•  18 Apr 2024
  •  ദീപം 57
  •  നാളം 6
വചനനാളം

ഈശോമിശിഹാ: സമയത്തിന്റെ പൂര്‍ത്തീകരണം

ജനുവരി 23  ദനഹാക്കാലം  നാലാം ഞായര്‍
ഉത്പ 29: 1-14   2 രാജാ 17: 24 -28
ഹെബ്രാ 6: 1-12   വി. യോഹ 4: 1-26

''ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്'' (യോഹ. 4:23). യാക്കോബിന്റെ കിണറ്റിന്‍കരയില്‍, സമരിയാക്കാരിയുമായുള്ള ആശയസംവാദത്തിലൂടെ ഇസ്രായേല്‍ജനം പ്രതീക്ഷയോടെ കാത്തിരുന്ന, യഹൂദരുടെയും വിജാതീയരുടെയും രക്ഷകനായ മിശിഹാ - ക്രിസ്തു - താനാണെന്ന് ഈശോ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. യാക്കോബിന്റെ കിണറും സമരിയാക്കാരുമൊക്കെ രക്ഷകനെ നല്‍കുമെന്ന വാഗ്ദാനം പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പുകളായിരുന്നു. സമയത്തിന്റെ പൂര്‍ത്തീകരണത്തില്‍ രക്ഷകന്‍- മിശിഹാ ഭൂമിയില്‍ ജനിച്ചു (ഗലാ. 4:4). ദൈവത്തിന്റെ രക്ഷാകരപദ്ധതി എത്രമാത്രം സൂക്ഷ്മതയോടെ ചരിത്രത്തിലും സമയത്തിലും നടപ്പാക്കപ്പെടാന്‍ ആസൂത്രണം ചെയ്യപ്പെട്ടതാണെന്ന് ഇന്നത്തെ വായനകള്‍ തെളിയിക്കുന്നു.
പ്രപഞ്ചത്തിന്റെ ചലനവും വിശ്രമവും ഉള്‍പ്പെടെയുള്ള ജീവിതചക്രം സമയത്തെ ആശ്രയിച്ചാണു മുന്നോട്ടുപോകുന്നത്. സൃഷ്ടിയുടെ മകുടം എന്നവകാശപ്പെടുന്ന മനുഷ്യന്റെ ജീവിതം സമയത്തിന്റെ നിബന്ധനകളാല്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു എന്ന് ആരും സമ്മതിക്കും. എന്നാല്‍, പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും സ്രഷ്ടാവായ ദൈവം സമയത്തിന് അതീതനാണ്. ദൈവത്തിനു സമയമില്ല. ദൈവം തന്റെ നാമമായി മോശയോടു പറയുന്നത്, 'ഞാന്‍ ആകുന്നു'   (ക അങ ംവീ മാ)  (പുറ. 3:14) എന്നാണ്. ഒരു ക്രിയയെത്തന്നെ നാമമാക്കി മാറ്റുകയാണിവിടെ. വര്‍ത്തമാനകാലം മാത്രമുള്ള ദൈവത്തിന്റെ സ്വഭാവമാണിവിടെ കാണുന്നത്. മനുഷ്യന്റെ ഇന്നും ഇന്നലെയും നാളെയുമൊക്കെ ദൈവത്തെ സംബന്ധിച്ചിടത്തോളം 'ഇപ്പോള്‍' മാത്രമാണ്. ഭൂതവും ഭാവിയുമില്ലാതെ വര്‍ത്തമാനകാലം മാത്രമുള്ള, ഇന്നലെയും ഇന്നും നാളെയും ഒരാള്‍തന്നെയായിരിക്കുന്ന ദൈവം. സമയമില്ലാത്ത ദൈവത്തിന്റെ ആയിരിക്കുന്ന അവസ്ഥയാണ് നിത്യത (ലലേൃിശ്യേ).
