•  28 Nov 2024
  •  ദീപം 57
  •  നാളം 38
കാഴ്ചയ്ക്കപ്പുറം

നിയമവ്യവസ്ഥയുടെ ശിരച്ഛേദം നടത്തുമ്പോള്‍

ധികാരങ്ങള്‍ക്കും നിയമവ്യവസ്ഥയ്ക്കും കീഴിലാണ് ഏതൊരു സമൂഹത്തിന്റെയും ഭദ്രതയും നിലനില്പും. നിയമവ്യവസ്ഥയും അധികാരസമ്പ്രദായവും ഉള്ളതുകൊണ്ടുതന്നെയാണ് ഈ സമൂഹത്തിന് ക്രമവും  ചിട്ടയുമുള്ളത്. എപ്പോള്‍, എങ്ങനെയൊക്കെ ഇവയെ ശിഥിലമാക്കാന്‍ ശ്രമിക്കുന്നുവോ അപ്പോഴൊക്കെ സമൂഹം അരാജകത്വത്തിലേക്കു വഴുതിമാറും.
നിയമത്തെയും അധികാരികളെയും ആദരിക്കാനും ബഹുമാനിക്കാനും പരിശീലിപ്പിക്കുകയും നിയമത്തിനു കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതിനുപകരം, നിയമവ്യവസ്ഥയെ തകിടംമറിക്കാനും അധികാരികളെ അധിക്ഷേപിക്കാനും പ്രേരിപ്പിക്കുന്നവിധത്തിലുള്ളതാണ് ഇപ്പോള്‍ പുറത്തിറങ്ങുന്ന ഭൂരിപക്ഷം സിനിമകളും. അതില്‍ മലയാളസിനിമകളും ഉള്‍പ്പെടും.
പ്രധാനമായും ഈ അധികാരധ്വംസനവും നിയമലംഘനവും സംഭവിക്കുന്നത് രണ്ടു പ്രത്യേക മേഖലകളിലാണ്. മതം, പോലീസ് എന്നിവയാണ് ഇത്. സാധാരണക്കാരന്റെ ജീവിതം ഏറ്റവുമധികം ബന്ധപ്പെട്ടിരിക്കുന്ന രണ്ടു മേഖലകള്‍കൂടിയാണിവ.
പോലീസിനെയും  മതമേലധ്യക്ഷന്മാരെയും ഏറ്റവും മോശക്കാരും അടികൊള്ളാനും ഇടി കൊള്ളാനും അര്‍ഹതപ്പെട്ടവരും എന്ന നിലയിലാണ് സിനിമകളില്‍ കൂടുതലായും ചിത്രീകരിച്ചിരിക്കുന്നത്. ഈ പ്രസ്താവനയ്ക്കുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് കടുവ എന്ന പൃഥിരാജ് - ഷാജികൈലാസ് ചിത്രം.
ഐജി ജോസഫ് ചാണ്ടിയും കടുവാക്കുന്നേല്‍ കുര്യച്ചനും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിലുടനീളം. നായകന്‍ പൃഥിരാജ് ആയതുകൊണ്ട് സ്വാഭാവികമായും  വിവേക് ഒബ്‌റോയി വില്ലനാകും. അയാളോട് പ്രേക്ഷകര്‍ക്കു വിയോജിപ്പും എതിര്‍പ്പും തോന്നുകയും ചെയ്യും. എന്നാല്‍, നിഷ്പക്ഷമായി ഇവര്‍ തമ്മിലുള്ള ശത്രുതയുടെ തുടക്കം ആലോചിച്ചുനോക്കൂ.
