•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

ഭൂമിയില്‍ ഉയര്‍ത്തപ്പെടുന്നവരും ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുന്നവരും

ഒക്‌ടോബര്‍ 2   ഏലിയ-സ്ലീവ-മൂശെ   നാലാം ഞായര്‍
ഉത്പ 41 : 37-45  പ്രഭാ 47 :   2-3; 8-11
ഹെബ്രാ 1 : 1-4   യോഹ 12 : 27-36

ദൈവത്തിന്റെ മഹത്ത്വത്തിന്റെ സഹവാസത്തിലേക്ക് എത്തിച്ചേരുകയെന്നതാണ് രക്ഷയുടെ കാതല്‍. നിത്യജീവന്‍/നിത്യരക്ഷ/സ്വര്‍ഗരാജ്യം/ദൈവരാജ്യം എന്നീ പ്രയോഗങ്ങളെല്ലാം സൂചിപ്പിക്കുന്നത്, ദൈവത്തിനുമുമ്പില്‍ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന് നിരന്തരം പാടി പ്രകീര്‍ത്തിക്കുന്നവരോടൊപ്പം നമുക്കും അവിടത്തെ പാടി സ്തുതിക്കാന്‍ കഴിയുന്ന അവസ്ഥയാണ്. ഈ അവസ്ഥയിലേക്ക് എത്തിച്ചേരേണ്ടവരാണ് നാം. ഈ അവസ്ഥ നമുക്കു കരഗതമാകും, അത് നമുക്കു വാഗ്ദാനം ചെയ്യപ്പെട്ടതാണ് എന്ന ഉറപ്പ് നമുക്കു ലഭിക്കുന്നത് ഈശോമിശിഹായുടെ ജീവിതത്തിലൂടെയും പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയുമാണ്. ഈശോമിശിഹായില്‍ പ്രകടമാകുന്ന ദൈവമഹത്ത്വത്തെ മനസ്സിലാക്കുന്നതിനൊപ്പം ദൈവമഹത്ത്വത്തെ ഈ ലോകത്തില്‍ മനസ്സിലാക്കിയ ചില വ്യക്തിത്വങ്ങളെ മനസ്സിലാക്കുന്നതും വളരെ നല്ലതാണ്. ജോസഫും ദാവീദും പൊതുജനമധ്യത്തില്‍ മഹത്ത്വപ്പെടുന്നത് ദൈവത്തിന്റെ മഹത്ത്വത്തെ അവര്‍ അംഗീകരിച്ചതുകൊണ്ടാണ്. ദൈവത്തിന്റെ മഹത്ത്വത്തെ മനുഷ്യര്‍ അംഗീകരിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ഉന്നതിയും ഈശോമിശിഹായില്‍ പ്രകടമാകുന്ന ദൈവമഹത്ത്വത്തെക്കുറിച്ചുള്ള ചിന്തകളുമാണ് ഏലിയാ-സ്ലീവാ-മൂശക്കാലങ്ങളുടെ നാലാം ഞായറാഴ്ച നാം ധ്യാനിക്കുന്നത്.
തിരസ്‌കാരത്തില്‍നിന്ന്  മഹത്ത്വത്തിലേക്ക് ജോസഫ്
ഉത്പത്തിപ്പുസ്തകത്തിലെ ജോസഫിന്റെ ജീവിതം നമുക്കു പ്രചോദനവും മാതൃകയുമാണ്. ദൈവത്തിന്റെ പദ്ധതികള്‍ ലളിതവും സുന്ദരവുമാണ്. പക്ഷേ, അവയെ മനസ്സിലാക്കാന്‍ മനുഷ്യന്‍ പലപ്പോഴും അശക്തനാണ്. ജോസഫിന്റെ ജീവിതത്തെ ദൈവം ക്രമീകരിക്കുന്ന വിധം വായിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തില്‍ ദൈവം പ്രവര്‍ത്തിക്കുന്ന വിധവും തിരിച്ചറിയാന്‍ നമുക്കു കഴിയേണ്ടതുണ്ട്.
