•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

അപ്പസ്‌തോലന്റെ യാത്ര ഒരു വചനപ്രഘോഷണയാത്ര

ജൂണ്‍  19  ശ്ലീഹാക്കാലം മൂന്നാം ഞായര്‍
പുറ 23 : 20-26  ,യോനാ 4:1-11
റോമ 15 : 14 - 21 , ലൂക്കാ 9:1-6

ശോ ഒരു യാത്രികനാണ്. ഗലീലിയിലും മറ്റു പ്രദേശങ്ങളിലും ഗ്രാമങ്ങള്‍ ചുറ്റിസഞ്ചരിച്ച് ദൈവരാജ്യം പ്രഘോഷിച്ചവനാണവിടുന്ന്. ഒപ്പം, രോഗികളും ബലഹീനരുമായ അനേകരെ ഈ യാത്രകളില്‍ ഈശോ സുഖപ്പെടുത്തി. ഈശോ ചെയ്ത ഈ ശുശ്രൂഷകള്‍ തുടരേണ്ടതിന് അവിടുന്നു തന്റെ ശിഷ്യന്മാരെ പ്രത്യേകം നിയോഗിച്ചയയ്ക്കുന്നതാണ് ഇന്നത്തെ സുവിശേഷവായന (ലൂക്കാ 9:1-6). ഈ ഭൂമിയിലെ തന്റെ രക്ഷാകരദൗത്യം തുടരാന്‍ ഈശോ തിരഞ്ഞെടുത്ത 12 ശിഷ്യന്മാരെ ദൈവരാജ്യപ്രഘോഷണം, രോഗശാന്തി എന്നീ ദ്വിവിധദൗത്യങ്ങളുമായിട്ടാണ് അവിടുന്ന് അയയ്ക്കുന്നത്. കൂടാതെ, മിഷനറിയാത്രയില്‍ ശ്രദ്ധിക്കേണ്ട ചില നിര്‍ദേശങ്ങളോടെയും (directive) ചില മുന്നറിയിപ്പുകളോടെയുമാണ് (warning) ഈശോ ശിഷ്യരെ പറഞ്ഞുവിടുന്നത്.
അവന്‍ പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും (9:1). ഈശോ തന്റെ ശിഷ്യന്മാരെ വെറുതെ 'വിളി'ക്കുകയല്ല ചെയ്യുന്നത്; മറിച്ച്, അവരെ തന്നോടു ചേര്‍ന്നുനില്‍ക്കാനാണു ക്ഷണിക്കുന്നത്. ''അടുക്കലേക്കു വിളിക്കുക, ചേര്‍ത്തുനിര്‍ത്തുക, ഒരുമിച്ചു ചേര്‍ക്കുക'' (call to one’s side, call to oneself, call together) എന്നീയര്‍ത്ഥങ്ങള്‍ വരുന്ന ഗ്രീക്കുഭാഷയിലെ സ്യുന്‍കലെയോ (synkaleo)  എന്ന ക്രിയാപദമാണ് ലൂക്കാ സുവിശേഷകന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ശിഷ്യന്മാരുടെ വിളികളെല്ലാം ഈശോയോട് ഒന്നുചേര്‍ന്നു നില്‍ക്കാനുള്ളതും  അവിടുത്തോട് ഒപ്പമായിരിക്കാനുമുള്ളതാണ്. 'പന്ത്രണ്ടുപേരെയും' (ദൊദേക്കാ = dodeka) എന്ന പ്രത്യേക പരാമര്‍ശം സൂചിപ്പിക്കുന്നത് തന്റെ ശിഷ്യരില്‍ ആരെയും ഈ ദൗത്യത്തില്‍നിന്ന് ഈശോ ഒഴിവാക്കിയിട്ടില്ല എന്നാണ്.