നിത്യനും സമയത്താല്‍ ബന്ധിതനല്ലാത്തവനുമായ ദൈവം തന്റെ സ്‌നേഹത്തിന്റെ പ്രകടനമായി പ്രപഞ്ചം സൃഷ്ടിക്കുമ്പോള്‍ സമയത്തെക്കൂടിയാണു സൃഷ്ടിക്കുന്നത്. സൃഷ്ടി പരിമിതപ്പെടുത്തപ്പെട്ട ഒന്നാണ്. സൃഷ്ടിക്കപ്പെട്ട ഒന്നും നിത്യമല്ല, എന്നുമാത്രമല്ല, അവയുടെ ആയുസ്സ് ഏറിയും കുറഞ്ഞും പരിമിതപ്പെടുത്തപ്പെട്ടതുമാണ്. ദൈവമാണ് സൃഷ്ടിയുടെ കര്‍ത്താവ്. മനുഷ്യന്‍ ദൈവത്തിന്റെ ഛായയും സാദൃശ്യവുമാണെന്നു ധ്യാനിക്കുമ്പോള്‍, പരിമിതപ്പെട്ട ദൈവാംശങ്ങളായി മനുഷ്യനെ നമുക്കു മനസ്സിലാക്കാനാവും.
ദൈവസ്‌നേഹത്താല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനു വീഴ്ചയുണ്ടാകുമ്പോള്‍ അത് സ്രഷ്ടാവിനെയും നൊമ്പരപ്പെടുത്തും. അവനു തനിച്ച് ആ വീഴ്ചയില്‍നിന്ന് എഴുന്നേല്ക്കാന്‍ ശക്തിയില്ലാതെ വരുമ്പോള്‍ ദൈവംതന്നെ പുതിയൊരു സൃഷ്ടി നടത്തുന്നു. അതാണ് ഈശോമിശിഹാ. ദൈവം തന്നെത്തന്നെ പരിമിതപ്പെടുത്തി 'മനുഷ്യന്റെ രൂപം സ്വീകരിച്ച്' മനുഷ്യനോടൊപ്പം ആയിരിക്കാന്‍ ഭൂമിയില്‍ ജനിക്കുന്നു.
തന്റെ സൃഷ്ടിയായ മനുഷ്യന്റെ രക്ഷയ്ക്കായുള്ള ദൈവത്തിന്റെ ഈ പദ്ധതിയെയാണ് രക്ഷാകരപദ്ധതി എന്നു വിളിക്കുന്നത്. ഈ പദ്ധതി പൂര്‍ത്തിയാക്കപ്പെടുന്നത് സമയത്തിലാണ്. കാരണം, മനുഷ്യനുമായി ബന്ധപ്പെട്ടതെല്ലാം സമയത്തോടും (ഠശാല) കാലത്തോടും ബന്ധപ്പെട്ടതാണ്. ഒരു പ്രത്യേകകാലത്തില്‍ സംഭവിച്ച മനുഷ്യന്റെ വീഴ്ചയെ മറ്റൊരു പ്രത്യേക കാലത്തില്‍ മായ്ച്ചുകളയാന്‍ ദൈവം തിരുമനസ്സായി. മനുഷ്യന്റെ വീഴ്ച സംഭവിച്ച കാലത്തില്‍ തുടങ്ങിയതാണ് അവനെ രക്ഷിക്കാനുള്ള ദൈവത്തിന്റെ പദ്ധതി. അതുകൊണ്ടാണ് ആ പദ്ധതി ഈശോമിശിഹായില്‍ പൂര്‍ത്തിയാകുമ്പോള്‍  അതിനെ കാലത്തിന്റെ, സമയത്തിന്റെ പൂര്‍ത്തീകരണം എന്നു പറയുന്നത്. വീഴ്ചയ്ക്കുമുമ്പ് നിത്യതയുടെ ഭാഗമായിരുന്ന മനുഷ്യന്‍ ഈശോമിശിഹായിലൂടെ വീണ്ടും നിത്യതയിലേക്കു പ്രവേശിക്കപ്പെട്ടിരിക്കുന്നു എന്നതും കാലത്തിന്റെ പൂര്‍ത്തീകരണം എന്നതിലേക്കു വിരല്‍ ചൂണ്ടുന്നു. അതുകൊണ്ടാണ് നിത്യതയെ (ലലേൃിശ്യേ) ഈ ലോകത്തില്‍ത്തന്നെ അനുഭവിക്കാം എന്നുള്ള വീക്ഷണം വി. ഗ്രന്ഥം നല്‍കുന്നത്.
