ഏപ്രില്‍ 17 ഉയിര്‍പ്പുകാലം ഒന്നാം ഞായര്‍
എസെ 37 : 1-10 ശ്ലീഹ 2 : 22-28
1 കോറി 15 : 12-22 യോഹ 20 : 1-10
രക്ഷാകരരഹസ്യങ്ങളുടെ അടിസ്ഥാനവും ക്രൈസ്തവവിശ്വാസത്തിന്റെ മൂലക്കല്ലുമാണ്, ക്രൂശിതനായ മിശിഹാ കല്ലറകളെ ഭേദിച്ച് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു എന്ന സത്യം. മിശിഹായുടെ ഉയിര്‍പ്പ് സൃഷ്ടപ്രപഞ്ചത്തിനു മുഴുവന്‍ പുതുജീവന്‍ നല്കുന്നതും മനുഷ്യകുലത്തെ പ്രത്യാശയിലേക്കു നയിക്കുന്നതുമാണ്. പഴയനിയമപ്രവചനങ്ങളും ഈശോയുടെ ജനനവും ജീവിതവും പീഡാസഹനവും കുരിശുമരണവുമെല്ലാം ഈസ്റ്ററിനെ ലക്ഷ്യമാക്കിയാണ് നീങ്ങിക്കൊണ്ടിരുന്നത്. മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റില്ലായിരുന്നുവെങ്കില്‍ ഈശോയുടെ ജനനവും ജീവിതവും കുരിശുമരണവുമെല്ലാം ചരിത്രസംഭവങ്ങളായി മാത്രം അവശേഷിക്കുമായിരുന്നു. എന്നാല്‍, ഈശോ മരിച്ചവരില്‍നിന്ന് മൂന്നാം ദിവസം ഉയിര്‍ത്തതുകൊണ്ടാണ് ഇവയ്‌ക്കെല്ലാം രക്ഷാകരമാനവും മൂല്യവും കൈവന്നത്. ഉത്ഥാനത്തിന്റെ പ്രകാശത്തില്‍നിന്നുകൊണ്ട് കാലിത്തൊഴുത്തിലേക്കും കാല്‍വരിയിലേക്കും ദൃഷ്ടികള്‍ പായിക്കുമ്പോഴാണു രക്ഷാകരപദ്ധതിയുടെ ആഴവും അര്‍ത്ഥവും നമുക്കു മനസ്സിലാകുന്നത്.
പ്രത്യാശയുടെ സന്ദേശം നല്കുന്ന ദൈവവചനഭാഗങ്ങളാണ് ഉയിര്‍പ്പുകാലം ഒന്നാം ഞായറാഴ്ച സഭാസമൂഹം ധ്യാനവിഷയമാക്കുന്നത്. ഉയിര്‍പ്പുതിരുനാളില്‍ അസ്ഥികളുടെ താഴ്‌വരയെക്കുറിച്ചുള്ള എസെക്കിയേല്‍പ്രവാചകന്റെ ദര്‍ശനം വളരെ അര്‍ത്ഥപൂര്‍ണമാണ്. താഴ്‌വാരത്തില്‍ ചിതറിക്കിടന്ന അസ്ഥികള്‍ക്കു ദൈവം ജീവന്‍ നല്കുന്നു. ഇസ്രായേല്‍ജനം നിര്‍ജീവമായ അവസ്ഥയില്‍നിന്നു പഴയ മഹത്ത്വത്തിലേക്കു തിരിച്ചുവരും എന്ന പ്രത്യാശയാണ് ഒന്നാം വായന നല്കുന്നത്. ഉത്ഥിതനായ മിശിഹായിലൂടെ സകലജനത്തിനും കരഗതമാകുന്ന ഉയിര്‍പ്പിന്റെ മുന്‍കുറിയാണിവിടെ കാണുക.