ഒന്നാമതായി, ഈശോ ശിഷ്യന്മാര്‍ക്കു നല്‍കുന്നത് പിശാചുക്കളുടെമേലുള്ള അധികാരവും ശക്തിയുമാണ്. പിശാച് (demon) എന്നര്‍ത്ഥം വരുന്ന ദെയ്‌മോണിയോന്‍ (daimonion) എന്ന ഗ്രീക്കുവാക്ക് 'മനുഷ്യവര്‍ഗത്തിനുനേരേ തിന്മ പ്രവര്‍ത്തിക്കുന്ന ദുഷ്ടാരൂപിയെയാണ്' പ്രധാനമായും സൂചിപ്പിക്കുന്നത്. ശാരീരികവും മാനസികവുമായ പല രോഗങ്ങളുടെയും കാരണം പിശാചുബാധയായിട്ടായിരുന്നു മനസ്സിലാക്കിയിരുന്നത്. മനുഷ്യപതനത്തിന്റെ കാരണവും പിശാചായിരുന്നു. പിശാചുക്കളുടെമേല്‍ ശിഷ്യന്മാര്‍ക്ക് അധികാരവും (authority) ശക്തിയും (power) നല്‍കുകവഴി ഈശോ മനുഷ്യവര്‍ഗത്തിന്റെ ഉയര്‍ച്ചയാണ് ഉദ്ദേശിക്കുന്നത്.
രണ്ടാമതായി, ഈശോ നല്‍കുന്നത് രോഗികള്‍ക്കു സൗഖ്യം നല്‍കാനുള്ള ശക്തിയാണ്. രോഗങ്ങള്‍ സുഖപ്പെടുത്തുന്നതു ശിഷ്യന്മാരല്ല; അത് അവരുടെ ബലവും കഴിവുംകൊണ്ടല്ല. മറിച്ച്, ഈശോ പ്രത്യേകാധികാരവും ശക്തിയും ശിഷ്യന്മാര്‍ക്കു നല്‍കിയതിനാലാണ് അവരിലൂടെ ഈ സുഖപ്പെടുത്തലുകള്‍ നടക്കുന്നത്. 'സുഖപ്പെടുത്തുക, കരുതുക, വീണ്ടെടുക്കുക, സഹായിക്കുക' (heal, carefore, restore, help out)  എന്നീയര്‍ത്ഥങ്ങള്‍ വരുന്ന തെറാപെയോ (therapeuo) എന്ന വാക്കാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. രോഗികളായിരിക്കുന്നവരോടും ശാരീരികവ്യഥകളാല്‍ വേദനിക്കുന്നവരോടും കരുതല്‍ കാണിക്കാനും ശിഷ്യന്മാര്‍ ഒരുക്കപ്പെട്ടിരിക്കുന്നു.
ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു (9:2). ഈശോ തന്റെ ശുശ്രൂഷയില്‍ ചെയ്ത ദ്വിവിധ ദൗത്യങ്ങള്‍തന്നെയാണ് ശിഷ്യന്മാര്‍ തുടരേണ്ടത്. ഈശോയുടെ പ്രബോധനങ്ങളുടെയെല്ലാം  അന്തഃസത്തയാണ് ദൈവരാജ്യം. ബസിലെയാ തൂ തെയോ (basileia tou Theou) എന്ന് ഗ്രീക്കിലും മല്‍ക്കുത്ത് യാഹ്‌വെ (malcut yahweh)എന്ന് ഹീബ്രുവിലുമുള്ള ഈ പരാമര്‍ശം സൂചിപ്പിക്കുന്നത് ദൈവഭരണത്തെയും അവിടുത്തെ കീഴില്‍ ദൈവജനം ഒന്നായി, ഒരു കുടുംബമായിത്തീരുന്നതിനെയുമാണ്. ഇതര ദൈവങ്ങളില്‍നിന്നും (pagan gods) ജനത്തെ സര്‍വശക്തനും സ്രഷ്ടാവുമായ ദൈവത്തിങ്കലേക്കു കൊണ്ടുവരാന്‍ വേണ്ടിയുള്ള ഒരു അയയ്ക്കപ്പെടലാണിത്.
അപ്പസ്‌തോലന്മാര്‍ അയയ്ക്കപ്പെട്ടവരാണ്. 'അയയ്ക്കുക, നിയോഗിക്കുക'(send with authority, commission for a purpose) എന്നര്‍ത്ഥം വരുന്ന അപ്പോസ്‌തെല്ലോ (apostello)എന്ന ഗ്രീക്കുക്രിയാപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍നിന്നാണ് അയയ്ക്കപ്പെട്ടവന്‍ (the sent one) എന്നര്‍ത്ഥം വരുന്ന അപ്പോസ്‌തെലോസ് (apostelos) എന്ന നാമം ഉണ്ടായിരിക്കുന്നത്. ഒരാള്‍ അയയ്ക്കപ്പെടുന്നത്  ഒരു പ്രത്യേക ദൗത്യത്തോടെയാണ്. അധികാരമുള്ളയാളാണ്  മറ്റൊരാളെ അയയ്ക്കുന്നതും. കര്‍ത്താവിന്റെ ഭരണം സംജാതമാക്കുന്നതിനുവേണ്ടിയാണ് ഓരോ ശിഷ്യനും ഈശോയാല്‍ ആധികാരികമായി അയയ്ക്കപ്പെടുന്നത്.
