ഈ ദിവസങ്ങളില്‍ കേരളരാഷ്ട്രീയത്തില്‍ കൗതുകകരമായ ചില രംഗങ്ങള്‍ അരങ്ങേറുകയുണ്ടായി. സിപിഐയും സിപിഎമ്മും പരസ്പരം എടുക്കുന്ന തിരഞ്ഞെടുപ്പുചരിത്രക്ലാസ്സുകളാണത്. കോവിഡ് കാലമായതുകൊണ്ടു കുട്ടികള്‍ക്കുള്ള ക്ലാസ്സുകള്‍ മുഴുവന്‍ ഓണ്‍ലൈനായിട്ടാണല്ലോ. ഇപ്പറഞ്ഞ ചരിത്രക്ലാസ്സുകളും അങ്ങനെതന്നെയാണു നടക്കുന്നത്.
ജൂണ്‍ 29 നു കേരളാകോണ്‍ഗ്രസ് എമ്മിലെ ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫില്‍നിന്നു പുറത്താക്കിയതോടെയാണു ക്ലാസ്സുകള്‍ക്ക് അരങ്ങൊരുങ്ങിയത്. അന്നുതന്നെ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പുറത്താക്കപ്പെട്ട കേരളാ കോണ്‍ഗ്രസ് വിഭാഗത്തെ ഇടതുമുന്നണിയില്‍ സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും ജോസ് കെ. മാണി വിഭാഗം ജനകീയാടിത്തറയുള്ള പാര്‍ട്ടിയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
സിപിഎമ്മിന്റെ ഏതു നിലപാടിനെയും ആദ്യമൊന്നെതിര്‍ത്തില്ലെങ്കില്‍ തങ്ങള്‍ ഇവിടെയുള്ള കാര്യം ജനങ്ങള്‍ മറന്നുപോയെങ്കിലോ എന്നു ഭയമുള്ള ഒരു ഘടകകക്ഷിയുണ്ട് ഇടതുമുന്നണിയില്‍. അവരുടെ പേരാണ് സിപിഐ. അതുകൊണ്ടുപക്ഷേ, കുഴപ്പമൊന്നുമില്ല. ആരുമറിയാതെ അവര്‍ അക്കാര്യമങ്ങു മറന്നുകളഞ്ഞേക്കും!
ഇക്കുറിയുമുണ്ടായി പതിവുപോലെ എതിര്‍പ്പ്. ഇടതുമുന്നണിയില്‍ പുതിയ കക്ഷികളൊന്നും ആവശ്യമില്ലെന്നായിരുന്നു വിയോജനക്കുറിപ്പ്. മാത്രവുമല്ല, കേരളാ കോണ്‍ഗ്രസിന്റെ ജനപിന്തുണ പാലാ ഉപതിരഞ്ഞെടുപ്പില്‍ തെളിഞ്ഞതാണല്ലോ എന്ന പരിഹാസത്തില്‍പൊതിഞ്ഞ ഒളിയമ്പുമുണ്ടായിരുന്നു ഒപ്പം.
ഈ ഒളിയമ്പ് തനിക്കെതിരേയാണെന്നു മനസ്സിലാക്കിയ കോടിയേരി സിപിഐയുടെ നെഞ്ചിനു നേരേയാണു നിറയൊഴിച്ചത്. ഒരു തോല്‍വികൊണ്ടു ജനപിന്തുണ അളക്കാന്‍ ശ്രമിക്കരുതെന്നും 1965 ലെ തിരഞ്ഞെടുപ്പുചരിത്രം എല്ലാവരും ഓര്‍മ്മിക്കുന്നതു നന്നായിരിക്കുമെന്നും ആയിരുന്നു ആ മറുപടി.
