നമ്മുടെ ഉന്നതവിദ്യാഭ്യാസമേഖലയെക്കുറിച്ചു പ്രതീക്ഷാവഹമായ ഒരു വാര്‍ത്തയാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരിക്കുന്നത്. മൂന്ന് എഞ്ചിനീയറിംഗ് കോളജുകള്‍ക്ക് സ്വയംഭരണപദവി നല്കിയിരിക്കുന്നു. ഇനി നാല് എഞ്ചിനീയറിംഗ് കോളജുകള്‍ക്കും പന്ത്രണ്ട് എയ്ഡഡ് കോളജുകള്‍ക്കുംകൂടി സ്വയംഭരണാവകാശം അനുവദിക്കും.
ആശാവഹമായ മാറ്റത്തിന്റെ സൂചനയാണിത്. കേരളത്തില്‍ സ്വയംഭരണകോളജുകള്‍ അനുവദിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ത്തുപോന്നത് ഇടതുകക്ഷികളും അവരുടെ നിയന്ത്രണത്തിലുള്ള അധ്യാപകസംഘടനകളുമാണ്. അവര്‍ അധികാരത്തിലിരിക്കുമ്പോള്‍ത്തന്നെ അതില്‍നിന്നു വ്യതിചലിക്കുന്നു എന്നത്, അവരും യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊണ്ടുകഴിഞ്ഞിരിക്കുന്നു എന്നാണു വ്യക്തമാക്കുന്നത്.
ഇന്നു വികസിതരാജ്യങ്ങളാകെത്തന്നെ ഉപേക്ഷിച്ചുകഴിഞ്ഞ ഒരു സംവിധാനമാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ അഫിലിയേഷന്‍. സര്‍വകലാശാലകളുടെ അക്കാദമിക് നിയന്ത്രണത്തില്‍നിന്നു കോളജുകളെ മോചിപ്പിച്ച് സ്വയം അക്കാദമിക് മികവു നേടാന്‍ അവയെ പ്രാപ്തമാക്കുന്ന സംവിധാനമാണു സ്വയംഭരണാവകാശം.
പ്രഗല്ഭരായ അധ്യാപകരുടെ കീഴില്‍ പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികള്‍ക്കു സ്വാതന്ത്ര്യത്തോടെ വളരാന്‍ സ്വയംഭരണസംവിധാനം സാഹചര്യമൊരുക്കും. പക്ഷേ, അധ്യാപകരുടെ ഉത്തരവാദിത്വവും ജോലിഭാരവും വര്‍ധിക്കും.
അഫിലിയേറ്റിംഗ് സംവിധാനത്തില്‍ അധ്യാപകന്‍ തികച്ചും ലാഘവബുദ്ധിയോടെ പ്രവര്‍ത്തിച്ചാല്‍ മതിയാകും. ആരോ നിശ്ചയിക്കുന്ന പാഠ്യപദ്ധതി, ആരോ തയ്യാറാക്കുന്ന പാഠപുസ്തകങ്ങള്‍, ആരോ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്കു കുട്ടികളെഴുതിയ ഉത്തരങ്ങള്‍ - ഇത്തരമൊരു സാഹചര്യത്തില്‍ അധ്യാപകന്‍ കേവലമൊരു മീഡിയേറ്റര്‍ മാത്രം.
എന്നാല്‍, സ്വയംഭരണസ്ഥാപനങ്ങളില്‍ അധ്യാപകന്റെ നിലപാടേ വ്യത്യസ്തമാണ്. അയാളുടെ ഉത്തരവാദിത്വം അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെക്കാള്‍ പതിന്മടങ്ങാണ്. അയാള്‍ സ്വന്തം വിഷയത്തില്‍ അഗാധജ്ഞാനം നേടിയ പണ്ഡിതനായിരിക്കണം. അറിവിന്റെ മേഖലയില്‍ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുണപരമായ വികസനം ഉള്‍ക്കൊള്ളാന്‍ അയാള്‍ സന്നദ്ധനായിരിക്കണം. തന്റെ അധ്യാപനരീതിയില്‍ നൂതനമായ തന്ത്രങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ബദ്ധശ്രദ്ധനായിരിക്കണം.