പന്തക്കുസ്താനുഭവത്തിനുശേഷമുള്ള പത്രോസ്ശ്ലീഹായുടെ പ്രഥമപ്രസംഗം ഈശോയുടെ പീഡാനുഭവ കുരിശുമരണോത്ഥാനരഹസ്യങ്ങളെക്കുറിച്ചായിരുന്നു. മിശിഹായുടെ ഉയിര്‍പ്പ് ദൈവികപദ്ധതിയുടെ പൂര്‍ത്തീകരണമാണെന്ന് യഹൂദരുടെ മുമ്പില്‍ പത്രോസ് സധൈര്യം പ്രഘോഷിക്കുന്നു. അതിന് ഉപോദ്ബലകമായി 16-ാം സങ്കീര്‍ത്തനം 8 മുതല്‍ 11 വരെയുള്ള വാക്യങ്ങള്‍ ശ്ലീഹാ ഉദ്ധരിക്കുന്നു. മിശിഹാ മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്തത് ദൈവികപദ്ധതിയനുസരിച്ചായിരുന്നുവെന്നു പത്രോസ് വ്യക്തമാക്കുന്നു.
ക്രൈസ്തവവിശ്വാസത്തിന്റെ അടിത്തറ മിശിഹായുടെ ഉത്ഥാനമാണെന്ന് പൗലോസ്ശ്ലീഹാ കോറിന്തോസിലെ സഭയെ അസന്ദിഗ്ധമായി പഠിപ്പിക്കുന്നു. അതുപോലെതന്നെ, മിശിഹായുടെ ഉയിര്‍പ്പു നല്കുന്ന എറ്റവും വലിയ ഉറപ്പ്, മിശിഹായില്‍ മരിക്കുന്ന എല്ലാവരും ഉയിര്‍പ്പിക്കപ്പെടും എന്നതാണ്. മനുഷ്യവര്‍ഗത്തിന്റെയും സമസ്തലോകത്തിന്റെയും രക്ഷ മിശിഹായുടെ ഉയിര്‍പ്പിലൂടെ യാഥാര്‍ത്ഥ്യമായെന്ന് പൗലോസ്ശ്ലീഹാ വ്യക്തമാക്കുന്നു.
ഈശോയുടെ ഉത്ഥാനത്തെക്കുറിച്ചാണ് യോഹന്നാന്‍ സുവിശേഷകനും നമ്മോടു പറയുന്നത്. ഈശോയുടെ ഉത്ഥാനത്തിനുള്ള ഏറ്റവും ശക്തമായ തെളിവായി പുതിയ നിയമം എടുത്തുകാണിക്കുന്നത് ശൂന്യമായ കല്ലറയാണ്. മഗ്ദലനമറിയം ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ ശവകുടീരത്തിന്റെ സമീപത്തേക്കു പോകുന്നു. അവിടെയെത്തിയപ്പോള്‍ ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതുകണ്ട് അവള്‍ സംഭ്രമിച്ചുപോയി. എങ്കിലും, മനോധൈര്യം കൈവിടാതെ അവള്‍ ഉടനെ ഓടി പത്രോസിനെയും യോഹന്നാനെയും കാര്യം അറിയിച്ചു. കല്ലറയിലേക്കു കുനിഞ്ഞുനോക്കിയ യോഹന്നാനും, ഇറങ്ങിനോക്കിയ പത്രോസും മറിയം സാക്ഷ്യപ്പെടുത്തിയതുപോലെ ശൂന്യമായ കല്ലറയും ഈശോയുടെ ശരീരം പൊതിഞ്ഞ കച്ചയും തലയില്‍ കെട്ടിയിരുന്ന തൂവാലയും മാത്രമേ കണ്ടുള്ളൂ. കല്ലറയുടെ കല്ല് മാറ്റപ്പെട്ടിരിക്കുന്നു എന്നതും അവര്‍ കല്ലറയില്‍ പ്രവേശിച്ച് കണ്ടുവിശ്വസിച്ചു എന്നതും നിയമത്തില്‍ മറയപ്പെട്ടിരുന്ന രഹസ്യം മാറ്റപ്പെടുന്നതിനെയും ദൈവികവെളിപാടിനെയും സൂചിപ്പിക്കുന്നുവെന്ന് വിശുദ്ധ ബീഡ് വ്യാഖ്യാനിച്ചിട്ടുണ്ട്. പാപംചെയ്ത് തിരസ്‌കൃതനാകുന്നതിനു മുമ്പ് ആയിരുന്നതുപോലെ, വസ്ത്രത്തിന്റെ മറകൂടാതെ ആദത്തിനു പറുദീസായില്‍ പ്രവേശിക്കുന്നതിനുവേണ്ടിയാണ് അവിടുന്ന് കല്ലറയില്‍ വസ്ത്രം ഉപേക്ഷിച്ചതെന്നു പൗരസ്ത്യസുറിയാനി സഭാപിതാവായ മാര്‍ അപ്രേം പ്രസ്താവിക്കുന്നു.