ഇതു കൊള്ളേണ്ടിടത്തു കൊണ്ടു. ഏതാണെ്ടല്ലാ കക്ഷികളും ഒറ്റയ്ക്കു മത്സരിച്ച ആ തിരഞ്ഞെടുപ്പില്‍ 84 സീറ്റില്‍ മത്സരിച്ച സിപിഐക്കു കിട്ടിയത് മൂന്നു സീറ്റു മാത്രമായിരുന്നു. 74 ല്‍ മത്സരിച്ച സിപിഎമ്മിനാകട്ടെ 42 സീറ്റും! സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ വല്ലാതെ വിയര്‍ത്തുപോയി. കോടിയേരി ചരിത്രം ഒരിക്കല്‍ക്കൂടി ശ്രദ്ധിച്ചു വായിക്കണമെന്ന ഉപദേശത്തില്‍ അദ്ദേഹമൊതുങ്ങി. എങ്കിലും തുടര്‍വിവാദത്തിനു വഴിമരുന്നിടുന്ന ഒരു സൂചനയും ആ പ്രതികരണത്തിലുണ്ടായിരുന്നു-മുസ്ലീംലീഗുമായി തിരഞ്ഞെടുപ്പുസഖ്യമുണ്ടാക്കിയതുകൊണ്ടാണ് സിപിഎമ്മിനു കൂടുതല്‍ സീറ്റു നേടാന്‍ കഴിഞ്ഞതെന്ന്.
അടുത്ത ഊഴം മുഖ്യമന്ത്രി പിണറായി വിജയന്റേതായിരുന്നു. ജൂലൈ ആറ് തിങ്കളാഴ്ച വൈകുന്നേരത്തെ വാര്‍ത്താസമ്മേളനത്തില്‍, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി 1965 ലെ തിരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്ത് എന്ന് അദ്ദേഹം വിശദീകരിച്ചു. മുസ്ലീംലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ സിപിഎം നേടിയ വിജയം എണ്ണിപ്പറഞ്ഞ അദ്ദേഹം ഒരു വസ്തുത ഊന്നിപ്പറഞ്ഞു. സിപിഎം തോറ്റിടങ്ങളില്‍ രണ്ടാം സ്ഥാനത്തു ലീഗായിരുന്നു, ലീഗു തോറ്റിടങ്ങളില്‍ സിപിഎമ്മും. ഒപ്പം തലശേരിയിലെ കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. അവിടെ സിപിഐയുടെ സ്ഥാനാര്‍ത്ഥി വി.ആര്‍. കൃഷ്ണയ്യര്‍. അദ്ദേഹത്തിനു ലീഗു പിന്തുണ നല്കിയിരുന്നു. 1957 ല്‍ അവിടെ ജയിച്ചതും 1960 ല്‍ അവിടെ പരാജയപ്പെട്ടതും കൃഷ്ണയ്യര്‍. ഇക്കുറി പക്ഷേ, അദ്ദേഹം മൂന്നാം സ്ഥാനത്തായിപ്പോയി! ജയിച്ചത് സിപിഎമ്മിന്റെ പാട്യം ഗോപാലന്‍. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസിന്റെ പി. നാണുവും.
ഇതിനുമുണ്ടായി കാനത്തിന്റെ മറുപാഠം. അതിനദ്ദേഹം ആശ്രയിച്ചത് ഇ.എം.എസിന്റെ സമ്പൂര്‍ണകൃതികളെയാണ്. അതിലൊരിടത്ത് (31:35) 1965 ലെ തിരഞ്ഞെടുപ്പില്‍ ചില സീറ്റുകളില്‍ ഇടതുപാര്‍ട്ടികള്‍ മുസ്ലീംലീഗുമായി ചില നീക്കുപോക്കുകള്‍ നടത്തിയിരുന്നു എന്ന് ഏറ്റുപറഞ്ഞിട്ടുണ്ട്. അതുപക്ഷേ, ഒരു പൊതുധാരണയോ സഖ്യമോ ആയിരുന്നില്ല.
ഇനി 1965 ല്‍ എന്തു സംഭവിച്ചു എന്നു നോക്കാം. 1960 ലെ തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസും കമ്യൂണിസ്റ്റുപാര്‍ട്ടിയും ദേശീയതലത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. 1964 ല്‍ കമ്യൂണിസ്റ്റുപാര്‍ട്ടി സിപിഐയും സിപിഎമ്മുമായി പിരിഞ്ഞു. ആ വര്‍ഷംതന്നെ കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും ഗ്രൂപ്പടിസ്ഥാനത്തില്‍ ചേരിതിരിഞ്ഞു പുതിയ പാര്‍ട്ടികളുണ്ടാക്കി. ദേശീയതലത്തില്‍ പാര്‍ട്ടി നെടുകെ പിളര്‍ന്നത് 1969ലാണ്.