വൃദ്ധയായ അമ്മയെ ഭാര്യയും മക്കളുമൊത്തു സന്ദര്‍ശിച്ചു ജോലിസ്ഥലത്തേക്കു മടങ്ങുകയാണ് സ്‌നേഹവാനായ ജോസഫ് ചാണ്ടി. ആ യാത്രയ്ക്കിടയിലാണ് കുര്യച്ചന്‍ അവരുടെയിടയിലേക്കു കടന്നുകയറുന്നത്. വണ്ടിക്കുള്ളില്‍ പിന്‍സീറ്റിലിരിക്കുന്ന ഡിസേബിള്‍ഡ് ആയ ജോസഫ് ചാണ്ടിയുടെ മകനെ സാകൂതം  നോക്കിയതിനുശേഷമാണ് ജോസഫ് ചാണ്ടിയെ കാറില്‍നിന്നു വിളിച്ചിറക്കി കുര്യച്ചന്‍ വിവാദമായ ആ ഡയലോഗ് പറയുന്നത്. തീയറ്ററില്‍ ആദ്യദിനങ്ങളില്‍ ഉണ്ടായിരുന്നതും വിവാദമായപ്പോള്‍ നീക്കംചെയ്തതും ഒടിടിയിലെത്തിയപ്പോള്‍ മ്യൂട്ട് ചെയ്യപ്പെട്ടതുമായ ഡയലോഗ്. ജോസഫ് ചാണ്ടി ക്രൂരനായ, അഴിമതിക്കാരനായ പോലീസുദ്യോഗസ്ഥന്‍തന്നെയാവാം. (എന്നാല്‍, ആ ക്രൂരതയെക്കാള്‍ ക്രൂരമായിട്ടാണ് അയാളുടെ മകനു സംഭവിച്ച വൈകല്യത്തെക്കുറിച്ചു കുര്യച്ചന്‍ സംസാരിക്കുന്നത്. ഗിഫ്റ്റഡ് ആയ കുട്ടിയെ നോക്കി അത് മാതാപിതാക്കന്മാരുടെ പാപത്തിന്റെ ഫലമാണെന്നു പറയുന്നതിലും വലിയ ക്രൂരത മറ്റെന്താണുളളത്?)
മാത്രവുമല്ല, ജോസഫിന്റെ ക്രൂരത എന്തെന്ന്  സിനിമയുടെ പ്രസ്തുതരംഗംവരെ പ്രേക്ഷകര്‍ക്കു വ്യക്തമാകുന്നില്ല. പിന്നീടു നടക്കുന്ന കലാപമാണ് അയാള്‍ക്കു പ്രേക്ഷകരുടെ മനസ്സില്‍ നെഗറ്റീവ് ഷേയ്ഡ് കൊടുക്കുന്നത്. അതെന്തുമാവട്ടെ, കുറവുകളുളള തന്റെ മകനെ നോക്കി കുര്യച്ചന്‍ പറഞ്ഞ ഡയലോഗാണ് അയാളുമായുളള ജോസഫ് ചാണ്ടിയുടെ ശത്രുതയ്ക്കു തുടക്കംകുറിക്കുന്നത്. അതിനുശേഷം പള്ളിമുറ്റത്തുവച്ച് സ്വന്തം അമ്മയോടു കുര്യച്ചന്‍ പറഞ്ഞ കന്നത്തരവും. സ്വന്തം അമ്മയുടെ ചാരിത്ര്യത്തെയും സ്വഭാവശുദ്ധിയെയും പരസ്യമായി അപമാനിച്ചത് ഏതു കൊമ്പനുമായിരുന്നുകൊള്ളട്ടെ അയാളെ ശത്രുവായിമാത്രമേ ഏതൊരാള്‍ക്കും കാണാനാവൂ. അത് ജോസഫ് ചാണ്ടിയെപ്പോലെയുള്ള ഒരു പ്രബലനാകുമ്പോള്‍ എവിടംവരെ കളിയെത്തുമെന്ന് ഊഹിക്കാമല്ലോ. കുര്യച്ചന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഇതിന്റെ തുടര്‍ച്ചയായിട്ടാണ്. പ്രശ്നങ്ങള്‍ക്കു തുടക്കക്കാരന്‍ കുര്യച്ചനായിരുന്നുവെന്നതാണ് സത്യം. അതായത്, ജോസഫ് ചാണ്ടി നമ്മള്‍ ഉദ്ദേശിക്കുന്ന ആളേയല്ല. മുഖ്യമന്ത്രിയുള്‍പ്പെട്ട കേസില്‍, മാപ്പുസാക്ഷിയാകാന്‍ അവസരമുണ്ടായിരുന്നിട്ടും തനിക്ക് അദ്ദേഹത്തോടുള്ള കടപ്പാടിന്റെ പേരില്‍ വിശ്വാസവഞ്ചനയ്ക്കു മുതിരാതെ ജയിലില്‍ പോകാന്‍വരെ തയ്യാറാകുന്നുണ്ട് ജോസഫ് ചാണ്ടി. നെഗറ്റീവ് ഷേഡില്‍ അവതരിപ്പിക്കപ്പെട്ടിട്ടും അയാളുടെ ഉള്ളില്‍ നന്മയുണ്ട് എന്നുതന്നെയാണു പറഞ്ഞുവരുന്നത്. കുര്യച്ചനെപ്പോലെതന്നെയുള്ള വ്യക്തിത്വമാണ് അയാളുടേതും. പക്ഷേ, ചിത്രം പറയുന്നത് പോലീസുകാരനായ അയാള്‍ മോശക്കാരനാെണന്നാണ്. ശരിയാണ്, കുര്യച്ചന്റെ കുടുംബത്തോട് അയാള്‍ ചെയ്തത് അതിരുകടന്ന പ്രവൃത്തിയാണ്. എന്നാല്‍, അതിനു വളംവച്ചുകൊടുത്തത് കുര്യച്ചന്‍തന്നെയല്ലേ എന്നാണു ചോദ്യം.
