പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ഓരോ ലക്കവും എഴുതുന്നു:
കൊറോണക്കാലത്തിനും മാസ്‌കുകള്‍ മുഖം മൂടുന്നതിനും മുമ്പുള്ള കാലത്ത് പാതിതുറന്ന വായും മൂക്കടപ്പുമായി ഒ.പി.യിലേക്കു വന്ന മൂന്നു വയസ്സുകാരന്‍. അവന്റെ അമ്മയോട് ഡോക്ടര്‍:
''കുഞ്ഞിനു കൂര്‍ക്കംവലിയുണേ്ടാ?''
ഒരു ചെറുചിരിയോടെ അമ്മ പറഞ്ഞു:
''ഓ, അതു പാരമ്പര്യമായി കുടുംബത്തില്‍ എല്ലാവര്‍ക്കുമുള്ളതാ.''
മേല്‍പ്പറഞ്ഞപോലെ കൂര്‍ക്കംവലിക്കു പാരമ്പര്യമായ കാരണങ്ങളുണ്ടാകാമെങ്കിലും അങ്ങനെ നിസ്സാരമാക്കാവുന്ന ഒന്നല്ല കുഞ്ഞുങ്ങളിലെ കൂര്‍ക്കംവലിയും അതിനോടനുബന്ധിച്ചുള്ള നിദ്രാവേളയിലെ ശ്വസനതടസ്സവും (സ്ലീപ് അപ്നിയ). ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ ((OSA) എന്നാല്‍ ശ്വസനപാതയുടെ മുകള്‍ഭാഗത്തുണ്ടാകുന്ന തടസ്സങ്ങള്‍മൂലം ഉറക്കത്തിനിടെയുണ്ടാകുന്ന ശ്വാസവിരാമങ്ങളാണ് (അപ്നിയാസ്). ഇതിന്റെ പ്രധാന കാരണങ്ങള്‍ അഡിനോയ്ഡ് - ടോണ്‍സില്‍ ഗ്രന്ഥികളുടെ വീക്കം, അമിതവണ്ണം, ജന്മനാ ഉള്ള വൈകല്യങ്ങള്‍ - ഉദാ: ഡൗണ്‍സ് സിന്‍ഡ്രോം പോലെയുള്ള ജനിതകവൈകല്യങ്ങള്‍.
OSAയുടെ പ്രധാന ലക്ഷണങ്ങള്‍ കൂര്‍ക്കംവലി, വായ തുറന്നുള്ള ശ്വസനം, ഉറക്കത്തിനിടെ തുടരെയുള്ള ഉണര്‍ന്നെണീല്‍ക്കല്‍, തിരിഞ്ഞും മറിഞ്ഞും കിടക്കുക, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസവിരാമങ്ങള്‍, കിടക്കയില്‍കിടന്നു മൂത്രമൊഴിക്കുക, അമിതമായ വിയര്‍ക്കല്‍ എന്നിവയാണ്. ഇതുകൂടാതെ ആഹാരം കഴിക്കാന്‍ മടി, വളര്‍ച്ചക്കുറവ്, സ്വഭാവവ്യത്യാസം, അമിതദേഷ്യം, ഹൈപ്പര്‍ ആക്ടിവിറ്റി, ശ്രദ്ധയില്ലായ്മ, പഠനത്തില്‍ താത്പര്യക്കുറവ്, കൂടുതല്‍ പകലുറക്കം എന്നിവയുണ്ടാകാം.
കൃത്യമായ വിവരണങ്ങളിലൂടെയും (ഉദാ: കുട്ടി ഉറങ്ങുന്നതിന്റെ ഓഡിയോ-വീഡിയോ ദൃശ്യങ്ങള്‍) വിശദമായ പരിശോധനകളിലൂടെയും OSA കണ്ടുപിടിക്കാവുന്നതാണ്. മൂക്ക്-തൊണ്ട എന്നിവയുടെ പരിശോധനയോടൊപ്പം എക്‌സ്‌റേ, സി.റ്റി. സ്‌കാന്‍, മൂക്കിന്റെ എന്‍ഡോസ്‌കോപി എന്നിവയും കുട്ടിയുടെ പ്രായമനുസരിച്ചു ചെയ്യാവുന്നതാണ്. നിദ്രാപഠനം (Sleep Study) OSA യുടെ വിശദാംശങ്ങള്‍ നല്കുന്ന ഒന്നാണ്. കൂടുതലും മുതിര്‍ന്നവരിലാണ് നിദ്രാപഠനം സാധാരണമായി നടത്താറുള്ളത്.
OSA യുടെ ചികിത്സാരീതികള്‍ പ്രധാനമായും നാലു തരത്തിലാണ്.
1. ഭക്ഷണരീതി ക്രമപ്പെടുത്തല്‍(Diet),, വ്യായാമം പ്രത്യേകിച്ചും അമിതവണ്ണമുള്ള കുട്ടികളില്‍.
2. മരുന്നുകള്‍: മൂക്കിനുള്ളില്‍ അടിക്കാവുന്ന സ്‌പ്രേകള്‍, അലര്‍ജി നിയന്ത്രിക്കുന്ന മരുന്നുകള്‍.
3. ശസ്ത്രക്രിയ:
അഡിനോയ്ഡ് - ടോണ്‍സില്‍ ഗ്രന്ഥികള്‍ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ. ഇതില്‍ത്തന്നെ Coblutor എന്ന നൂതന ചികിത്സാസംവിധാനം വളരെ സഹായകമായ ഒന്നാണ്.
താടിയെല്ലിന്റെ ആകൃതി ശരിയാക്കുന്നതിനുള്ള ശസ്ത്രക്രിയ.
നാക്കിന്റെ വലുപ്പക്കൂടുതല്‍ ചുരുക്കുന്നതിനുള്ള ശസ്ത്രക്രിയ.
4. കന്റിന്യൂയസ് പോസിറ്റീവ് എയര്‍വേ പ്രെഷര്‍ (CPAP) മെഷീന്‍ - മേല്‍പ്പറഞ്ഞ ചികിത്സകള്‍ ഫലിക്കാതെ വരികയോ, ചെയ്യാന്‍ സാധിക്കാതെ വരികയോ ചെയ്യുമ്പോള്‍.