മലയാളകവിതാചരിത്രത്തിലെ സാമ്പ്രദായികരീതികളെ ഉല്ലംഘിച്ചുകൊണ്ട് അരികുവത്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങള്‍ക്കു മുഖ്യധാരയിലേക്കു കടന്നുവരാന്‍ ഉത്തരാധുനികകാലഘട്ടം സാഹചര്യമൊരുക്കി. അദൃശ്യവത്കരിക്കപ്പെട്ടിരുന്ന പല സാമൂഹികവിഭാഗങ്ങള്‍ക്കും മുഖ്യധാരയില്‍ ദൃശ്യത ലഭിക്കുന്നതിന് ഈ ഭാവുകത്വവ്യതിയാനം കാരണമായി. എന്നാല്‍, അപ്പോഴും ഓരങ്ങളില്‍നിന്നു കേന്ദ്രത്തിലേക്ക് എത്തിപ്പെടാന്‍ സാധിക്കാതിരുന്ന ജനവിഭാഗമാണു കേരളത്തിലെ ആദിവാസി ഗോത്രജനത. അതുകൊണ്ടു തന്നെ മലയാളകവിതാസാഹിത്യത്തില്‍ സമീപകാലത്തു കണ്ടുവരുന്ന ഗോത്രകവികളുടെ സാന്നിധ്യം മുഖ്യധാരാ മലയാളകവികള്‍ സൃഷ്ടിച്ച ഭാവുകത്വത്തെ ചോദ്യം ചെയ്യുന്നതിന്റെയും വിനിര്‍മിക്കുന്നതിന്റെയും കാഴ്ചകള്‍ കാണാം.
മലയാളസാഹിത്യത്തില്‍ മുമ്പും ആദിവാസി ഗോത്രജനതയും ഗോത്രജീവിതവും സ്ഥാനപ്പെട്ടിട്ടുണ്ട്. ഉറൂബ്, പി. വത്സല, കെ.ജെ. ബേബി, ടി.സി. ജോണ്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍ തുടങ്ങിയ എഴുത്തുകാര്‍ ഈ വിഷയങ്ങളെ മലയാളസാഹിത്യലോകത്തു ചര്‍ച്ചയാക്കിയവരാണ്. ആദിവാസി ഗോത്രജനവിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത വരേണ്യരായ ഇത്തരം എഴുത്തുകാരിലൂടെ ആഖ്യാനം ചെയ്യപ്പെടുന്ന ആദിവാസി ഗോത്രജീവിതചിത്രം പലപ്പോഴും സമാനതയുള്ളവയാണ്. ആദിവാസിയെന്നാല്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നവരാണ് എന്നൊരു വിവക്ഷ ചില സാഹിത്യകൃതികളും സിനിമകളും സ്ഥാപിച്ചെടുക്കുന്നുണ്ടെന്നും ചൂഷണങ്ങള്‍ക്ക് അടിമപ്പെട്ട ഒരു ജനതയായി ഗോത്രജനതയെ ആവിഷ്‌കരിക്കുന്ന ഇത്തരം സാഹിത്യസൃഷ്ടികള്‍ പ്രതിരോധത്തിന്റെ ഭാഷയെ അദൃശ്യമാക്കുന്നുവെന്നുമുള്ള ഡോ. നാരായണന്‍ എം.എസിന്റെ നിരീക്ഷണം സാംഗത്യമുള്ളതാണ്. അതുകൊണ്ടുതന്നെ ആദിവാസി ഗോത്രജനവിഭാഗത്തിന്റെ ഭാഗമായ കവികളുടെ കടന്നുവരവ് വാക്മാതൃകകളെ നിര്‍മിച്ചുകൊണ്ട് ഒരു നവഭാവുകത്വത്തെ കവിതയ്ക്കു പ്രദാനം ചെയ്യുമെന്നതില്‍ സംശയമില്ല. മാത്രമല്ല, കര്‍ത്തൃസ്ഥാനം നിഷേധിക്കപ്പെട്ടിരുന്ന ഗോത്രജനതയ്ക്ക് അതു നേടിയെടുക്കുന്നതിനുകൂടി ഗോത്രകവിതകളുടെ രംഗപ്രവേശം സഹായകമാകുന്നുണ്ട്.