സഹോദരങ്ങളുടെ തിരസ്‌കാരവും ഒറ്റപ്പെടുത്തലും വില്‍ക്കലും ജോസഫിനെ തന്റെ കുടുംബത്തില്‍ത്തന്നെ വേണ്ടാത്തവനാക്കുന്നു (ഉത്പ. 37:1-36). തനിക്കുണ്ടായ ദുരവസ്ഥയില്‍ ദുഃഖിതനാണെങ്കിലും ജോസഫ് പതറിപ്പോകുന്നതായി നാം കാണുന്നില്ല. തന്റെ സഹനങ്ങളെ നേരിടാന്‍ ജോസഫിനു കഴിഞ്ഞതെങ്ങനെ എന്ന ചോദ്യത്തിന് 'ജോസഫിന്റെകൂടെ കര്‍ത്താവ് ഉണ്ടായിരുന്നു' (ഉത്പ. 39:2) എന്ന ഒറ്റവാചകത്തില്‍ വി. ഗ്രന്ഥം ഉത്തരം നല്കുന്നു.
സഹനങ്ങളില്‍ ദൈവത്തിന്റെ സാന്നിധ്യവും ആശ്വാസവും പ്രതീക്ഷിക്കുന്നവരാണ് വിശ്വാസികള്‍. സഹനങ്ങളുടെ നേരത്ത് ദൈവം ആശ്വാസമായെത്തണം എന്നതാണ് നമ്മുടെ ആഗ്രഹം. എന്നാല്‍, സദാസമയവും നമ്മോടൊപ്പമുള്ള, ഒരിക്കലും നമ്മില്‍നിന്നകലാത്ത ദൈവത്തെ തിരിച്ചറിയാന്‍ ജോസഫിന്റെ അനുഭവം നമ്മെ പ്രാപ്തമാക്കണം.
'കര്‍ത്താവ് ജോസഫിന്റെ കൂടെയുണ്ടായിരുന്നു' എന്ന വചനം ജോസഫിനുണ്ടായ ദൈവാനുഭവത്തെ പിന്നീടു രേഖപ്പെടുത്തുന്ന ഭാഷയുടെ രീതിയാണ്. 'കൂടെയുണ്ടായിരുന്നു' എന്നത് ഭൂതകാലപ്രയോഗമാണ്. എന്നാല്‍, വര്‍ത്തമാനകാലം മാത്രമുള്ള ഇന്നലെയും ഇന്നും നാളെയും മാറ്റമില്ലാത്ത സത്തയായിരിക്കുന്ന ദൈവത്തിന്റെ ഭാഗത്തുനിന്നു പറയുമ്പോള്‍ 'ജോസഫിന്റെകൂടെ കര്‍ത്താവ് ഉണ്ട്' എന്ന പ്രയോഗമാണ് ശരി. ഭാഷാശാസ്ത്രമനുസരിച്ച് തെറ്റാണെങ്കിലും ദൈവശാസ്ത്രപ്രകാരം അതാണു ശരി.
ജോസഫിന്റെ ബുദ്ധിമുട്ടുകളില്‍ 'കര്‍ത്താവ് കൂടെയുണ്ട്'; നമ്മുടെ സഹനങ്ങളിലും 'കര്‍ത്താവ് കൂടെയുണ്ട്'. വരുന്ന തലമുറകളിലെ ഓരോ മനുഷ്യന്റെയും സഹനങ്ങളില്‍ 'കര്‍ത്താവ് കൂടെയുണ്ട്.'  സഹനങ്ങളുണ്ടാകുമ്പോള്‍ കൂടെയുള്ള ദൈവത്തെ തിരിച്ചറിയുകയാണു വേണ്ടത് എന്ന വിശ്വാസത്തിന്റെ പാഠം ജോസഫ് നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇതു കൃത്യമായി മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ജോസഫിനെ ദൈവം ഈ ലോകത്തില്‍ത്തന്നെ, സമൂഹമധ്യത്തില്‍, വിജാതീയരുടെ വാക്കുകളില്‍ മഹത്ത്വപ്പെടുത്തുന്നു. (ഒന്നാം വായന: ഉത്പ. 41:37-45).
