''ഓ, എന്തൊരു ശേലാ, ഈ അഞ്ചു പെണ്‍പിള്ളേരുമായി നടക്കുന്നതു കാണാന്‍.'' ഈ കമന്റ് കേള്‍ക്കുമ്പോഴൊക്കെയും സിനി കരങ്ങള്‍ നെഞ്ചോടു ചേര്‍ക്കും. എട്ടു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം വീട്ടില്‍ വിരിഞ്ഞ വസന്തത്തെയോര്‍ത്ത് നിശ്ശബ്ദമായി സ്വര്‍ഗത്തിനു നന്ദി പറയും.
''ചെറുപ്പത്തിലേ കിട്ടിയ ജോലി, ജിജിയുമായുള്ള വിവാഹം, ഇതെല്ലാം കഴിഞ്ഞ് മക്കളുണ്ടാവാതായപ്പോള്‍ വലിയ വിഷമമായിരുന്നു.'' കോട്ടയം ജില്ലയിലെ വെള്ളികുളത്തെ 'വളയത്തില്‍' വീട്ടിലെ പെണ്‍കിലുക്കങ്ങള്‍ക്കിടയില്‍നിന്നു സിനി സംസാരിച്ചുതുടങ്ങി. ചെറിയ ചെറിയ ചികിത്സകള്‍ക്കുശേഷം എട്ടാം വര്‍ഷമാണ് ഞാന്‍ ആദ്യമായി പ്രഗ്നന്റ് ആയത്. അന്നെനിക്ക് മുപ്പത്തിമൂന്നു വയസ്സുണ്ട്. ഈശോ കുരിശേറിയ പ്രായം അല്ലേ? പ്രതീക്ഷിക്കാതെ പെയ്ത സങ്കടങ്ങളുടെ തോരാമഴയ്ക്കിടയിലാണ് ആദ്യത്തെ കുഞ്ഞ് ക്രിസ്റ്റി പിറന്നത്. ജിജിയുടെ പേരിലുണ്ടായ ഒരു കേസ് ജീവിതത്തിന്റെ സന്തോഷങ്ങളത്രയും ചോര്‍ത്തിക്കളഞ്ഞത് പെട്ടെന്നായിരുന്നു. ജോലിയില്‍നിന്നു ജിജിക്കു മാറി നില്‍ക്കേണ്ടി വന്നു. മനസ്സു തളരാതെ പ്രാര്‍ത്ഥനകൊണ്ടു പിടിച്ചുനിന്ന നാളുകള്‍. അപ്പോഴും ഒത്തിരി മക്കള്‍ വേണമെന്ന ജിജിയുടെ കാഴ്ചപ്പാടിനു മാറ്റമൊന്നും വന്നില്ല. 'ജിയ' രണ്ടാമത്തെ മോള്‍, 'ജന്ന' മൂന്നാമത്തെയാള്‍. 'അമ്മയ്ക്കു വയസ്സായില്ലേ, അപ്പോള്‍ രണ്ടു പേരെ ഒരുമിച്ചു കിട്ടുന്നതല്ലേ എളുപ്പം?' എന്നും പറഞ്ഞ് മൂത്തവള്‍ പ്രാര്‍ത്ഥിച്ചു നേടിയതാണ് ഈ ഇരട്ടക്കുട്ടികളെ - നേവയും ഈവയും.
''കുഞ്ഞുങ്ങളെ പ്രസവിച്ചതു ഞാനാണെങ്കിലും ജിജിയാണവരുടെ അമ്മ. ആ നെഞ്ചിലെ ചൂടറിഞ്ഞാണവര്‍ വളര്‍ന്നത്. സ്‌കൂളില്‍ പോകുന്ന തിരക്കില്‍ ഞാന്‍ മറന്നതെല്ലാം ജിജി അവര്‍ക്കു കൊടുത്തിട്ടുണ്ട്. ഇട്ടെറിഞ്ഞു ഞാന്‍ പോകുമ്പോള്‍ കണ്ടറിഞ്ഞെല്ലാം ചെയ്യാന്‍ ജിജിയുള്ളതാണെന്റെ ഭാഗ്യം, ആശ്വാസവും.'' സിനി നിഷ്‌കളങ്കമായി ചിരിച്ചു.