അവന്‍ പറഞ്ഞു: യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ടുടുപ്പും ഉണ്ടായിരിക്കരുത് (9:3). അപ്പസ്‌തോലന്മാര്‍ക്കുള്ള  പെരുമാറ്റച്ചട്ടമാണ് ഇവിടെ വിവരിക്കുന്നത്. ഈ വാക്യമനുസരിച്ച് അഞ്ചിനങ്ങളാണ് ശ്ലീഹന്മാര്‍ക്കു നിഷിദ്ധമായിരുന്നത്. വടി, സഞ്ചി, അപ്പം, പണം, രണ്ടുടുപ്പ്. 10:4 പ്രകാരം ചെരിപ്പും അവര്‍ക്കു നിഷിദ്ധമാണ്. ശ്ലീഹന്മാര്‍ ഭൗതികസുഖസൗകര്യങ്ങളുടെ സമ്പര്‍ ക്കത്തില്‍നിന്നകന്നുനില്‍ക്കണമെന്നും, ലാളിത്യത്തിന്റെ വഴി പിന്തുടരണമെന്നും, സാമ്പത്തികസുരക്ഷിതത്വത്തില്‍ അഭയം തേടരുതെന്നുമുള്ള ഒരു ഓര്‍മപ്പെടുത്തലാണിത്. സഞ്ചിയും തൂക്കി വടിയും കുത്തിപ്പിടിച്ചുള്ള  യവനചിന്തകരുടെ സ്വതന്ത്രവിഹാരത്തിന്റെ ശൈലിയില്‍നിന്നു മാറിയുള്ളതാണ് ക്രിസ്തീയമിഷന്‍ എന്ന ഒരു പഠിപ്പിക്കലുമാണിത്.
നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിക്കുന്നുവോ അവിടെ താമസിക്കുക. അവിടെനിന്നു പുറപ്പെടുകയും ചെയ്യുക (9:4). അയയ്ക്കപ്പെട്ടവരോടുള്ള ജനങ്ങളുടെ പ്രതികരണം രണ്ടു വിധത്തിലാണ്: 1. സ്വീകരിക്കുന്നവരും 2. തിരസ്‌കരിക്കുന്നവരും. അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങളോടു ഭാവാത്മകമായി (positive) പ്രതികരിക്കുന്നവരുടെ ഭവനങ്ങളില്‍ താമസിച്ചു തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തണം. അവര്‍ കര്‍ത്താവിന്റെ വചനം ശ്രവിക്കാന്‍ മനസ്സു തുറന്നവരും ഈശോ അയച്ചവരെ സ്വീകരിക്കാന്‍ വീടിന്റെ വാതില്‍ തുറന്നവരുമാണ്. കാപട്യമില്ലാതെ തുറവുള്ളവരാണ് അവര്‍. അപ്രകാരമുള്ളവരുടെ ആതിഥ്യമാണ് ശ്ലീഹന്മാര്‍ സ്വീകരിക്കേണ്ടത്. ഭവനത്തിന്റെ വലിപ്പമല്ല; മറിച്ച്, ഹൃദയത്തിന്റെ വിശാലതയാണ് അവര്‍ പരിഗണിക്കേണ്ടത്.