ഈശോയുടെ ശരീരം ശിഷ്യന്മാര്‍ മോഷ്ടിച്ചുകൊണ്ടുപോയി എന്ന വാദത്തെ പൗരസ്ത്യസഭാപിതാവായ മാര്‍ നര്‍സായി 'ഉത്ഥാനഞായര്‍' എന്ന തന്റെ പ്രസംഗത്തില്‍ ശക്തിയുക്തം എതിര്‍ക്കുന്നുണ്ട്. ഭീരുക്കളും ഭയചകിതരുമായിരുന്ന ശിഷ്യന്മാര്‍ സര്‍വസന്നാഹങ്ങളുമായി നില്ക്കുന്ന കാവല്‍ക്കാരെയും സാമാന്യഗതിയില്‍ ഉരുട്ടിമാറ്റാനാവാത്ത വലിയ കല്ലുകൊണ്ടടച്ച് മുദ്രവച്ചതുമായ കല്ലറയില്‍നിന്ന് ഈശോയുടെ ശരീരം മോഷ്ടിക്കാന്‍ തുനിയുമോ? അഥവാ, ഈശോയെ ശിഷ്യന്മാര്‍ മോഷ്ടിച്ചുകൊണ്ടുപോയെങ്കില്‍, അവന്റെ ശരീരം പൊതിഞ്ഞിരുന്ന കച്ച മാത്രം അഴിച്ചുവയ്ക്കാനായി ശിഷ്യന്മാര്‍ കല്ലറയില്‍ സമയം ചെലവഴിക്കുമോ? ഈശോയുടെ തലയില്‍ കെട്ടിയിരുന്ന തൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്ത് ചുരുട്ടിവയ്ക്കാനാണോ (യോഹ 20:5-7) ഇരുളില്‍ ഓടി മറയാനാണോ ശിഷ്യന്മാര്‍ ശ്രമിക്കുകയെന്ന് മാര്‍ നര്‍സായി ചോദിക്കുന്നു. പടയാളികളോ ഈശോയുടെ ശത്രുക്കളോ ശരീരം മോഷ്ടിച്ചുവെന്നു കരുതാനാവില്ലെന്നും മാര്‍ നര്‍സായി പറയുന്നു. കാരണം, ഈശോയുടെ ശരീരം കല്ലറയില്‍ത്തന്നെ ഉണ്ടാകണമെന്നത് മറ്റാരെയുംകാള്‍ അവരുടെ ആവശ്യമായിരുന്നല്ലോ.