കാലത്തിലേക്കു പ്രവേശിക്കുന്ന ദൈവം എന്നത് ഒരു നിമിഷംകൊണ്ടു സംഭവിക്കുന്ന ഒരു കാര്യമല്ല. ദൈവത്തെ സ്വീകരിക്കാന്‍ കഴിയുന്ന വിധത്തില്‍ ഒരുക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ ആവശ്യമുണ്ട്. അതിനായി ദൈവം ഇസ്രായേല്‍ജനത്തെ ഒരുക്കുന്നു. ഈ ഒരുക്കത്തിന്റെ സംക്ഷിപ്തമായ വിവരണവും അതെല്ലാം ഈശോമിശിഹായില്‍ എങ്ങനെ പൂര്‍ത്തിയാക്കപ്പെടുന്നു എന്നതിന്റെ സാക്ഷ്യവുമാണ് ഇന്നത്തെ വായനകള്‍ ഓര്‍മിപ്പിക്കുന്നത്. ഈശോയ്ക്ക് ഏകദേശം രണ്ടായിരം വര്‍ഷംമുമ്പു സംഭവിച്ച യാക്കോബിന്റെ ജീവിതവും സമരിയാക്കാരുടെ ഉദ്ഭവവുമൊക്കെ, ഈശോയുടെ കാലത്തെ യാക്കോബിന്റെ കിണറിനരുകില്‍ സമരിയാക്കാരി സ്ത്രീയോട് അവിടുന്നു സംസാരിക്കുമ്പോള്‍ വീണ്ടും തെളിഞ്ഞുവരുന്നു. ദൈവമൊരുക്കിയ രക്ഷാകരപദ്ധതിയുടെ ആരംഭം യാക്കോബിലും പൂര്‍ത്തീകരണം ഈശോയിലും ദര്‍ശിക്കാന്‍ നമുക്കു കഴിയുന്നു.
ഒന്നാമത്തെ വായന (ഉത്പ. 29:1-14) ഇസ്രായേലായ യാക്കോബിന്റെ ജീവിതത്തില്‍ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. 'ഇസ്രായേല്‍' എന്നത് യാക്കോബിന്റെ മറ്റൊരു പേരാണ് (ഉത്പ. 32,28). ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങള്‍ യാക്കോബിന്റെ 12 മക്കളുടെ പേരിലാണ് അറിയപ്പെടുന്നത്. അങ്ങനെ ഇസ്രായേല്‍ ജനത്തിന്റെ പിതാവായി യാക്കോബു മാറുന്നു. രണ്ടാമത്തെ വായനയിലാകട്ടെ, (2 രാജാ. 17: 24-28) സമരിയാക്കാരുടെ ഉദ്ഭവത്തെക്കുറിച്ചാണു പരാമര്‍ശം.
യാക്കോബ് ലാബാനെത്തേടിയുള്ള തന്റെ യാത്രയ്ക്കിടയില്‍ ഒരു കിണറിനരികില്‍വച്ച് ലാബാന്റെ മകളായ റാഹേലിനെ കണ്ടുമുട്ടുന്നു. കിണറില്‍നിന്നു ശുദ്ധജലം പകര്‍ന്നുനല്കി റാഹേലിന്റെ ആടുകളുടെ ദാഹം നീക്കുന്നു. ആ കിണറും അതിനോടു ചുറ്റിപ്പറ്റി നടന്ന സംഭവങ്ങളും പഴയനിയമപുസ്തകത്തില്‍ ചേര്‍ക്കപ്പെട്ട് യഹൂദര്‍ സ്മരിക്കേണ്ട, അവരുടെ ജീവിതവുമായി ബന്ധപ്പെട്ട  കാലത്തിന്റെ അടയാളമായി നിലകൊള്ളുന്നു. യാക്കോബും ആ കിണറും റാഹേലും ഇല്ലായിരുന്നുവെങ്കില്‍ ഇസ്രായേല്‍ജനത ഉണ്ടാകുമായിരുന്നില്ല. ഓരോ കാലത്തും നടക്കുന്ന ചില സംഭവങ്ങള്‍, ചില മനുഷ്യരുടെ സാന്നിധ്യം; എല്ലാം ദൈവമൊരുക്കുന്ന വലിയ രക്ഷാകരപദ്ധതിയിലെ ചില ചെറിയ നാഴികക്കല്ലുകളാണ്. ഇതെന്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നുള്ള നമ്മുടെ ചില അദ്ഭുതപ്പെടലുകള്‍ക്ക് വലിയ അടിസ്ഥാനമൊന്നുമില്ല. അതെല്ലാം ദൈവത്തിന്റെ ഇടപെടലുകളുടെ അടയാളങ്ങളാണ് എന്നു തിരിച്ചറിയാന്‍ വി. ഗ്രന്ഥം നമ്മെ സഹായിക്കുന്നു.
