•  28 Mar 2024
  •  ദീപം 57
  •  നാളം 4
ശ്രേഷ്ഠമലയാളം

സംസ്ഥാനതലം

രൂപവും അര്‍ത്ഥവും വ്യത്യസ്തമായ രണ്ടു വാക്കുകളാണ് തലയും തലവും (തല, തലം). അവധാനതയോടെ പ്രയോഗിച്ചില്ലെങ്കില്‍ വിവക്ഷിതം മാറിപ്പോകാം. തല എന്ന വാക്കിന് ശിരസ്സ് എന്നാണ് പ്രസിദ്ധമായ അര്‍ത്ഥം. വൃക്ഷങ്ങളുടെയും മറ്റും മുകള്‍ഭാഗം (തലപ്പ്) വാളിന്റെയും മറ്റും മൂര്‍ച്ചയുള്ള ഭാഗം (വാള്‍ത്തല) തുടങ്ങിയ വിവക്ഷിതങ്ങളും തല എന്ന പദത്തിനുണ്ട്. തലം എന്ന സംസ്‌കൃതപദത്തിന് പരന്ന പ്രദേശം, നിരപ്പുള്ള ഭാഗം, ഉറച്ചുനില്‍ക്കുന്നത്, സ്വരൂപം തുടങ്ങിയ അര്‍ത്ഥങ്ങളാണുള്ളത്. തലം മറ്റൊരു പദത്തോടു ചേര്‍ത്തു പ്രയോഗിക്കുന്നു, കൈത്തലം, കാല്‍ത്തലം എന്നിങ്ങനെ.
തലസ്ഥാനം എന്നിടത്തെ തലയ്ക്ക് ശിരസ്സ് എന്നര്‍ത്ഥം കല്പിക്കണം. ഒരു രാജ്യത്തിന്റെ ഭരണാധിപന്മാരുടെയും ഭരണകാര്യാലയങ്ങളുടെയും ആസ്ഥാനമാണല്ലോ തലസ്ഥാനം. ഇതു മനസ്സിലാക്കാതെ, 'സംസ്ഥാനതലമത്സരം എന്നെഴുതിയാല്‍ വിവക്ഷിതം അപ്പാടെ മാറിപ്പോകുന്നു. ആദ്യത്തെ ഉദാഹരണത്തില്‍ പ്രസ്തുതം  യഥാര്‍ത്ഥ തലയാണ്. രണ്ടാമത്തേതിലാകട്ടെ തലവും. ഒന്നു ശീര്‍ഷകവും മറ്റത് സ്ഥലവും ആണെന്നു മനസ്സിലാക്കണം. അങ്ങനെയെങ്കില്‍ ജില്ലാതലം, താലൂക്കുതലം, വാര്‍ഡുതലം, പഞ്ചായത്തുതലം (ജില്ലാതല, താലൂക്കുതല, വാര്‍ഡുതല, പഞ്ചായത്തുതല തുടങ്ങിയ പ്രയോഗങ്ങള്‍ നന്നല്ല) എന്നിങ്ങനെ വേണം എഴുതാന്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംസ്ഥാനതലത്തിലുള്ള മത്സരം ജില്ലാതലത്തിലെ സമിതി, ചര്‍ച്ച ഗ്രാമതലത്തില്‍ എന്നൊക്കെ പ്രയോഗിച്ചാല്‍ തരക്കേടില്ല. ''പ്രത്യയാദി സ്വരം പരമാകുമ്പോള്‍ അനുസ്വാരം ത്ത് ആയി മാറും'' * എന്നാണല്ലോ നിയമം. തലം + ഇല്‍ = തലത്തില്‍. ''സംസ്ഥാനതലമത്സരം'' എന്നെഴുതുമ്പോള്‍ തലയല്ല തല(തലം)മാണു വരേണ്ടതെന്നു വ്യക്തമാകുന്നില്ല. ചുരുക്കിയെഴുതണമെങ്കില്‍ മത്സരം, ജില്ലാതലം എന്നെഴുതാം. ഇനിയും ഹ്രസ്വമാക്കണമെങ്കില്‍ ജില്ലാമത്സരം എന്നെഴുതിയാലും മതി. ''തലം എന്നതിന്റെ ആശയം സ്വഭാവേന ആവിഷ്‌കൃതമാകുന്ന പ്രയോഗം കൂടുതല്‍ ഹൃദ്യമാണ്. അതായത്, സംസ്ഥാനസംവിധാനം, ജില്ലാമത്സരം, താലൂക്കുസമിതി, വാര്‍ഡുയോഗം, ഗ്രാമസഭ എന്നിങ്ങനെ. അതേ, അവശ്യം ആവശ്യമായിടത്തൊഴികെ, ഇടയ്ക്ക് 'തല' വയ്ക്കാത്ത പ്രയോഗത്തിനാണ് ആശയവിനിമയത്തില്‍ ആര്‍ജവവും ലാളിത്യവും ഉണ്ടായിരിക്കുക''** എന്നാണ് വി.കെ. നാരായണന്റെ മതവും''
* നമ്പൂതിരി, ഇ.വി.എന്‍., കേരളഭാഷാവ്യാകരണം, ഡി.സി.ബുക്‌സ്, കോട്ടയം, 2005, പുറം-53.
** നാരായണന്‍, വി.കെ., വാക്കിന്റെ ഇരുളും പൊരുളും, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2020, പുറം-116

 

Login log record inserted successfully!