അക്കാദമിക് സ്വയംഭരണത്തിലൂടെ അധ്യാപകരുടെ കഴിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും അതുവഴി രാഷ്ട്രത്തിനും പ്രയോജനപ്പെടുത്താനുള്ള അവസരമാണു സൃഷ്ടിക്കപ്പെടുന്നത്. കുട്ടികള്‍ എന്തു പഠിക്കണം, എങ്ങനെ പഠിക്കണം, എത്രമാത്രം പഠിക്കണം, എപ്പോള്‍ പഠിക്കണം, എന്നു കോഴ്‌സ് പൂര്‍ത്തിയാക്കണം, എന്നു പരീക്ഷയെഴുതണം എന്നൊക്കെയുള്ള കാര്യത്തില്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നത് അധ്യാപകരാണ്. ചുരുക്കിപ്പറഞ്ഞാല്‍, അക്കാദമിക് സ്വയംഭരണം എന്നു പറയുന്നത് അധ്യാപകകേന്ദ്രികൃതമായ ഒരു വിദ്യാഭ്യാസപ്രവര്‍ത്തനമാണ്.
സര്‍വ്വകലാശാലകളുടെയും സര്‍ക്കാരിന്റെയും അനാവശ്യമായ ഇടപെടലുകളില്‍നിന്ന് അക്കാദമിക്‌രംഗം മോചനം നേടുന്ന സാഹചര്യം കോളജ് അധികൃതര്‍ക്കും ആശ്വാസകരമാണ്. കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ക്കനുസൃതമായ അക്കാദമികപരിപാടികളില്‍ മാറ്റംവരുത്താന്‍ കഴിയും. പക്ഷേ, ഇതൊരു വെല്ലുവിളികൂടിയാണ്. കടുത്ത മത്സരക്ഷമത ആവശ്യമുള്ള രംഗമായി ഉന്നതവിദ്യാഭ്യാസരംഗം മാറുമ്പോള്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകും. മികച്ച കോളജുകള്‍ക്കേ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കഴിയൂ; പൊതുസമൂഹത്തില്‍ സ്വീകാര്യതയുണ്ടാകൂ.
ഇന്ത്യയില്‍ സ്വയംഭരണകോളജുകള്‍ എന്ന ആശയം ചര്‍ച്ചാ വിഷയമായിട്ട് ഏതാണ്ട് ഏഴു പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. 1953 ല്‍ ആഗ്രാ സര്‍വകലാശാലയുടെ ഒരു സെനറ്റുസമ്മേളനത്തിലാണ് ആദ്യമായി ഈ വിഷയം ചര്‍ച്ചയ്ക്കു വന്നത്. അതിനു മുമ്പ് 1948 ലെ, ഡോ. എസ്. രാധാകൃഷ്ണന്‍ ചെയര്‍മാനായ സര്‍വകലാശാലാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു. അന്നു പക്ഷേ, സാഹചര്യം അനുകൂലമല്ലാതിരുന്നതുകൊണ്ടാവാം അതൊരു ചര്‍ച്ചാവിഷയമായില്ല.
1964 ല്‍ ഇന്ത്യയിലെ കോളജുകളെപ്പറ്റി പഠിക്കാന്‍ യു.ജി.സി. നിയോഗിച്ച പ്രഫ. ജി.എസ്. മഹാജന്‍ കമ്മീഷന്‍ നിലവാരമുള്ള കോളജുകള്‍ക്കു സ്വയംഭരണം നല്കണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. 1965 ല്‍ സര്‍വകലാശാലാ വിദ്യാഭ്യാസനിലവാരത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട, പ്രഫ. എസ്.കെ.സിദ്ധാന്താ ചെയര്‍മാനായ കമ്മിറ്റിയും സ്വയംഭരണകോളജുകള്‍ അനുവദിക്കണമെന്നു ശിപാര്‍ശ നല്കിയിരുന്നു.