വരേണ്യമായ മുഖ്യധാരാ സാഹിത്യത്തിന്റെ ശാഖയായോ ദളിത് സാഹിത്യത്തിന്റെ സഹോദരപ്രസ്ഥാനമായോ അല്ല ഗോത്രസാഹിത്യത്തെ നോക്കിക്കാണേണ്ടത്. ഗോത്രസാഹിത്യം അതില്‍ത്തന്നെ സവിശേഷതകളുള്ളതും പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. അതുകൊണ്ടാണ് ഗോത്രകവിതയെ കേരളത്തിലെ ദളിത് സാഹിത്യത്തോടു ചേര്‍ത്തു വായിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അതിനെ ഗോത്രസാഹിത്യമെന്നുതന്നെ വേണം വിളിക്കാനെന്നും ഗോത്രകവിയായ അശോകന്‍ മറയൂര്‍ അഭിപ്രായപ്പെടുന്നത്.
കേരളത്തിലെ പുതിയ ഗോത്രകവികള്‍ തങ്ങളുടെ സാഹിത്യസൃഷ്ടികളിലൂടെ അദൃശ്യവത്കരിക്കപ്പെട്ടിരുന്ന നിരവധി ഗോത്രഭാഷകളുടെ വീണ്ടെടുപ്പുകൂടി സാധ്യമാക്കുന്നുണ്ട് എന്നത് ഗോത്രകവിതയുടെ ഭാഷാപരമായ സവിശേഷതയാണ്. ഭാഷ ഒരു അധികാരപ്രയോഗംകൂടിയാണ് എന്ന തിരിച്ചറിവും വ്യവസ്ഥാപിതഭാഷയോടുള്ള കലഹവും ഈ കവിതകളില്‍ വായിച്ചെടുക്കാനാവും. ഓരോ സമൂഹത്തിലും അധീശത്വം പുലര്‍ത്തുന്ന അധികാരശക്തികളുടെ പ്രത്യയശാസ്ത്രങ്ങള്‍ അവരുടെ ഭാഷയില്‍നിന്നു മനസ്സിലാക്കാനാവും. ''വരമൊഴിയിലില്ലെന്നേയുള്ളൂ/ ഞങ്ങള്‍ക്കു വാമൊഴിയുണ്ട്/ തുളുമൊഴിയുടെ ചൂരുള്ള വാമൊഴി'' എന്ന് രാഗേഷ് നീലേശ്വരം 'വരമൊഴി' എന്ന കവിതയില്‍ എഴുതുന്നുണ്ട്. അതുകൊണ്ടുതന്നെ വാമൊഴിയിലുള്ള ഗോത്രഭാഷയുടെ വീണ്ടെടുപ്പ്, ഗോത്രകവിതയുടെ ഏറ്റവും പ്രധാന സവിശേഷതയാണ്. മുള്ളുവക്കുറുമരുടെ ഗോത്രഭാഷയിലെഴുതുന്ന അശോക് കുമാര്‍, റാവുളഭാഷയിലെഴുതുന്ന സുകുമാരന്‍ ചാലിഗദ്ധ, മുതുവാന്‍ഭാഷ ഉപയോഗിക്കുന്ന അശോകന്‍ മറയൂര്‍, മാവിലാന്‍ തുളു ഗോത്രഭാഷയില്‍ കാവ്യരചന നടത്തുന്ന ധന്യ വേങ്ങച്ചേരിയും സുരേഷ് മഞ്ഞളാമ്പാറയും, ഇരുളഭാഷയില്‍ കവിതയെഴുതുന്ന മണികണ്ഠന്‍ അട്ടപ്പാടി, കാടര്‍ഭാഷയില്‍ എഴുതുന്ന ദിവ്യ കെ. തുടങ്ങിയ ഗോത്രകവികള്‍ ദമിതമാക്കപ്പെട്ട തങ്ങളുടെ ഭാഷകളുടെ വീണ്ടെടുപ്പുകൂടി കവിതാരചനയിലൂടെ സാധ്യമാക്കുന്നുണ്ട്.