സൗഭാഗ്യത്തില്‍നിന്ന് മഹത്ത്വത്തിലേക്ക് - ദാവീദ്
കൂടെയുള്ള ദൈവത്തെ തിരിച്ചറിയാനുള്ള കഴിവ് ദാവീദിന്റെ ജീവിതത്തെയും ഈ ലോകത്തില്‍ മഹത്ത്വത്തിലേക്കു നയിക്കുന്നു. ദാവീദിന്റെ ജീവിതം കൂടുതലും സന്തോഷകരമായ ജീവിതമായിരുന്നു. സൗഭാഗ്യകരമായ ജീവിതത്തിലേക്കു തന്നെ തിരഞ്ഞെടുത്തത് ദൈവമാണെന്ന ഉത്തമബോധ്യം ദാവീദിനുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള പ്രഭാഷകന്റെ വിലയിരുത്തലാണ് ഇന്നത്തെ രണ്ടാംവായന (പ്രഭാ. 47:1-3, 8-11). ദാവീദിന്റെ 'എല്ലാ പ്രവൃത്തികളിലും അവന്‍ അത്യുന്നതന്റെ മഹത്ത്വം പ്രകീര്‍ത്തിച്ചു പരിശുദ്ധനായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചു' (പ്രഭാ.47:8).
ദാവീദിന് ദൈവം എല്ലാ അംഗീകാരങ്ങളും നല്‍കുമ്പോഴും അവന്‍ ചെയ്ത പാപത്തിന് ദൈവം എന്തു ശിക്ഷ നല്‍കി എന്നൊരു ചോദ്യം മിക്കവാറും ഉയര്‍ന്നുവരാറുണ്ട്. വി. ഗ്രന്ഥം ഈ ചോദ്യത്തെ കൃത്യമായി അഭിസംബോധന ചെയ്യുന്നുമുണ്ട്. ''കര്‍ത്താവ് അവന്റെ പാപം നീക്കിക്കളയുകയും അവന്റെ അധികാരം എന്നേക്കും ഉറപ്പിക്കുകയുംചെയ്തു'' (പ്രഭാ. 47:11). ദാവീദിന്റെ പാപത്തെ 'ദൈവം നീക്കിക്കളഞ്ഞു' എന്നു പറയുന്നത് കിട്ടാക്കടം എഴുതിത്തള്ളുന്നതുപോലെയല്ല. ഉത്തമമായ മനസ്താപത്താല്‍ നീറിക്കരഞ്ഞ് ദൈവത്തിന്റെ സന്നിധിയില്‍ ദാവീദ് ക്ഷമ യാചിച്ചതുകൊണ്ടാണ് അവന്റെ പാപം ദൈവം നീക്കിക്കളയുന്നത് (1 സാമു. 12:13). ദാവീദിന് ദൈവത്തിന്റെ സ്വഭാവം നന്നായറിയാം. ''ഞാന്‍ അവന്റെയടുക്കല്‍ ചെല്ലുകയല്ലാതെ അവന്‍ എന്റെയടുക്കലേക്കു വരികയില്ല'' (1 സാമു. 12:13). ക്ഷമ ചോദിക്കുന്നവരോടു ദൈവം ക്ഷമിക്കുന്നു. സോളമന്റെ ജീവിതത്തില്‍ ദൈവത്തോടു ക്ഷമ ചോദിക്കലിന്റെ  പ്രക്രിയ നടക്കാത്തതുകൊണ്ട് അവന്റെ ജീവിതവും രാജ്യത്തിന്റെ ഭാവിയും അപകടത്തിലാകുന്നത് നമ്മള്‍ കാണുന്നുമുണ്ട് (പ്രഭാ. 47:19-21).