1964 ല്‍ ഒരു ദേശീയ വിദ്യാഭ്യാസകമ്മീഷനെ ഇന്ത്യാഗവണ്മെന്റ് നിയമിക്കുകയുണ്ടായി. പ്രഫ. ഡി.എസ്. കോത്താരിയായിരുന്നു ചെയര്‍മാന്‍. 1966 ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടില്‍ സ്വയംഭരണകോളജുകള്‍ക്കു വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. അതിങ്ങനെ:
''അവസാനമായി, ഏറെ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്ന സ്വയംഭരണ കോളജ് പ്രശ്‌നത്തെക്കുറിച്ചു ചിലതു പറയുവാന്‍ ഞങ്ങളാഗ്രഹിക്കുന്നു. ഒരു വലിയ സര്‍വകലാശാലയിലെ മികച്ച കോളജിന്, അല്ലെങ്കില്‍, അത്തരം കോളജുകളുടെ ഒരു ചെറുസംഘത്തിന്, സ്വന്തം സംവിധാനത്തിനുള്ളില്‍ മികച്ച പുരോഗതി കൈവരിക്കാന്‍ അതിനു കെല്പുണെ്ടന്നു വ്യക്തമാണെങ്കില്‍, അതിനു സ്വയംഭരണപദവി നല്കുന്ന കാര്യം തീര്‍ച്ചയായും പരിഗണിക്കേണ്ടതാണ്. സ്വന്തം പ്രവേശനനിയമങ്ങള്‍ ഉണ്ടാക്കാനും സ്വതന്ത്രമായി പഠനകോഴ്‌സുകള്‍ സംവിധാനം ചെയ്യാനും സ്വന്തമായ പരീക്ഷാരീതികള്‍ അവലംബിക്കാനും ആ കോളജിന് അധികാരം ഉണ്ടായിരിക്കണം. പൊതുവായ മേല്‍നോട്ടവും ഡിഗ്രികള്‍ നല്കാനുള്ള അധികാരവും മാത്രമേ സര്‍വകലാശാലയ്ക്കു വേണ്ടൂ. ഈ അവകാശം കോളജിന് എന്നന്നേക്കുമായി നല്കുകയല്ല, സ്വയംഭരണം തുടര്‍ച്ചയായി നേടിയെടുക്കുകയും അതിനുള്ള അര്‍ഹത നിലനിര്‍ത്തുകയും വേണം.''
നാലാം പഞ്ചവത്സരപദ്ധതി അവസാനിക്കുന്ന 1974 ല്‍ രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട അമ്പതു കോളജുകള്‍ക്കെങ്കിലും സ്വയംഭരണപദവി നല്കണമെന്നു കോത്താരിക്കമ്മീഷന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ, ആ നിര്‍ദ്ദേശം നടപ്പിലാക്കപ്പെട്ടില്ല. ഒരു പദ്ധതിക്കാലംകൂടി അതിനുവേണ്ടി കാത്തിരിക്കേണ്ടിവന്നു.
ഇക്കാര്യത്തില്‍ ആദ്യചുവടുവച്ചതു തമിഴ്‌നാടാണ്. 1978-79 വര്‍ഷങ്ങളില്‍ മദ്രാസ് സര്‍വ്വകലാശാലയുടെ കീഴിലുള്ള എട്ടു കോളജുകള്‍ക്കും മധുര സര്‍വ്വകലാശാലയുടെ കീഴിലുള്ള നാലു കോളജുകള്‍ക്കും സ്വയംഭരണപദവി ലഭിച്ചു. ഇക്കൂട്ടത്തില്‍ ആദ്യനേട്ടം ഉണ്ടാക്കിയതു മദ്രാസ് ലയോളാ കോളജാണ്. 1975 ല്‍ തന്നെ അവര്‍ സ്വയംഭരണാവകാശത്തിനുവേണ്ടിയുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നു. 1978 ജനുവരിയില്‍ സ്വയംഭരണപദവി കൈവരിക്കുകയും ചെയ്തു.
കേരളത്തില്‍ അധ്യാപകസമൂഹം പൊതുവേ സ്വയംഭരണസംവിധാനത്തോടു വിമുഖത പ്രകടിപ്പിക്കുകയാണു ചെയ്തത്. പ്രത്യേകിച്ച് ഇടത് അധ്യാപകസംഘടനകളും ഇടതു വിദ്യാര്‍ത്ഥിസംഘടനകളും. കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മടിയും സ്വന്തം മികവിനെപ്പറ്റിയുള്ള ആത്മവിശ്വാസമില്ലായ്മയുമാവാം ഇതിനു കാരണം. 1989 ല്‍ കേരളത്തില്‍ യുജിസി സ്‌കെയില്‍ നടപ്പാക്കിയപ്പോള്‍, അതിനോടനുബന്ധിച്ചുള്ള അക്കാദമിക് മെരിറ്റിന്റെയും പ്രമോഷന്‍ വ്യവസ്ഥകളുടെയും കാര്യത്തില്‍, അധ്യാപകസംഘടനകളുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി ഇളവുകള്‍ നല്കാന്‍ ഗവണ്മെന്റ് നിര്‍ബന്ധിതമായ കാര്യവും ഇതോടു ചേര്‍ത്തു വായിക്കാം.