ഗോത്രജനതയുടെ ജീവിതവും സംസ്‌കാരവും ഇത്തരം ഗോത്രകവിതകളില്‍ തെളിമയോടെ കാണാനാകും. ഗോത്രജനതയുടെ ജീവിതത്തെ അടിമുടി ചൂഴ്ന്നു നില്‍ക്കുന്ന ദാരിദ്ര്യത്തെ ഗോത്രകവികള്‍ ആഖ്യാനം ചെയ്യുമ്പോള്‍ വസ്ത്രം ഒരു പ്രധാനബിംബമായി കവിതയില്‍ കടന്നുവരുന്നതായി കാണാം. അച്ഛന്റെ മുണ്ടിലൊരു/ മൂല കീറിയെടുത്ത്/ എന്റെ കയറുപൊട്ടിയ/ പൂവിട്ട പാവാടയ്ക്ക്/ കയര്‍ കോര്‍ത്തിട്ട്/ അര വേദനിക്കെ/ മുറുക്കി മുറുക്കിക്കെട്ടി/ പുണ്ണായയിടമെല്ലാം/ കറത്തപോലെ/ ഞാനോടി നടന്ന കാടിത് എന്ന് അശോകന്‍ മറയൂര്‍ എഴുതുമ്പോള്‍ ഗോത്രജനതയുടെ ജീവിതം ആ വരികളില്‍ തെളിയുന്നുണ്ട്. തന്റെ 'പൊടവ' എന്ന കവിതയിലും വസ്ത്രം എന്ന ബിംബത്തെ അദ്ദേഹം ഉപയോഗിക്കുന്നതു കാണാം. കൊല്ലത്തിലൊരിക്കല്‍ പൊങ്കാലയ്ക്കു വാങ്ങിക്കുന്ന ഒരു സാരികൊണ്ടാണ് മുതുവാന്‍ ഗോത്രത്തിലെ സ്ത്രീകള്‍ ഒരു വര്‍ഷം ജീവിക്കുന്നത്. ഒരു മൂല അലക്കിക്കെട്ടി/ മറുമൂല അലക്കി വിരിച്ച്/ മീനും ഞണ്ടും കോരണ പുടവ/ മുതുകില്‍ കുഞ്ഞിനെപ്പൂണ്ട്/ കാമ്പോടെ ചീരനുള്ളി/ മടിയില്‍ കെട്ടിവച്ച പുടവ എന്ന വരികളില്‍ കേവലം ശരീരത്തെ മറയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതിനപ്പുറം ഗോത്രജീവിതത്തില്‍ വസ്ത്രം വഹിക്കുന്ന പങ്കിനെ വ്യക്തമാക്കുന്നുണ്ട്. 'ഒരു മൂല വിരിച്ചുകിടക്കാനും മറുമൂല പുതച്ചു കിടക്കാനും' ഉപയോഗിക്കുന്ന ഇതേ പുടവയാണ് ജീവിതനൈരാശ്യത്തിലുള്ള ആത്മാഹുതിക്കും ഗോത്രജനത പ്രയോജനപ്പെടുത്തുന്നത് എന്നു കവി എഴുതുന്നു. ആയിരം മുള്ളിനാല്‍ കീറിയാലും/ അലക്കിയലക്കിപ്പിഞ്ഞിയാലും തയ്ച്ചു തയ്ച്ചു മടുത്താലും/ മാനം പോയാല്‍ തൂങ്ങി മരിപ്പതും പൊടവയിലേ എന്ന് എഴുതുമ്പോള്‍ 'പൊടവ' എന്ന ബിംബത്തെ ഉപയോഗിച്ച് ഗോത്രജീവിതത്തെത്തന്നെ അടയാളപ്പെടുത്തുന്നതു കാണാം. 'പൊറമല' എന്ന തന്റെ കവിതയില്‍ 'നാമെല്ലാം തുണിയുടുത്തിട്ട് ഒരു നൂറ്റാണ്ടായിക്കാണുമോ' എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. അമ്മയ്ക്കു തുന്നിക്കൊടുത്ത ആകാശത്തുണി/ കീറിപ്പറിഞ്ഞു വീണുപോയി/ കൂവപ്പൂമുന സൂചിയാക്കി/ പുഴ പായപ്പുല്ലു പുതപ്പുണ്ടാക്കി എന്ന 'തുണി'യെന്ന കവിതയിലെ സുകുമാരന്‍ ചാലിഗദ്ധയുടെ വരികള്‍ ഇതേ ആശയമാണു വിളംബരം ചെയ്യുന്നത്.
