•  28 Nov 2024
  •  ദീപം 57
  •  നാളം 38
പ്രണയ പാഠാവലി

പ്രണയത്തിന്റെ ശിലാരേഖകള്‍

പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട പ്രണയവുമായി വിവാഹജീവിതത്തിലേക്കു കടന്നുവരുന്നവര്‍ അഞ്ചു തരത്തിലുണ്ട്. പ്രണയിക്കുകയും വെല്ലുവിളികളെ ഏറ്റെടുത്ത് ഒരുമിച്ചുജീവിക്കുവാന്‍ കെല്പില്ലാത്തതിനാല്‍ പിരിയുകയും ചെയ്തവര്‍, ഹൃദയരഹസ്യമാക്കി കൊണ്ടുനടക്കുന്നവര്‍, തിരസ്‌കരിക്കപ്പെട്ടവര്‍, ചതിക്കപ്പെട്ടവര്‍, ടൈംപാസ് മനോഭാവക്കാര്‍ എന്നിങ്ങനെ പ്രണയിച്ചു പിരിഞ്ഞവരെക്കുറിച്ചാണ് ഇന്നത്തെ ആലോചന. ഇവര്‍ക്കും തരണം ചെയ്യേണ്ടതായ മൂന്നു ഘട്ടങ്ങള്‍ മുന്നിലുണ്ടാവും. കാല്പനിക-യാഥാര്‍ത്ഥ്യ-സമവായഘട്ടങ്ങള്‍.
കാല്പനികത വലിയ പ്രതിസന്ധികളില്‍പ്പെടാം. അതിന്റെ പ്രകടനപരതയും ആനുഭവികതയും ഒളിമങ്ങിയതാവാം. എത്രയായാലും അതൊരു നവ്യാനുഭവമല്ലല്ലോ. പൂര്‍വ്വകാലത്തും ഇതര ഭൂമികയിലുമാണ് ചുവടുറച്ചിരിക്കുക. ഇന്നിലേക്ക് അതിന് നൈരന്തര്യമുണ്ട്.
ഏതൊരു വ്യക്തിക്കുമെന്നതുപോലെ, ആദ്യപ്രണയത്തിലെ കാല്പനികഘട്ടം സവിശേഷമാണ്. അതിനൊരു നിത്യനൂതനത്വം അവകാശപ്പെടാം. അന്ന് അനുരാഗത്തിന്റെ സമ്മോഹന ലിപികള്‍, പരസ്പരം ഹൃദയഫലകങ്ങളില്‍ എഴുതപ്പെടുന്നു. കരുതലും, അംഗീകാരവും സാമീപ്യവും വിശ്വസ്തതയുമാണവ.
പ്രണയി പ്രണയിനിയുടെയും പ്രണയിനി പ്രണയിയുടെയും അകതാരില്‍ സ്വന്തം പ്രണയം കൊത്തിവയ്ക്കുകയാണ്. പ്രണയത്തിന്റെ ശിലാലേഖകള്‍! ചായമോ മഷിയോപോലെ അത് തുടച്ചുനീക്കപ്പെടുകയില്ല.
ഇപ്രകാരമുള്ള വ്യക്തിക്ക്, തന്റെ പങ്കാളിയുടെ കാല്പനികതകളെ എത്രകണ്ട് വര്‍ണ്ണശബളമാക്കാന്‍ സാധിക്കും? ആദ്യപ്രണയത്തിലേക്കു കടന്നുവരുന്ന പങ്കാളിയെ 'നീയല്ലാതെ' 'നീയില്ലാതെ' എന്നൊക്കെ അഭിവാദ്യം ചെയ്യാനാകുമോ? അന്തരംഗങ്ങളുടെ തുറവി ഏകപക്ഷീയമാകാനാണു സാധ്യത. ഇതൊക്കെയാണ് കാല്പനികതയിലെ പ്രതിസന്ധി.