പിന്നീട് സ്വയംഭരണകോളജുകള്‍ അനുവദിക്കാനുള്ള നടപടികളിലേക്കു സര്‍ക്കാര്‍ നീങ്ങിയപ്പോള്‍ അധ്യാപകസംഘടനകളുടെ സംഘടിതനീക്കത്തെയാണ് അഭിമുഖീകരിക്കേണ്ടിവന്നത്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിന് സ്വയംഭരണപദവി നല്കാമെന്ന വാഗ്ദാനത്തെ സംഘടിതമായി പ്രമേയം പാസ്സാക്കിയാണ് അധ്യാപകര്‍ നിരാകരിച്ചത്.
ഗവണ്മെന്റുമേഖലയിലുള്ള തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, പാലക്കാട് വിക്‌ടോറിയ കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളജ് എന്നിവയ്ക്കു സ്വയംഭരണം നല്കാനുള്ള സര്‍ക്കാരിന്റെയും യു.ജി.സി.യുടെയും നീക്കത്തെ അദ്ധ്യാപകരും അവര്‍ക്കൊപ്പം നില്ക്കുന്ന വിദ്യാര്‍ത്ഥികളും ചേര്‍ന്നു ചെറുത്തുതോല്പിക്കുകയാണുണ്ടായത്. കോളജിന്റെ നിലവാരം വിലയിരുത്താനെത്തിയ യു.ജി.സി. വിദഗ്ധ സമിതിയെ കോളജില്‍ പ്രവേശിക്കാന്‍പോലും അനുവദിച്ചില്ല.
എങ്കിലും 2014 ല്‍ ഏതാനും എയ്ഡഡ് കോളജുകള്‍ക്കു സ്വയംഭരണപദവി അനുവദിച്ചു കിട്ടി. അക്കൂട്ടത്തില്‍ മഹാരാജാസ് കോളജിനും സ്വയംഭരണം സ്വീകരിക്കേണ്ടിവന്നു. അവിടെ പരിശോധനയ്‌ക്കെത്തിയ വിദഗ്ധസമിതിയംഗങ്ങളെ യഥാസമയം തടയാന്‍ സ്വയംഭരണവിരുദ്ധര്‍ക്കു കഴിയാതെപോയതാണു കാരണം. അന്നുമുതല്‍ ഏതു വിധേനയെങ്കിലും അതു നഷ്ടപ്പെടുത്താന്‍ ചില തത്പരകക്ഷികള്‍ ഗൂഢശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നതു രസകരമായ മറ്റൊരു കഥ!
ഇന്ന് ഇന്ത്യയിലാകെ 708 കോളജുകള്‍ക്കു സ്വയംഭരണപദവിയുണ്ട്. അവയില്‍ 193 എണ്ണവും തമിഴ്‌നാട്ടിലാണ്. കേരളത്തിന്റെ വിദ്യാഭ്യാസനേട്ടങ്ങളെയും സാംസ്‌കാരികപ്രബുദ്ധതയെയുംകുറിച്ച് ഊറ്റംകൊള്ളുന്നവര്‍ നാണിച്ചുതലതാഴ്‌ത്തേണ്ട വസ്തുതയാണിത്.
ഏതായാലും ഈ ദുസ്ഥിതിക്കു മാറ്റംവരുത്താന്‍ സംസ്ഥാനഗവണ്മെന്റു തന്നെ ഇച്ഛാശക്തി പ്രകടിപ്പിച്ചുതുടങ്ങിയിരിക്കുന്നതു ശുഭോദര്‍ക്കമാണ്. നമ്മുടെ വിദ്യാഭ്യാസനഭസ്സിലെ നവനക്ഷത്രോദയമായി നമുക്കിതിനെ സ്വാഗതം ചെയ്യാം.