''നമ്മള്‍ വിലപിടിച്ചതെന്നു കരുതുന്നവയെല്ലാം വെറും മണ്‍പാത്രങ്ങള്‍പോലെയാണ്. അധികാരം, സൗന്ദര്യം, ആത്മാഭിമാനം എല്ലാം. എപ്പോള്‍ വേണമെങ്കിലും ഉടഞ്ഞുതീരാം. യൗവനത്തില്‍ത്തന്നെ എല്ലാം തിരിച്ചറിഞ്ഞതുകൊണ്ട്, സഹനങ്ങളൊക്കെ നിസാരമായി തോന്നുകയാണിപ്പോള്‍.'' ജിജി പറഞ്ഞുതുടങ്ങി. ''എട്ടു മക്കളിലെ അഞ്ചാമനാണു ഞാന്‍. കുഞ്ഞുങ്ങളെ ഒത്തിരി ഇഷ്ടമാണ്. അഞ്ചു കുഞ്ഞുങ്ങളെങ്കിലും വേണമെന്ന് ആഗ്രഹിച്ചിരുന്നു. കിട്ടാതായപ്പോ വേദന തോന്നിയിട്ടുണ്ട്. ദൈവത്തിന്റെ ഇഷ്ടം എന്നു കരുതി ആശ്വസിച്ചു. അപ്പോഴാണ് എട്ടു വര്‍ഷങ്ങള്‍ക്കുശേഷം ക്രിസ്റ്റിയെത്തുന്നത്. പിന്നാലെ നാലു പെണ്‍കുഞ്ഞുങ്ങള്‍കൂടി... ദൈവത്തിന്റെ മഹത്ത്വം നിറയുകയാണു വീട്ടില്‍. പിന്നെ, ജീവിതമല്ലേ, സഹനങ്ങളുണ്ടാവും, കൂടെ സന്തോഷങ്ങളും. ഒരു പാനപാത്രവും എടുത്തുമാറ്റാനുള്ളതല്ല, കുടിച്ചുതീര്‍ക്കാനുള്ളതാണെന്ന് ഇപ്പോഴെനിക്കറിയാം. എന്തുവന്നാലും നമ്മുടെ പ്രിയപ്പെട്ടവര്‍ കൂടെയുള്ളപ്പോള്‍ സന്തോഷത്തോടെ ഹല്ലേലുയ്യാ പാടി എന്തിനെയും സ്വീകരിക്കാനാവും. സിനി എന്റെ ഭാഗ്യമാണ്. അവള്‍ എന്നിലര്‍പ്പിക്കുന്ന വിശ്വാസം, ചെയ്യുന്ന കാര്യങ്ങളോടുള്ള വിശ്വസ്തത, ജീവിതത്തോടുള്ള പ്രത്യാശ, എല്ലാം പലപ്പോഴും എനിക്കതിശയമായി തോന്നിയിട്ടുണ്ട്. നാലു പ്രസവവും സിസേറിയനായിരുന്നു, ഒരു ബുദ്ധിമുട്ടും പറഞ്ഞിട്ടില്ല. മക്കളെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നതും അവരുടെ കഴിവുകളെ വളര്‍ത്തുന്നതുമെല്ലാം എപ്പോഴും ഞങ്ങള്‍ ഒരുമിച്ചാണ്. സിനിയും മക്കളും എന്റെ അഭിമാനമാണ്. ഈ കുടുംബമെന്റെ സന്തോഷവും.'' ജിജി പറഞ്ഞുനിര്‍ത്തുമ്പോള്‍ ദാമ്പത്യത്തിന്റെ വിശ്വസ്തതയിലൂടെ സ്ത്രീയുടെയും പുരുഷന്റെയും ഇടയില്‍ രൂപപ്പെടുന്ന ഗാഢവും നിര്‍മലവുമായ ചില സ്‌നേഹതലങ്ങള്‍ നമുക്കും വെളിപ്പെട്ടുകിട്ടുന്നുണ്ട്.
''എല്ലാം തികഞ്ഞിട്ടു മതി മക്കളെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. തന്നപ്പോഴെല്ലാം ഇരുകൈയും നീട്ടിയാണു സ്വീകരിച്ചത്. മക്കളോടൊപ്പം ഞങ്ങള്‍ എന്നും കുര്‍ബാനയ്ക്കു പോവും. ബൈബിള്‍ പഠിക്കും. കുട്ടികളുടെ ആട്ടവും പാട്ടും കൊഞ്ചലും ചിരിയുമായി വീടു ബഹളംകൊണ്ടു നിറയും. ക്രിസ്റ്റി ഒന്‍പതിലാണു പഠിക്കുന്നത്. എല്ലാക്കാര്യത്തിലും എനിക്കു സപ്പോര്‍ട്ടാണവള്‍. നന്നായി വായിക്കും. ജന്ന സ്‌നേഹപ്രകൃതിയാണ്. കുട്ടികളെ കൈകാര്യം ചെയ്യാന്‍ മിടുക്കു കൂടുതലാണവള്‍ക്ക്. കുസൃതിക്കുരുന്നാണ് ജന്ന. നേവയും ഈവയും ഇപ്പഴേ എല്ലാം പങ്കുവച്ചുതുടങ്ങി.
ഒരാള്‍ എപ്പോഴും മറ്റെയാളെ അന്വേഷിക്കും. ദൈവം തന്ന സമ്മാനങ്ങളാണിവര്‍. ആ കൃപയോര്‍ത്തു നന്ദി പറയാത്ത ദിനങ്ങളില്ല. ഇന്നലെകളെയോര്‍ത്തു വ്യാകുലപ്പെടുന്നില്ല. നാളെയെന്താവുമെന്നോര്‍ത്ത് ആകുലപ്പെടുന്നുമില്ല. അടുപ്പുതീയുടെ മുകളിലെരിഞ്ഞാലല്ലേ അപ്പമുണ്ടാവൂ.'' സിനിയുടെ വാക്കുകളില്‍ അതിജീവിച്ചവളുടെ ആത്മധൈര്യം മുഴങ്ങി.
സ്‌നേഹത്തിന്റെ സൂര്യവെളിച്ചത്തിലേക്കു കൈകള്‍ നിവര്‍ത്തി ജിജിയും സിനിയും നില്‍ക്കുമ്പോള്‍ അവരുടെ ഉടലുകള്‍ക്ക് കുരിശാകൃതിയാണ്. ക്രിസ്തുവേന്തിയ സഹനത്തിന്റെ അതേ കുരിശ്, ഉത്ഥാനത്തിന്റെയും.