•  18 Apr 2024
  •  ദീപം 57
  •  നാളം 6
ശ്രേഷ്ഠമലയാളം

ഒന്നുപോലെ

രു എന്ന സ്വതന്ത്രസംഖ്യാവിശേഷണത്തിന്റെ നാമരൂപമാണ് ഒന്ന് എന്നത്. ഒരു ഒന്നാകുന്നതിനെപ്പറ്റി വൈയാകരണന്മാര്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്. ഒരു അനുനാസിക സംസര്‍ഗ്ഗംവഴി ഒന്‍രുവും അനുനാസികാതിപ്രസരംവഴി ഒന്നുവും ആകുന്നുവെന്ന് കേരളപാണിനിയും* (ഒരു ഒന്‍രു ങ്ക ഒന്റു ഒന്നു) ഒര്, തു പ്രത്യയം ചേര്‍ന്ന് ഒന്തുവും പരസവര്‍ണ്ണനംവഴി (സവര്‍ണ്ണനം എന്ന അധ്യായം നോക്കുക) ര് (രേഫം) തവര്‍ഗ്ഗത്തിലെ അനുനാസികമായ നകാരമായി മാറി ആദ്യം ഒന്‍ ങ്ക ഒന്തു എന്നാകുന്നു. തുടര്‍ന്ന് അനുനാസികാതിപ്രസരംമൂലം ഒന്ന് (ഒര്+ തു ങ്ക ഒന്തു ങ്കഒന്നു) ആകുന്നുവെന്ന് സി.എല്‍. ആന്റണിയും** നിരീക്ഷിക്കുന്നു. മതമേതായാലും ഒരു എന്ന ഭേദകമാണ് ഒന്ന് എന്ന നാമമായിത്തീരുന്നത്.
ഒരു എന്ന വിശേഷണത്തോട് 'പോലെ' ചേര്‍ത്ത് 'ഒരുപോലെ' എന്നു പ്രയോഗിക്കാറുണ്ട്. 'ഒരുപോലെ' എന്നതിന്, തുല്യമായി, വ്യത്യാസമില്ലാതെ, ഒന്നുപോലെ തുടങ്ങിയ അര്‍ത്ഥങ്ങള്‍ നിഘണ്ടുകാരന്മാര്‍ നല്‍കുന്നുണ്ട്. അതിന്‍പ്രകാരം, 'മന്ത്രിമാര്‍ രാവും പകലും 'ഒരുപോലെ' വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു' എന്ന പ്രയോഗം തെറ്റാണെന്നു പറഞ്ഞുകൂടാ. എന്നാല്‍, പ്രകാരം, അനുസരിച്ച് എന്നീ അര്‍ത്ഥങ്ങളുള്ള പോലെ എന്ന അവ്യയത്തിനു വിശേഷണമായി 'ഒരു' നില്‍ക്കില്ല എന്നത്രേ അഭിജ്ഞമതം. 'ഒരുപോലെ' തെറ്റും ഒന്നുപോലെ ശരിയുമാണെന്ന് അവര്‍ വാദിക്കുന്നു. ''ഒരു എന്നത് വിശേഷണവും ഒന്ന് എന്നത് (ഒന്‍രു ങ്ക ഒന്റു ങ്ക ഒന്ന്) നാമവുമാകുന്നു. നാമത്തോടാണ് പോലെ ചേര്‍ക്കുന്നത്*** ഒരു അനുനാസികസംസര്‍ഗത്തിനു വിധേയമാകുമ്പോള്‍ ആ ശബ്ദം സ്വാര്‍ത്ഥവിശ്രാന്തി നേടും. അതായത്, അതിന്റെ അര്‍ത്ഥം അതില്‍ത്തന്നെ വിലയനം ചെയ്യുമെന്നു സാരം. അതാകണം, ഒന്നുപോലെ എന്ന അര്‍ത്ഥത്തില്‍ 'ഒരുപോലെ' പ്രചരിക്കാനിടയായത് എന്നു തോന്നുന്നു. ''പൂര്‍വ്വഭാഗവും, ഉത്തരഭാഗത്തില്‍ വ്യാകരണവിധികളെയും ശൈലികളെയുംപറ്റി പ്രസ്താവിക്കുന്ന വകുപ്പുകളും എല്ലാവക വിദ്യാര്‍ത്ഥികള്‍ക്കും ഒന്നുപോലെ ഉപകരിക്കുമെന്ന് വിശ്വസിക്കപ്പെട്ടിരിക്കുന്നു'' എന്ന് സാഹിത്യസാഹ്യത്തിന്റെ മുഖവുരയില്‍ രാജരാജവര്‍മ്മ**** ഒന്നുപോലെ എന്നതിന്റെ ശരിയായ പ്രയോഗപാഠം കാണിച്ചുതന്നിട്ടുണ്ട്.
* രാജരാജവര്‍മ്മ, ഏ.ആര്‍., കേരളപാണിനീയം, എന്‍.ബി.എസ്, 1988, പുറം - 208.
** ആന്റണി സി.എല്‍., കേരളപാണിനീയഭാഷ്യം, ഡി.സി. ബുക്‌സ്, കോട്ടയം, 1989, പുറം - 76, 77.
*** ദാമോദരന്‍നായര്‍, പി., അപശബ്ദബോധിനി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2013, പുറം - 131.
**** രാജരാജവര്‍മ്മ ഏ.ആര്‍., സാഹിത്യസാഹ്യം, കേരള സാഹിത്യ അക്കാദമി, തൃശൂര്‍, 1989, പുറം - 13.

 

Login log record inserted successfully!