ശൂന്യമായ കല്ലറ കണ്ട് പത്രോസും യോഹന്നാനും മടങ്ങിപ്പോയെങ്കിലും, മഗ്ദലനമറിയം തിരിച്ചുപോകാന്‍ കൂട്ടാക്കിയില്ല. അവള്‍ കല്ലറയ്ക്കു വെളിയില്‍ കരഞ്ഞുകൊണ്ടിരുന്നു. മറിയം തന്റെ വേദനയുടെ ആധിക്യവും പരിഭവത്തിന്റെ ആഴവും കല്ലറയുടെ ഇരുവശത്തുമായി നിലയുറപ്പിച്ചിരുന്ന ദൂതന്മാരുമായി പങ്കുവയ്ക്കുന്ന വേളയിലാണ് ഉത്ഥിതന്‍ പ്രത്യക്ഷപ്പെട്ട് ഉത്ഥാനരഹസ്യത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാന്‍ അവളോട് ആവശ്യപ്പെടുന്നത്. ഉത്ഥാനരഹസ്യം സാക്ഷ്യപ്പെടുത്തേണ്ട ചരിത്രസത്യമാണ്. തന്മൂലം ശ്ലീഹന്മാരുടെ ശ്ലീഹയായ മഗ്ദലനമറിയത്തെപ്പോലെ ഈശോയുടെ ഉത്ഥാനരഹസ്യത്തെക്കുറിച്ച് മറ്റുള്ളവരോടു പ്രഘോഷിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്. സാക്ഷ്യം വഹിക്കാത്തവന്‍ ഉത്ഥാനത്തില്‍ വിശ്വസിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈശോയുടെ ഉത്ഥാനത്തിനു വാക്കുകളിലൂടെയും ജീവിതത്തിലൂടെയും സാക്ഷികളാകാന്‍ മഗ്ദലനമറിയത്തിന്റെ മഹനീയമാതൃക നമ്മള്‍ പിന്തുടരണം. നമ്മുടെ കര്‍ത്താവ് വസ്ത്രമുപേക്ഷിച്ച് മഹത്ത്വത്തിലേക്കു പ്രവേശിച്ചതുപോലെ നമ്മളും മഹത്ത്വത്തിലേക്കു പ്രവേശിക്കുന്നതു നമ്മുടെ വസ്ത്രങ്ങളുമായല്ല; മറിച്ച്, നമ്മുടെ പ്രവൃത്തികളുമായാണെന്ന് മാര്‍ അപ്രേം പറയുന്നു. ഉത്ഥാനവിശ്വാസമില്ലാത്ത ക്രൈസ്തവവിശ്വാസത്തെ 'ക്രൈസ്തവം' എന്നോ 'വിശ്വാസം' എന്നോ പറയാനാവില്ലെന്ന് 'പ്രത്യാശയുടെ ദൈവശാസ്ത്രം' എന്ന ഗ്രന്ഥത്തില്‍ ബൈബിള്‍പണ്ഡിതനും ദൈവശാസ്ത്രജ്ഞനുമായ യൂര്‍ഗന്‍ മോര്‍ട്ട്മാന്‍ പറയുന്നു. ആയതിനാല്‍, മിശിഹായുടെ ഉത്ഥാനത്തില്‍ കേന്ദ്രീകൃതമായ വിശ്വാസത്തെ വളര്‍ത്തിയെടുക്കാനും, അതനുസരിച്ചു ജീവിക്കാനും പരിശ്രമിക്കുമ്പോഴാണ് ഈശോയുടെ ഉത്ഥാനത്തിനു നമ്മളും സാക്ഷികളായിത്തീരുന്നത്.
കൊവിഡ് മഹാമാരി വിട്ടൊഴിയുന്ന ഈ സന്ദര്‍ഭത്തില്‍ കൊവിഡിനെക്കാളും മാരകമായ യുദ്ധകാഹളധ്വനികളാണ് നമുക്കുചുറ്റും മുഴങ്ങുന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ആയിരങ്ങളുടെ ജീവനാണു പൊലിയുന്നത്. പ്രാണരക്ഷാര്‍ത്ഥം അനേകമാളുകള്‍ നാടും വീടും ഉപേക്ഷിച്ചു പലായനം ചെയ്യുന്നു. ഇങ്ങനെയുള്ള പ്രതിസന്ധിഘട്ടത്തില്‍ പ്രത്യാശയുടെയും പ്രതീക്ഷയുടെയും സന്ദേശമാണ് ഉയിര്‍പ്പുതിരുനാള്‍ പങ്കുവയ്ക്കുന്നത്. പരസ്പരം കലഹിക്കുകയും കൊലവിളികള്‍ നടത്തുകയും ചെയ്യുന്ന അസ്ഥികളുടെ താഴ്‌വരയില്‍നിന്ന് പുതുജീവന്റെയും സ്‌നേഹത്തിന്റെയും നാമ്പുകള്‍ മുളയെടുക്കാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം. ഉത്ഥിതന്‍ നല്കുന്ന സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും പാറിപ്പറക്കാന്‍ ഈസ്റ്റര്‍ ഇടവരുത്തട്ടെ.