നിങ്ങളെ സ്വീകരിക്കാതിരിക്കുന്നവരുടെ പട്ടണത്തില്‍നിന്നു പോകുമ്പോള്‍ അവര്‍ക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍ (9:5). അയയ്ക്കപ്പെട്ടവരോടുള്ള ജനങ്ങളുടെ രണ്ടാമത്തെ പ്രതികരണം തിരസ്‌കരണത്തിന്റേതാണ്. ഇത് ഈശോയോടുള്ള ഒരു നിഷേധാത്മക(negative)സമീപനമാണ്. കര്‍ത്താവിന്റെ വചനം ശ്രവിക്കാന്‍ മനസ്സു തുറക്കാത്തവരും അപ്പസ്‌തോലന്മാരെ സ്വീകരിക്കാതെ വാതില്‍ അടച്ചവരുമാണിവര്‍. ഇത്തരക്കാരോട് അപ്പസ്‌തോലന്മാര്‍ സ്വീകരിക്കേണ്ട നിലപാടു വ്യത്യസ്തമാണ്. 'കാലിലെ പൊടി തട്ടിക്കളയുക' എന്നത് ഒരു പ്രതീകാത്മക ചേഷ്ടയാണ്. വിജാതീയദേശങ്ങളിലൂടെ സഞ്ചരിക്കേണ്ടിവരുന്ന യഹൂദര്‍ അവരുടെ ദേശാതിര്‍ത്തിയിലേക്കു കയറുമ്പോള്‍ തങ്ങളുടെ നാട് അശുദ്ധമാകാതിരിക്കാന്‍ കാലിലെ പൊടി തട്ടിക്കളയുന്ന ഒരു പതിവുണ്ടായിരുന്നു. ഇതായിരുന്നു തങ്ങളെ തിരസ്‌കരിച്ചവരോട് അപ്പസ്‌തോലന്മാര്‍ ചെയ്യേണ്ടിയിരുന്നതും.
ഒരു 'സാക്ഷ്യത്തിനായി' (testimony) യ)ട്ടാണ് അവര്‍ ഇപ്രകാരം പ്രവര്‍ത്തിക്കേണ്ടിയിരുന്നത്. സാക്ഷ്യം, തെളിവ് (witness, proof) ) എന്നീയര്‍ത്ഥങ്ങള്‍ വരുന്ന മര്‍ത്തീരിയോണ്‍ (martyrion) എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ പ്രതീകാത്മകപ്രവൃത്തി സൂചിപ്പിക്കുന്നത് തിരസ്‌കരിച്ചവര്‍ ഈശോ സ്ഥാപിച്ച പുതിയ ഇസ്രായേലിന്റെ ഭാഗമല്ലെന്നും, അവര്‍ക്ക് അപ്പസ്‌തോലന്മാര്‍ പ്രവേശിച്ച ദൈവരാജ്യത്തില്‍ പങ്കു ലഭിക്കുകയില്ലെന്നുമാണ്. തങ്ങള്‍ക്കു ലഭിക്കാമായിരുന്ന ഒരു പങ്കാളിത്തം അവര്‍ നഷ്ടപ്പെടുത്തി എന്നതിന്റെ ഒരു തെളിവാണ് അപ്പസ്‌തോലന്മാരുടെ ഈ പ്രവൃത്തി.
അവര്‍ പുറപ്പെട്ട്, ഗ്രാമങ്ങള്‍തോറും ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നല്‍കുകയും ചെയ്തു (9:6). ശ്ലീഹന്മാരുടെ പ്രധാന പ്രവര്‍ത്തനരംഗം ഗ്രാമങ്ങളായിരുന്നു. കാരണം, ഗലീലിയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഗ്രാമങ്ങളാല്‍ നിറഞ്ഞതായിരുന്നു. 'നഗരം, പട്ടണം (city, town) എന്നര്‍ത്ഥം വരുന്ന പോളിസ് (Polis) എന്ന വാക്ക് അഞ്ചാം വാക്യത്തില്‍ ഏകവചനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ചെറിയ ഗ്രാമങ്ങള്‍ (villages, small town)  എന്നര്‍ത്ഥം വരുന്ന കോമാസ് (Comas) എന്ന വാക്ക് ബഹുവചനത്തിലാണ് ആറാം വാക്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ചുരുക്കത്തില്‍, അയയ്ക്കപ്പെട്ടവര്‍ എല്ലാ സ്ഥലങ്ങളിലും ദൈവരാജ്യം പ്രഘോഷിക്കുകയും രോഗികള്‍ക്കു സൗഖ്യം നല്‍കുകയും ചെയ്തു. സുവിശേഷം (എവാന്‍ഗെലിയോന്‍) ലോകമെമ്പാടും പ്രഘോഷിക്കപ്പെടേണ്ടതുണ്ട്. അതാണ് ശ്ലീഹന്മാര്‍ ചെയ്തതും നമ്മള്‍ ഇന്നു ചെയ്യേണ്ടതും.

 

Login log record inserted successfully!