മുന്‍ പോലീസുകാരനായ ബെഞ്ചമിന്റെ മകന്‍ പുതിയ എസ്ഐയായി ചാര്‍ജെടുക്കുന്നത് ജോസഫ് ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണ്. ഇരുപതാം വയസ്സില്‍ കുര്യച്ചന്‍, ബെഞ്ചമിനെ കവലയില്‍വച്ച് അടിച്ചതിന്റെ ഒരു ഫ്‌ളാഷ്ബായ്ക്കുണ്ട്. ആ പകയുടെ കനലുമായിട്ടാണ് മകന്റെ വരവ്.  കുര്യച്ചന്റെ കുടുംബം കുളംതോണ്ടാന്‍ ദൃഢപ്രതിജ്ഞയെടുത്ത വ്യക്തിയാണ് അയാള്‍. അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെവിക്കല്ല്  അടിച്ചുപൊട്ടിച്ച വ്യക്തി. അയാള്‍ക്കിട്ടു രണ്ടെണ്ണം കൊടുക്കണമെന്നു പ്രേക്ഷകനു തോന്നിപ്പോകും. അതനുസരിച്ചാണ് പെരുവഴിയില്‍ വച്ച് കുര്യച്ചന്‍ എസ് ഐയെ മര്‍ദിക്കുന്നതും ആദ്യ അടി അര്‍ജുന്‍ അശോകനെക്കൊണ്ടു കൊടുപ്പിക്കുന്നതും.
തന്നെ അറസ്റ്റു ചെയ്യാന്‍ വരുന്ന മറ്റൊരു പോലീസുദ്യോഗസ്ഥനെയും കുര്യച്ചന്‍ നേരിടുന്നത് കായികമായിത്തന്നെയാണ്. എന്നെക്കൊണ്ട് ആകുന്ന വിധത്തില്‍ പരുവമാക്കിയിട്ടുണ്ട് എന്നു പറഞ്ഞാണ് ആ ഉദ്യോഗസ്ഥനെ അയാള്‍ പോലീസ് സ്റ്റേഷനിലിറക്കുന്നത്.  കുര്യച്ചന്റെ ഭാഗത്തോ പോലീസിന്റെ ഭാഗത്തോ ശരി/തെറ്റ് എന്നതിനെക്കാളേറെ പോലീസ് ഉള്‍പ്പെടുന്ന നിയമവ്യവസ്ഥയെ ലംഘിക്കാനും അതിക്രമിക്കാനും പൊതുജനത്തിന് ആവേശവും പ്രോത്സാഹനവുമാണ് ഇത്തരത്തിലുള്ള വീരസ്യത്തിലൂടെ പകര്‍ന്നുനല്കുന്നത്.
