ പ്രസ്തുത നടനു പ്രചോദനം നല്കിയതും.
സിനിമയില്‍ തെറിവിളിക്കുമ്പോള്‍ കിട്ടുന്ന കൈയടിപോലെ ഈ തെറിവിളിയും സ്വീകാര്യമാവുമെന്നു നടന്‍ വിചാരിച്ചു. പക്ഷേ, മാനഹാനിയും സമയനഷ്ടവുമാണ് ഉണ്ടായതെന്നതാണു യാഥാര്‍ത്ഥ്യം.
സമാനമായ രീതിയില്‍ അല്ലെങ്കിലും ആരാധകവൃന്ദത്തിനിടയില്‍പ്പെട്ടുപോയ ടൊവീനോ തോമസ് ഒരാളെ പരസ്യമായി തെറിവിളിക്കുന്ന ഒരു വീഡിയോയും ഒരിക്കല്‍ കണ്ടതോര്‍ക്കുന്നു. തങ്ങള്‍ക്കു കിട്ടിയ  പ്രശസ്തിയുടെയും പണത്തിന്റെയുംപേരില്‍ പൊതുസമൂഹത്തെ തെറി വിളിക്കാന്‍ ഇവര്‍ക്കൊക്കെ ആരാണ് അധികാരം നല്കിയിരിക്കുന്നത്? അഹങ്കാരവും മുന്‍കോപവും താന്‍പോരിമയുമാണ് ഇത്തരം തെറിവിളികളിലൂടെ പുറത്തുവരുന്നത്.
തെറിയെന്നും തെറിയാണ്. അതൊരു സംസ്‌കാരവും അടയാളപ്പെടുത്തലുകളുമാണ്, ഞാനെന്തോ അതാണ് എന്റെ വാക്കുകളിലൂടെ പലപ്പോഴും കടന്നുവരുന്നത്. സിനിമകളിലെ തെറി ആഘോഷിക്കപ്പെടേണ്ടതല്ല, സിനിമാക്കാരുടെ തെറി പ്രോത്സാഹിപ്പിക്കേണ്ടതുമല്ല.
 ഒരു പ്രമുഖ ക്ഷേത്രത്തിലെ ആചാരങ്ങളില്‍ പ്രധാനപ്പെട്ടതാണ് തെറിപ്പാട്ടെന്നു കേട്ടിട്ടുണ്ട്. മനസ്സില്‍ അടിഞ്ഞുകൂടുന്ന ഫ്രസ്ട്രേഷന്‍സ് എല്ലാം പുറത്തുകൊണ്ടുവന്ന് സ്വയം  ലഘൂകരിക്കപ്പെടാനുള്ള ഒരു മനഃശാസ്ത്രതത്ത്വംകൂടിയാവാം ഇവിടെ  പരീക്ഷിക്കപ്പെടുന്നത്. പക്ഷേ, അത് അവിടംകൊണ്ടു തീര്‍ന്നു. സിനിമാക്കാരും സിനിമകളും തെറിയെ ഔദ്യോഗികഭാഷയാക്കുമ്പോള്‍ കോട്ടം സംഭവിക്കുന്നത് സമൂഹത്തിന്റെ ചില പൊതുമര്യാദകള്‍ക്കും സംസ്‌കാരത്തിനുമാണ്. അതിന് തടയിട്ടേ തീരൂ.
ഇനി തെറി വിളിച്ചേ മാലിന്യം പുറത്തുകൊണ്ടുവരാന്‍ കഴിയൂ എന്നു തീരുമാനിച്ചവര്‍ പരസ്യമായി തെറിവിളിക്കാതെ സ്വന്തം മുറിയിലോ ബാത്തുറൂമിലോ കയറി തെറിവിളിച്ച് സ്വാതന്ത്ര്യം നേടട്ടെ. എന്തിന് സമൂഹമലിനീകരണം നടത്തി മനസ്സുകളെ അസ്വസ്ഥമാക്കണം? തെറിയൊരിക്കലും കലയല്ലെന്ന് ഇവിടെ ആര് ആരെ പഠിപ്പിക്കും?

 

Login log record inserted successfully!