ദൈവത്തിന്റെ യഥാര്‍ത്ഥമഹത്ത്വം - ഈശോമിശിഹായില്‍
ഈശോമിശിഹായെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഹെബ്രായലേഖനത്തിന്റെ ആമുഖമാണ് ഇന്നത്തെ ലേഖനഭാഗം (ഹെബ്രാ. 1:1-4). ഈശോമിശിഹായുടെ മഹത്ത്വം ദൈവത്തിന്റെ മഹത്ത്വംതന്നെയാണ്. കാരണം, അവന്‍ ദൈവംതന്നെയാണ്. പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാര്‍വഴി ദൈവം ജനത്തോടു സംസാരിച്ചിട്ടുണ്ട്. ജോസഫും ദാവീദും പിതാക്കന്മാരുടെയും പ്രവാചകന്മാരുടെയും പ്രതീകങ്ങളാണ്. അവരോടും അവര്‍ വഴിയും ദൈവം സംസാരിക്കുകയായിരുന്നു. ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവര്‍വഴി സംസാരിക്കുന്നതുകൊണ്ടുമാത്രം രക്ഷാകരചരിത്രം പൂര്‍ണതയില്‍ എത്തില്ല. അതുകൊണ്ട്, ത്രിത്വത്തിലെ രണ്ടാമത്തെ ആളായ ഈശോമിശിഹാ മനുഷ്യനായി ജനിക്കുന്നു. അവന്റെ മഹത്ത്വമാകട്ടെ ദൈവത്തിന്റെ മഹത്ത്വമാണ്.
ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുന്ന ഈശോമിശിഹായെ കണ്ടവരെല്ലാം അവനില്‍ വിശ്വസിച്ച് രക്ഷയിലേക്കു നയിക്കപ്പെടുന്നു (യോഹ. 12:27-36). ''ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും'' (യോഹ. 12:32). ഈശോ കുരിശില്‍ ഉയര്‍ത്തപ്പെടുമ്പോള്‍ കാല്‍വരിയില്‍ കുരിശിന്‍ചുവട്ടില്‍ നിന്നവര്‍ മാത്രമല്ല, അവനിലേക്കാകര്‍ഷിക്കപ്പെട്ടത്. ദൈവത്തിന്റെ വര്‍ത്തമാനകാലത്തില്‍ വ്യാഖ്യാനിക്കുമ്പോള്‍, തന്നിലേക്കു മനുഷ്യരെ ആകര്‍ഷിക്കുന്ന ഈശോയുടെ പ്രവര്‍ത്തനം നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ഈശോയ്ക്കു മുമ്പും പിമ്പുമുണ്ടായിരുന്നവരും ഇപ്പോഴുള്ളവരും നാളെ ഉണ്ടാകാനിരിക്കുന്നവരും അവനിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. മനുഷ്യനുവേണ്ടി നിരന്തരം രക്ഷ സാധിക്കുന്ന ഈശോയുടെ പ്രവര്‍ ത്തനം കുരിശില്‍ അനുനിമിഷം 'പൂര്‍ത്തിയാകുന്നു.'
മിശിഹാ (ദൈവത്തിന്റെ അഭിഷിക്തന്‍) എന്നേക്കും നിലനില്ക്കുന്നവനാണ് (ലലേൃിമഹ) എന്ന് ഇസ്രായേല്‍ജനത്തിന് അറിവുള്ളവതാണെന്ന് അവരുടെ വാക്കുകള്‍തന്നെ സൂചിപ്പിക്കുന്നുണ്ട് (യോഹ. 12:34). നിരന്തരം 'ആകുന്ന' (ക അങ ണഒഛ അങ. പുറ. 3:14) ദൈവമാണ് മിശിഹാ (യോഹ. 8:24). ദൈവം മനുഷ്യനായി പ്പിറക്കുന്നത് സൃഷ്ടികള്‍ക്കുവേണ്ടിയുള്ള പാപപരിഹാരദൗത്യത്തിന്റെ 'ഈ മണിക്കൂറിലേക്കാണ്' (യോഹ. 12:27). കാലാതിവര്‍ത്തിയായ (ലലേൃിമഹ) ദൈവം കാലത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നത് (കിരമൃിമശേീി) മനുഷ്യന്റെ രക്ഷയ്ക്കുവേണ്ടിയാണ്. ദൈവത്തിന്റെ മഹത്ത്വമായ ഈശോമിശിഹാ മനുഷ്യന്റെ മഹത്ത്വത്തിനായി ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)