ഗോത്രജനതയുടെ ജീവിതസംസ്‌കാരവും ആചാരവിശ്വാസങ്ങളും ഗോത്രകവിതയില്‍ സ്ഥാനപ്പെടുന്നുണ്ട്. വരേണ്യദൈവസങ്കല്പങ്ങളില്‍നിന്നു വ്യത്യസ്തമാണ് ഗോത്രജനതയുടെ ദൈവസങ്കല്പങ്ങള്‍. പൂര്‍വികന്മാര്‍ക്കു ദൈവതുല്യമായ സ്ഥാനം നല്‍കി ആചരിക്കുന്ന രീതി ഗോത്രജനതയ്ക്കുണ്ട്. ഊരുസഭ ഏറിയാലും/ വംശത്തില്‍നിന്നേ പുറന്തള്ളിയാലും/ കാരണവന്മാര് തുണ നമുക്ക് എന്ന 'പൊറമല' എന്ന കവിതയിലെ വരികള്‍ ഈ വിശ്വാസത്തിന്റെ നിദര്‍ശനമാണ്.
'നിലാനിറപ്പെണ്ണും കാട്ടുകത'യും എന്ന കവിതയിലെ ഞാന്‍ മരിച്ചാലും/ വീണ്ടും പിറക്കുംവരെ/ എനിക്കായ് കാത്തുവയ്ക്കും/ ഈ വനദൈവങ്ങള്‍ എന്ന വരികള്‍ വനത്തെ ആത്മീയതയോടു കൂട്ടി വിളക്കുന്നതിന്റെ ഉദാഹരണമാണ്. ബേടടുക്ക പഞ്ചായത്തിലെ ചുള്ളിയിലുള്ള ചൈമര്‍ മാടിയില്‍ പ്രപഞ്ചശക്തിയായിക്കണ്ട് ആരാധിക്കുന്ന ചൈമര്‍ എന്ന മായാപ്പൂതത്തിന്റെ കഥയാണ് രാഗേഷ് നീലേശ്വരം 'ചൈമറ്' എന്ന കവിതയില്‍ ആഖ്യാനം ചെയ്യുന്നത്. തൂണുകള്‍ നാട്ടി ഓലക്കീറുകൊണ്ട് മേല്‍ക്കൂര തീര്‍ത്ത് അതിനുള്ളില്‍ തെയ്യങ്ങളെ കുടിയിരുത്തുന്നതിന്റെ ചിത്രം അദ്ദേഹത്തിന്റെ 'പതി' എന്ന കവിതയില്‍ കാണാം.
ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ വനപ്രദേശങ്ങളിലേക്കുണ്ടായ ശക്തമായ കുടിയേറ്റം പോലുള്ള ഭൗമാധിനിവേശങ്ങളും അതിന്റെ ഭാഗമായിരുന്ന സാംസ്‌കാരികാധിനിവേശവും ഗോത്രജീവിതത്തില്‍ സൃഷ്ടിച്ച പ്രതിസന്ധികളെ ഗോത്രകവികള്‍ അടയാളപ്പെടുത്തുന്നുണ്ട്. പി. ശിവലിംഗന്റെ 'പുറത്ത്' എന്ന കവിതയില്‍ അദ്ദേഹം എഴുതുന്നു: ഞങ്ങള്‍ ജീവിച്ചു കാട്ടില്‍/ കുടിയേറ്റക്കാര്‍ വന്നു കാട്ടിലേക്ക്/ പിന്നെയും ഞങ്ങള്‍ പുറത്ത്/ ഇനി നമ്മള്‍ എപ്പോഴാണ് അകത്തേക്ക്? ഭയന്നു ഭയന്ന് വാഴുന്നു ഈ കാട്ടുകിളികള്‍/ കൂട്ടിനുള്ളില്‍നിന്നു പുറത്തിറങ്ങാന്‍പോലും ഭയപ്പെടുന്നു എന്ന മണികണ്ഠന്‍ അട്ടപ്പാടിയുടെ വരികള്‍ അധിനിവേശങ്ങള്‍ ഗോത്രജനതയില്‍ സൃഷ്ടിച്ച ഭയത്തെയാണു വ്യക്തമാക്കുന്നത്. വനവിഭവങ്ങള്‍കൊണ്ടു