1965ലെ തിരഞ്ഞെടുപ്പില്‍ രണ്ടു കമ്യൂണിസ്റ്റുപാര്‍ട്ടികളെക്കൂടാതെ രണ്ടു കോണ്‍ഗ്രസ് പാര്‍ട്ടികളും രംഗത്തുണ്ടായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും കേരളാകോണ്‍ഗ്രസും. 1964ല്‍ ആര്‍. ശങ്കര്‍ മന്ത്രിസഭയ്‌ക്കെതിരേ വന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ച 15 കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ ചേര്‍ന്ന് കേരളാകോണ്‍ഗ്രസിനു രൂപം നല്കിയത് 1964 ഒക്‌ടോബര്‍ ഒമ്പതിനാണ്. പുതിയ പാര്‍ട്ടിക്ക് ആറു മാസംപോലും പ്രായമാകുംമുമ്പേയാണു നിയമസഭാതിരഞ്ഞെടുപ്പു വന്നത്, 1965 മാര്‍ച്ച് നാലിന്.
അന്ന് കേരളത്തിലെ കടുത്ത രാഷ്ട്രീയവിരോധികള്‍ രണ്ടു കൂട്ടരായിരുന്നു. ഒന്ന്, സിപിഐ യും സിപിഎമ്മും. രണ്ട് നാഷണല്‍ കോണ്‍ഗ്രസും കേരളാകോണ്‍ഗ്രസും. ഒരേ പാര്‍ട്ടികള്‍ പിരിഞ്ഞുണ്ടായ ഇവര്‍ പരസ്പരം ആജന്മശത്രുക്കളെപ്പോലെ പോരാടി. യാതൊരുവിധ ഒത്തുതീര്‍പ്പുകള്‍ക്കും ഇരുകൂട്ടരും തയ്യാറായിരുന്നില്ല. പരസ്പരം തകര്‍ക്കാനായിരുന്നു പുറപ്പാട്.
അന്നു മുന്നണികള്‍ ഉണ്ടായിരുന്നില്ല. എല്ലാ കക്ഷികളും ഒറ്റയ്ക്കു മത്സരിച്ചു. മുസ്ലീംലീഗും കേരളാകോണ്‍ഗ്രസും സ്വതന്ത്രാപാര്‍ട്ടിയുമാണ് രാഷ്ട്രീയസഖ്യത്തിലേര്‍പ്പെട്ടത്. ഓരോരുത്തരുടെയും ശക്തികേന്ദ്രങ്ങളില്‍ അവരവര്‍ മത്സരിക്കുക, മറ്റുള്ളവര്‍ പിന്താങ്ങുക. ശക്തികേന്ദ്രങ്ങള്‍ക്കു വെളിയില്‍ ഇവര്‍ക്കൊന്നും കാര്യമായ ജനപിന്തുണയില്ലാതിരുന്നതുകൊണ്ട് ഇതൊരു നാമമാത്ര സഖ്യമേ ആയിരുന്നുള്ളൂ. കമ്യൂണിസ്റ്റുപാര്‍ട്ടികളാവട്ടെ മുസ്ലീംലീഗും എസ്എസ്പിയുമായി പ്രാദേശികതലത്തില്‍ ചില നീക്കുപോക്കുകള്‍ നടത്തിയിരുന്നു എന്നു മാത്രം.
അന്നു നിയമസഭയിലെ അംഗസംഖ്യ 133. എല്ലാ സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തിറങ്ങി. സിപിഎം 74 സീറ്റിലും സിപിഐ 84 സീറ്റിലും മത്സരിച്ചു. മുസ്ലീംലീഗിന് ഔദ്യോഗികസ്ഥാനാര്‍ത്ഥികള്‍ 17 ഇടത്തുമാത്രം. എസ്എസ്പി 29 ലും ആര്‍.എസ്.പി. 13 ലും പിഎസ്പി ആറിലും മത്സരരംഗത്തിറങ്ങി. പുതിയ പാര്‍ട്ടി കേരളാകോണ്‍ഗ്രസ് 54 സീറ്റില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. സിപിഎമ്മിലെ പ്രമുഖനേതാക്കളെല്ലാംതന്നെ അന്നു രാജ്യരക്ഷാനിയമപ്രകാരം ജയിലില്‍ അടയ്ക്കപ്പെട്ടിരുന്നു. ഇഎംഎസ്, ഏ.കെ.ജി. തുടങ്ങി ചുരുക്കം പേരേ വെളിയിലുണ്ടായിരുന്നുള്ളൂ.