യാക്കോബ് റാഹേലിന്റെ ആടുകള്‍ക്ക് ശുദ്ധജലം നല്കിയ കിണര്‍, പുതിയ ഇസ്രായേലിന്റെ നാഥനായ ഈശോ, സമരിയാക്കാരി സ്ത്രീക്ക് ജീവജലത്തിന്റെ അരുവികള്‍ പകര്‍ന്നുനല്കുന്നതിനും സാക്ഷ്യം വഹിക്കുന്നു. യാക്കോബിന്റെ ശുദ്ധജലത്തിന്റെ കിണര്‍ ഈശോമിശിഹാ നല്കുന്ന ജീവജലത്തിന്റെ ഉറവയായി മാറുന്നു. അതോടുകൂടി യാക്കോബിലൂടെ ദൈവമൊരുക്കിയ രക്ഷാകര്‍മത്തിന്റെ പൂര്‍ത്തീകരണമാണ് തന്നിലൂടെ നടക്കുന്നതെന്ന് ഈശോ പ്രഖ്യാപിക്കുന്നു.
ഈ സമയത്തിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടിയാണ് ഇസ്രായേല്‍ കാത്തിരിക്കുന്നത്. അവരുടെ കാത്തിരിപ്പിന് യാക്കോബ് റാഹേലിനുവേണ്ടി കാത്തിരുന്നതുപോലെയുള്ള  ക്ഷമയുണ്ടായിരുന്നു. അതുകൊണ്ടാണ് ഹെബ്രായലേഖനം ഇങ്ങനെയെഴുതുന്നത്: ''നിരുത്സാഹരാകാതെ വിശ്വാസവും ദീര്‍ഘക്ഷമയുംവഴി വാഗ്ദാനത്തിന്റെ അവകാശികളായവരെ അനുകരിക്കുന്നവരാകണം നിങ്ങള്‍'' (ഹെബ്രാ. 6:12).
ഹെബ്രായലേഖനത്തിന്റെ ആദ്യവാക്യം ഇവിടെ വീണ്ടും പ്രസക്തമാകുകയാണ്: ''പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാര്‍വഴി  നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചു ദൈവം, ഈ  അവസാനനാളുകളില്‍ തന്റെ പുത്രന്‍വഴി  നമ്മോടു സംസാരിച്ചിരിക്കുന്നു'' (റഫറന്‍സ്: ഹെബ്രാ. 1:1-2). അബ്രാഹവും യാക്കോബും പ്രവാചകന്മാരുമെല്ലാം സൂചനകളായിരുന്നു. അവര്‍ നടത്തിയ ആരാധനകളും സൂചനകളായിരുന്നു. ''യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്'' (യോഹ. 4:23). 'മിശിഹാ  വരുമ്പോള്‍ അവന്‍ എല്ലാക്കാര്യങ്ങളും  ഞങ്ങളെ അറിയിക്കും' (യോഹ. 4:25) എന്നുള്ള സമരിയാക്കാരിയുടെ പ്രത്യാശയും അവന്‍ വരുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയും, അവനെക്കാണുമ്പോള്‍ അവള്‍ക്കുണ്ടാകുന്ന അദ്ഭുതവും (യോഹ. 4: 28-29) എല്ലാം ഈശോയില്‍ സംഭവിക്കുന്ന ദൈവികവാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണത്തെ സൂചിപ്പിക്കുന്നു.
സമയം വളരെ വിലപ്പെട്ടതാണ്. നമ്മുടെ കാലത്തില്‍ ജീവിച്ച സത്യദൈവമായ ഈശോമിശിഹാ  താന്‍ നല്‍കുന്ന ജീവജലത്തിന്റെ അരുവികളില്‍നിന്നു പാനം ചെയ്യാന്‍ നമ്മെ ക്ഷണിക്കുന്നു. യാക്കോബിന്റെ കിണര്‍ ഒരിക്കല്‍ മൂടിവയ്ക്കപ്പെട്ടത്  ആയിരുന്നതുപോലെ മറയ്ക്കപ്പെട്ട ഒന്നല്ല ഈശോ പകരുന്ന ജീവജലത്തിന്റെ അരുവികള്‍. വചനമേശയിലും അപ്പത്തിന്റെ മേശയിലുമുള്ള പങ്കെടുക്കല്‍ വഴി ശുദ്ധജലത്തിന്റെ തലത്തില്‍നിന്ന് ജീവജലത്തിന്റെ പൂര്‍ത്തീകരണത്തിലേക്ക് ഈശോ നമ്മെയുയര്‍ത്തുന്നു.

 

Login log record inserted successfully!