യാഥാര്‍ത്ഥ്യത്തിന്റെ ഘട്ടം താമസിയാതെതന്നെ അവരെ എതിരേല്‍ക്കുമല്ലോ. അതെല്ലായ്‌പോഴും അന്യോന്യമുള്ള സംഘര്‍ഷംതന്നെയാകണമെന്നില്ല. കുടുംബാംഗങ്ങള്‍, ബന്ധുമിത്രങ്ങള്‍ - ഇവരൊക്കെ രംഗബോധമില്ലാത്ത കോമാളിയെപ്പോലെ കയറിവരാം.
ഈ ഘട്ടത്തില്‍ രണ്ടാം പ്രണയക്കാരന്റെ സ്വത്വം അഗ്നിപരീക്ഷണത്തിനു വയ്ക്കപ്പെടുന്നു. പരീക്ഷ ജയിക്കുക ശ്രമകരമാണ്.
ആദ്യപ്രണയം വേണ്ടന്നു വയ്ക്കുകയും പിരിയുകയും ചെയ്തത് എന്തുകൊണ്ടാണ്? യാഥാര്‍ത്ഥ്യബോധത്തോടെ പ്രതിസന്ധികളെ നേരിടാന്‍ സാധിക്കില്ല എന്നു തിരിച്ചറിഞ്ഞതുകൊണ്ട്. ഒരര്‍ത്ഥത്തില്‍ അതൊരു പിടിപ്പില്ലായ്മയാണ്. അതു വീണ്ടും ഫണം വിടര്‍ത്തും... അതാണ് അഗ്നിപരീക്ഷ. അപ്പോള്‍ സമവായഘട്ടത്തിലേക്കു ചെന്നുചേരാനുള്ള സാധ്യതകള്‍ കുറയുന്നു. നിരാശതയുടെ നിഴലാട്ടം കണ്ടു തുടങ്ങുകയായി.
ഈ അവസ്ഥയ്ക്ക് സര്‍വ്വതോമുഖമായ പ്രോത്സാഹനവും നല്‍കുന്നത്, ആദ്യകാല്പനികതയിലെ ഹൃദയാലേഖനങ്ങളാണ്. ആ ഹര്‍ഷോത്സുകതയെക്കുറിച്ചോര്‍ക്കുമ്പോള്‍ നെഞ്ചു പിടയും. 'അയാള്‍ / അവള്‍ എത്ര സ്‌നേഹനിധിയായിരുന്നു.' എന്ന് കപടമനഃസാക്ഷി നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും.
എന്നാല്‍, വാസ്തവമതാണോ? ആ ബന്ധം വിവാഹത്തില്‍ പരിണമിച്ചിരുന്നെങ്കില്‍ സ്ഥിതി ഇതിലും മെച്ചപ്പെട്ട ഒന്നാകുമായിരുന്നോ? യാഥാര്‍ത്ഥ്യത്തിന്റെ ഘട്ടത്തില്‍ ഇതേ പീഡാനുഭവങ്ങള്‍ നേരിടേണ്ടിവന്നേനെ. അവിടെ അസാമാന്യ അതിജീവനശേഷിയോടെ പിടിച്ചു നില്‍ക്കുമായിരുന്നെങ്കില്‍, പിരിയേണ്ട കാര്യമില്ലായിരുന്നു.
പ്രണയം വിവേകത്താല്‍ നയിക്കപ്പെടണം. യാഥാര്‍ത്ഥ്യബോധമായിരിക്കണം അതിന്റെ സൗകുമാര്യം. കാല്പനികത ഒരു വിധത്തിലും അധമമാകുന്നില്ല. അത് യാഥാര്‍ത്ഥ്യത്തിലേക്കു കൊക്കുരുമ്മിയിരിക്കണം. അല്ലാത്തപക്ഷം, മതിഭ്രമത്തിന്റെ തലത്തിലേക്കു സ്ഥാനാന്തരം ചെയ്യപ്പെടാം. 

 

(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)