ഇതേ സിനിമയില്‍ത്തന്നെയുണ്ട് മതാധികാരികളോടുള്ള പരസ്യമായ എതിര്‍പ്പും അധികാരധ്വംസനവും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഒരു കൊച്ചച്ചനെ അവതരിപ്പിച്ചുകൊണ്ടാണ് ഇതു സാധിച്ചിരിക്കുന്നത്. രാഷ്ട്രീയബന്ധങ്ങളുടെ പേരില്‍ കൊച്ചച്ചനെ കുറ്റവിമുക്തനാക്കുന്ന മെത്രാനും ചിത്രത്തിലുണ്ട്. ഇതിനു പുറമേ, കുടുംബനാഥന്മാര്‍ വീട്ടിലില്ലാത്ത തക്കംനോക്കി അവിടെയുള്ള സ്ത്രീകളെ മാനഭംഗപ്പെടുത്താനും ഏതൊരു പെണ്‍കുട്ടിയെയും തന്റെ ലൈംഗികതാത്പര്യത്തിനു വിധേയമാക്കാനും മാത്രം അധമവാസനക്കാരനായിട്ടാണ് മേല്പറഞ്ഞ കൊച്ചച്ചനെത്തന്നെ പിന്നീടുള്ള ഭാഗങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള അച്ചനെ കുര്യച്ചന്‍ ചവിട്ടിക്കൂട്ടി കിണറ്റിലെറിയുമ്പോള്‍ പൗരോഹിത്യത്തോടും മതാചാരങ്ങളോടും വിദ്വേഷം പുലര്‍ത്തുന്നവര്‍ക്ക് കൈയടിക്കാനും പാണന്റെ പാട്ടുപോലെ ചൊല്ലിനടക്കാനും മറ്റൊരു കഥകൂടിയാണു ലഭിക്കുന്നത്. നമ്മുടെ ചില വൈദികര്‍ക്ക് ചില ഇടര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടാവാം. പക്ഷേ, ഒറ്റപ്പെട്ട അത്തരം വ്യതിചലനങ്ങളെ പര്‍വതീകരിക്കുകയും സാമാന്യവത്കരിക്കുകയും ചെയ്തുകൊണ്ട് വൈദികരെല്ലാം അത്തരക്കാരാണെന്ന് സ്ഥാപിക്കുന്നതിലൂടെ  മതസമ്പ്രദായത്തെത്തന്നെയാണു ലംഘിക്കുകയും നിഷേധിക്കുകയും ചെയ്യുന്നത്. മതമേലധ്യക്ഷന്മാര്‍ രാഷ്ട്രീയക്കാരുടെ കൈയിലെ ചട്ടുകങ്ങളാണെന്നുകൂടി ചിത്രത്തില്‍ സൂചനയുണ്ട്.
ലേലം സിനിമയിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ മെത്രാനോടു പറയുന്ന ഡയലോഗ്  ഏറെ പ്രശസ്തമാണല്ലോ. ഇതിന്റെ ഓര്‍മയുണര്‍ത്തുന്നവിധത്തിലുള്ള ഡയലോഗും കടുവയിലുണ്ട്. നായകന്‍ മാത്രം ശരിയും അയാള്‍ ചൂണ്ടിക്കാണിക്കുന്നവരെല്ലാം തെറ്റുകാരും. മതചിഹ്നങ്ങളെയും മതവിശ്വാസങ്ങളെയും പരസ്യമായി ലംഘിക്കാനും കടന്നാക്രമിക്കാനുമാണ് ഇത്തരം രംഗചിത്രീകരണങ്ങള്‍ വഴിയൊരുക്കുന്നത്.
ഭീഷ്മപര്‍വ്വം സിനിമയിലെ വൈദികന്റെ ചിത്രീകരണവും ഇത്തരത്തില്‍ത്തന്നെയാണ്. ഇമയൗ സിനിമയില്‍ വികാരിയച്ചനു കിട്ടുന്ന അടിക്ക് തീയറ്ററില്‍  ഉയര്‍ന്ന കൈയടിക്കു സാക്ഷിയായ ഒരാളാണു ഞാന്‍. സാധാരണ ജനങ്ങളെക്കൊണ്ടുപോലും പൗരോഹിത്യത്തിനും സംഘടിതമതത്തിനും നേരേ പ്രതിലോമകരമായ വികാരം ഉണര്‍ത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. പെണ്ണുപിടിയനോ കള്ളക്കടത്തുകാരനോ കൊലപാതകിയോ ഒക്കെയായി അവതരിപ്പിക്കപ്പെടുന്ന പുരോഹിതരില്‍ കൂടുതലും ഹൈന്ദവസന്ന്യാസിമാരോ ക്രൈസ്തവപുരോഹിതരോ ആണെന്നും നിരീക്ഷിച്ചാല്‍ മനസ്സിലാവും. മറ്റു മതപുരോഹിതരുടെ നേര്‍ക്ക് ഈ കള്ളക്കഥയുടെ  ചായ്‌വു വച്ചുകെട്ടാന്‍ സിനിമാക്കാര്‍ക്കു പേടിയുണ്ടെന്നു തോന്നുന്നു.
