കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട മുനിസിപ്പിലിറ്റിയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് അരുവിത്തുറ. ക്രൈസ്തവരുടെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമായ അരുവിത്തുറപ്പള്ളി ഇവിടെ സ്ഥിതി ചെയ്യുന്നു. അരുവി, തുറ എന്നീ രണ്ടുവാക്കുകള്‍ പൂര്‍വ്വോത്തരപദങ്ങളായി സമാസിച്ചാല്‍ അരുവിത്തുറ എന്ന ദേശനാമം ലഭിക്കും. അരുവി + തുറ, ആണ് സന്ധിയില്‍ അരുവിത്തുറയാകുന്നത്. പൂര്‍വപദം വിശേഷണമായും (അരുവി) ഉത്തരപദം വിശേഷ്യമായും (തുറ) സമാസിക്കുമ്പോള്‍ (തത്പുരുഷസമാസം) ഉത്തരപദത്തിന്റെ ആദിയിലെ ദൃഢവ്യഞ്ജനം ഇരട്ടിക്കുമെന്ന നിയമം ''അരുവിത്തുറ''യെ സാധൂകരിക്കുന്നു. അരുവിക്ക് ചെറിയ നദി എന്ന് അര്‍ത്ഥം പറയാം. തുറക്കുക എന്ന ക്രിയയോടു ബന്ധപ്പെട്ട വാക്കാണ് തുറ. അതായത്, തുറന്ന ഇടം തുറ. അങ്ങനെയെങ്കില്‍ അരുവിത്തുറയ്ക്ക് നദീമുഖം എന്നര്‍ത്ഥം വന്നുചേരുന്നു. വലിയ ജലവാഹനങ്ങള്‍ വന്നടുക്കാന്‍ പറ്റിയ സ്ഥലവും തുറയാകും. നദികള്‍ കായലിലോ കടലിലോ പതിക്കുന്ന മുഖവും തുറയാണല്ലോ. തുറയുടെ സ്വഭാവമനുസരിച്ച്; വലിയ തുറ, ചെറിയതുറ, പൂന്തുറ എന്നിങ്ങനെയുള്ള ദേശനാമങ്ങള്‍ ഓര്‍ക്കുക. തുറക്കടവ് എന്നതിനും ഇതുതന്നെയാണര്‍ത്ഥം.
ഈരാറ്റുപേട്ട എന്ന ദേശനാമവും ഭൂവിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ടു നദികളുടെ സംഗമസ്ഥാനമാണ് ഈരാറ്റുപേട്ട (ഈര് - ആറ് - പേട്ട) പേട്ട എന്നാല്‍ സന്ധിക്കുന്ന സ്ഥലം. ആളുകള്‍ കൂടിച്ചേരുന്ന സ്ഥലമായതുകൊണ്ട് പേട്ടകള്‍ ചന്തസ്ഥലങ്ങളായി വികസിച്ചിട്ടുണ്ട്. ഈരാറ്റിടൈക്കൂടല്‍ എന്നും ഈ സ്ഥലത്തിനു പേരുണ്ടായിരുന്നതായി എന്‍.ആര്‍. ഗോപിനാഥപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്.**
ഇരു എന്ന ശബ്ദം സമാസത്തില്‍ പൂര്‍വപദമായി വരുമ്പോള്‍ ഈര് എന്നു ദീര്‍ഘിക്കും. അര്‍ത്ഥം രണ്ട് എന്നുതന്നെ. അപ്പോള്‍ ഇരുആറ് ഈരാറ് എന്നാകുന്നു. 'ടാവും റാവുമിരട്ടിപ്പൂ/ നാമാന്തത്തില്‍ യഥോചിതം'(കാരിക 58)*** എന്ന നിയമപ്രകാരം ആറ് എന്നിടത്തെ റ കാരം ഇരട്ടിക്കുന്നു. ആറ് - ആറ്റ്. വീണ്ടും ഉത്തരപദമായി പേട്ട ചേരുന്നതോടെ ഈരാറ്റുപേട്ട എന്ന സംജ്ഞാനാമം രൂപപ്പെടുകയായി. 'ഈരാറ്റു' എന്നിടത്തെ പൂര്‍വ്വപദാന്ത്യവര്‍ണം ഉ കാരമായതിനാല്‍ ഉത്തരപദാദിയിലെ പ കാരത്തിനു ദ്വിത്വമില്ല എന്നുമറിയുക. ദേശനാമങ്ങളുടെ ഉദ്ഭവം ഏകരൂപമായിരിക്കണമെന്നില്ല. ഒന്നിലേറെ കാരണങ്ങള്‍ നാട്ടുപേരുകളുടെ പിറവിക്കു കാരണമാകാം.
* ലത, വി. നായര്‍, സമ്പാദനം, എന്‍. ആര്‍. ഗോപിനാഥപിള്ളയുടെ കൃതികള്‍, വാല്യം ഒന്ന്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം, 2019, പുറം - 454
** രാജരാജവര്‍മ്മ, ഏ. ആര്‍., കേരളപാണിനീയം, എന്‍.ബി.എസ്. കോട്ടയം, 1988, പുറം - 173.