തിരഞ്ഞെടുപ്പുഫലം എല്ലാവര്‍ക്കും ഞെട്ടലുണ്ടാക്കി. കോണ്‍ഗ്രസിനു 39 സീറ്റിലേ ജയിക്കാന്‍ കഴിഞ്ഞുള്ളൂ. കേരളാകോണ്‍ഗ്രസ് 25 ഇടത്തു ജയംനേടി. സിപിഎമ്മായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. അവര്‍ക്ക് 42 പേരെ ജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു. അതില്‍ 29 പേരും ജയിലില്‍ കിടന്നാണു മത്സരിച്ചു ജയിച്ചത്.
എസ്എസ്പി 13 ഇടത്തു ജയിച്ചു. മുസ്ലീംലീഗ് ആറിടത്തും. ലീഗിന് അഞ്ചു സ്വതന്ത്രന്മാരെക്കൂടി ജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു.
ഏറ്റവും ദയനീയപരാജയം ഏറ്റുവാങ്ങാനുള്ള നിയോഗം സിപിഐക്കായിരുന്നു. 84 സീറ്റില്‍ ജനവിധി തേടിയ അവര്‍ക്കു വിജയിക്കാന്‍ കഴിഞ്ഞതു മൂന്നിടത്തുമാത്രം! തൃശൂര്‍ ജില്ലയിലെ കൊടകരയില്‍നിന്ന് പി.എസ്. നമ്പൂതിരിയും ഇടുക്കിയിലെ ഉടുമ്പഞ്ചോലയില്‍നിന്ന് കെ.ടി. ജേക്കബും കൊല്ലംജില്ലയിലെ പത്തനാപുരത്തു നിന്നു പി.സി. ആദിച്ചനുമാണവര്‍ക്ക് ആശ്വാസവിജയം നേടിക്കൊടുത്തത്. അന്ന് ഇടുക്കി ജില്ല നിലവില്‍ വന്നിട്ടില്ല. ഉടുമ്പഞ്ചോല കോട്ടയം ജില്ലയുടെ ഭാഗമായിരുന്നു.
തൃശൂരിനു വടക്കു പാലക്കാടു ജില്ലയിലെ പട്ടാമ്പിയില്‍ മാത്രമേ സിപിഐ ക്കു രണ്ടാംസ്ഥാനമെങ്കിലും ലഭിച്ചുള്ളൂ. അവിടെ ഇ.എം.എസിനെതിരേ മത്സരിച്ച സിപിഐ യുടെ കെ.പി. തങ്ങള്‍ രണ്ടാം സ്ഥാനക്കാരനായി. വടക്കന്‍ ജില്ലകളില്‍ മറ്റൊരിടത്തും സിപിഐ ക്കു രണ്ടാം സ്ഥാനത്തുപോലും വരാന്‍ കഴിഞ്ഞില്ല!
കൊല്ലം ജില്ലയില്‍ സിപിഐ യുടെ ശക്തികേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്ന പുനലൂര്‍, കൊട്ടാരക്കര, കുന്നത്തൂര്‍, ചാത്തന്നൂര്‍, അടൂര്‍ എന്നിവിടങ്ങളില്‍ കേരളാകോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ അവര്‍ രണ്ടാംസ്ഥാനക്കാരായി. എല്ലാമുള്‍പ്പെടെ 14 സീറ്റിലേ സിപിഐക്കു രണ്ടാം സ്ഥാനം പോലും നേടാന്‍ കഴിഞ്ഞുള്ളൂ. ഇന്നും ഒരുപക്ഷേ, എല്ലാവരും ഒറ്റയ്ക്കു മത്സരിക്കുന്ന സാഹചര്യമുണ്ടായാല്‍ സിപിഐ ക്ക് 1965 ലെ അവസ്ഥപോലും ഇല്ലാതായേക്കാമെന്നതാണു വാസ്തവം. സിപിഎമ്മിന്റെ ഔദാര്യത്തില്‍ മാത്രമാണ് അവരുടെ നിലനില്പ്. ഇത് കാനത്തിനും അറിയാം. അതുകൊണ്ടാണ് ഇത്ര വേവലാതി!