അടുത്തയിടെയിറങ്ങിയ തമിഴ് സിനിമ വിക്രമില്‍ യഥാര്‍ത്ഥവില്ലന്മാരിലൊരാള്‍ ഒരു പോലീസുദ്യോഗസ്ഥനാണ്. 22 ടണ്‍ മയക്കുമരുന്നുകച്ചവടത്തിന്റെ കണ്ണി. പോലീസുകാരെല്ലാം അഴിമതിക്കാരും അക്രമികളുമാണെന്നു വീണ്ടുംവീണ്ടും സമര്‍ത്ഥിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ലൂസിഫര്‍, കാവല്‍ തുടങ്ങിയ സിനിമകളിലും പോലീസിനെതിരേയുള്ള നായകന്റെ  വീരസ്യം കാണാം. പോലീസുദ്യോഗസ്ഥനെ ഭിത്തിയില്‍ ചാരിനിറുത്തി അയാളുടെ തോളത്ത് കാലെടുത്തുവയ്ക്കുന്ന പോസ്റ്ററുകള്‍ വിമര്‍ശനത്തിന് ഇടനല്കിയിരുന്നു. നായകന്റെ  ധീരതയ്ക്കു മുമ്പില്‍ പകച്ചുപോകുന്ന വിധത്തിലാണ് ഇവിടെയെല്ലാം പോലീസുകാരെ ചിത്രീകരിച്ചിരിക്കുന്നത്. രാവണപ്രഭു, നരസിംഹം തുടങ്ങിയ സിനിമകളിലും പരസ്യമായി പോലീസിനെ കൈകാര്യം ചെയ്യുന്ന നായകന്മാരെ കാണാം.
ഇവിടെ ശ്രദ്ധിക്കേണ്ടത് നടന്‍ സൂപ്പര്‍ഹീറോയാകുമ്പോള്‍ സംഭവിക്കുന്ന പരിണാമംകൂടിയാണ്. ഉദാഹരണത്തിന്, മോഹന്‍ലാലിന്റെതന്നെ 'നാടുവാഴികള്‍' പോലെയുള്ള സിനിമകളെടുക്കുക. നായകന്‍ നിരപരാധിയാണെങ്കിലും നിയമത്തിനു കീഴടങ്ങി പോലീസിനൊപ്പം പോകാന്‍ തയ്യാറാകുന്ന കഥാപാത്രങ്ങളെയാണ് അത്തരം സിനിമകളില്‍ കാണുന്നത്. പക്ഷേ,  മോഹന്‍ലാല്‍ പിന്നീട് സൂപ്പര്‍ താരപദവിയിലേക്കുയര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലും അതിമാനുഷികത കടന്നുവന്നു. സൂപ്പര്‍താരത്തിന് ഏതറ്റംവരെയും പോകാമെന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍.
നീതി നിഷേധിക്കുമ്പോള്‍ നിയമം കൈയിലെടുക്കാമെന്നും നീതി നിഷേധിക്കുന്നവനെ കൈകാര്യം ചെയ്യാമെന്നുമുളള തെറ്റായസന്ദേശങ്ങള്‍ അറിഞ്ഞോ അറിയാതെയോ സാദാപ്രേക്ഷകരിലേക്കെത്തി. പോലീസുകാരെയും വൈദികരെയുംകുറിച്ച് അബദ്ധധാരണകള്‍ രൂപപ്പെടാനും അവരെ വെറുപ്പോടെ വീക്ഷിക്കാനുംവരെ കാര്യങ്ങളെത്തി.  മാനുഷികതയും സ്വാഭാവികതയുമുള്ള പോലീസുകാരെ മലയാളത്തില്‍ അടുത്തകാലത്തു കണ്ടത് നായാട്ട്, ആക്ഷന്‍ ഹീറോ ബിജു പോലെയുള്ള സിനിമകളിലായിരുന്നു. പോലീസുകാരെന്നാല്‍ ക്രൂരരും ദുഷ്ടരുമാണ് എന്ന ധാരണകളെ പൊളിച്ചെഴുതി അവരുടെ നിസ്സഹായതകള്‍ക്കു നേരേ വിളക്കുയര്‍ത്തിപ്പിടിച്ച ചിത്രമായിരുന്നു നായാട്ട്.
