•  2 May 2024
  •  ദീപം 57
  •  നാളം 8
ആരോഗ്യവീഥി

മഴക്കാലചര്‍മ്മസംരക്ഷണം

ഴക്കാലം എല്ലാവരും ഇഷ്ടപ്പെടുന്നു. എന്നാല്‍ മഴക്കാലത്തോടൊപ്പംവരുന്ന നിരവധി രോഗങ്ങളുണ്ട്. അതിലൊന്നാണ് ചര്‍മ്മരോഗങ്ങള്‍. ചര്‍മ്മരോഗങ്ങള്‍ വന്നാല്‍ ചികിത്സ കൂടിയേ തീരൂ. ചര്‍മ്മസംരക്ഷണം വളരെ പ്രധാനമാണ്.
മഴക്കാലത്ത് ഏറ്റവുമധികം കാണുന്നത് വരണ്ട ചര്‍മ്മമാണ്. തണുപ്പുകാലത്തു ചര്‍മ്മത്തിലെ ഈര്‍പ്പം കുറയുകയും ചര്‍മ്മം വരണ്ടതാകുകയും ചെയ്യുന്നു. അപ്പോള്‍ ചൊറിച്ചിലുണ്ടാകുന്നു. അതിനാല്‍ ധാരാളം വെള്ളം കുടിക്കണം. ഉപയോഗിക്കുന്ന സോപ്പ് വീര്യം കുറഞ്ഞതാകാന്‍ ശ്രദ്ധിക്കുക. അതായത്, അധികം പതയുന്ന സോപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. കുളി കഴിഞ്ഞാല്‍ നനവോടെ നല്ലൊരു മോയിസ്റ്ററൈസര്‍ (Moisturizer) ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ ഉപയോഗിക്കുക. ശരീരത്തിന് ഏറ്റവും നല്ല മോയിസ്റ്ററൈസര്‍ വെള്ളംതന്നെ. മുഖക്കുരുവുള്ള ഒരാള്‍ക്കാണ് വരണ്ട ചര്‍മ്മമെങ്കില്‍ അതിനനുയോജ്യമായ മോയിസ്റ്ററൈസര്‍ ഇപ്പോള്‍ ലഭ്യമാണ്.
പ്രധാനപ്പെട്ട ഒരു കാര്യം സണ്‍സ്‌ക്രീനാണ്. മഴക്കാലത്ത് എന്തിന് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം എന്നൊരു തെറ്റായ ധാരണ നമുക്കുണ്ട്. പുറത്തൊന്നും പോകുന്നില്ലല്ലോ. മഴക്കാലമാണെങ്കിലും അന്തരീക്ഷവായുവിലുള്ള ഓസോണ്‍ പാളികളിലെ സുഷിരങ്ങളില്‍ക്കൂടി വരുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ നമ്മുടെ ചര്‍മ്മം കറുക്കുന്നതിനും ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാക്കുന്നതിനും അസ്വസ്ഥത ഉണ്ടാക്കുന്നതിനും കാരണമാകുന്നു.
അതുപോലെതന്നെ കണ്ടുവരുന്ന ഒന്നാണ് ഫംഗല്‍ ഇന്‍ഫക്ഷന്‍സ്. ഇവ പ്രധാനപ്പെട്ടതും ഒപ്പം ശ്രദ്ധിക്കേണ്ടതുമാണ്. മഴക്കാലത്ത് കൈകാലുകള്‍ വെള്ളവുമായി കൂടുതല്‍ സമ്പര്‍ക്കത്തിലായതുകൊണ്ട് നമ്മുടെ കൈകാല്‍വിരലുകള്‍ക്കിടയില്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. ഉദാഹരണം: വളംകടി. അതിനാല്‍ കൈകാല്‍വിരലുകള്‍ എപ്പോഴും ഈര്‍പ്പരഹിതമായിരിക്കാന്‍ ശ്രദ്ധിക്കണം.
മഴക്കാലത്ത് മുടി കൂടുതല്‍ വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മുടി കഴുകുമ്പോള്‍ ഒരു മൈല്‍ഡ് ഷാമ്പുവും ഒപ്പം കണ്ടീഷണറും ഉപയോഗിക്കുക. ഇതില്‍ കണ്ടീഷണറാണ് പ്രധാനം. അതു മുടിയുടെ മൃദുലത നിലനിര്‍ത്തുന്നു. ഷാമ്പു തലയോട്ടിയിലെ അഴുക്കുകള്‍ മാത്രമാണു നീക്കം ചെയ്യുന്നത് എന്നോര്‍ക്കുക. എണ്ണ ഉപയോഗിക്കുന്നവരാണെങ്കില്‍ കൂടിയത് പത്തുമിനിറ്റു മാത്രം എണ്ണമയം നിലനിര്‍ത്തിയാല്‍ ശേഷം ഷാമ്പു ഉപയോഗിച്ച് എണ്ണമയം നീക്കം ചെയ്യുക. കാരണം, താരന്‍ ഉണ്ടാക്കുന്ന ഫംഗസ്, ഓയിലി മീഡിയത്തിലാണു വളരുന്നത്.
ഇപ്പോള്‍ കൊവിഡ് കാലമാണല്ലോ. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കുന്നു. ചിലരില്‍ മാസ്‌ക് വയ്ക്കുന്ന ഭാഗങ്ങളില്‍ മുഖക്കുരുവും ചൊറിച്ചിലും അനുഭവപ്പെടുന്നു. അതിനാല്‍ മാസ്‌ക് ഉപയോഗിക്കുന്നതിനു മുമ്പും ശേഷവും ഒരു മൈല്‍ഡ് ഫേസ്‌വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.
കുറഞ്ഞത് ഇത്രയുംകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഴക്കാലത്തും ചര്‍മ്മരോഗങ്ങളെ ഭയപ്പെടേണ്ട.

 

Login log record inserted successfully!