മുസ്ലീംലീഗുമായുള്ള ധാരണയെക്കുറിച്ചു പിന്നീട് (1969 ല്‍) ഇഎംഎസ് വെളിപ്പെടുത്തിയതിങ്ങനെ: ''തിരഞ്ഞെടുപ്പുധാരണകളുണ്ടാക്കാവുന്ന പാര്‍ട്ടികള്‍ പ്രധാനമായും മുസ്ലീംലീഗും കേരളാകോണ്‍ഗ്രസുമായിരുന്നു. ഈ രണ്ടു പാര്‍ട്ടികളെയും ഞങ്ങള്‍ സമീപിച്ചു. മുസ്ലീംലീഗ് അതംഗീകരിച്ചു. കുറെ സീറ്റുകളെ സംബന്ധിച്ചു ഞങ്ങളുമായി ധാരണയുണ്ടാക്കി. ഈ മാതൃക പിന്തുടരാന്‍ കേരളാകോണ്‍ഗ്രസ് തയ്യാറായിരുന്നില്ല.
''കേരളാ കോണ്‍ഗ്രസിന്റെയും ഞങ്ങളുടെയും സ്ഥാനാര്‍ത്ഥികള്‍ നിരവധി നിയോജകമണ്ഡലങ്ങളില്‍ ഏറ്റുമുട്ടിക്കൊണ്ടിരുന്നു. അതിന്റെ ഫലമായി കുറെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കാനിടയുണെ്ടന്നു വ്യക്തമായി. ഇതൊഴിവാക്കാന്‍ കഴിയുമോ എന്ന പ്രശ്‌നം സജീവമായി വന്നു. ഇതിനിടയ്‌ക്കൊരു ദിവസം എറണാകുളത്തുള്ള കെ. ചന്ദ്രശേഖരന്റെ വസതിയില്‍ ഞാനെത്തിയപ്പോള്‍, കേരളാകോണ്‍ഗ്രസ് നേതാവ് കെ.എം. ജോര്‍ജ് അവിടെ വരുമെന്നും അദ്ദേഹത്തോടു സംസാരിക്കണമെന്നും ചന്ദ്രശേഖരന്‍ എന്നോടു പറഞ്ഞു. ഞാനതു സമ്മതിക്കുകയും ചെയ്തു.
''അതനുസരിച്ച് ജോര്‍ജ് വന്നു. തന്റെ സ്ഥാനാര്‍ത്ഥികള്‍ തോല്ക്കാനിടയുള്ള ചില സീറ്റുകളില്‍ ജയിക്കുന്നതിനു ഞങ്ങളുടെ സഹായം അദ്ദേഹമാവശ്യപ്പെട്ടു. പകരം ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കുന്നതിന് ഒരിടത്തും സഹായിക്കാന്‍ വയ്യെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ സഹായം അങ്ങോട്ടു സ്വീകരിക്കാം, ഇങ്ങോട്ടു സഹായിക്കാന്‍ വയ്യ എന്ന നിലപാടു ഞങ്ങള്‍ക്കു സ്വീകാര്യമല്ലെന്നു ഞാനും പറഞ്ഞു.'' (ഈ ലേഖകന്റെ 'കേരളാകോണ്‍ഗ്രസും കേരളരാഷ്ട്രീയവും' എന്ന ഗ്രന്ഥത്തിന്റെ 59-61 പുറങ്ങളില്‍ ഈ പ്രസ്താവനയുടെ പൂര്‍ണരൂപം ചേര്‍ത്തിരിക്കുന്നു.)
ഈ വസ്തുതകള്‍ സൂചിപ്പിക്കുന്നത്, കേരളാ കോണ്‍ഗ്രസിന്റെ ജനപിന്തുണയെപ്പറ്റി 1965ല്‍ത്തന്നെ സിപിഎമ്മിനു ബോധ്യമുണ്ടായിരുന്നു എന്നാണ്. അതുതന്നെ കോടിയേരി ബാലകൃഷ്ണന്‍ ഇന്നും ആവര്‍ത്തിച്ചുപറയുന്നു. ഇത്തരം അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ ജനപിന്തുണയില്ലെന്നുറപ്പുള്ള കക്ഷികള്‍ക്കേ ആകുലതയുണ്ടാവേണ്ടതുള്ളൂ. അത്തരമൊരു ധര്‍മ്മസങ്കടത്തിലാണ് ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്ന് മേനി നടിക്കുന്ന സിപിഐയും എന്നു തോന്നുന്നു.