ഒരു പോലീസുകാരന്‍ എന്തുകൊണ്ടാണ് മോശമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവര്‍ കേള്‍ക്കുന്നതും കാണുന്നതും നേരിടുന്നതും കടന്നുപോകുന്നതും ഒരിക്കലും പോസിറ്റീവായ കാര്യങ്ങളല്ല. ഒരു സന്തോഷവര്‍ത്തമാനം പങ്കുവയ്ക്കാനായി ഒരാളും രാവിലെ പോലീസ്‌സ്‌റ്റേഷനിലേക്കു കടന്നുവരുന്നില്ല. ജീവിതത്തിലെ ഏറ്റവും മോശമായതോ അല്ലെങ്കില്‍ ദുരിതംപിടിച്ചതോ ആയ ഒരു കാര്യത്തിനുള്ള പരിഹാരം തേടിയാണ് എല്ലാവരും പോലീസിനെ സമീപിക്കുന്നത്. വീട്ടിലെ പലവിധ പ്രഷറുകളുമായി ജോലിസ്ഥലത്തേക്കു വരുമ്പോള്‍ അവര്‍ക്ക് സാധാരണമനുഷ്യരെപ്പോലെ സൗമ്യതയോടെ പെരുമാറാന്‍ കഴിഞ്ഞെന്നുംവരില്ല.
ആക്ഷന്‍ ഹീറോ ബിജുവിലെ ബിജു പൗലോസ് എസ്‌ഐ പറയുന്നതുപോലെ,  സാധാരണക്കാരന്റെ കോടതിയാണ് പോലീസ് സ്‌റ്റേഷന്‍. അവിടെ പരിഹരിക്കപ്പെടാത്ത കേസുകളേ കോടതിയിലേക്കു പോകുന്നുള്ളൂ. അപ്പോള്‍ നമുക്കു നീതി ലഭിക്കുന്ന പ്രശ്‌നത്തിന് നമ്മുടെ പരിഹാരം കണ്ടെത്തുന്ന സ്ഥലമാണ് പോലീസ് സ്‌റ്റേഷന്‍. അവിടെയുള്ളവരെ കുറച്ചുകൂടി  മാനുഷികതയോടെയും അവരര്‍ഹിക്കുന്ന ആദരവോടെയും നോക്കിക്കാണാന്‍ നമുക്കു കഴിയണം.
ലൂസിഫറും രാവണപ്രഭുവും പോലെയുള്ള സിനിമകള്‍ പോലീസുകാരിലേല്പിച്ച അപമാനങ്ങള്‍ക്കുള്ള പ്രായശ്ചിത്തമെന്നോണമാണ്‌നായാട്ടും ആക്ഷന്‍ഹീറോയും ഇവിടെ രൂപമെടുത്തത്. എത്ര പോലീസുകാരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു പോലീസ്‌കഥാപാത്രം സ്‌ക്രീനില്‍ നായകന്റെ അടികൊള്ളുമ്പോള്‍ മനസ്സു തുറന്നു സന്തോഷിക്കാനാവും? അവര്‍ കാണുന്നത് തന്റെ അച്ഛനെയോ ഭര്‍ത്താവിനെയോ സഹോദരനെയോ ഒക്കെയാണ്.
പോലീസ് നിയമസംരക്ഷണത്തിന്റെ ഒരു പ്രതീകമാണ്.  അതിലേല്പിക്കുന്ന മാലിന്യങ്ങള്‍ നിയമവ്യവസ്ഥയെത്തന്നെയാണു കളങ്കപ്പെടുത്തുന്നത്. അതുകൊണ്ട് സൂപ്പര്‍ഹീറോയ്ക്കു ജയിക്കാനും അയാളുടെ അതിമാനുഷികതയ്ക്ക് ഘോഷാരവം മുഴക്കാനും ഒരു പോലീസുകാരനും ഇവിടെ നായകന്റെ അടികൊണ്ടു വീഴാതിരിക്കട്ടെ.
പോലീസുകാര്‍/ വൈദികര്‍നല്ലവരോ കുറ്റക്കാരോ എന്നതു രണ്ടാമത്തെ കാര്യം. തീര്‍ച്ചയായും ഈ ഗണത്തില്‍ പുഴുക്കുത്തുകളുണ്ട്. പക്ഷേ, നാം ബഹുമാനിക്കുന്നത് അവരുടെ പദവിയെയാണ്. യൂണിഫോം എന്നത് ഔദ്യോഗികാംഗീകാരമാണ്. അതിനെ ബഹുമാനിക്കേണ്ടതുണ്ട്. ബഹുമാനം ഒരു സംസ്‌കാരവും ജീവിതരീതിയുമാണെന്നു മറന്നുപോകരുത്.

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)