സംതൃപ്തരായിരുന്ന ഗോത്രജനതയില്‍ വിശപ്പ് കടന്നുവരുന്നതു ഭൂവധിനിവേശാനന്തരമാണ്. മണ്ണു കിളച്ചു വിത്തുവിതച്ച് കൊയ്‌തെടുത്തത് അവനായിരുന്നിട്ടും/ ഇപ്പോഴും ഉണ്ണുന്നതു മറ്റുള്ളവരല്ലേ എന്നു കറുത്തപാട്ട് എന്ന കവിതയില്‍ കിഴക്കേടത്ത് ബാലകൃഷ്ണന്‍ ചോദിക്കുന്നു. വിശന്നു കരയുന്ന വയറ്റില്‍/ചൂട്ടു കത്തിച്ചെറിഞ്ഞതാര് എന്നും വിശക്കുന്നുണ്ട് എന്നു പറഞ്ഞാല്‍/ വയറ്റത്തു ചവിട്ടിയരയ്ക്കുന്നുവെന്നും 'വിശപ്പ്'എന്ന കവിതയില്‍ മണികണ്ഠന്‍ അട്ടപ്പാടി എഴുതുന്നു.
അറിവും തിരിവും ഇല്ലാത്ത നമ്മുടെ കുഞ്ഞുങ്ങളെ/ മയക്കി ക്കൊണ്ടുപോയി/ വലിയ കുഴിയില്‍ താഴ്ത്തുന്ന/ പുതിയ കാലത്തിന്റെ എന്ന വരികള്‍ ഗോത്രസംസ്‌കാരത്തെ ശിഥിലമാക്കുന്ന സാംസ്‌കാരികാധിനിവേശത്തിന്റെ സൂചന നല്കുന്നു. മഞ്ഞും മഴയും വെയിലുംകൊണ്ട് ഞങ്ങള്‍ക്കു കാവലായി നിന്ന കുലദേവതകള്‍/ ടൈല്‍സ് പതിച്ച കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുള്ളില്‍/ ഒരു വിളിക്ക് ഒന്‍പതു കുറ്റാട്ടുമെന്ന് കള്ളംപറഞ്ഞ്/ വാതിലടച്ച് ഉറങ്ങുകയാണ് എന്ന ചതിയിലെ വരികളും ഇതേ ആശയമാണു പങ്കുവയ്ക്കുന്നത്. 'മാറിയ കാലം' എന്ന സുരേഷ് എം. മാവിലന്റെ കവിതയും ഈ സാംസ്‌കാരികാധിനിവേശത്തെ അടയാളപ്പെടുത്തുന്നതാണ്. സുകുമാരന്‍ ചാലിഗദ്ധയുടെ കൂവി എന്ന കവിത അധിനിവേശാനന്തരം ഉണ്ടായ സാംസ്‌കാരികവ്യതിയാനത്തിന്റെ ചിത്രം അവതരിപ്പിക്കുന്ന കവിതയാണ്.
ഗോത്രകവികളാല്‍ സൃഷ്ടിക്കപ്പെടുന്ന ഈ പുത്തനുണര്‍വ് കവിതാലോകത്തിന് ഒരു നവഭാവുകത്വത്തെ പ്രദാനം ചെയ്തു വെന്നത് വാസ്തവമാണ്. വഴിതെറ്റി യാത്ര ചെയ്ത മനുഷ്യര്‍ക്കു മുന്നില്‍ വാതിലായ ഒരു വഴിയെക്കുറിച്ച് 'വഴി' എന്ന കവിതയില്‍ ക്രിസ്റ്റി ഇലക്കണ്ണന്‍ എഴുതുന്നുണ്ട്. ഗോത്രകവിത ഗോത്രജീവിതത്തിലേക്കു തുറന്നിട്ട സമാനമായൊരു വാതിലായി കാണാം. ആ വാതില്‍ തുറന്ന് ഉള്ളില്‍ കടന്നപ്പോള്‍ കവി കണ്ട മിന്നാമിനുങ്ങുകളാകട്ടെ, ഗോത്രജനതയുടെ പുത്തന്‍ പ്രതീക്ഷകളും.